ad
Deshabhimani

കേന്ദ്രനിയമം കടുപ്പിച്ചു

വണ്ടി 15 വർഷം കഴിഞ്ഞുവോ: റജിസ്ട്രേഷൻ പുതുക്കാൻ ചിലവ് ഇരട്ടിയാവും

tax hike
വെബ് ഡെസ്ക്

Published on Mar 18, 2025, 06:04 PM | 1 min read

പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങൾ പുതുക്കി റജിസ്റ്റർ ചെയ്യാനുള്ള ചിലവ് ഇരട്ടിയിൽ അധികമാവും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഈ ഏപ്രിലോടെ പ്രാബല്യത്തിലായേക്കും. എല്ലാതരം വാഹനങ്ങൾക്കും നിരക്ക് വർധന ബാധകമാവും.


ഇരുചക്രവാഹനങ്ങളുടെ പുതുക്കലിന് കേന്ദ്ര നിബന്ധന പ്രകാരം 300 രൂപയ്ക്ക് പകരം 1000 രൂപ നൽകേണ്ടി വരും. കാറുകളുടെത് 600-ല്‍നിന്ന് 5000 രൂപവരെയാണ് കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. തരംതിരിവിന് അനുസരിച്ച് വലിയ വാഹനങ്ങളുടെ പുതുക്കൽ ഫീസ് 12000 മുതൽ 18000 വരെയായി ഉയരും.


സംസ്ഥാന നികുതികൾ ഇതിനു പുറമെയാവും. ഏപ്രില്‍ ഒന്നുമുതൽ നിലവില്‍ നല്‍കിവരുന്ന റോഡ് നികുതിയുടെ പകുതി തുക കൂടി അധികം നല്‍കണം. അതിനൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കൽ ഫീസും ചേർന്ന് വരും.


കേന്ദ്ര മോട്ടോര്‍വാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരം ഫീസ് വര്‍ധിപ്പിച്ചുള്ള ഉത്തരവ് കേന്ദ്ര മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. ഹൈക്കോടതിയിൽ ഇതിനെതിരെ കേസ് എത്തിയതോടെ മരവിപ്പിച്ചു. ഏപ്രിലോടെ നിയമ തടസം നീക്കി വര്‍ധന നിലവില്‍വരുമെന്നാണ് സൂചന.


ഇപ്പോൾ തന്നെ 15 വര്‍ഷം കഴിഞ്ഞുള്ള വാഹനങ്ങള്‍ പുതുക്കുമ്പോഴും വില്‍പ്പന നടത്തുമ്പോഴും മോട്ടോര്‍വാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങുന്നുണ്ട്. വർധന പ്രാബല്യത്തിലായാൽ ഈ തുക നൽകാൻ ബാധ്യസ്ഥമാണ് എന്നാണ് നിബന്ധന ചെയ്യുന്നത്. കോടതി സ്റ്റേ ഉള്ളതിനാല്‍ നിലവില്‍ ഈ തുക വാങ്ങിക്കുന്നില്ല. ഉത്തരവ് നീങ്ങിയാല്‍ വര്‍ധിപ്പിച്ച തുക നല്‍കാന്‍ ബാധ്യസ്ഥമാവും.

 

15 വര്‍ഷത്തിനുശേഷം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നത്. ഇതിന് അനുമതി ലഭിക്കണമെങ്കിൽ അറ്റകുറ്റപ്പണി, പെയിന്റിങ് അടക്കം പൂർത്തിയാക്കിയിരിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home