ad
Deshabhimani

കരുതൽവേണം ജലകാര്യത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 30, 2018, 05:17 PM | 0 min read

കടുത്ത ജലക്ഷാമത്തിലേക്ക് നാട് നീങ്ങുമ്പോൾ ജലസംരക്ഷണം മനുഷ്യന്റെ മുഖ്യ കടമയായി മാറിയിരിക്കുകയാണ്. ജലം അനാവശ്യമായി ചെലവാക്കാതെ യുക്തിപൂർവം കൈകാര്യം ചെയ്യുക മാത്രമാണ് ജലക്ഷാമത്തിന് താൽക്കാലികമായ പരിഹാരമാർഗം. ഇന്ത്യയിൽ ശരാശരി 120 ലിറ്റർ ജലമാണ് ഒരാൾ പ്രതിദിനം ഉപയോഗിക്കുന്നതെന്നാണ് കണക്ക്.  ഇങ്ങനെ ഉപയോഗിക്കുന്ന ജലം നഷ്ടപ്പെടാതെ സൂക്ഷിക്കണം. പല്ലുതേക്കുന്നതിനുമാത്രമായി ഒരു മിനിറ്റിൽ ആറുലിറ്ററോളം വെള്ളം ശരാശരി ഉപയോഗിക്കുന്നു. ഇത് ആവശ്യത്തിന്റെ 15 ഇരട്ടിയോളമാണ്. തുടർച്ചയായി ജലം ഒഴുക്കുന്നതിനുപകരം ആവശ്യമുള്ള ജലംമാത്രം ഉപയോഗിച്ച് ടാപ്പ് ഓഫാക്കിയാൽ ഒരു മിനിറ്റിൽ നമുക്ക് അരലിറ്റർ ജലം മാത്രമേ ആവശ്യമുള്ളൂ. കുളിക്കാൻ ആറുമുതൽ 45 വരെ ലിറ്റർ വെള്ളം ഒരു മിനിറ്റിൽ ഉപയോഗിക്കുന്നു. ഷവർ വഴി വരുന്ന ഈ ജലം പലപ്പോഴും ആവശ്യത്തിന്റെ 30 ഇരട്ടിയോളമാണ്.  കുളിക്കുന്നതിനും അലക്കുന്നതിനും ഇങ്ങനെ ഉപയോഗിക്കുന്ന ജലം തന്നെ സുരക്ഷിതമായ ജല കലുങ്കുകളിലേക്ക് തിരിച്ചുവിട്ട് ബാഷ്പീകരണത്തിന് അനുവദിക്കാതെ ശുദ്ധീകരിച്ച് കിണറിലേക്ക് തിരിച്ചയക്കാം. ഇങ്ങനെ അയക്കുമ്പോൾ നാം ഉപയോഗിച്ച ജലം തന്നെ ആവർത്തന ജലമായി വീണ്ടും കിട്ടുന്നു. 

ജലം വന്നുപതിക്കുന്ന കേന്ദ്രങ്ങളിൽതന്നെ ജലസംഭരണം നടത്തുകയാണ് ഏറ്റവും എളുപ്പമായ വഴി. വീടുകളിലെ ടെറസിൽ പതിക്കുന്ന ജലം മാത്രം ഉപയോഗിച്ചാൽ മതി ഒരു വർഷത്തേക്കുള്ള ജലം കിണറിൽ റീചാർജ് ചെയ്യാൻ. നമ്മുടെ ടെറസുകളിൽ പെയ്യുന്ന മഴ അപ്പടി ഒഴുകി അഴുക്കുജലത്തിൽ എത്തിപ്പെടുകയോ നീരാവിയായി പോകുകയോ ആണ് ചെയ്യുന്നത്.  ഈ ജലം സംഭരിക്കണം.  2000 സ്ക്വയർ ഫീറ്റുള്ള ടെറസിൽ ഒരിഞ്ചു മാത്രം മഴ ലഭിക്കുകയാണെങ്കിൽ ഒരു വർഷം 1120 ഗ്യാലൻ വെള്ളം സംഭരിക്കാം. കേരളത്തിൽ ശരാശരി 25 ഇഞ്ച് മഴയോളം ലഭിക്കുന്നുണ്ട്. ഈ ജലം മുഴുവൻ റൂഫ് ജലസംഭരണ സമ്പ്രദായം വഴി സംഭരിച്ചാൽ 2800 ഗ്യാലൻ ജലം ഒരു വർഷത്തിൽ കിണറുകളിലേക്ക് റീചാർജ് ചെയ്യാം.

മഴക്കാലത്തും വേനൽക്കാലത്തും നാം ഒരേ അളവിൽ ജലം ഉപയോഗിക്കാൻ ശീലിച്ചുപോയി.  അതുകൊണ്ട് തന്നെ കുറയ്ക്കാൻ ബുദ്ധിമുട്ടാണ്. ഇത് മനസ്സിലാക്കുന്നതിനും ജലത്തോടുള്ള നമ്മുടെ ഉപയോഗ നയം വ്യക്തമാക്കുന്നതിനും ഒരു ജലമീറ്റർ എല്ലാ വീട്ടിലും സ്ഥാപിക്കേണ്ടതാണ്.  വൈദ്യുതിയുടെ ഉപഭോഗ മീറ്റർ ഉപയോഗിച്ച് നാം വൈദ്യുതി ഉപയോഗത്തിലുള്ള നിയന്ത്രണം കൊണ്ടു വരുന്നതുപോലെ തന്നെ ജലമീറ്റർ വഴി ജലത്തിന്റെ ഉപയോഗത്തിലുള്ള നിയന്ത്രണവും നമുക്ക് കൊണ്ടുവരാൻ കഴിയും.  നാം സാധാരണയായി പൂന്തോട്ടം നനയ്ക്കാൻ ഫോഴ്സ് പൈപ്പാണ് ഉപയോഗിക്കുന്നത്.  ഒരു മണിക്കൂറിൽ 1000 ലിറ്റർ ജലം ഫോഴ്സ് പൈപ്പിലൂടെ കടന്നുപോകുന്നു.  ഇത് ചെടികളുടെ കൃത്യമായ വേരുകൾക്ക് ചുവട്ടിലെത്തുന്നതിനു പകരം ചുറ്റുപാടും പടർന്ന് അനാവശ്യമായി ബാഷ്പീകരിക്കപ്പെടുന്നു.  ഇതിന് ഒരൊറ്റ  മറുമരുന്നേയുള്ളൂ.  ചെറിയ ജഗ്ഗുകൾ ഉപയോഗിച്ച് ചെടികളുടെ വേരുകളിൽ മാത്രം നനയ്ക്കുക.  അതുപോലെ തന്നെ ഏറ്റവും കൂടുതൽ ബാഷ്പീകരണം നടക്കുന്ന പകൽ 12 മുതൽ നാലു വരെ  ചെടി നനയ്ക്കാതിരിക്കുക. നാം കാൽ കഴുകുന്നത് ടാപ്പിലെ ജലം ഉപയോഗിച്ചാണ്.  ആവശ്യത്തേക്കാൾ നൂറുമടങ്ങോളം വെള്ളമാണ് ഇതിനായി ചെലവിടുന്നത്.  ഇതിനു പകരം  കിണ്ടി പോലുള്ളവ ഉപയോഗിക്കണം.  ഒരു സ്കൂളിൽ ജലക്ഷാമം പരിഹരിച്ചതു തന്നെ കിണ്ടി ഉപയോഗിച്ച് എല്ലാ കുട്ടികളും പരിമിതമായി കാലും കൈയും കഴുകുന്നതിന് ജലം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ്. 

കൃഷിക്കാണ് ശുദ്ധജലത്തിന്റെ 70 ശതമാനവും ഉപയോഗിക്കുന്നത്. എന്നാൽ, കൃഷിസ്ഥലങ്ങളിൽതന്നെ ഈ ജലത്തിന്റെ വലിയൊരു ഭാഗവും ബാഷ്പീകരണം വഴി നഷ്ടപ്പെട്ടു പോകുമ്പോൾ ഉദ്ദേശിക്കുന്ന ഫലം കിട്ടുന്നില്ല.  അമേരിക്കയിലെ ടെക്സാസിൽ നടത്തിയ ഒരു ഗവേഷണം അത്ഭുതകരമായിരുന്നു.  ചെറു സുഷിരങ്ങളുള്ള ധാരാളം പൈപ്പ് മണ്ണിനടിയിലൂടെ കൃഷിയിടങ്ങളിലേക്ക് കൊണ്ടുപോയശേഷം അതിലൂടെ പമ്പിങ് വഴി ജലസേചനം നടത്തിയപ്പോൾ മുമ്പ് കിട്ടിയതിനേക്കാൾ 60 ശതമാനം ഉൽപ്പാദനം വർധിക്കുക മാത്രമല്ല 80 ശതമാനം ജലം ലാഭിക്കാനും കഴിഞ്ഞു. ട്രിപ്പ് ഇറിഗേഷൻ വഴി ശുദ്ധജലത്തിന്റെ 80 ശതമാനവും ലാഭിച്ച രാഷ്ട്രമാണ് അമേരിക്ക.  അതുപോലെ തന്നെ പാഴ്ജലം ബാഷ്പമായി പോകാതെ ശുദ്ധീകരിക്കുന്ന തന്ത്രം ആവിഷ്കരിച്ച പലസ്തീൻ പോലെയുള്ള രാജ്യങ്ങളിൽ താൽക്കാലികമായെങ്കിലും ജലക്ഷാമം പരിഹരിക്കാനായി. ജലലഭ്യത ഉറപ്പുവരുത്തുന്നതിന് കുറഞ്ഞ വൈദ്യുതി ഉപയോഗവും നമ്മെ സഹായിക്കും.  40 വാട്ട് ബൾബ് കത്തുന്നതിന് 20000 ഗ്യാലൻ ജലം ടർബറിലൂടെ കടന്നുപോകേണ്ടതുണ്ട്. അനാവശ്യമായി ഉപയോഗിക്കുന്ന വൈദ്യുതി ജലത്തിന്റെ ഉപയോഗം കൂട്ടുന്നു എന്ന് ചുരുക്കം.

കാർബൺ ഫൂട്ട് പ്രിന്റ് മാർഗം ഉപയോഗിച്ച് ഓരോ കുടുംബവും എത്ര കാർബൺ പുറംതള്ളുന്നു എന്ന് വിദേശ രാഷ്ട്രങ്ങൾ കണക്കുകൂട്ടുന്നുണ്ട്.  ചില ആനുകൂല്യം കാർബൺ ഫൂട്ട് പ്രിന്റ് കുറഞ്ഞ കുടുംബത്തിന് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.  അതുപോലെ വാട്ടർ ഫൂട്ട് പ്രിന്റ് കുറഞ്ഞ വീടുകൾക്ക്് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന സമ്പ്രദായം ജലത്തിന്റെ അനാവശ്യമായ ഉപയോഗം ലഘൂകരിക്കും.  ഇന്ത്യയുടെ വാട്ടർ ഫൂട്ട് പ്രിന്റ് 980 ക്യുബിക് മീറ്ററാണ്. അതായത് കൊല്ലത്തിൽ 980 ക്യുബിക് മീറ്റർ ജലം ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിക്കുന്നു എന്നർഥം.  ചൈനയിൽ 700ഉം ജപ്പാനിൽ 1150ഉം ആണ്. അതുകൊണ്ടാണ് ജപ്പാൻ അടുത്ത കാലത്ത് വാട്ടർ മീറ്റർ എല്ലാ വീടുകളിലും സ്ഥാപിച്ച് വാട്ടർ ഫൂട്ട് പ്രിന്റ് ചുരുക്കാൻ വേണ്ടി നയം ആവിഷ്കരിച്ചത്. 2025 ഓടെ ഇന്ത്യയുടെ വാട്ടർ പ്രൂഫ് പ്രിന്റ് 600 ആക്കാൻ കഴിയും. അതേ അവസരത്തിൽതന്നെ ജലക്ഷാമം നേരിടാത്ത അവസ്ഥ സൃഷ്ടിക്കാനും നമുക്കു കഴിയണം.

ചുരുക്കത്തിൽ, പ്രകൃതിയിലൂടെയുള്ള ജലസംരക്ഷണം ഒരു മുദ്രാവാക്യമായി ഏറ്റെടുക്കേണ്ട കാലമാണിത്. കാർബൺ വിസർജനം കുറയ്ക്കുന്നതോടൊപ്പം തന്നെ ജല ഉപയോഗവും പരിമിതപ്പെടുത്തിയാലേ ജലക്ഷാമം പരിഹരിക്കാനാകൂ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home