അഫ്‌ഗാനിസ്ഥാന്റെ സോഷ്യലിസ്റ്റ് ചരിത്രം

ദാവൂദ് ഖാനും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള ബന്ധം തുടക്കത്തിൽ തന്നെ അത്ര സുഖത്തിലായിരുന്നില്ല. പാർട്ടിക്കുള്ളിലെ പർച്ചം ഫാക്ഷനുമായിട്ടായിരുന്നു ദാവൂദ് ഖാനു അടുപ്പമുണ്ടായിരുന്നത്. കൽക്ക് ഫാക്ഷൻ ഭരണത്തിൽ കമ്മ്യൂണിസ്റ്റുകൾ ചേരാൻ പാടില്ല എന്ന നയമാണ് സ്വീകരിച്ചത്. ഭരണത്തിലെ ചേർന്ന കമ്മ്യൂണിസ്റ്റുകാരെ അവർ 'റോയൽ കമ്മ്യൂണിസ്റ്റ്' എന്ന് കളിയാക്കുക പോലും ചെയ്‌തിരുന്നു. സുദീപ് സുധാകരൻ എഴുതുന്നു.
അവസാനത്തെ അമേരിക്കൻ സൈനികനും അഫ്‌ഗാനിസ്ഥാനിലെ ബൽഗ്രാം എയർബേസിൽ നിന്നും തിരിച്ചു പോയിരിക്കുകയാണ്. നീണ്ട ഇരുപത് വർഷത്തെ അമേരിക്കൻ അധിനിവേശം ഒരിക്കൽ കൂടി, ലക്ഷ്യം പൂർത്തിയാക്കാതെ അമ്പേ പരാജയപ്പെട്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയായ രാജ്യം നിർബന്ധിതമായിരിക്കുന്നു.
ഇരുപത് വർഷത്തിന് ശേഷം താലിബാൻ വീണ്ടും ഭരണം പിടിച്ചിരിക്കുകയാണ്. അതോടെ ലോകം രണ്ടു പതിറ്റാണ്ട് മുന്നേയുള്ള സ്ഥിതിയിലേക്ക് മടങ്ങിപോയിരിക്കുന്നു. മനസ്സിനെ പിടിച്ചുലക്കുന്ന ചിത്രങ്ങളാണ് അഫ്‌ഗാനിസ്ഥാനിൽ നിന്നും അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഉയർന്നു പൊങ്ങിയ വിമാനത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുന്ന മനുഷ്യരുടെ ചിത്രങ്ങൾ നമ്മളെ ഒരു പാട് കാലം വേട്ടയാടും എന്നത് ഉറപ്പാണ്. താലിബാൻ ഭരണത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ പരക്കം പായുന്ന ജനതയുടെ കഥകളാണ് ചുറ്റിലും.
താലിബാൻ അധികാരം നേടുന്നതോടെ ആ ജനതയ്ക്ക് എന്ത് സംഭവിക്കും എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ സമൂഹത്തിലെ അവസ്ഥ എന്തായിത്തീരും എന്ന ചോദ്യം. ഒട്ടും പ്രതീക്ഷ നൽകുന്നതല്ല താലിബാൻ മുന്നോട്ടുവെക്കുന്ന ആശയവും അവരുടെ ചരിത്രവും. സമാനതകൾ അധികമില്ലാത്ത തരം ക്രൂരമായ അടിച്ചമർത്തലുകൾക്കാണ് താലിബാൻ ഭരിച്ച 1996 മുതൽ 2001 വരെയുള്ള കാലഘട്ടം ആ ജനത സാക്ഷിയായത്.
അഫ്ഘാനിസ്ഥാൻ ചരിത്രം.
ആധുനിക അഫ്ഘാനിസ്‌താന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഘട്ടം ബ്രിട്ടീഷ് സാമ്രാജ്യവുമായി അവർ നടത്തിയ യുദ്ധങ്ങളാണ്.
സാമ്രാജ്യങ്ങൾ പരസ്‌പരം യുദ്ധത്തിലേർപ്പിട്ടിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ, സാർ ചക്രവർത്തിയുടെ കീഴിലുള്ള വിശാലമായ റഷ്യക്കും ബ്രിട്ടീഷ് അധീനതയിൽ ഉള്ള ബ്രിട്ടീഷ് ഇന്ത്യക്കും ഇടയിൽ ഒരു ബഫർ സോൺ സെൻട്രൽ ഏഷ്യയിൽ നിർമിക്കുക എന്നതായിരുന്നു അഫ്ഘാനെ ആക്രമിച്ചു കീഴടക്കുവാനുള്ള ബ്രിട്ടീഷുകാരുടെ പ്രചോദനം. ബ്രിട്ടീഷ് ഇന്ത്യയെ ഇത് വഴി എന്നെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള റഷ്യൻ അധിനിവേശത്തിൽ നിന്നും സംരക്ഷിക്കാൻ കഴിയുമെന്നായിരുന്നു അവരുടെ കണക്ക് കൂട്ടൽ.
വെസ്റ്റ് ഏഷ്യക്കും റഷ്യക്കും ചൈനക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാ കാലത്തും ജിയോപോളിറ്റിക്കലി വളരെ പ്രാധാന്യമുള്ള ഭൂപ്രദേശമാണ് അഫ്‌ഗാനിസ്ഥാൻ. അത് കൊണ്ട് തന്നെ പേർഷ്യക്കാർ, ഗ്രീക്കുകാർ, മംഗോൾസ്, മുഗളന്മാർ അങ്ങനെ ചരിത്രത്തിൽ ഒരുപാട് തവണ സാമ്രാജ്യങ്ങൾ അഫ്ഘാൻ കീഴടക്കാൻ ശ്രമിച്ചിട്ടുണ്ട്.
മൂന്ന് തവണ ബ്രിട്ടനുമായി യുദ്ധം നടത്തിയ അഫ്ഘാൻ ജനത ഒരിക്കലും പൂർണ്ണർത്ഥത്തിൽ ബ്രിട്ടന് കീഴ്പ്പെട്ടിട്ടില്ലായിരുന്നു. എന്ന് മാത്രമല്ല, 1919 ലെ അവസാന ആംഗ്ലോഅഫ്ഘാൻ യുദ്ധത്തിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയ അവർ സ്വാതന്ത്രം പ്രഖ്യാപിക്കുകയുമുണ്ടായി.
അങ്ങനെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാകുന്ന ലോകത്തിൽ തന്നെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായി അഫ്ഘാനിസ്ഥാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാറുന്നുണ്ട്. എന്നാൽ സമാധാന പൂർണ്ണമായ ഭാവി ആയിരുന്നില്ല അവരെ കാത്തിരുന്നത്. സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തെ പരാജയപ്പെടുത്തിയവർ പിന്നീടും യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. താഴ്വരകൾ ചോരയിൽ കുതിർക്കുന്നു.
റിപ്പബ്ലിക്ക് ഓഫ് അഫ്ഘാനിസ്ഥാൻ
1973 ലെ രാഷ്ട്രീയ അട്ടിമറിയിലാണ് അഫ്‌ഗാനിസ്ഥാനിൽ രാജഭരണം അവസാനിക്കുകയും റിപ്പബ്ലിക് ഓഫ് അഫ്ഘാനിസ്ഥാൻ രൂപം കൊള്ളുകയും ചെയ്യുന്നത്. രാജകുടുംബാംഗവും ഉയർന്ന സൈനിക ഉദ്യോഗസ്ഥനുമായ മുഹമ്മദ് ദാവൂദ് ഖാൻ കമ്മ്യൂണിസ്റ്റുകളും പട്ടാളത്തിലെ ഒരു വിഭാഗവും നൽകിയ പിന്തുണയോടെ നാല് പതിറ്റാണ്ടോളം രാജാവായിരുന്ന മുഹമ്മദ് സഹീർ ഷായെ സ്ഥാനഭൃഷ്‌ടനാക്കിക്കൊണ്ടാണ് അഫ്ഘാൻ റിപ്പബ്ലിക് സ്ഥാപിക്കുന്നത്.
1973 ലെ അട്ടിമറിയിൽ ദാവൂദ് ഖാൻ നു പിന്തുണ നൽകിയത് കമ്മ്യൂണിസ്റ്റുകളായിരുന്നു എന്ന് സൂചിപ്പിച്ചല്ലോ. 1965 ൽ രൂപം കൊണ്ട പി.ഡി.പി.എ അഥവാ പീപ്പിൾസ് ഡെമോക്രറ്റിക് പാർട്ടി ഓഫ് അഫ്ഘാനിസ്ഥാൻ എന്നായിരുന്നു അവിടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേര്. തുടക്കം മുതൽ തന്നെ സോവിയറ്റ് യൂണിയനോട് ശക്തമായ ബന്ധം പുലർത്തിയിരുന്ന പാർട്ടിയായിരുന്നു പി.ഡി.പി.എ.
എഴുത്തുകാരനും കവിയുമായിരുന്ന നൂർ മുഹമ്മദ് തരാക്കിയായിരുന്നു പി.ഡി.പി.എ യുടെ ഏറ്റവും വലിയ നേതാവ്. തന്റെ പതിനഞ്ചാം വയസ്സിൽ ബോംബെ നഗരത്തിൽ എത്തിപ്പെട്ട തരാക്കി കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്റ്റഡി ക്ലാസ്സുകളിൽ പങ്കെടുക്കുകയും നേതാക്കളുമായി അടുപ്പം പുലർത്തുകയും ചെയ്യുക വഴിയാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്‌ടനായത്. ഒരു പഷ്‌ടൂൺ ട്രേഡിങ് കമ്പനിയിൽ ക്ലെർക്കായി ജോലി ചെയ്യുകയായിരുന്നു തരാക്കി അക്കാലത്തു ബോംബെയിൽ.
അഫ്ഘാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് പൊതുവിൽ, വിദ്ധഗ്‌ധർക്കിടയിൽ വരെയുള്ള ധാരണ, അത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമില്ലാത്ത കേവലം സോവിയറ്റ് പിന്തുണ കൊണ്ട് മാത്രം നില നിൽക്കുകയും അധികാരത്തിൽ വരികയും ചെയ്‌തിട്ടുള്ള പാർട്ടിയാണ് എന്നാണ്. എന്നാൽ ഇത് തീർത്തും ചരിത്ര വിരുദ്ധമായ കാഴ്‌ചപ്പാടാണ്.
അഫ്ഘാനിസ്‌താന്റെ സോഷ്യലിസ്റ്റ് ചരിത്രം വിശദമായി പറയുന്ന Revolutionary Afghanistan എന്ന Beverley Male എഴുതിയ പുസ്‌തകവും Washington’s Secret War Against Afghanistan എന്ന Phillip Bonosky എഴുതിയ പുസ്‌തകവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഫ്ഘാൻ ജനതക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനത്തെ വിശദമായി സൂചിപ്പിക്കുന്നുണ്ട്.
അർബൻ വർക്കിങ് ക്ലാസ്, വിദ്യാർഥികൾ, സ്ത്രീകൾ, ബുദ്ധിജീവികൾ, ഗ്രാമ പ്രദേശത്തെ കർഷകർ, സൈന്യത്തിലെ ഒരു വിഭാഗം എന്നിവയിലെല്ലാം ഗണ്യമായ സ്വാധീനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റുകൾക്ക് ഉണ്ടായിരുന്നു. കാബൂൾ യൂണിവേഴ്‌സിറ്റി ഇതിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് മുന്നേ തന്നെ പ്രവർത്തിച്ചിരുന്ന വിവിധ ഇടതുപക്ഷ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിലൂടെയും മറ്റുമാണ് ഇത്തരം ജനകീയ അടിത്തറ പാർട്ടിക്ക് സാധ്യമായത്.
അഫ്ഘാൻ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം സൂചിപ്പിക്കുമ്പോൾ പാർട്ടിക്കകത്ത് രൂപം കൊണ്ട വിഭാഗീയതയെ കൂടി പറഞ്ഞു പോകേണ്ടത്. ഏത് തരത്തിലാകണം സോഷ്യലിസം അഫ്‌ഗാനിസ്ഥാനിൽ സ്ഥാപിതമാകേണ്ടത്? ദാവൂദ് ഖാൻ സർക്കാറിനോട് എടുക്കേണ്ട സമീപനം എന്താകണം? സായുധ വിപ്ലവത്തിനോടുള്ള നിലപാട് എന്താകണം? എന്നിങ്ങനെ വിവിധ തർക്കങ്ങളുടെ പേരിൽ രണ്ടു വിഭാഗങ്ങൾ പാർട്ടിയിൽ ഉണ്ടായിരുന്നു. ഒന്ന് തീവ്ര മാർക്സിസ്റ്റ് പൊസിഷൻ എടുത്ത ജനങ്ങൾ എന്നർത്ഥം വരുന്ന 'Khalq' ഫാക്ഷനും കുറെ കൂടി മോഡറേറ്റ് മാർക്സിസ്റ്റ് പൊസിഷൻ എടുത്ത കൊടി എന്നർത്ഥം വരുന്ന 'Parcham' ഫാക്ഷനുമായിരുന്നു അവ. തരാക്കി, ഹാഫിസുള്ള അമിൻ തുടങ്ങിയവർ കൽക്ക് ഫാക്ഷനെ പിന്തുണച്ചപ്പോൾ ബാബ്രക് കർമാലായിരുന്നു പർച്ചം ഫാക്ഷന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്. ഇവർ മൂന്നുപേരും പിൽകാലത്ത് അഫ്ഘാനിസ്താന്റെ പ്രെസിഡന്റുമാരാകുന്നുണ്ട്.
സൗർ വിപ്ലവം.
ദാവൂദ് ഖാനും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള ബന്ധം തുടക്കത്തിൽ തന്നെ അത്ര സുഖത്തിലായിരുന്നില്ല. പാർട്ടിക്കുള്ളിലെ പർച്ചം ഫാക്ഷനുമായിട്ടായിരുന്നു ദാവൂദ് ഖാനു അടുപ്പമുണ്ടായിരുന്നത്. കൽക്ക് ഫാക്ഷൻ ഭരണത്തിൽ കമ്മ്യൂണിസ്റ്റുകൾ ചേരാൻ പാടില്ല എന്ന നയമാണ് സ്വീകരിച്ചത്. ഭരണത്തിലെ ചേർന്ന കമ്മ്യൂണിസ്റ്റുകാരെ അവർ 'റോയൽ കമ്മ്യൂണിസ്റ്റ്' എന്ന് കളിയാക്കുക പോലും ചെയ്‌തിരുന്നു.
സോവിയറ്റ് യൂണിയനുമായി ദാവൂദ് ഖാനുണ്ടായ അകൽച്ചയും കമ്മ്യൂണിസ്റ്റുകൾ മുന്നോട്ട് വെച്ച ഭൂപരിഷ്കരണം പോലുള്ള നയപരിപാടികളോടുള്ള എതിർപ്പും പി.ഡി.പി.എ യുമായുള്ള സർക്കാരിന്റെ ബന്ധം അനുദിനം വഷളാക്കിയിരുന്നു. കമ്മ്യൂണിസ്റ്റുകൾ മുന്നോട്ട് വെച്ച സോഷ്യലിസ്റ്റ് പദ്ധതിയോട് ദാവൂദ് ഖാനു പ്രത്യേക മമത ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ദാവൂദ് ഖാൻ സർക്കാറിന്റെ പൊതു സ്വഭാവം വലിയ ഭൂവുടമകളായ അഫ്ഘാനികളുടെ താല്പര്യം സംരക്ഷിക്കുക എന്നതായിരുന്നു. 1973 ലെ അട്ടിമറിയിൽ കമ്മ്യൂണിസ്റ്റുകളുമായുണ്ടാക്കിയ സഖ്യത്തെ അത് കൊണ്ട് തന്നെ ഇരു കൂട്ടരുടെയും തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ സഖ്യമായി കരുതുന്നതാകും ശരി. ദാവൂദ് ഖാൻ കൂടുതലായി അമേരിക്കൻ ഭാഗത്തേക്ക് അടുക്കുന്നതും അഫ്ഘാനിസ്ഥാനുമായി ആദ്യകാലം മുതലേ നല്ല ബന്ധം ഉണ്ടാക്കിയിരുന്ന സോവിയറ്റ് യൂണിയനുമായി അകലുന്നതും സ്ഥിതി കൂടുതൽ പ്രശനത്തിലേക്ക് കൊണ്ടെത്തിച്ചു.
1976 ൽ കമ്മ്യൂണിസ്റ്റുകൾ തന്നെ സ്ഥാനഭൃഷ്‌ടനാക്കിയേക്കും എന്ന ഭയത്തിൽ ദാവൂദ് ഖാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിയവിരുദ്ധമായി പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്റെ കാബിനറ്റിൽ അംഗങ്ങളായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ ദാവൂദ് ഖാൻ പുറത്താക്കി. ഇവരെല്ലാം മോഡറേറ്റ് വിഭാഗമായ പർച്ചം ഫാക്ഷനിൽ പെട്ടവരായിരുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് എതിരെ രാജ്യവ്യാപകമായി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും അറസ്റ്റും മറ്റും ആരംഭിക്കുന്നതും ഇതേ സമയത്താണ്. താത്കാലികമായി ഇവർക്കിടയിൽ ഉണ്ടായ സഖ്യം തകരാൻ തുടങ്ങുകയായിരുന്നു അവിടെ.
ദാവൂദ് ഖാനും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള ബന്ധം വളരെ വഷളായി മാറിയ സമയത്താണ്, പി.ഡി.പി.എ നേതാക്കളിൽ ഒരാളായിരുന്ന മിർ അക്ബർ ഖൈബർ എന്ന ട്രേഡ് യൂണിയൻ നേതാവ് 1978 ഏപ്രിൽ 17 ൽ കൊല ചെയ്യപ്പെടുന്നത്. കൊലപാതകത്തിന് ഉത്തരവാദി ദാവൂദ് ഖാനും കൂട്ടാളികളുമാണ് എന്നാരോപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി വലിയ പ്രക്ഷോഭങ്ങൾ ഇതിനെ തുടർന്ന് അഴിച്ചു വിടുകയുണ്ടായി. കാബൂൾ നഗരത്തിലും മറ്റും കൂറ്റൻ സർക്കാർ വിരുദ്ധ റാലികൾ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ചു. ശക്തമായ രീതിയിലാണ് ദാവൂദ് ഖാൻ സർക്കാർ ഇതിനെ നേരിട്ടത്. തരാക്കിയും കമാലും അടക്കം ഒട്ടു മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളെയും സർക്കാർ അറസ്റ്റ് ചെയ്‌തു തടവിലാക്കി.
ഈ സംഭവങ്ങൾ നടക്കുന്നതിനിടെ, സൈന്യത്തിലെ കമ്മ്യൂണിസ്റ്റ് അനുകൂലികളായ ഉദ്യോഗസ്ഥർ ഒരു കലാപത്തിന് പദ്ധതി ഇടുകയായിരുന്നു. വലിയ പ്രക്ഷോഭങ്ങളിക്കിടെ, 1978 ഏപ്രിൽ 27 നു കമ്മ്യൂണിസ്റ്റ് അനുകൂലികളായ സൈനിക ഉദ്യോഗസ്ഥർ അൻപത് ടാങ്കുകളുടെ പിന്തുണയോടെ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. അഫ്ഘാൻ അയർഫോഴ്സിന്റെ പിന്തുണയും അവർക്ക് ലഭിച്ചിരുന്നു. സോവിയറ്റ് നിർമിത സുഖോയ് വിമാനങ്ങൾ പ്രെസിഡെൻഷ്യൽ പാലസിനെ ആ ദിവസമുടനീളം ഉന്നം വെച്ച് കൊണ്ടിരുന്നു. വലിയ പ്രതിരോധം ഒന്നും നേരിടാതെ തന്നെ കാബൂൾ നഗരത്തിന്റെ പൂർണ്ണ നിയന്ത്രണം പട്ടാളത്തിലെ കമ്മ്യൂണിസ്റ്റ് അനുകൂലികൾ കൈക്കലാക്കി. ദാവൂദ് ഖാൻ അടക്കം നിരവധി സർക്കാർ അനുകൂലികൾ പ്രെസിഡെൻഷ്യൽ പാലസിലെ ഏറ്റുമുട്ടലിൽ കൊലചെയ്യപ്പെട്ടു.
ഭരണം കയ്യാളിയ പട്ടാളം ആദ്യം ചെയ്‌തത് അറസ്റ്റിലായ കമ്മ്യൂണിസ്റ്റ് നേതാക്കളെ മോചിപ്പിക്കുകയാണ്. കൽക്ക് ഫക്ഷനിൽപെട്ട പി.ഡി.പി.എ യുടെ ഏറ്റവും തലമുതിർന്ന നേതാവായ തരാക്കിയെ അവർ രാജ്യത്തെ നയിക്കാൻ ക്ഷണിച്ചു.
അന്നേ ദിവസം റേഡിയോ അഫ്‌ഗാനിസ്ഥാൻ ഇങ്ങനെയാണ് പ്രഖ്യാപിച്ചത്,
'അഫ്ഘാനിസ്താന്റെ ചരിത്രത്തിൽ ആദ്യമായി രാജഭരണത്തിന്റെയും ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും യുഗം അവസാനിച്ചിരിക്കുന്നു. ഭരണകൂടത്തിന്റെ എല്ലാ അധികാരവും ഇനി അഫ്ഘാനിസ്ഥാനിലെ ജനതയുടെ കൈകളിലാണ്.'
അങ്ങനെ ചരിത്രത്തിൽ ആദ്യമായി അഫ്ഗാനിസ്ഥാൻ രാജഭരണത്തിൽ നിന്നും പൂർണ്ണാർത്ഥത്തിൽ സ്വതന്ത്രമാകുകയാണ്. ഒപ്പം സോഷ്യലിസത്തിന്റെ പാതയിലേക്ക് ഏഷ്യയിൽ നിന്നും ഒരു രാജ്യം കൂടി കടന്നു വരുന്നു.
സൗർ അഥവാ ഹിജ്റ കലണ്ടറിലെ രണ്ടാമത്തെ മാസത്തിനു പേർഷ്യൻ ഭാഷയിൽ പറയുന്ന പേരിനോട് ചേർത്ത് വെച്ച് അറിയപ്പെടുന്ന ഈ വിപ്ലവത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്ന്, ഇത് സോവിയറ്റ് യൂണിയൻ പ്ലാൻ ചെയ്ത് നടപ്പിൽ വരുത്തിയതാണ് എന്നതാണ്. അമേരിക്കൻ ചാര സംഘടനയായ സിഐഐ രേഖകൾ ഉൾപ്പെടെ പറയുന്നത് ഇത്രയും നടന്ന സംഭവ വികാസങ്ങളിൽ സോവിയറ്റ് ഇടപെടലോ അവരുടെ നിർദ്ദേശങ്ങളോ ഇല്ല എന്നാണ്. അഥവാ തങ്ങളുടെ ഭാവി എന്താകണം എന്ന ചോദ്യത്തിൽ അഫ്ഘാൻ ജനത തന്നെ നടത്തിയ തെരെഞ്ഞെടുപ്പായിരുന്നു സൗർ വിപ്ലവം.
സോഷ്യലിസ്റ്റ് അഫ്ഘാനിസ്ഥാൻ.
സോഷ്യലിസ്റ്റ് സർക്കാർ എടുത്ത നടപടികളെ പരിശോധിക്കുമ്പോൾ ആദ്യം എത്തരത്തിലുള്ള സാഹചര്യങ്ങളാണ് അവിടെ നിലനിന്നത് എന്നത് നോക്കിക്കാണേണ്ടതുണ്ട്.
1978 ൽ ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിൽ ഒന്നായിരുന്നു അഫ്ഘാനിസ്ഥാൻ. നഗരങ്ങളിലെ ചുരുക്കം വ്യവസായ ശാലകൾ ഒഴിച്ച് നിർത്തിയാൽ കൃഷിയിൽ അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയായിരുന്നു രാജ്യത്തിൽ നില നിന്നത്. 160 മില്യൺ ഏക്കറോളം വരുന്ന മൊത്തം ഭൂമിയുടെ 12 ശതമാനം മാത്രമായിരുന്നു കൃഷിയോഗ്യമായ ഭൂമി ഉണ്ടായിരുന്നത്. അതിൽ തന്നെ പകുതിയോളം ഭൂമി ജലത്തിന്റെ ലഭ്യതക്കുറവ് കൊണ്ടും മറ്റും കൃഷി ചെയ്യാതെ വെറുതെ ഇട്ടിരിക്കുകയായിരുന്നു.
അതിശക്തമായ ഫ്യൂഡൽ സമ്പ്രദായം നിലനിന്ന രാജ്യത്തെ ഭൂമിയുടെ സിംഹഭാഗവും ചെറിയ ന്യൂനപക്ഷം വരുന്ന ഭൂവുടമകളുടെ കൈകളിലായിരുന്നു. ബാക്കി വരുന്ന ജനങ്ങൾ അത്തരം ഭൂമിയിൽ പാട്ട വ്യവസ്ഥക്ക് കൃഷി ചെയ്യുന്നവരായിരുന്നു. അതി കഠിനമായ വ്യവസ്ഥകളായിരുന്നു ഇത്തരം കാർഷിക സമ്പ്രദായത്തിൽ നില നിന്നത്. ഉദാഹരണത്തിന് പാട്ട കൃഷിക്കാരൻ ഉത്പാദിപ്പിക്കുന്നതിന്റെ മൂന്നിൽ രണ്ട് ഭാഗം ജന്മിക്ക് അവകാശപ്പെട്ടതായിരുന്നു. ഭൂമിയുടെ ബലഭൂയിഷ്ടി കൂടുന്ന മുറക്ക് ജന്മിയുടെ പങ്കും ഉയരുമായിരുന്നു. ചുരുക്കത്തിൽ വയറു നിറക്കാൻ തന്നെ പാടുപെടുന്ന ഒരു വലിയ ജനസമൂഹമായിരുന്നു അഫ്ഗഹ്നിസ്ഥാനിൽ ഉണ്ടായിരുന്നത്.
മറ്റ് സാമൂഹിക സൂചികളിലും വളരെ പിന്നോക്കം നിന്നിരുന്ന രാജ്യമായിരുന്നു അഫ്ഘാനിസ്ഥാൻ. ഉദാഹരണത്തിന് ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനത്തോളം പേരും നിരക്ഷരരായിരുന്നു.
രാജഭരണകാലത്ത് തന്നെ എടുത്ത നടപടികളുടെ ഭാഗമായി നഗരങ്ങളിൽ പുരോഗമന സ്വഭാവമുള്ള ഒരു ജനസമൂഹം രൂപം കൊണ്ട് വന്നിട്ടുണ്ടായിരുന്നു. മോഡേൺ ഡ്രസ്സ് ധരിക്കുന്ന സ്ത്രീകളും മറ്റും കാബൂൾ നഗരത്തിൽ ഒരു അത്ഭുതമേ ആയിരുന്നില്ല. എന്നാൽ ഗ്രാമങ്ങളിലെ സ്ഥിതി നേരെ തിരിച്ചായിരുന്നു. ഏറ്റവും അപരിഷ്‌കൃതമായ ഫ്യൂഡൽ വ്യവസ്ഥിതികളൂം അതിനോട് ചേർന്ന ജീവിത രീതിയുമാണ് ഗ്രാമീണ ജനത പിന്തുടർന്നിരുന്നത്. ഓരോ ഗ്രാമമവും അതാത് ഗോത്രത്തലവന്മാരുടെയും മത നേതാക്കളുടെയും അധീനതയിലായിരുന്നു. ഇത്തരമൊരു രാജ്യമാണ് സോഷ്യലിസ്റ്റ് ഭരണകൂടത്തിന് മുന്നിൽ ഉണ്ടായിരുന്നത്.
അഫ്ഗാനിസ്ഥാൻ കുറിച്ചുള്ള മറ്റൊരു പ്രബലമായ തെറ്റിദ്ധാരണ ഒരു കാലത്തും പരിഷ്ക്കരണം നടത്താൻ ശ്രമിക്കാത്ത ജനതയാണ് അവിടെ ഉള്ളത് എന്നതാണ്. എന്നാൽ ചരിത്രം പരിശോധിച്ചാൽ മറ്റൊന്നാണ് നമ്മൾക്ക് കാണാൻ കഴിയുക. രാജഭരണകാലത്ത് തന്നെ പല തരത്തിലുള്ള പരിഷ്കരണ പ്രവർത്തങ്ങൾ അവിടെ നടപ്പിൽ വരുത്തുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച സാമ്പത്തിക ബന്ധങ്ങളെ പരിഷ്കരിക്കാൻ ഉള്ള ശ്രമങ്ങളെക്കാൾ സാമൂഹികമായ ജീവിതത്തിൽ പ്രത്യേകിച്ച് മതപരമായ കാര്യങ്ങളിലും മറ്റും പുരോഗമനപരമായ പല നടപടികളും രാജ ഭരണ കാലത്ത് എടുത്തത് ചരിത്രത്തിൽ നിന്ന് കാണാൻ കഴിയും. എന്നാൽ അവയിൽ ഭൂരിഭാഗവും ഭരണകൂടത്തിനകത്ത് തന്നെയുള്ള അധികാര വർഗ്ഗങ്ങളുടെ ശക്തമായ എതിർപ്പിനാൽ ഇല്ലാതെയായി പോകുന്ന കാഴ്ചയും കാണാൻ സാധിക്കും.
ഇത്തരമൊരു ചരിത്രം ഉള്ളതിനാൽ വളരെ ശ്രദ്ധയോടെയാണ് സോഷ്യലിസ്റ്റ് സർക്കാർ നയങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചത്. അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന പിന്നോക്കാവസ്ഥയുടെ മൂലകാരണം രാജ്യത്തെ ഭൂവുടമ സമുദ്രാദയവും ഫ്യൂഡൽ പ്രഭുക്കളുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക അധികാരവുമാണ് എന്ന് തിരിച്ചറിഞ്ഞ സോഷ്യലിസ്റ്റ് സർക്കാർ, ആദ്യപടിയായി അതിനെ തകർക്കേണ്ടതുണ്ട് എന്ന നിഗമനത്തിൽ എത്തിച്ചേർന്നു.
കാർഷിക രംഗത്ത് സമൂലമായ പരിഷകരങ്ങൾ അതോടെ ആരംഭിച്ചു. അതിന്റെ ആദ്യപടി, കൃഷിഭൂമിയുമായി ബന്ധപ്പെട്ട കടങ്ങൾ എഴുതി തള്ളുകയായിരുന്നു. പാട്ടക്കൃഷിക്കാർ കൃഷി നാശം കൊണ്ടും മറ്റും ഭൂവുടമക്ക് കീഴിൽ വലിയ കടക്കാരായി മാറുന്ന സ്ഥിതി നിലനിന്നിരുന്നു. ഫ്യൂഡൽ അധികാരത്തിന്റെ പ്രധാന ശക്തി സ്ത്രോതസ്സുകളിൽ ഒന്ന് ഇത്തരത്തിൽ രൂപം കൊണ്ടിരുന്ന കട ബാധ്യതയായിരുന്നു.
ഭൂപരിഷ്കരണത്തിനും കൃഷിയുടെ ആധുനികവാതകരണത്തിനുമുള്ള നടപടികൾ സോഷ്യലിസ്റ്റ് സർക്കാർ ഇതേ സമയം കൈക്കൊള്ളുന്നുണ്ട്. കണക്കുകൾ പറയുന്നത് 81 ശതമാനം ഗ്രാമീണ അഫ്ഘാൻ ജനതയും ഈ നടപടികളുടെ നേരിട്ടുള്ള ഗുണഭോക്ഷതാക്കളായി മാറിയിരുന്നു എന്നാണ്. ഇവർക്കെല്ലാം കടക്കെണിയിലായ തങ്ങളുടെ ഭൂമി തിരിച്ചു ലഭിക്കാൻ ഇതിലൂടെ കഴിഞ്ഞു. ഭൂവുടമ വിഭാഗങ്ങൾ ഈ നടപടികളെ വലിയ എതിർപ്പോടെയായിരുന്നു സ്വീകരിച്ചത്.
വിദ്യാഭ്യാസ രംഗത്തും സമൂലമായ മാറ്റങ്ങൾക്കാണ് സോഷ്യലിസ്റ്റ് സർക്കാർ തുടക്കം കുറിച്ചത്. ജനസഖ്യയുടെ തൊണ്ണൂറ് ശതമാനത്തോളം നിരക്ഷരരായ സമൂഹത്തിൽ സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ളവർക്ക് മാത്രമായിരുന്നു വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ആദ്യപടിയായി സോഷ്യലിസ്റ്റ് ഭരണകൂടം പ്രാഥമിക വിദ്യാഭ്യസത്തെ സൗജന്യവും നിർബന്ധിതവുമാക്കുന്നുണ്ട്. തുടർന്ന് രാജ്യത്തുടനീളം സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുകയും സാക്ഷരത യജ്ഞത്തിനായി പരിശീലനം നൽകി പ്രവർത്തകരെ ഗ്രാമപ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു.
ആരോഗ്യരംഗത്തെ പൂർണ്ണമായും ദേശസാത്കരിക്കുകയും വലിയ തോതിൽ നിക്ഷേപം നടത്താൻ ആരംഭിക്കുകയും ചെയ്തു. സാധാരക്കാരായ ആളുകൾക്ക് ഏറെക്കുറെ പൂർണ്ണമായും സൗജന്യ നിരക്കിൽ ചികിത്സ നൽകുക എന്ന സോഷ്യലിസ്റ്റ് നയം സർക്കാർ ഈ ഘട്ടത്തിൽ മുന്നോട്ട് വെക്കുന്നുണ്ട്.
സോവിയറ്റ് സഹായത്തോടെ ആരോഗ്യരംഗത്ത് വലിയ ഗവേഷങ്ങൾക്കും മറ്റുമുള്ള ഇൻഫ്രാസ്ട്രക്ഷൻ നിർമ്മിക്കുന്നത് ഈ കാലഘട്ടത്തിലാണ്. എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഇതിന്റെ എല്ലാം ഭാഗമായി വലിയ തോതിൽ സ്ത്രീകളുടെ പ്രാധിനിത്യം ആരോഗ്യമേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം വനിതാ ഡോക്ടർമാരെ സോഷ്യലിസ്റ്റ് അഫ്ഘാനിസ്ഥാൻ ഇത്തരത്തിൽ സൃഷ്ടിക്കുന്നുണ്ട്.
എല്ലാ മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്തുക അതീവ പ്രാധാന്യമുള്ള കടമകളിൽ ഒന്നായായിരുന്നു അധികാരമേറ്റ പി.ഡി.പി.എ സർക്കാർ കണ്ടിരുന്നത്. രാഷ്ട്രീയ പൊതു രംഗങ്ങളിൽ ഒരുപാട് സ്ത്രീകൾ ഇക്കാലയളവിൽ കടന്നു വരുന്നുണ്ട്. പിന്നീട് അഫ്ഗാനിസ്ഥാന്റെ ഡെപ്യൂട്ടി ഹെഡ് ഓഫ് സ്റ്റേറ്റ് വരെയാകുന്ന അനാഹിത റതെബ്സാദ് നെ പോലുള്ള നിരവധി വനിത നേതാക്കൾ ഈ കാലയളവിൽ പൊതുരംഗത്ത് പ്രവർത്തിച്ചിരുന്നു.
സ്ത്രീകളുടെ സമൂഹത്തിലെ സാന്നിധ്യം ഉയർത്താനായി നിരവധി നിയമ നിർമ്മാണങ്ങൾ സർക്കാർ നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, ബാല്യ വിവാഹങ്ങളെ ചെറുക്കുവാനായി വിവാഹ പ്രായം 16 ലേക്ക് ഉയർത്തുകയും, അന്ന് നിലനിന്നിരുന്ന സ്ത്രീകളെ വില്പന നടത്തുന്ന തരം ആചാരങ്ങളെ നിരോധിക്കുകയും ചെയ്തിരുന്നു. ബ്രൈഡ് പ്രൈസ് എന്നാണ് ഇത് പുറം ലോകത്തിൽ അറിയപ്പെട്ടിരുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം ഈ കാലയളവിൽ ഉറപ്പാക്കുന്നുണ്ട്. അത് പോലെ സ്ത്രീകളുടെ വിദ്യഭ്യസം തടയുന്നത് നിയമവിരുദ്ധമാക്കി മാറ്റുന്നുമുണ്ട്.
സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ നിയമപരമാക്കി മാറ്റാനും ഗവ. നടപടി എടുത്തിരുന്നു. അതോടെ ബുർഖ/ഹിജാബ് പോലുള്ള വസ്ത്രങ്ങൾ ഇഷ്ടമുള്ളവർക്ക് മാത്രം ധരിച്ചാൽ മതി എന്ന സ്ഥി വന്നു ചേരുകയുണ്ടായി. വിവാഹത്തിൽ പൂർണ്ണമായും സ്ത്രീകളുടെ തീരുമാനം നിയമപരമായി അംഗീകരിക്കപ്പെടുന്നതും ഈ സമയത്താണ്.
ചുരുക്കം വ്യവസായ സ്ഥാപനങ്ങളും മറ്റുമായിരുന്നു അഫ്‌ഗാനിസ്ഥാനിൽ അന്നുണ്ടായിരുന്നത് എന്ന് സൂചിപ്പിച്ചല്ലോ. അഫ്ഘാനിസ്താന്റെ വ്യവസായ വത്ക്കരണം പ്രാധാന്യമുള്ള നയപരിപാടികളിൽ ഒന്നായി സർക്കാർ മുന്നോട്ടുവെച്ചിരുന്നു. സോവിയറ്റ് സഹായത്തോടെ നിരവധി ഫാക്ടറികൾ അഫ്ഘാനിസ്താന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുകയുണ്ടായി. ഇതോടൊപ്പം സ്വകാര്യ ഉടമസ്ഥതിയിൽ ഉള്ള സ്ഥാപങ്ങൾ വലിയ രീതിയിൽ ദേശസാത്കരിക്കാൻ സർക്കാർ ഈ കാലയളവിൽ തീരുമാനിക്കുന്നുണ്ട്.
തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ആദ്യമായി നിയമപരമാകുന്നതും ഇതേ കാലയളവിലാണ്. എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ വിനോദം എട്ട് മണിക്കൂർ വിശ്രമം എന്ന രീതിയിൽ തൊഴിലിടങ്ങൾ ഇതോടെ പുനഃക്രമീകരിക്കപ്പെടുന്നുണ്ട്.
സ്വാതന്ത്ര റിപ്പബ്ലിക്കുകൾ പോലെ പ്രവർത്തിച്ചിരുന്ന ഗ്രാമീണ അധികാര കേന്ദ്രങ്ങൾക്ക് മുകളിൽ, സർക്കാറിന്റെ പിടി വീഴുന്നതും ഇക്കാലയളവിൽ സംഭവിച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കും മത മൗലികവാദത്തിനും നിയമപരമായ പലതരം നിയന്ത്രണങ്ങൾ സർക്കാർ നടപ്പിൽ വരുത്തി.
സാമ്പത്തിക സാമൂഹിക രാഷ്ട്രീയ രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂലമായ മാറ്റങ്ങൾക്കാണ് സോഷ്യലിസ്റ്റ് സർക്കാർ അഫ്‌ഗാനിസ്ഥാനിൽ തുടക്കം കുറിച്ചത്. ഇത് മത നേതാക്കളും, ഭൂവുടമകളും, ബുറോക്രസിയും, രാജഭരണകാലത്തെ അധികാരികളും എല്ലാം ഉൾപ്പെടുന്ന ഉന്നത വിഭാഗങ്ങളിൽ വലിയ അലോസരമുണ്ടാക്കിയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് ശത്രുക്കളെ സോഷ്യലിസ്റ്റ് ഭരണകൂടം അഫ്‌ഗാനിസ്ഥാനിൽ സൃഷ്‌ടിച്ചു എന്ന് പറയുന്നതാകും ശരി. എന്നാൽ രാജ്യത്തിനകത്തെ ശത്രുവിനേക്കാൾ പതിൻമടങ്ങ് ശക്തിയുള്ള ശത്രുക്കൾ സാമ്രാജ്യത്വത്തിന്റെ രൂപത്തിൽ ഇതേ കാലയളവിൽ ലോകത്തിന്റെ പല കോണുകളിൽ അഫ്‌ഗാൻ സർക്കാറിനെതിരെ ഒരു അവിശുദ്ധ സഖ്യം ഉണ്ടാക്കുന്നുണ്ടായിരുന്നു. ഇവർക്കിടയിലെ അധികാര യുദ്ധത്തിന്റെ കഥയാണ് ഇന്നും തുടരുന്ന അഫ്‌ഗാൻ പ്രശ്ങ്ങളുടെ തുടക്കം.
(ബംഗളൂരു സെന്റ് ജോസഫ് ലോ കോളേജിൽ അസിസ്‌റ്റന്റ് പ്രൊഫസറാണ് ലേഖകൻ)











0 comments