പുതുച്ചേരിയിൽ സംഭവിക്കുന്നത്

ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് പുതുച്ചേരി. പഴയ ഫ്രഞ്ച് കോളനികൾ കൂട്ടിച്ചേർത്ത കേന്ദ്രഭരണപ്രദേശം. കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന യാനം, കാരയ്‌ക്കാൽ, പുതുച്ചേരി, മയ്യഴി പ്രദേശങ്ങൾ ചേർന്ന സംസ്ഥാനം. പുതുച്ചേരി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന്റെ പേരിലാണ്. നേതാക്കളുടെ കൂട്ടരാജിയിൽ പകച്ചുനിൽക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.
തമിഴക രാഷ്‌ട്രീയത്തിലേക്കുള്ള എൻട്രിയാണ് പുതുച്ചേരി വഴി ബിജെപി ലക്ഷ്യമിടുന്നത്. കോൺഗ്രസ് നേതാക്കളിലൂടെ ദ്രാവിഡമണ്ണിലേക്ക് കടന്നുകയറാനാകുമെന്നാണ് കണക്കുകൂട്ടൽ. ഒറ്റയ്‌ക്കു നിന്നാൽ ഒരു സീറ്റിലും ജയിക്കാനാകാത്ത ബിജെപി 23 സീറ്റിന്റെ ഭൂരിപക്ഷത്തോടെയുള്ള സർക്കാരാണ് പുതുച്ചേരിയിൽ സ്വപ്‌നംകാണുന്നത്. പുതുച്ചേരി റാലിയിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ മനസ്സിലിരിപ്പ് തുറന്നുപറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്–-ഡിഎംകെ സഖ്യമാണ് പുതുച്ചേരിയിൽ അധികാരത്തിൽ വന്നത്. അന്നുമുതൽ ലെഫ്. ഗവർണർ കിരൺബേദിയെ ഉപയോഗിച്ച് ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു കേന്ദ്രം. വി നാരായണസ്വാമി സർക്കാരിന്റെ കാലാവധി തീരാൻ മൂന്നുമാസം ബാക്കിനിൽക്കെ കോൺഗ്രസുകാരെ ഉപയോഗിച്ചാണ് സർക്കാരിനെ അട്ടിമറിക്കാനുള്ള നിർണായകനീക്കം ബിജെപി ആരംഭിച്ചത്. ദക്ഷിണേന്ത്യയെ കോൺഗ്രസ് മുക്തമാക്കാനുള്ള അമിത് ഷായുടെ പദ്ധതിയാണ് ജെപി നദ്ദയിലൂടെ നടപ്പാക്കുന്നത്.
കോൺഗ്രസിനെ വലവീശി ബിജെപി
പുതുച്ചേരിയിൽ കോൺഗ്രസുകാരെ വലവീശി പിടിക്കുകയെന്ന ആദ്യപടി വിജയകരമായതിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ബിജെപി. മുൻ പിസിസി അധ്യക്ഷനും സംസ്ഥാന സർക്കാരിലെ രണ്ടാമനുമായ മന്ത്രി എ നമഃശിവായവും കോൺഗ്രസ് എംഎൽഎയും അഞ്ച് ജനറൽ സെക്രട്ടറിമാരുമാണ് ഇരുട്ടിവെളുക്കുമ്പോഴേക്കും രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്ന് പറയുന്നത് വെറുതെയല്ലെന്ന് പുതുച്ചേരിയും തെളിയിച്ചു. പണവും പദവിയും വാഗ്ദാനം ചെയ്‌തും കേന്ദ്ര ഏജൻസികളെ ചൂണ്ടി ഭയപ്പെടുത്തിയും കൂടുതൽ കോൺഗ്രസുകാരെ കുടുക്കാനുള്ള കരുനീക്കത്തിലാണ് ഇപ്പോൾ കേന്ദ്രഭരണകക്ഷി. മധ്യപ്രദേശിലും ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു ബിജെപിയുടെ കുതിരക്കച്ചവടം.
പുതുച്ചേരിയിൽ തെരഞ്ഞെടുപ്പിന് മൂന്നുമാസം ബാക്കിനിൽക്കെ പണച്ചാക്കിറക്കിയുള്ള നാണംകെട്ട കളിയാണ് ആരംഭിച്ചത്. ബിജെപി വിരിച്ച വലയിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ വീഴുന്നുവെന്നതാണ് പുതുച്ചേരിയിലെ കാഴ്‌ച. കേരളത്തിനും തമിഴ്‌നാടിനുമൊപ്പം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് പുതുച്ചേരിയും. തെരഞ്ഞെടുപ്പിനുമുമ്പ് ഏതുവിധേനയും സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കോൺഗ്രസിൽനിന്ന് ഒരാളെക്കൂടി രാജിവയ്‌പിച്ചാൽ കാര്യം സാധിക്കും. അതുകൂടി മുന്നിൽക്കണ്ടാണ് മൂന്നുമാസം മാത്രം അവശേഷിക്കുന്ന സഭയിൽ ബിജെപി ഉപാധ്യക്ഷനെ തിരക്കിട്ട് നോമിനേറ്റഡ് എംഎൽഎയായി വാഴിച്ചത്. നോമിനേറ്റഡ് എംഎൽഎയായിരുന്ന ബിജെപി നേതാവ് അന്തരിച്ച ഒഴിവിലാണ് നിയമനം. ഒരംഗംകൂടി വന്നതോടെ കോൺഗ്രസ് സർക്കാരിന്റെ നില കൂടുതൽ പരുങ്ങലിലാകും.
മുപ്പതംഗ നിയമസഭയാണെങ്കിലും വോട്ടവകാശത്തോടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങൾ പുതുച്ചേരിയിലുണ്ട്. കോൺഗ്രസിലെ രണ്ടുപേർ രാജിവച്ച് ബിജെപിയിൽ ചേരുകയും ഒരാളെ അയോഗ്യനാക്കുകയും ചെയ്‌തതോടെ മുപ്പതംഗങ്ങളാണ് സഭയിലുള്ളത്. കോൺഗ്രസ‌്‐ഡിഎംകെ സഖ്യത്തിന‌് 15 അംഗങ്ങൾ. മൂന്ന‌് നോമിനേറ്റഡ‌് എംഎൽഎമാരടക്കം പ്രതിപക്ഷത്ത‌് 14 പേരും. മാഹിയിൽനിന്നുള്ള എൽഡിഎഫ‌് സ്വതന്ത്രൻ ഡോ. വി രാമചന്ദ്രൻ എംഎൽഎയുടെ നിലപാട് ഇതോടെ നിർണായകമാകും. കോൺഗ്രസിൽനിന്നുള്ള രണ്ടുപേരെ കാലുമാറ്റാനുള്ള അണിയറനീക്കമാണ് നടക്കുന്നത്. അതേസമയം, വൈകിയാണെങ്കിലും കോൺഗ്രസുകാരെ പിടിച്ചുനിർത്താൻ വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിൽ ഹൈക്കമാൻഡ് സംഘം ഇറങ്ങിയിട്ടുണ്ട്. എംഎൽഎമാരുടെയും പാർടി ഭാരവാഹികളുടെയും യോഗം വിളിച്ച് സർക്കാരിനെയും പാർടിയെയും രക്ഷിക്കാനാണ് വീരപ്പമൊയ്‌ലി എത്തിയത്. എന്നാൽ, ബിജെപിയിൽ കണ്ണുംനട്ടിരിക്കുന്നവർ ഇപ്പോഴും കോൺഗ്രസിലുണ്ട്.
തമിഴകത്തിൽനിന്ന് വ്യത്യസ്‌തമായ സഖ്യമാണ് പുതുച്ചേരിയിൽ. മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ രങ്കസ്വാമിയുടെ എൻആർ കോൺഗ്രസും എഐഎഡിഎംകെയുമാണ് ബിജെപിയുടെ സഖ്യകക്ഷികൾ. സീറ്റ് ചർച്ച ആരംഭിച്ചില്ലെങ്കിലും 20 സീറ്റെന്ന അവകാശവാദത്തിലാണ് എൻആർ കോൺഗ്രസ്. അതിന് ബിജെപി വഴങ്ങുമോ? എഐഎഡിഎംകെ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ബിജെപി സഖ്യം.
മുഖ്യമന്ത്രിയും ലെഫ്. ഗവർണറും നേർക്കുനേർ
മുഖ്യമന്ത്രി വി നാരായണസ്വാമിയും ലെഫ്. ഗവർണർ കിരൺബേദിയും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് സംസ്ഥാനം തുടക്കത്തിൽ വാർത്തയിൽ ഇടംനേടിയത്. രാജ്‌ഭവനും സർക്കാരും നേർക്കുനേർ നിന്നപ്പോൾ പലപ്പോഴും ഭരണം സ്‌തംഭിച്ചു. സംസ്ഥാനത്തിന് അർഹമായ ഫണ്ട് അനുവദിക്കാതെ കേന്ദ്രം ശ്വാസംമുട്ടിച്ചു. 30 മണ്ഡലത്തിലെയും വികസനപദ്ധതികളെ കേന്ദ്രനയം ബാധിച്ചു. പദ്ധതികൾക്ക് അംഗീകാരം നൽകാതെയും ഫയലുകളിൽ ഒപ്പിടാതെയും ലെഫ്. ഗവർണറും രാഷ്‌ട്രീയം കളിച്ചു.
അധികാരത്തിൽ വന്നയുടൻ മൂന്ന് അംഗങ്ങളെ നോമിനേറ്റഡ് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു ആദ്യ തർക്കം. കോൺഗ്രസിലെ തമ്മിലടിയിൽ പേരുകൾ നിർദേശിക്കാൻ വൈകിയപ്പോൾ ലെഫ്. ഗവർണർ സ്വന്തം നിലയിൽ ബിജെപി നേതാക്കളെ ശുപാർശ ചെയ്‌തു. കേന്ദ്ര സർക്കാർ ലിസ്റ്റ് അംഗീകരിച്ചു. സ്‌പീക്കർ സത്യപ്രതിജ്ഞ നടത്താൻ വിസമ്മതിച്ചതോടെ പ്രതിസന്ധിയായി. ലെഫ്. ഗവർണർ മുമ്പാകെയാണ് നോമിനേറ്റഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തത്. ഇവരെ സഭയിൽ മാസങ്ങളോളം സ്‌പീക്കർ കയറ്റിയില്ല. ബജറ്റ് അംഗീകരിക്കണമെങ്കിൽ നോമിനേറ്റഡ് അംഗങ്ങളെ സഭയിൽ കയറ്റണമെന്ന ലെഫ്. ഗവർണറുടെ അന്ത്യശാസനത്തിന് സർക്കാരിന് വഴങ്ങേണ്ടിവന്നു. ഫെഡറൽ തത്ത്വങ്ങൾ ലെഫ്. ഗവർണർ ലംഘിക്കുകയാണെന്ന ആക്ഷേപമുയർന്നു.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ നിന്ന് ലെഫ്. ഗവർണർ വിട്ടുനിന്നതും പിന്നീട് പങ്കെടുത്തതും ശീതസമരത്തിന്റെ തുടർച്ചയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ ലെഫ്. ഗവർണർക്കെതിരെ മുഖ്യമന്ത്രി രാപ്പകൽ സമരം നയിച്ചു. ഇപ്പോൾ ഒപ്പുശേഖരണം തുടരുന്നു. കോൺഗ്രസ് സർക്കാരും ലെഫ്. ഗവർണറും കേന്ദ്ര സർക്കാരും ചേർന്ന് വികസനത്തിന്റെ അഞ്ചുവർഷമാണ് പുതുച്ചേരിക്ക് നഷ്ടപ്പെടുത്തിയത്.
ലെഫ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് പൊതുമരാമത്ത് മന്ത്രിയെ ബിജെപി റാഞ്ചിയത്. കോൺഗ്രസ് നേതാവായ എംഎൽഎയെയും കൂട്ടി മന്ത്രി ബിജെപി പാളയത്തിലെത്തി. എല്ലാം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി വി നാരായണസ്വാമിക്കുള്ള ആദ്യ അടിയായിരുന്നു കോൺഗ്രസിലെ കൂട്ടരാജി. കൂടുതൽ എംഎൽഎമാർ കോൺഗ്രസ് വിട്ടുവരുമെന്നാണ് ബിജെപി പറയുന്നത്. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസ് സർക്കാരിന്റെ ആയുസ്സ് നിശ്ചയിക്കപ്പെടും.
ലെഫ്. ഗവർണർ ഭരണത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുഫലം അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. ബിജെപിയുടെ ചാക്കിൽ കയറുന്ന അടുത്ത കോൺഗ്രസ് എംഎൽഎ ആരാകും? സംസ്ഥാനവും രാഷ്‌ട്രീയ നിരീക്ഷകരും ഇതാണ് ഉറ്റുനോക്കുന്നത്. ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് പ്രതിരോധിക്കാൻ കോൺഗ്രസും എംഎൽഎമാരെ കാലുമാറ്റി ഭരണം വീഴ്‌ത്താൻ ബിജെപിയും കളത്തിലിറങ്ങി കളിക്കുമ്പോൾ ഫലം പ്രവചനാതീതമാകും.










0 comments