ഓണത്തെ ചേര്‍ത്തു പിടിക്കുമ്പോള്‍

ഓരോ വര്‍ഷവും ആഘോഷങ്ങളും ആഹ്ളാദങ്ങളുംപേറി ഓണം നമ്മിലേക്കെത്തുന്നു എന്നതിനേക്കാള്‍, ഓണം ഒരിടത്ത് സ്ഥായിയായി നില്‍ക്കുകയും പുതിയ മനുഷ്യരും പുതിയ കാലവും പുതിയ ചിന്തകളും പുതിയ വ്യാഖ്യാനങ്ങളും ഓണത്തിലേക്ക് എത്തുകയുമാണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നതാകും കൂടുതല്‍ ശരിയെന്ന് പലപ്പോഴും തോന്നാറുണ്ട്.
ഓണത്തിന് കാരണമായ ഐതിഹ്യത്തിന്റെ കഥ നമുക്കേവര്‍ക്കും അറിയാം. നമ്മുടെ കാലത്തില്‍ അതിന് വളരെയൊന്നും മാറ്റം വന്നിട്ടില്ല. പക്ഷേ, കാലം മാറുന്നതിനനുസരിച്ച് ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാറ്റം വന്നുകൊണ്ടേയിരിക്കുന്നു എന്നു നാം നമ്മുടെ ഭൂതകാലത്തെ ഓര്‍മിക്കുമ്പോള്‍ മനസ്സിലാകും. കാലത്തിനും സാമൂഹിക സാഹചര്യത്തിനും സാമ്പത്തിക സാഹചര്യത്തിനും അനുസരിച്ച് ആഘോഷ അനുഷ്ഠാനരീതികള്‍ മാറിക്കൊണ്ടേയിരിക്കുന്നു. ജന്മിത്വത്തിന്റെ കാലഘട്ടങ്ങളില്‍ വലിയ തറവാടുകളിലും മനകളിലുമായിരുന്നു ഓണം. കാര്യസ്ഥന്മാരുടെ ഓണം, പിന്നീട് അടിയാളരുടെ ഓണം എന്നിങ്ങനെ ഓണത്തിനുതന്നെ തരംതിരിവുകള്‍ ഉണ്ടായിരുന്നു. തന്റെ അധ്വാനംകൊണ്ട് വളര്‍ന്ന വാഴയുടെ കുല തമ്പ്രാന്റെ മുന്നില്‍ കാഴ്ചവച്ച് നില്‍ക്കുന്നതും പിന്നാമ്പുറത്ത് കിട്ടുന്ന ഓണസദ്യയുടെ അവശിഷ്ടങ്ങളുമായിരുന്നു അടിയാന്റെ ഓണം. പട്ടിണിയുടെയും ദാരിദ്യ്രത്തിന്റെയും നടുവില്‍ ഒരുദിവസത്തേക്ക് കിട്ടുന്ന നിറവയറിനെയാണ് അന്ന് ഓണമെന്ന് വിളിച്ചിരുന്നത്. തന്റെ ഒരുവര്‍ഷത്തെ അധ്വാനത്തിന് പ്രതിഫലമായി കിട്ടുന്ന ഒരു കുട്ടിത്തോര്‍ത്തായിരുന്നു ഓണത്തിന്റെ സന്തോഷം. അന്നേദിവസം കിട്ടുമായിരുന്ന ഒരു പുകയിലത്തുണ്ടായിരുന്നു ഓണത്തിന്റെ ആമോദം.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയായപ്പോഴേക്കും സാമൂഹികവിപ്ളവങ്ങളുടെ ഫലമായി അടിയാളരും ജന്മിയും തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റം വന്നു. സാധാരണജനങ്ങള്‍ കേരളമെന്ന കൂടുവിട്ട് പുറത്തേക്കൊഴുകാന്‍ തുടങ്ങി. ലോക മഹായുദ്ധങ്ങളുടെ കാലത്ത് നിരവധിപേര്‍ പട്ടാളത്തില്‍ ചേര്‍ന്നു. ചിലര്‍ സിലോണിലും ബര്‍മയിലും മലേഷ്യയിലും സിംഗപ്പൂരിലും പ്രവാസികളായിപ്പോയി. ചെറിയ തോതില്‍ പണവും സമ്മാനവും കേരളത്തിലേക്ക് വരാന്‍ തുടങ്ങി. പുകയിലയുടെയും കുട്ടിത്തോര്‍ത്തിന്റെയും സ്ഥാനത്ത് തിളക്കമുള്ള വസ്ത്രങ്ങളും വാസനസോപ്പുകളും പൌഡറും കളിപ്പാട്ടങ്ങളും ഓണസമ്മാനങ്ങളായി മാറി. നാട്ടില്‍നിന്നും കുടുംബങ്ങളില്‍നിന്നും അകന്നുള്ള പ്രവാസ ഓണങ്ങളും അവിടെ തുടങ്ങിയിരിക്കണം. മലയാളി ചെന്നുചേര്‍ന്ന ഇടങ്ങളിലേക്ക് അവര്‍ ഓണത്തിനെയും കൂടെക്കൂട്ടി.
സ്വാതന്ത്യ്രാനന്തരകാലത്താകട്ടെ ഭൂപരിഷ്കരണം, വിദ്യാഭ്യാസപരമായ മുന്നേറ്റം, ജന്മിത്വത്തിന്റെ അവസാനം, അയിത്തംപോലെയുള്ള അനാചാരങ്ങളുടെ വിടവാങ്ങല്‍ എന്നിവ സാമ്പത്തികമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തി. സ്ത്രീകള്‍ അടുക്കളകള്‍ വിട്ട് പുറത്തുവരാന്‍ തുടങ്ങി. നിരവധിപേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും സ്കൂളുകളിലും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും തൊഴില്‍ ലഭിച്ചു. ഓണവും ഓണാഘോഷവും സര്‍ക്കാര്‍ ഏറ്റെടുത്തു. ഓണാവധിയും ഓണബോണസും ഒക്കെയുണ്ടായി. ഇതേകാലത്തുതന്നെ പ്രവാസജീവിതം, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ വ്യാപകമായ ഉപയോഗം എന്നിവ ഓണത്തിനെ മാറ്റിമറിച്ചു. ഒരുനേരത്തെ നിറവയര്‍ എന്ന സ്വപ്നത്തില്‍നിന്ന് ആഡംബരങ്ങളുടെ ഉത്സവമായി ഓണം മാറുന്നത് ഇക്കാലത്താണ്. ഇന്നത്തെ ഓണം കച്ചവടങ്ങളുടെ ഓണമാണ്. പരസ്യപ്രളയങ്ങളുടെ ഓണമാണ്. പലപ്പോഴും ടിവിയുടെ മുന്നിലാണ് നാം ഓണം ആഘോഷിച്ചുതീര്‍ക്കുന്നത്. ഒരു വാട്സാപ് മെസേജില്‍ നമ്മുടെ ഓണത്തിന്റെ സന്തോഷം നാം പങ്കുവച്ചുതീര്‍ക്കുന്നു.
അതൊക്കെ കാലത്തിന്റെ പല രീതികള്‍ എന്നു പറഞ്ഞുകൊണ്ട് നമുക്ക് സഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, അടുത്തകാലത്തായി കാണുന്ന ഒരു അപകടകരമായ പ്രവണത ഓണത്തിനെ നാം വര്‍ഗീയമായും ജാതീയമായും കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്. ചിലര്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് പറഞ്ഞ് ഓണം ആഘോഷിക്കേണ്ടതേയില്ല എന്നു പറയുമ്പോള്‍ ചിലര്‍ അതിന് ഇതുവരെ ഉണ്ടായിരുന്ന അര്‍ഥങ്ങളെല്ലാം തള്ളിക്കളഞ്ഞ് പുതിയ വ്യാഖ്യാനങ്ങളുമായി എത്തുന്നു. ഫലത്തില്‍ സമൂഹത്തെ ഒന്നിച്ചുനിര്‍ത്തിയിരുന്ന ഒരു ആഘോഷം സമൂഹത്തെ ഭിന്നിപ്പിക്കാന്‍ കാരണമായിത്തീരുന്നു. പല കാലങ്ങളില്‍ പല ദേശങ്ങളില്‍ പല രൂപങ്ങളില്‍ ഓണം ആഘോഷിച്ചിരുന്നതായി ചരിത്രം പറയുന്നുണ്ട്. എന്നാല്‍, ആധുനിക കേരളം തീര്‍ച്ചയായും അതിനെ കണ്ടതും സ്വീകരിച്ചതും സമത്വത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത ആഘോഷം എന്ന നിലയില്‍തന്നെയാണ്. അതിനുവേണ്ടിത്തന്നെ ഓണം എന്ന ഐതിഹ്യത്തെ നാം മലയാളികള്‍ കടംകൊള്ളുകയായിരുന്നു എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഓണം എന്ന ആശയം മുന്നോട്ടുവച്ചിരുന്ന ആശയത്തെ തള്ളിക്കളയുകയോ അട്ടിമറിക്കുകയോ ചെയ്യുന്നതിലൂടെ സമത്വസുന്ദരമായ ഒരു ലോകം എന്ന സ്വപ്നത്തെത്തന്നെയാണ് നാം നിഷേധിച്ചുകളയുന്നത്. കേരളത്തിലെ ഓണാഘോഷത്തിന്റെ പ്രത്യേകത, അത് നന്മ ചെയ്തതിന്റെ പേരില്‍ തോറ്റുപോയ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓര്‍മയാണ് എന്നതാണ്. പുതിയ കാലം തോറ്റവരുടെ കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതേയില്ല. അതിന് വിജയിക്കുന്നവരുടെ കഥകള്‍ മതി. അതുമാത്രമാണ് അതിന് ആഘോഷിക്കാനുള്ളത്്. ചില തോല്‍വികളും നമുക്ക് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാനുള്ളതാണെന്ന പൂര്‍വകാല ചിന്തകളെയാണ് മാവേലിയുടെ സ്ഥാനത്ത് വാമനനെ പ്രതിഷ്ഠിക്കുന്നതിലൂടെ നാം റദ്ദുചെയ്തുകളയുന്നത്. അതാഘോഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് മറ്റു ചിലര്‍ വിളിച്ചുപറയുന്നതിലൂടെ ഉറപ്പിക്കുന്നത്.
മറ്റൊന്ന്, മലയാളിയെ മലയാളിയായി നിലനിര്‍ത്തുന്ന അപൂര്‍വം ആഘോഷങ്ങളില്‍ ഒന്നാണ് ഓണം. മറ്റെല്ലാ ആഘോഷങ്ങള്‍ക്കും ജാതിയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകളുണ്ട്. എന്നാല്‍, നാം മലയാളിയാണ്, കേരളീയനാണ് എന്ന പ്രാഥമിക ബോധം നമ്മില്‍ നിലനിര്‍ത്തുന്നത് ഓണാഘോഷങ്ങള്‍തന്നെ. അതിനെ നമ്മില്‍നിന്ന് പറിച്ചുമാറ്റുന്നതിലൂടെ നമ്മില്‍നിന്ന് അടര്‍ന്നുമാറുന്നത് നമ്മുടെ മലയാളി എന്ന സ്വത്വബോധംതന്നെ. അതുകൊണ്ടുതന്നെയാണ് ലോകത്തെവിടെയുമുള്ള മലയാളികള്‍ ഓണത്തിനെ അവരോടൊപ്പം കടല്‍ കടത്തിക്കൊണ്ടുപോയത്. കേരളത്തില്‍ ആഘോഷിക്കുന്നതിനേക്കാള്‍ കെങ്കേമമായി ഓണം ആഘോഷിക്കാന്‍ ശ്രദ്ധിക്കുന്നത്. അതിലൂടെ അവര്‍ വിളിച്ചുപറയുന്നത്, ഞാന്‍ ലോകത്തിന്റെ ഏത് കോണിലായാലും മറ്റനേകം സ്വത്വങ്ങള്‍ തനിക്കുണ്ടെങ്കിലും ആത്യന്തികമായി ഞാനൊരു മലയാളിയാണ് എന്നുതന്നെ.
പല കാലങ്ങളില്‍ പല മനുഷ്യര്‍ പറഞ്ഞ കഥകള്‍ കേട്ടുകേട്ടാണ് മനുഷ്യന്‍ എന്ന നിഷ്ഠുരജീവി സാംസ്കാരികമായി വളര്‍ന്ന് യഥാര്‍ഥ സഹാനുഭൂതിയുള്ള മനുഷ്യരായി തീര്‍ന്നത് എന്ന് ലോകപ്രശസ്ത സാഹിത്യകാരന്‍ മരിയ വര്‍ഗാസ യോസ അദ്ദേഹത്തിന്റെ നൊബേല്‍ സമ്മാന സ്വീകരണപ്രസംഗത്തില്‍ പറയുന്നുണ്ട്. കഥകളാണ് മനുഷ്യന് സംസ്കാരം സമ്മാനിച്ചത്, സ്വാതന്ത്യ്രബോധം സമ്മാനിച്ചത്, നീതിബോധം സമ്മാനിച്ചത്. അങ്ങനെ നോക്കുമ്പോള്‍ എല്ലാ കഥകളുടെയും ധര്‍മം മനുഷ്യനെ കൂടുതല്‍ ധര്‍മനിഷ്ഠരാക്കുക എന്നതായിരുന്നു എന്നു കാണാമെന്ന് അദ്ദേഹം പറയുന്നുണ്ട്. മനുഷ്യനെ നന്നാക്കുന്നതിനായി സൃഷ്ടിച്ച ഈ കഥകള്‍ പിന്നീട് ഇതിഹാസങ്ങളായും പുരാണങ്ങളായും മിത്തുകളായും നമ്മുടെ ഇടയില്‍ സ്ഥാനംപിടിക്കുകയും ചെയ്തു. എന്നാല്‍, എന്നുമുതല്‍ ഈ കഥകള്‍ മതങ്ങളായോ അന്നുമുതല്‍ കഥകളുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ വെറുക്കാനും പരസ്പരം മത്സരിക്കാനും പിന്നെ കൊല്ലാനും തുടങ്ങി. കഥകളുടെ യഥാര്‍ഥ ലക്ഷ്യം, മിത്തുകള്‍ രൂപപ്പെടുന്നതിന്റെ യഥാര്‍ഥ ഉദ്ദേശ്യം തിരിച്ചറിയപ്പെടാതെ പോകുമ്പോഴാണ് നാം അതിന്റെ വിശ്വാസങ്ങളില്‍ കടിച്ചുതൂങ്ങാന്‍ തുടങ്ങുന്നത്. അതാണ് പിന്നെ അപകടമായി ഭവിക്കുന്നതും. ഓണം എന്ന മിത്തിന്റെ കാര്യത്തിലും അതുതന്നെയാണ് അടുത്തകാലത്ത് സംഭവിച്ചത്. മലയാളിയെ ചേര്‍ത്തുനിര്‍ത്താന്‍, നാം ഒന്നാണെന്ന് പറയാന്‍ പ്രേരിപ്പിച്ച ഒരു നല്ല മിത്തായിരുന്നു ഓണത്തിന്റെ പിന്നിലെ ആ ഐതിഹ്യം. ആ മിത്തിനിടയിലെ സത്യം തിരയാനും അതില്‍ മതം തിരുകാനും തുടങ്ങിയപ്പോഴാണ് ഓണം അപകടത്തിലായത്.
ഓണത്തെ അതിന്റെ യഥാര്‍ഥ സത്തയില്‍ ഉള്‍ക്കൊള്ളുകയും കൊണ്ടാടുകയും ചെയ്യേണ്ട ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. ഒരു സമൂഹമായി വളരെ അടുത്തടുത്ത് ജീവിക്കുമ്പോഴും വളരെ വേഗം നാം പല കോണുകളിലേക്ക് അകന്നുകൊണ്ടേയിരിക്കുന്നു. നമുക്കിടയില്‍ എവിടെനിന്നോ വെറുപ്പുകള്‍കൊണ്ട് പണിഞ്ഞ അദൃശ്യമായ മതിലുകള്‍ ഉയര്‍ന്നുവരുന്നു. ഒരുകാലത്ത് നമ്മെ സജീവമായി നിലനിര്‍ത്തിയിരുന്ന പൊതു ഇടങ്ങളെല്ലാം നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍എന്ന നിലയില്‍ സംഘം ചേരാനും കൂട്ടുകൂടാനും നമുക്ക് കഴിയാതെ വരുന്നു. സമൂഹത്തെയും അതിന്റെ ശാന്തിയെയും അതിന്റെ സമാധാനത്തെയും എന്നന്നേക്കുമായി നശിപ്പിച്ചുകളയുന്ന ഈ പ്രവണതകളെയാണ് നാം ഓണം പ്രകടമായി ആഘോഷിച്ചുകൊണ്ട് ചെറുക്കേണ്ടത്. മറ്റെല്ലാ സ്വത്വബോധങ്ങളെയും പിന്നിലാക്കിക്കൊണ്ട് മലയാളി എന്ന ബോധം നമ്മില്‍ ഉണരട്ടെ. നമ്മുടെ പൊതു ഇടങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെടട്ടെ. ഉറങ്ങിപ്പോയ നമ്മുടെ പ്രാദേശിക ക്ളബ്ബുകള്‍ ഓണാഘോഷത്തിന്റെ ആരവങ്ങള്‍കൊണ്ട് ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ. നമ്മുടെ മുറ്റത്ത് ഇനിയും പൂക്കളങ്ങള്‍ വിടരട്ടെ. തൊടിയില്‍ ഊഞ്ഞാലുകള്‍ തൂങ്ങിയാടട്ടെ. ഗ്രാമത്തിലെ കുട്ടികളൊക്കെ വന്ന് അതില്‍നിന്ന് ആഹ്ളാദം നുകരട്ടെ. ഞാന്‍ പാകംചെയ്ത് ഞാന്‍തന്നെ കഴിക്കുന്ന വെറും ആഹാരമാകാതെ ഓണസദ്യ പങ്കുവയ്ക്കലിന്റെ ആഘോഷമായി മാറട്ടെ. അപ്പോഴാണ് ഓണത്തിന്റെ പിന്നിലുള്ള ആ പഴയ ഐതിഹ്യം അതിന്റെ യഥാര്‍ഥ അര്‍ഥം വീണ്ടെടുത്ത് നമ്മില്‍ ഗുണകരമായി പ്രവര്‍ത്തിക്കുക.
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്നാണ് പാട്ട്. മാവേലി നാട് വാണിരുന്ന ഒരു പഴയ കാലത്തെപ്പറ്റിയല്ല, വാണിടും എന്നൊരു ഭാവികാലത്തെക്കുറിച്ചാണ് അത് സൂചിപ്പിക്കുന്നത്. ഓണം ഇന്നലെകളുടെ സ്മൃതികള്‍മാത്രമല്ല, സമത്വസുന്ദരമായ ഒരു നാളെയെക്കുറിച്ചുള്ള സ്വപ്നംകൂടിയാണ്










0 comments