ad
Deshabhimani

സ്വാശ്രയ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 27, 2017, 05:13 PM | 0 min read

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല മുമ്പെന്നത്തേക്കാളും വളരെയേറെ പ്രക്ഷോഭകലുഷിതമാണ്. സാധാരണയായി ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉണ്ടാകുന്ന വിദ്യാഭ്യാസപ്രശ്നത്തില്‍ അവിടത്തെ വിദ്യാര്‍ഥി സംഘടനകള്‍ മാത്രമാണ് പ്രക്ഷോഭരംഗത്തിറങ്ങുക. ഇത്തവണ വിദ്യാര്‍ഥികളോടൊപ്പം പ്രമുഖ രാഷ്ട്രീയ പാര്‍ടികളും നേരിട്ട് പങ്കെടുക്കുകയുണ്ടായി. പങ്കെടുക്കുക മാത്രമല്ല, സമരത്തിന്റെ നേതൃത്വം തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില സംഘടനകള്‍ അവരുടേതായ (കു)തന്ത്രങ്ങളും ആവിഷ്കരിക്കുകയുണ്ടായി. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ തുടങ്ങിവച്ച സമരം ടോംസ് കോളേജിലൂടെ ഇപ്പോള്‍ പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളേജില്‍ എത്തിനില്‍ക്കുന്നു.

പ്രിയപ്പെട്ട ജിഷ്ണു പ്രണോയിയുടെ മരണത്തോടെ സ്വാശ്രയ സമരത്തിന് പുതിയ മാനം കൈവന്നു. ഈ മൂന്ന് കോളേജിലും നടന്ന സമരങ്ങളില്‍ അതിന്റെ നായകത്വം വഹിച്ചവര്‍ക്ക് ഏറെക്കുറെ ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കേരള സര്‍ക്കാരിന് സാധിച്ചു എന്നത് സമരം നടത്തിയവരുടെ വിജയമാണോ സമരത്തെ ജനാധിപത്യമനസ്സോടെ സമീപിച്ച ഇടതുസര്‍ക്കാരിന്റെ വിജയമാണോ എന്നത് കാലം തെളിയിക്കേണ്ടതാണ്. എന്നാല്‍, ഒരുകാര്യം എടുത്തുപറയാതെ തരമില്ല. ഈ സമരങ്ങള്‍ക്കൊക്കെ ആധാരമായ പ്രശ്നങ്ങള്‍ കേരളത്തില്‍  ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപാടേ  പൊടുന്നനേ  ഉണ്ടായതാണോ എന്ന ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. 

രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ്’ എന്ന പുത്തന്‍ മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ സ്വാശ്രയവിദ്യാഭ്യാസക്കച്ചവടത്തിന്  തുടക്കം കുറിച്ച എ കെ ആന്റണി പോലും അദ്ദേഹത്തിന് തെറ്റുപറ്റി, സ്വാശ്രയ മാനേജ്മെന്റുകള്‍ ചതിക്കുകയായിരുന്നു എന്ന് സമീപകാലത്ത് കുറ്റസമ്മതം നടത്തിയത് മലയാളി മറക്കാറായിട്ടില്ല. അതിനുശേഷം എത്രയോ വിദ്യാര്‍ഥിസമരം നടന്നു. ആ സമരങ്ങളെയെല്ലാം ചോരയില്‍ മുക്കിയ ഭരണകൂടത്തെയും കേരളം കണ്ടു. അന്നൊക്കെ സ്വാശ്രയ സമരത്തെ നേരിട്ട സമീപനരീതിയാണോ ഇന്നത്തെ സമരങ്ങളോട്  കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇന്നിപ്പോള്‍ നിലവിളിച്ചാല്‍ കേള്‍ക്കാനും അവരെ ആശ്വസിപ്പിക്കാനും ഇവിടെ ഒരു സര്‍ക്കാരുണ്ട് എന്ന തോന്നല്‍ സ്വാശ്രയകോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഉണ്ടായിത്തുടങ്ങി.

കോളേജുകളെ വ്യവസ്ഥാപിതമാക്കണം
നമ്മുടെ രാജ്യത്തുള്ള കോളേജുകളില്‍ 77 ശതമാനം  സ്വകാര്യ മാനേജ്മെന്റ് നടത്തുന്നതാണ്. അതില്‍ തന്നെ 63 ശതമാനം സ്വാശ്രയസ്ഥാപനങ്ങളാണ്. 14 ശതമാനം മാത്രമാണ് എയ്ഡഡ് മേഖലയിലുള്ളത്. കേരളത്തിലും ഏറ്റവും കൂടുതല്‍ കോളേജുകള്‍ സ്വാശ്രയ മേഖലയിലാണ്. പ്രത്യേകിച്ച് എന്‍ജിനിയറിങ് മേഖലയില്‍. എന്നുകരുതി എയ്ഡഡ് മേഖലയാകെ അഴിമതിരഹിതവും അണ്‍ എയ്ഡഡ് മേഖലയാകെ  അഴിമതി നിറഞ്ഞതും ആണെന്നു കരുതരുത്. ഏറെക്കുറെ മാന്യമായി നടത്തിവരുന്ന സ്ഥാപനങ്ങള്‍ രണ്ടു മേഖലയിലും ഉണ്ട്. എയ്ഡഡ് കോളേജുകള്‍ വിദ്യാര്‍ഥി പ്രവേശനത്തിനും അധ്യാപക/അനധ്യാപക നിയമനത്തിനും ലക്ഷങ്ങള്‍  കോഴയായി വാങ്ങുന്നുണ്ട്. വിദ്യാര്‍ഥി പ്രവേശനത്തില്‍ 40 ശതമാനം സീറ്റ് (20 ശതമാനം മാനേജ്മെന്റ് ക്വാട്ട, 20 ശതമാനം കമ്യൂണിറ്റി ക്വാട്ട) ലേലം വിളിച്ചുകൊടുക്കുകയാണ് പല മാനേജ്മെന്റുകളും ചെയ്യുന്നത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന അധ്യാപകരെ നിയമിക്കുന്നതില്‍ നോട്ടുകെട്ടിന്റെ കനം മാത്രമാണ് ഇക്കൂട്ടര്‍ക്ക് മാനദണ്ഡം. സംവരണതത്വങ്ങള്‍ പാലിക്കാത്ത ഇക്കൂട്ടരെ പിടിച്ചുകെട്ടാന്‍ ഇടതുപക്ഷ സര്‍ക്കാരിന് മാത്രമേ  സാധിക്കൂ എന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഈ മേഖലയില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണം. എയ്ഡഡ് കോളേജ് അധ്യാപക നിയമനങ്ങളില്‍ സംവരണം പാലിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതി വിധിച്ചു. ആ സര്‍ക്കാരിന്റെ കാലാവധി കഴിയും വരെ വിധി നടപ്പാക്കിയില്ല. സ്വാശ്രയ പ്രശ്നത്തില്‍ നിയമങ്ങള്‍ ഇല്ലാത്തതല്ല പ്രശ്നം; നിയമം അനുസരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറല്ല എന്നതാണ്. രാവിലെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും വൈകിട്ട് അവരുടെതന്നെ ബോട്ടിലും റിസോര്‍ട്ടിലും പ്ളഷര്‍ ട്രിപ്പ് നടത്തുകയും ചെയ്ത  നിയമപാലകര്‍ നമുക്കുള്ളപ്പോള്‍ അവര്‍ ആരെ ഭയക്കണം. കേരളത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന കോട്ടയം സിഎംഎസ് കോളേജ് (1817) മുതല്‍ തിരുവനന്തപുരം എംജി കോളേജ് വരെയുള്ള എല്ലാ എയ്ഡഡ് കോളേജുകള്‍ക്കും ഇന്നു കാണുന്ന  വിശാലമായ ഭൂപ്രദേശവും നിലമ്പൂര്‍ വനമേഖലയില്‍നിന്നുള്ള ഗുണമേന്മയുള്ള തേക്കുതടികളും മറ്റും തിരുവിതാംകൂര്‍ രാജഭരണകാലത്ത് സൌജന്യമായി  നല്‍കിയതാണ്. 19-ാം നൂറ്റാണ്ടില്‍ മിഷനറിമാരും ക്രിസ്ത്യന്‍ പള്ളികളും തിരു-കൊച്ചി പ്രദേശത്തെ ജനങ്ങള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതില്‍  നിര്‍ണായക പങ്കുവഹിച്ചു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി, എംഇഎസ് തുടങ്ങിയ സാമുദായിക സംഘടനകള്‍ വിദ്യാഭ്യാസരംഗത്തേക്ക് കൂടുതലായി കടന്നുവന്നു.  എല്ലാ പ്രജകള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന  ദൌത്യം സര്‍ക്കാരിന് മാത്രമായി നിറവേറ്റാന്‍ കഴിയില്ല എന്ന് കണ്ടതിനാലാണ്  വിദ്യാഭ്യാസവ്യാപനത്തിനായി  മുന്നോട്ടുവന്ന സമുദായ സംഘടനകള്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും അന്നത്തെ ഭരണകൂടം ഭൂമിയും മറ്റ് ഭൌതിക സഹായവും ഒരുക്കിക്കൊടുത്തത്. അക്കാലത്ത് നിശ്ചയിച്ച തുച്ഛമായ ലീസ് തുക പോലും ദശാബ്ദങ്ങളായി അവര്‍ സര്‍ക്കാരിന്  നല്‍കിയിരുന്നുമില്ല. യുഡിഎഫ് സര്‍ക്കാരാണ് അതെല്ലാം എഴുതിത്തള്ളി മാനേജ്മെന്റുകള്‍ക്ക് പ്രമാണം ചെയ്തുകൊടുത്തത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ലോ അക്കാദമി. അതിന് കാര്‍മികത്വം വഹിച്ചതാകട്ടെ മുഖ്യമന്ത്രി ആയിരുന്ന കരുണാകരനും.

സാമൂഹികപ്രതിബദ്ധത
നിയമവിരുദ്ധമായി പലതും നടക്കുന്ന സ്ഥാപനങ്ങളാണ് രാജ്യത്തെവിടെയുമുള്ള ഒട്ടുമിക്ക സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും. അവിടെ പ്രവേശനം നേടുമ്പോള്‍ത്തന്നെ ഫീസിനോടൊപ്പം  വിദ്യാര്‍ഥികളുടെ പത്താംതരം മുതലുള്ള സര്‍ട്ടിഫിക്കറ്റുകളും പിടിച്ചുവാങ്ങും. കോഴ്സ് തീര്‍ന്നശേഷം അവര്‍ നിശ്ചയിച്ചിട്ടുള്ളതും ചുമത്തിയിട്ടുള്ളതുമായ എല്ലാ ‘ഫീസും’ അടച്ചുതീര്‍ത്തു എന്ന് ഉറപ്പായാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കൂ. അവരുടെ ഭരണഘടനയില്‍ അഭിപ്രായ സ്വാതന്ത്യ്രമോ ജനാധിപത്യമോ സാമൂഹ്യനീതിയോ ഒന്നുമില്ല. എതിര്‍ക്കുന്നവരെ ‘കൈകാര്യം’ ചെയ്യുമെന്നതിനാല്‍ എല്ലാം സഹിക്കുക തന്നെ. കേരളത്തിന് പുറത്താണെങ്കില്‍ ‘കൈകാര്യം’ ചെയ്യാന്‍ പ്രത്യേക വിഭാഗം’ തന്നെയുണ്ട്. അവിടെയൊക്കെ ഇരുട്ടറകളും ഇരുട്ടടികളും സാധാരണമാണ്. ഇത്രയൊക്കെ നല്‍കി പ്രവേശനം നേടിയാലും നന്നായി പഠിപ്പിക്കാന്‍ ഒറ്റ അധ്യാപകന്‍ പോലും ഉണ്ടാകില്ല എന്നതാണ് പരിതാപകരം. ഒരു പ്യൂണിന് കിട്ടുന്ന ശമ്പളംപോലും മിക്ക മാനേജ്മെന്റുകളും  അധ്യാപകര്‍ക്ക് നല്‍കുന്നില്ല. അധ്യാപകര്‍ക്ക് യുജിസി ശമ്പളം നല്‍കാന്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന് കീറക്കടലാസിന്റെ വില പോലും മിക്ക മാനേജ്മെന്റും കല്‍പ്പിക്കാറില്ല. പഠിക്കാത്ത/ക്ളാസില്‍ കയറാത്ത  കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞാല്‍ കുട്ടികളുടെ മുന്നില്‍ അധ്യാപകനെ വിളിച്ചുവരുത്തി ‘ഇവരുടെ പണം കൊണ്ടാണ് നിനക്കൊക്കെ ശമ്പളം തരുന്നത്; അതുകൊണ്ട് അവര്‍ക്കാവശ്യമുള്ള മാര്‍ക്കും അറ്റന്‍ഡന്‍സും  ഇട്ടുകൊടുക്കാന്‍ കല്‍പ്പിക്കുന്ന കോളേജ് അധികാരികളും കുറവല്ല. ജീവിക്കാനുള്ള ശമ്പളം ലഭിക്കാതെ ആത്മാഭിമാനവും നഷ്ടപ്പെടുത്തി ഗത്യന്തരമില്ലാതെ ഇത്തരം സ്ഥാപനങ്ങളില്‍ തുടരുന്ന എത്രയോ അധ്യാപകരെ എനിക്കറിയാം. ഈ രംഗത്തുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടല്‍ ഫലം കാണുമെങ്കില്‍ അത് ഈ രംഗത്ത് ഗുണപരമായ ഒട്ടേറെ കാര്യങ്ങള്‍ക്ക് വഴി തുറക്കും.

പ്രതീക്ഷ സര്‍ക്കാരില്‍
സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സുപ്രധാനമായ ചില തീരുമാനം എടുത്തിട്ടുണ്ട്. ഏറ്റവും പ്രധാനമായ ചുവടുവയ്പ് സ്വാശ്രയ സ്ഥാപനങ്ങളില്‍ ജനാധിപത്യത്തിന്റെ വാതില്‍ തുറന്നിടുമെന്നതാണ്. എല്ലാ കോളേജിലും അധ്യാപക-രക്ഷാകര്‍തൃസമിതിയും വിദ്യാര്‍ഥി യൂണിയനും നിര്‍ബന്ധമാക്കും. ഇന്റേണല്‍ അസസ്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികളുടെ  ആശങ്ക പരിഹരിക്കുംവിധം പരിഷ്കാരം കൊണ്ടുവരും. അതിനായി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാല് വൈസ് ചാന്‍സലര്‍മാര്‍ അടങ്ങുന്ന സമിതി രൂപീകരിക്കും. ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ നിലവില്‍ ത്രിതല സംവിധാനം ഉണ്ടെങ്കിലും അത് ഫലപ്രദമല്ല. കുട്ടികളുടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഓംബുഡ്സ്മാനെ നിയമിക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സര്‍വകലാശാലകളും യുജിസിയും നിഷ്കര്‍ഷിക്കുന്ന തരത്തില്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരെ മാത്രം അധ്യാപകരായി നിയമിക്കുകയും അവര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കുകയും ചെയ്യുമെന്ന്  ഉറപ്പുവരുത്തും. സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍വകലാശാല തലത്തില്‍ കൃത്യമായ മോണിട്ടറിങ് ഉണ്ടാകുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളജനത ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ശക്തമായ നിയമനിര്‍മാണവും ഇച്ഛാശക്തിയുള്ള സര്‍ക്കാരുമാണ് ശാശ്വതപരിഹാരം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒട്ടനവധി ഉത്തരവുകളും കോടതിവിധികളും ഇന്ന് നിലവിലുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 1992ലെ മോഹിനി ജയിന്‍ കേസാണ്. ഉത്തര്‍പ്രദേശിലെ മീറത്തുകാരിയായ മോഹിനി ജയിന്‍ എന്ന പെണ്‍കുട്ടി കര്‍ണാടക സര്‍ക്കാരിന്റെ ഫീസ് വിവേചനത്തിനെതിരെ നടത്തിയ പോരാട്ടമാണ്, കാല്‍ നൂറ്റാണ്ടിന് ശേഷമാണെങ്കിലും, ജീവിക്കാനുള്ള അവകാശം പോലെതന്നെ വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവും ‘ഭരണഘടനയുടെ ഭാഗമായി (21അ) മാറിയത്. അതിനു ശേഷമുണ്ടായ കോടതിവിധികള്‍ ഒക്കെത്തന്നെ ഒരര്‍ഥത്തില്‍ വിദ്യാഭ്യാസ മാഫിയകള്‍ക്ക് ആവേശം പകരുന്നതായിരുന്നു. 1993ലെ പ്രശസ്തമായ ഉണ്ണിക്കൃഷ്ണന്‍ കേസ് വിദ്യാഭ്യാസത്തെ പൊതുനന്മയായി കണ്ട് ക്യാപിറ്റേഷന്‍ ഫീസ് നിരോധിച്ചെങ്കിലും 50 ശതമാനം (50 : 50)സീറ്റുകള്‍ മാനേജ്മെന്റുകളുടെ സ്വാതന്ത്യ്രത്തിന് വിട്ടുകൊടുക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ പല കോടതി ഉത്തരവുകളും ആഗോളവല്‍ക്കരണ-–ഉദാരവല്‍ക്കരണ നടപടികള്‍ക്ക് ആക്കം കൂട്ടി. 2002ലെ ടി എം എ പൈ ഫൌണ്ടേഷന്‍ കേസിലെ പതിനൊന്നംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഏതൊരു വിദ്യാഭ്യാസ സ്നേഹിയെയും ഞെട്ടിക്കുന്നതായിരുന്നു. വിദ്യാഭ്യാസത്തിന്റെ പൊതുനന്മയെ തള്ളി സ്വകാര്യ നന്മയായി പ്രസ്താവിച്ച ആ വിധി ഉണ്ണിക്കൃഷ്ണന്‍ കേസിന്റെ വിധിയെ  ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും ക്രോസ് സബ്സിഡി ഒഴിവാക്കുകയും ചെയ്തു. എല്ലാത്തിനും ഉപരിയായി നല്ല പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടണമെങ്കില്‍ ആവശ്യമായ പണം നല്‍കണമെന്നും വിധിക്കുകയുണ്ടായി. ഈ കോടതി വിധിക്കുശേഷമാണ് രാജ്യത്ത് സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍  സ്വാശ്രയ കോളേജുകളും കല്‍പ്പിത സര്‍വകലാശാലകളും ഉയര്‍ന്നുവന്നത്.  2003ലെ ഇസ്ളാമിക് അക്കാദമി കേസ് മാനേജ്മെന്റുകള്‍ക്ക് ന്യായമായ ലാഭം Reasonable Surplus ആകാമെന്ന് വിധി കല്‍പ്പിച്ചു. 2005ലെ പി എ ഈനാംദാര്‍ കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ഗുണമേന്മയെ ബാധിക്കുമെന്നതിനാല്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ റിസര്‍വേഷന്‍ നല്‍കേണ്ടതില്ലെന്ന് വിധിച്ചു. സര്‍ക്കാരില്‍നിന്ന് ഒരുവിധ സഹായവും വാങ്ങുന്നില്ലെങ്കില്‍ അവരുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നു കൂടി വിധിച്ചു. ഈ പശ്ചാത്തലത്തിലാണ് 2006ല്‍ എല്‍ഡിഎഫ് പാസാക്കിയ സാമൂഹികനീതിയില്‍ അധിഷ്ഠിതമായ ജനകീയ വിദ്യാഭ്യാസ നിയമം  സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുകയും തള്ളുകയും ചെയ്തത്. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഇനിയുള്ള ഓരോ ചുവടുവയ്പും വളരെ കരുതലോടെ വേണം നടത്താന്‍

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home