കണ്ടൽക്കാടുകളുടെ സംരക്ഷണവും പുനരുജ്ജീവനവും

സവിശേഷമായ ഒരു ജൈവ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. അവർണ്ണനീയമായ സൗന്ദര്യം കൊണ്ട്അനുഗ്രഹീതവുമാണ് അവ. ഓരു കലർന്ന പുഴയുടെയും കടലിന്റെയും ചതുപ്പുകളിൽ, ഏറ്റ-ഇറക്ക പ്രക്രിയയുടെ നിലയ്ക്കാത്ത ചലനങ്ങളിൽ ലയിച്ച് വേരുകൾ ഊന്നി വളരുന്ന കണ്ടൽ സാമ്രാജ്യം ജീവലോകത്തെ അത്ഭുതകരമായ ഒരു പ്രതിഭാസമാണെന്ന് പറയാം.
2015ലെ യുനെസ്‌കോ അന്താരാഷ്ട്ര സമ്മേളനമാണ് ജൂലൈ 26 അന്താരാഷ്ട്ര കണ്ടൽ സംരക്ഷണദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സവിശേഷവും, പ്രത്യേകവും, ദുർബലവുമായ ജൈവ ആവാസ വ്യവസ്ഥയായ കണ്ടലുകളുടെ സുസ്ഥിരവികസനവും, സംരക്ഷണവും, ഉപയോഗവും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കണ്ടൽകാടുകളെ കുറിച്ചുള്ള സമഗ്ര പഠനങ്ങൾ ആഗോള തലത്തിൽതന്നെ വിരളമാണ്.
ലഭ്യമായ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് ഏതാണ്ട് 123 രാജ്യങ്ങളിലായി 15.2 ദശലക്ഷംചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു വ്യതിരക്ത ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ ആണ ്കണ്ടലുകൾ ധാരാളമായി ആയി കാണപ്പെടുന്നത്. മറ്റ് ഭൂഖണ്ഡങ്ങളും ആയി താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യൻ വൻകര കണ്ടലുകളുടെ വ്യാപനത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു. ഭാരത സർക്കാർ പുറത്തിറക്കിയ പുതിയ ഇന്ത്യയിലെ കാടുകളെ കുറിച്ചുള്ള സ്റ്റേറ്റ് ഓഫ് ഫോറെസ്‌റ് റിപ്പോർട്ട്(2019) പ്രകാരം ആഗോള കണ്ടൽക്കാടുകളുടെ മൂന്ന് ശതമാനവും, ഏഷ്യൻ കണ്ടൽക്കാടുകളുടെ 8 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യൻ യൂണിയനിലെ 9 തീരദേശ സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4975 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ടൽകാടുകൾ വ്യാപിച്ചുകിടക്കുന്നു.
44 നദികളും, കായലുകൾ, അഴിമുഖങ്ങൾ എന്നിവയാലും സമ്പുഷ്ടമായ കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കണ്ടൽക്കാടുകളുടെ വ്യാപ്തി തുച്ഛമായ 9 ചതുരശ്രകിലോമീറ്റർ മാത്രമായി 10 തീരദേശ ജില്ലകളിൽ ഒതുങ്ങി കിടക്കുന്നു. ഇതിൽ തന്നെ പകുതിയിലധികം മേഖലകളും സ്വകാര്യവ്യക്തികളുടെ അധീനതയിലാണ്. തന്മൂലം വിവിധ കാർഷിക വികസന ആവശ്യങ്ങൾക്കായി കണ്ടൽ സസ്യങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കേരളത്തിൻറെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന കൊച്ചിയിലാണ് ഏറ്റവും അധികം നശീകരണം കണ്ടുവരുന്നത്. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, പുതുവൈപ്പ് എൽഎൻജി ടെർമിനൽ, വിവിധ പാലങ്ങൾ, റോഡുകൾ, നിർദ്ദിഷ്ട ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം ആദിയായ പദ്ധതികൾക്കായി ആണ് ഇവ കൂടുതലും നശിപ്പിക്കപ്പെട്ടത്.
നിലവിലുള്ള പഠന റിപ്പോർട്ടുകൾ അനുസരിച്ച് കേരളത്തിൽ 18 തരം കണ്ടൽചെടികൾ ഉള്ളതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ നക്ഷത്ര കണ്ടൽ(Sonneratia alba), ചാരകണ്ടൽ(Avicennia alba) മഞ്ഞ(Ceriops tagal) എന്നീ ഇനങ്ങൾ അതി വിരളമാണ്. ഏറ്റവും വൈവിധ്യമാർന്ന കണ്ടൽ ചെടികൾ കാണപ്പെടുന്നത് കൊല്ലം ജില്ലയിൽ ആണ്. (15 തരം). 14 തരം കണ്ടൽ ചെടികളുമായി ആലപ്പുഴയും, 13 ഇനങ്ങളുമായി എറണാകുളവും തൊട്ടു പിന്നാലെയുണ്ട്. എന്നാൽ കണ്ടൽ കാടുകളുടെ വിസ്തൃതിയിൽ കണ്ണൂർ ജില്ല ഒന്നാമതും, എറണാകുളവും, കാസർഗോഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനവും അലങ്കരിക്കുന്നു.

കണ്ടൽ കാടുകൾ കൊതുകിന്റെയും, പാമ്പുകളുടെയും പ്രജനന കേന്ദ്രം മാത്രം എന്ന പൊതുജന കാഴ്ചപ്പാട് അതി പ്രധാനപ്പെട്ട ഈ ആവാസവ്യവസ്ഥയുടെ വ്യാപകമായ നശീകരണത്തിന് വഴിയൊരുക്കി. അശാസ്ത്രീയമായ ഭൂവിനിയോഗം, വ്യാപക ഭൂമി കച്ചവടം, വികസന ടൂറിസം പദ്ധതികൾ എന്നിവയും കണ്ടൽ നശീകരണത്തിൽ തുല്യമായ സംഭാവന നൽകി. 2004ൽ തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയ സുനാമിയുടെ വരവിനുശേഷമാണ് കണ്ടലുകളുടെ പ്രാധാന്യം പൊതുസമൂഹം മനസ്സിലാക്കിയത്. ഇതിനുശേഷം ഇവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ വിവിധ സർവകലാശാലകളിൽ, മറ്റ് ഗവേഷണ സ്ഥാപനങ്ങളിലും നടക്കുകയുണ്ടായി. ഒപ്പം തീരദേശങ്ങളിൽ വ്യാപകമായി കണ്ടൽ വനവൽക്കരണവും നടത്തുകയുണ്ടായി.
എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ കാര്യമായി ഗുണം ചെയ്തില്ല എന്ന് വേണം മനസ്സിലാക്കാൻ. കണ്ടൽ വന വൽക്കരണം വിജയകരം ആകണമെങ്കിൽ അതാത് പ്രദേശത്തെ ഉപ്പുരസം, മണ്ണിൻറെ ഘടന, പോഷകങ്ങൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ അത്യാവശ്യമാണ്. ഇത്തരം പഠനങ്ങളിലൂടെ മാത്രമേ ആ പ്രദേശത്തെ പാരിസ്ഥിതിക സാഹചര്യത്തിൽ വളരുവാൻ സാധിക്കുന്ന ഏറ്റവും അനുയോജ്യമായ കണ്ടൽ ഇനത്തെ കണ്ടെത്തി നടുവാനും, പരിപാലിക്കുവാനും സാധിക്കുകയുള്ളൂ.
ബോധവൽക്കരണ പരിപാടികളുടെ അഭാവമാണ് മറ്റൊരു പ്രധാന പ്രതിസന്ധി. ഇതിനായി ഗവേഷകരും, പരിസ്ഥിതി പ്രവർത്തകരും, സന്നദ്ധ സംഘടനാ പ്രവർത്തകരും അടങ്ങുന്ന ഗ്രൂപ്പുകൾ തീരദേശവാസികൾക്ക് ഇടയിൽ കണ്ടൽ സംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസുകൾ സംഘടിപ്പിക്കുകയും പൊതുജന പങ്കാളിത്തത്തോടെയുള്ള കണ്ടൽ പരിപാലന സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വേണം. ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തിയില്ലെങ്കിൽ അവശേഷിക്കുന്ന കണ്ടൽ കാടുകളുടെ നാശവും അതിവിദൂരമല്ല.
കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ് ഇൻഡസ്‌ട്രി ഫിഷറീസിൽ ഗവേഷകയാണ് ലേഖിക










0 comments