മോഡി തിരുത്തിയത് ഏത് ചരിത്രം?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2017, 05:50 PM | 0 min read

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ ഏതാണ്ടെല്ലാ മുഖ്യധാരാമാധ്യമങ്ങളൂം വിശേഷിപ്പിച്ചത് “ചരിത്രപരം”എന്നാണ്. പ്രധാനമന്ത്രി ചെയ്യുന്നതിനെയെല്ലാം ചരിത്രസംഭവമാക്കിമാറ്റാന്‍ അദ്ദേഹത്തിനും മാധ്യമങ്ങള്‍ക്കും അതിയായ ആവേശമാണ്. അതുകൊണ്ടാകണം പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ചപ്പോള്‍, 2000ലെ വാജ്പേയിയുടെ  സന്ദര്‍ശനം മറന്നുകൊണ്ട്, തന്റേത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഥമസന്ദര്‍ശനമായി മോഡി വിശേഷിപ്പിച്ചത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ ഉപപ്രധാനമന്ത്രിയുള്‍പ്പെടെ പ്രധാനപ്പെട്ട നിരവധി മന്ത്രിമാരും അതിനുപുറമെ ഇന്ത്യയിലെ ഏറ്റവുംവലിയ പദവി വഹിക്കുന്ന രാഷ്ട്രപതിതന്നെയും സന്ദര്‍ശിച്ച ഒരു രാജ്യത്തില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തെയാണ് ആഗോള കോര്‍പറേറ്റ് മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ചരിത്രസംഭവമാക്കിമാറ്റിയത്. ചരിത്രപരം”എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സന്ദര്‍ശനം ഏതുതരത്തിലുള്ള ചരിത്രമാണ് സൃഷ്ടിച്ചതെന്ന് പരിശോധിക്കേണ്ടതാണ്.

ഒരു രാജ്യത്തിന്റെ വിദേശനയം ഒരു തുടര്‍ച്ചയാണ്. സാധാരണഗതിയില്‍ ദ്രുതഗതിയില്‍ നാടകീയമാറ്റം സംഭവിക്കാത്തതുമാണ്. എന്നാല്‍, സാമ്പത്തികനയങ്ങളിലെ  സുപ്രധാനമാറ്റം വിദേശനയങ്ങളിലും പ്രതിഫലിക്കും. 1990കളുടെ ആരംഭത്തില്‍ ഇന്ത്യ നവഉദാരവല്‍ക്കൃത സാമ്പത്തികനയങ്ങളിലേക്ക് ചുവടുമാറ്റിയപ്പോള്‍ വിദേശനയത്തിലും നിര്‍ണായകമാറ്റം സംഭവിക്കാന്‍തുടങ്ങി. അതിന്റെഭാഗമായി സംഭവിച്ച ദിശാമാറ്റങ്ങളില്‍ ആദ്യത്തേതാണ് 1992 ജനുവരിയില്‍ ഇസ്രയേലുമായി ആരംഭിച്ച നയതന്ത്രബന്ധം. ചരിത്രപരം”എന്നുവിശേഷിപ്പിക്കാന്‍ ആവേശം മൂത്തുനില്‍ക്കുന്നവര്‍ക്ക്  പി വി നരസിംഹറാവുവിന്റെ നടപടിയെ അങ്ങനെ വിശേഷിപ്പിക്കാവുന്നതാണ്. ആദ്യകാലത്ത് ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ഗൂറിയന്‍, ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഐന്‍സ്റ്റീന്‍വഴി ഐക്യരാഷ്ട്രസംഘടനയില്‍ ഇസ്രയേലിന് പിന്തുണതേടിയപ്പോള്‍ അത് തിരസ്കരിക്കാനുള്ള ധൈര്യം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു കാണിച്ചു. 1950ല്‍ ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറായില്ല.

എന്തുകൊണ്ടാണ് ഇസ്രയേലിനെ ഇന്ത്യ അകറ്റിനിര്‍ത്തിയത്?  1948ല്‍ പലസ്തീനില്‍,  ഇസ്രയേല്‍ എന്ന യഹൂദരാഷ്ട്രം സ്ഥാപിച്ച സാമ്രാജ്യത്വതീരുമാനത്തോടും രീതിയോടും ഇന്ത്യക്ക് യോജിക്കാനാകുമായിരുന്നില്ല. ആ ആശയത്തോടുള്ള എതിര്‍പ്പ്  ഗാന്ധിജിയും നെഹ്രുവും പ്രകടിപ്പിക്കുകയുംചെയ്തിരുന്നു. സാമ്രാജ്യത്വശക്തികളുടെ  ആയുധസഹായത്താലും സയണിസ്റ്റ്‘ഭീകരതയുടെ ബലത്തിലും  പലസ്തീന്റെമേല്‍ യഹൂദരാഷ്ട്രം അടിച്ചേല്‍പ്പിക്കുന്നതിനെ “മനുഷ്യത്വത്തിനെതിരായ മഹാപരാധം” എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. 

സ്വാതന്ത്യ്രസമരകാലത്ത് രൂപംകൊണ്ട ഇന്ത്യയുടെ ലോക കാഴ്ചപ്പാടുകളാണ് സാമ്രാജ്യത്വത്തിനും യുദ്ധത്തിനും വര്‍ണവിവേചനത്തിനും മറ്റുമെതിരായ ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറയായി വര്‍ത്തിച്ചത്. പലസ്തീനികളുടെ ജന്മഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തി അവരെ അടിച്ചമര്‍ത്തി കോളനിമേധാവികളെപ്പോലെ പെരുമാറുന്ന ഇസ്രയേലിനെ  ഇന്ത്യ എതിര്‍ത്തതും ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.

1997ല്‍ ഇസ്രയേല്‍ പ്രസിഡന്റ്  ഏസര്‍ വീസ്മാന്‍ മുതലുള്ള ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ ഇരുപതുവര്‍ഷത്തെ സന്ദര്‍ശനം പരിശോധിച്ചാല്‍ പരസ്പരബന്ധത്തില്‍ ക്രമേണയുണ്ടായ   ദാര്‍ഢ്യം ബോധ്യമാകും. ഇന്ത്യന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന അദ്വാനി, കോണ്‍ഗ്രസ് മന്ത്രിമാരായിരുന്ന ശരദ് പവാര്‍, കപില്‍ സിബല്‍, കമല്‍നാഥ്, വിദേശമന്ത്രി സുഷ്മ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍ ഇസ്രയേലിലേക്കും ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍, പ്രസിഡന്റ്  ഷിമോണ്‍ പെരെസ്,  രാജ്യരക്ഷാമന്ത്രി മോഷെ യാലോണ്‍, പ്രസിഡന്റ് റ്യുവന്‍ റിവ്ലിന്‍ എന്നിവര്‍ ഇന്ത്യയിലുമെത്തി. ഇതിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇന്ത്യയുടെ രാഷ്ട്രത്തലവനും വിദേശമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം നടക്കുന്ന പ്രധാനമന്ത്രിയുടെ യാത്രയില്‍  കൊട്ടിഘോഷിക്കപ്പെടാന്‍ എന്താണുള്ളത്? ഇത് ചരിത്രപരമായ എന്തുനേട്ടമാണ് ഇന്ത്യക്ക് സംഭാവന ചെയ്തത്? ആഗോളതലത്തില്‍ അക്രമിരാഷ്ട്രമെന്ന് ദുഷ്പേരുള്ള, പലസ്തീനികളുടെ ജന്മനാട് കൈയടക്കിവച്ച് ഏറ്റവും നൂതനമായ ആയുധങ്ങളുപയോഗിച്ച് അവരെ ആക്രമിക്കുകയും കൊന്നൊടുക്കുകയുംചെയ്യുന്ന ഇസ്രയേലുമായി ചങ്ങാത്തം ശക്തിപ്പെടുത്തുമ്പോള്‍ എന്ത് ചരിത്രനേട്ടമാണ് ഇന്ത്യക്ക് കൈവരുന്നത്?
ഇരുപതുലക്ഷത്തോളംപേര്‍ തിങ്ങിപ്പാര്‍ക്കുന്ന 365 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള, ഗാസയിലെ ജനങ്ങള്‍ക്കെതിരെ വര്‍ഷംതോറും ഇസ്രയേല്‍ അഴിച്ചുവിടുന്ന ആക്രമണങ്ങളിലൂടെ നൂറുകണക്കിന് നിരപരാധികളുടെ ജീവനും കോടിക്കണക്കിനുരൂപയുടെ നാശനഷ്ടവുമാണുണ്ടായിട്ടുള്ളത്. കൂടെക്കൂടെ പാസാക്കുന്ന സുരക്ഷാനിയമങ്ങളിലൂടെ  ഒരു വര്‍ണവെറിയന്‍ ‘ഭരണകൂടമായി ഇസ്രയേല്‍ മാറി. ഗാസയിലേക്കുള്ള   ജലവും ഔഷധവും ‘ഭക്ഷ്യവസ്തുക്കളും വൈദ്യുതിയുമുള്‍പ്പെടെ തടഞ്ഞുവച്ച്് ആ പ്രദേശത്തെ ഇസ്രയേല്‍ ഒരു തുറന്ന ജയിലാക്കി. മനുഷ്യാവകാശലംഘനങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുള്‍പ്പെടെയുള്ളവയുടെ നിരന്തരവിമര്‍ശനം ഏറ്റുവാങ്ങുന്ന ഒരു രാഷ്ട്രവുമായി ഉണ്ടാക്കുന്ന സൌഹൃദം എങ്ങനെയാണ് ചരിത്രപരമാകുന്നത്, മഹത്തരമാകുന്നത്? ഇത് ഇന്ത്യയെ ലോകത്തിനുമുന്നില്‍ ശിരസ്സുയര്‍ത്തിനില്‍ക്കാന്‍ പ്രാപ്തമാക്കിയ ചരിത്രത്തില്‍നിന്നുള്ള പിറകോട്ടുപോക്കല്ലേ?

എന്നാല്‍, സംഘപരിവാര്‍ സംഘടനയെ   അറിയുന്നവര്‍ക്കാര്‍ക്കും പ്രധാനമന്ത്രി ഇസ്രായേലില്‍ പോയതില്‍ യാതൊരു അത്ഭുതവും തോന്നില്ല. അവിടെപ്പോകാന്‍ ഇത്രമാത്രം താമസിച്ചതെന്തെന്നകാര്യത്തില്‍ മാത്രമേയുള്ളൂ അത്ഭുതം. സവര്‍ക്കറും ഗോള്‍വാല്‍ക്കറും സയണിസത്തിന്റെയും ഇസ്രയേലിന്റെയും കടുത്ത ആരാധകരായിരുന്നല്ലോ. സവര്‍ക്കറുടെ ‘ഹിന്ദുത്വ’ എന്ന ഗ്രന്ഥത്തിലെ ഒരുവാചകം മാത്രം മതിയാകും സയണിസത്തോടുള്ള അവരുടെ തീവ്രസ്നേഹം വെളിവാക്കാന്‍: “'എന്നെങ്കിലും സയണിസ്റ്റുകളുടെ (യഹൂദരുടെ) സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയാണെങ്കില്‍, പാലസ്തീന്‍ ഒരു യഹൂദരാഷ്ട്രമാകുമെങ്കില്‍, അത് നമ്മുടെ യഹൂദസ്നേഹിതരെപ്പോലെ  നമ്മെയും ഏറെ സന്തോഷിപ്പിക്കും.'”

സയണിസ്റ്റുകളുമായി   ഇഴയടുപ്പമുണ്ടായിരുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രചാരകന്‍കൂടിയായ പ്രധാനമന്ത്രി ഇസ്രയേലിലേക്കുള്ള യാത്ര ഇത്ര താമസിപ്പിച്ചതിലാണ് അദ്ദേഹത്തിലെ ചാണക്യതന്ത്രജ്ഞനെ കാണാനാകുക. മോഡി പ്രധാനമന്ത്രിയായി മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമാണ് ഇസ്രയേലിലേക്ക് പോയത്. മറ്റുചില ഘടകങ്ങള്‍ പരിഗണിക്കേണ്ടായിരുന്നെങ്കില്‍ അദ്ദേഹം ആദ്യം പോകുന്ന രാഷ്ട്രം ഇസ്രയേല്‍ ആകുമായിരുന്നെന്നകാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യക്ക് അത്യാവശ്യമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളും എഴുപതുലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴിലും നല്‍കുന്ന  അറബ് രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കേണ്ടത് പ്രധാനമാണ്. അതിനാല്‍ പ്രധാനമന്ത്രി 2015  ലും 2016 ലും യുഎഇ, സൌദി അറേബ്യ മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവരെ സംതൃപ്തരാക്കി. കൂടാതെ, ഇന്ത്യന്‍ രാഷ്ട്രപതിയെ 2015ല്‍ പലസ്തീനിലേക്കയക്കുകയും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് 2017ല്‍ ഇന്ത്യയില്‍ സ്വീകരണം നല്‍കുകയും ചെയ്തു. പലസ്തീന്‍കാര്യത്തില്‍ ഇത് ചെയ്തതില്‍ ഒരു തന്ത്രം മറഞ്ഞിരിപ്പുണ്ടായിരുന്നു. സാധാരണ ഇന്ത്യയുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമ്പോള്‍ പലസ്തീനും സന്ദര്‍ശിക്കും. ഇത് ഇസ്രയേല്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പലസ്തീനിലേക്കുള്ള ഈ  യാത്ര ഒഴിവാക്കി, ഇസ്രയേലിനോടുള്ള തീവ്രസ്നേഹം വെളിവാക്കാനാണ് ഇസ്രയേല്‍ പതാകയെ അനുസ്മരിപ്പിക്കുന്ന വെള്ളക്കോട്ടും പോക്കറ്റില്‍  നീല കര്‍ചീഫുമായി പ്രധാനമന്ത്രി ടെല്‍ അവീവില്‍ വിമാനമിറങ്ങിയത്.

ആയുധം, ജലം, കൃഷി, ശൂന്യാകാശമേഖലാ സഹകരണം, ‘ഭീകരപ്രവര്‍ത്തനം തടയല്‍, എന്നീ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം തുടരുന്നതിനപ്പുറം എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും പ്രധാനമന്ത്രിയുടെ ചരിത്രയാത്രയിലൂടെ ഉണ്ടായില്ല.  അത് സംഘപരിവാര്‍ മഹത്വവല്‍ക്കരിക്കുന്ന രാജ്യത്തിലേക്കുള്ള ഒരു തീര്‍ഥയാത്ര മാത്രമായിരുന്നു. എന്തെങ്കിലും ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഇതുവരെ  പലസ്തീന്‍ ജനങ്ങളോട് ഇന്ത്യ പുലര്‍ത്തിയ   അനുഭാവത്തിന്റെ സല്‍ചരിത്രം ഉപേക്ഷിച്ചെന്ന ചരിത്രംമാത്രമാണ്. പ്രധാനമന്ത്രിയുടെ അവസാനപരിപാടികളിലൊന്ന് ഡോര്‍ കടല്‍ത്തീരസന്ദര്‍ശനമായിരുന്നു. ഇരുപ്രധാനമന്ത്രിമാരും കടലില്‍നിന്ന് കയറിവരുന്നതുകണ്ടാല്‍ എന്തോ ഒഴുക്കിക്കളഞ്ഞിട്ടുവരുന്നവരുടെ സംതൃപ്തിയുണ്ട്. ഇന്ത്യ ലോകത്തിനുമുന്നില്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച പലസ്തീന്‍ അനുഭാവചിന്ത ഒഴുക്കിവിട്ടിട്ടല്ലേ പ്രധാനമന്ത്രി തിരികെവരുന്നത്?

(കേരള സര്‍വകലാശാല രാഷ്ട്രമീമാംസാവിഭാഗം മേധാവിയാണ് ലേഖകന്‍)



deshabhimani section

Related News

View More
0 comments
Sort by

Home