ad
Deshabhimani

പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ പോരാട്ടവഴികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2016, 05:05 PM | 0 min read

ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയാറിന്ശേഷമുള്ള ഭാരതീയസാഹിത്യത്തിന് ആധുനികതയുടെയും ജനാധിപത്യത്തിന്റെയും മാനങ്ങള്‍ നല്‍കിയത് അഖിലേന്ത്യാ പുരോഗമന സാഹിത്യ പ്രസ്ഥാനമാണെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. ഫ്യൂഡല്‍ മൂല്യബോധങ്ങളില്‍നിന്നും ആവിഷ്കാരരീതികളില്‍നിന്നും ഭാരതീയഭാഷാസാഹിത്യങ്ങളെ മോചിപ്പിച്ച് ജനകീയമാക്കി സാമൂഹ്യ– രാഷ്ട്രീയപോരാട്ടങ്ങളുമായി കണ്ണിചേര്‍ത്തത് ഈ പ്രസ്ഥാനമാണ്. പുരോഗമന സാഹിത്യസംഘടനയുടെ 80–ാം വാര്‍ഷികം ഇപ്പോള്‍ ആഘോഷിക്കുകയാണ്. 1936ലാണ് അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടന ലഖ്നൌവില്‍ ജന്മംകൊണ്ടത്. പുതിയ സാഹിത്യസമീപനത്തിനുവേണ്ടി വാദിച്ചുവെന്നതുമാത്രമല്ല, പുതിയ സാമൂഹ്യഘടനയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതും ഈ പ്രസ്ഥാനമാണ്. മനുഷ്യനെ രക്ഷിക്കാന്‍ യുദ്ധങ്ങള്‍ക്കോ മാരകായുധങ്ങള്‍ക്കോ പൊലീസിനോ പട്ടാളത്തിനോ കഴിയില്ലെന്നും കലയ്ക്കും സൌന്ദര്യബോധത്തിനും സാഹിത്യത്തിനുമാണ് അതിന് കഴിവുള്ളതെന്നും സംഘടന ജനങ്ങളെ പഠിപ്പിച്ചു. 

“മര്‍ത്ത്യസൌന്ദര്യബോധങ്ങള്‍ പെറ്റ
 മക്കളല്ലീ പുരോഗമനങ്ങള്‍”

എന്ന് പുരോഗമന കലാസാഹിത്യ സംഘടനയുടെ ആദ്യ പ്രസിഡന്റ് വൈലോപ്പിള്ളി ശ്രീധരമേനോനും നിരീക്ഷിക്കുന്നുണ്ട്. 1925ല്‍ ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസവും 1933ല്‍ ജര്‍മനിയില്‍ ഹിറ്റ്ലറുടെ നാസിസവും മനുഷ്യക്കുരുതി നടത്തി ലോകസംസ്കാരത്തെയും മാനവികതയെയും തകര്‍ത്ത് തരിപ്പണമാക്കിയ ചരിത്രസന്ദര്‍ഭത്തിലാണ് മഹാനായ മാക്സിംഗോര്‍ക്കി ആ ചോദ്യമുയര്‍ത്തിയത്:“മനുഷ്യത്വത്തിന് ആര് കാവല്‍ നില്‍ക്കും?”ജനാധിപത്യത്തെയും സോഷ്യലിസത്തെയും മാര്‍ക്സിസത്തെയും ഭൂമിയില്‍നിന്ന് വേരോടെ പിഴുതെറിയുമെന്ന് പ്രതിജ്ഞചെയ്ത ഫാസിസ്റ്റ് ഭരണങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മാക്സിംഗോര്‍ക്കി ലോകത്തിലെ എഴുത്തുകാരോടും കലാകാരന്മാരോടും വീണ്ടും ചോദിച്ചു: എഴുത്തുകാരേ നിങ്ങള്‍ ഏതു ചേരിയില്‍? –ഫാസിസത്തിന്റെയും യുദ്ധത്തിന്റെയുംകൂടെയാണോ അതോ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലാണോ?” അന്നത്തെ ചരിത്രപ്രസിദ്ധമായ ആ ചോദ്യം പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ 80–ാം വാര്‍ഷികത്തില്‍ അതേ പ്രസക്തിയോടെ നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരികയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വര്‍ഗീയ ഫാസിസത്തിന്റെ തേര്‍വാഴ്ചകണ്ട് പ്രമുഖ ചരിത്രകാരി റോമിലാഥാപ്പര്‍ ചോദിച്ചു: “"ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും എന്താണ് മൌനം പാലിക്കുന്നത്? ഇവരുടെ മൌനം എന്നെ പേടിപ്പെടുത്തുന്നു''. എഴുത്തുകാരേ നിങ്ങള്‍ മതഫാസിസത്തിന്റെയും കോര്‍പറേറ്റ് സാമ്രാജ്യത്വത്തിന്റെയും മതവംശീയ ഭീകരവാദ യുദ്ധങ്ങളുടെയും ചേരിയിലാണോ അതോ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സ്ഥിതിസമത്വ ചിന്തകളുടെയും കൂടെയാണോ എന്ന പ്രശ്നമാണ് റോമിലാഥാപ്പര്‍ ഉന്നയിക്കുന്നത്. ഈ അടിസ്ഥാനപ്രശ്നത്തിന് ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും മറുപടി കണ്ടെത്തേണ്ടതുണ്ട്.

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ 80–ാം വര്‍ഷത്തിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ത്തില്‍ അത് രൂപംകൊണ്ട ലോക സാഹചര്യത്തേക്കാള്‍ ഭീതിദമാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ. മതപരമായ പ്രതിലോമപ്രവണതകളായ ഗോപൂജ, ഗോമാംസ ഭക്ഷണത്തിനെതിരെയുള്ള അതിക്രമങ്ങള്‍, ജാതി– മത പീഡനങ്ങള്‍, വഹാബി ഭീകരവാദം, ആക്രമണോത്സുകമായ ‘ഭക്തിരാഷ്ട്രീയം, മതരാഷ്ട്രവാദം, കര്‍ഷകഗ്രാമങ്ങളുടെ തകര്‍ച്ചയില്‍നിന്നുണ്ടാകുന്ന വിശപ്പും ദാരിദ്യ്രവും, ജനാധിപത്യമൂല്യങ്ങളെ കടപുഴക്കി എടുത്തെറിയുന്ന സ്വേച്ഛാധിപത്യപ്രവണതകള്‍, മനുഷ്യാവകാശധ്വംസനങ്ങള്‍, അഭിപ്രായസ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്തുന്ന കോര്‍പറേറ്റ് മൂലധനവികസനം, ആഭ്യന്തരവും ബാഹ്യവുമായ യുദ്ധോത്സുകത തുടങ്ങിയവയാണ് ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്നങ്ങള്‍. കീഴാള തൊഴില്‍വര്‍ഗങ്ങളായ ദളിത്– മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരമായ ആക്രമണങ്ങളും നമ്മളെ ആശങ്കപ്പെടുത്തുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ദൌത്യം പൂര്‍വാധികം ശക്തിയോടെ തുടരേണ്ടതുണ്ട് എന്നാണ്.

എഴുത്തുകാരന്റെയും എഴുത്തിന്റെയും സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിക്കണമെന്ന് 1936ല്‍ത്തന്നെ പുരോഗമന സാഹിത്യ പ്രസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, ബംഗ്ളാദേശ് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലും നവകോളനി വിരുദ്ധ സമരങ്ങള്‍ നടക്കുന്നുണ്ട്. അവിടൊക്കെ എഴുത്തുകാര്‍ ക്രൂരമായി വേട്ടയാടപ്പെടുകയാണ്. ഇന്ത്യയിലെ മതേതരവാദികളായ മൂന്നുപേര്‍ അടുത്തടുത്ത് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. ഡോ. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഡോ. കലബുര്‍ഗിയും വര്‍ഗീയവാദികളുടെയും വെടിയേറ്റ് ഒരേരീതിയില്‍ ദാരുണമായി വധിക്കപ്പെട്ടു. എഴുത്തിനെയും എഴുത്തുകാരെയും മതമൌലികവാദികള്‍, മതദ്രോഹവും ദൈവദ്രോഹവും രാജ്യദ്രോഹവും ചുമത്തി അതിക്രൂരമായി നേരിടുന്ന ഒരവസ്ഥയാണ്. എഴുത്തിലൂടെ കടന്നുവരുന്ന കഥാപാത്രങ്ങളിലും ആവിഷ്കരണങ്ങളിലും മതസ്വത്വബോധങ്ങള്‍ ആരോപിച്ച് വിചാരണചെയ്യപ്പെടുന്ന സംഭവങ്ങള്‍  ആവര്‍ത്തിക്കുന്നു. പെരുമാള്‍ മുരുകന്‍ കഷ്ടിച്ച് രക്ഷപ്പെട്ടത് ആവിഷ്കാരസ്വാതന്ത്യ്രത്തിനുവേണ്ടി നീതിന്യായകോടതി ശക്തമായി ഇടപെട്ടതുകൊണ്ടുമാത്രമാണ്. 1936 നെക്കാള്‍ ‘ഭീതിദമാണ് ഇന്നത്തെ സാംസ്കാരികപശ്ചാത്തലം എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് ദേശീയഭാഷകളുടെ വികസനത്തിലൂടെയാണെന്നുള്ള തിരിച്ചറിവ് പ്രധാനമാണ്. അവയ്ക്കു സംഭവിക്കുന്ന മുരടിപ്പും നാശവും ഏറെ ഉത്കണ്ഠയോടെവേണം കാണാന്‍. മാതൃഭാഷയുടെ നിലനില്‍പ്പിനും ശാക്തീകരണത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങളായി തിരിച്ചറിയണം.

നവമാധ്യമങ്ങള്‍ ആശയപ്രചാരണരംഗത്ത് വരുത്തിയ വിപ്ളവകരമായ മാറ്റം ജനാധിപത്യത്തെ എന്നപോലെ ഫാസിസ്റ്റ് പ്രവണതകളെയും സഹായിക്കുന്നുണ്ട്. ജനങ്ങളെ പ്രബുദ്ധരാക്കുന്നതുപോലെതന്നെ പ്രതിലോമവല്‍ക്കരിക്കാനും അവയെ ഉപയോഗിക്കുന്നു. ഗീബല്‍സുമാര്‍ അടിക്കടി നവമാധ്യമങ്ങളിലൂടെ ജന്മംകൊള്ളുകയാണ്. ആശയപ്രചാരണരംഗം മുന്‍കാലങ്ങളെക്കാള്‍ പ്രാധാന്യമേറിയതാണെന്നുകാണണം. ടെലിവിഷന്‍ സീരിയലുകള്‍ ഓരോ കുടുംബത്തെയും ഫാസിസ്റ്റ് പ്രവണതകളുടെ സ്വീകര്‍ത്താക്കളായി മാറ്റുന്ന രീതിയിലാണ് സംവിധാനംചെയ്തിരിക്കുന്നതെന്നും തിരിച്ചറിയണം. വന്‍കിട കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലും ആധിപത്യത്തിലുമാണ് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ ലോകങ്ങള്‍. അവയോട് പോരടിച്ചുകൊണ്ടുവേണം പുരോഗമന ജനകീയബോധം നിര്‍മിച്ചെടുക്കേണ്ടതെന്ന കാര്യം പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കിത്തീര്‍ക്കുന്നു.
ഇതുതന്നെയാണ് ഇന്ത്യന്‍ സിനിമാരംഗത്തിന്റെയും പ്രശ്നങ്ങള്‍. സിനിമയെ ജീവിതഗന്ധിയാക്കി മാറ്റിയതും ലോകസിനിമയുടെ പദവിയിലേക്ക് ഉയര്‍ത്തിയതും പുരോഗമനവീക്ഷണമുള്ള കലാകാരന്മാരാണ്. എന്നാല്‍, കോര്‍പറേറ്റ് മൂലധനത്തിന്റെയും ആഗോളവിപണിയുടെയും വരവോടെ സിനിമ അവരുടെ വിനോദോല്‍പ്പന്നമായി മാറിയിരിക്കുന്നു. ഇന്ന് സിനിമയ്ക്ക് സാമൂഹ്യലക്ഷ്യങ്ങള്‍ നഷ്ടപ്പെടുന്നു. ജീവിതഗന്ധികളായ ചിത്രങ്ങള്‍ നിര്‍മിക്കുന്ന കലാകാരന്മാര്‍ തിരസ്കരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്നു. വിപണിയില്‍ വിറ്റുപോകുന്നതെന്തും മഹത്വമുള്ളതായിത്തീര്‍ന്നിരിക്കുന്നു. സാഹിത്യത്തെയും ഈ പ്രവണത പിടികൂടിയിട്ടുണ്ട്. എഴുത്തിനെക്കാള്‍ എഴുത്തുകാരന്റെ താരവല്‍ക്കരണമാണ് നടക്കുന്നത്. ബെസ്റ്റ് സെല്ലറിനാണ് സാഹിത്യത്തില്‍ സ്ഥാനം ലഭിക്കുക. അതിന്റെ സാമൂഹികപ്രയോജനമോ ചരിത്രപരതയോ ചര്‍ച്ചാവിഷയമാകുന്നില്ല. ഉപരിപ്ളവത എല്ലാരംഗത്തേക്കും പടര്‍ന്നുപന്തലിച്ചിരിക്കുന്നു. ഇതിനെതിരെയുള്ള പോരാട്ടംകൂടി പുരോഗമന സാഹിത്യപ്രസ്ഥാനം ഏറ്റെടുക്കേണ്ടതുണ്ട്.

മഹാകവി രവീന്ദ്രനാഥ ടാഗോറും സരോജിനി നായിഡുവും പുരോഗമന സാഹിത്യപ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ചത് മനുഷ്യത്വം എന്ന മഹാമന്ത്രം ഈ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ്. “മനുഷ്യനെ സംബന്ധിക്കുന്ന ഒന്നും എനിക്കന്യമല്ല” എന്ന മാര്‍ക്സിന്റെ വാക്യമാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അടിത്തറ. അതുകൊണ്ടാണ് “മനുഷ്യാണാം മനുഷ്യത്വം ജാതി” എന്ന ശ്രീനാരായണഗുരുവിന്റെ ജാതിനിരപേക്ഷ ദര്‍ശനവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്. ചട്ടമ്പിസ്വാമികള്‍  ഉയര്‍ത്തിപ്പിടിച്ച വേദാധികാര പുരോഹിതമേല്‍ക്കോയ്മാവിമര്‍ശനവും ജാതിനിരപേക്ഷതയും ശ്രീനാരായണഗുരു മാര്‍ഗദര്‍ശനം നല്‍കിയ നമുക്ക് ജാതിയില്ല എന്ന ജാതിനിരാസന സാമൂഹ്യപരിഷ്കരണവും മഹാനായ അയ്യന്‍കാളിയുടെ ജാതിവിരുദ്ധവും തൊഴില്‍വര്‍ഗ ശാക്തീകരണപ്രധാനവുമായ കീഴാളവര്‍ഗപ്രവര്‍ത്തനങ്ങളും ശ്രീ വൈകുണ്ഠസ്വാമികളുടെ സര്‍വമനുഷ്യ സമത്വവാദവും മക്തിതങ്ങള്‍, വക്കം മൌലവി എന്നിവരുടെ മാനവികപ്രവര്‍ത്തനങ്ങളും, പൊയ്കയില്‍ അപ്പച്ചന്റെ ആത്മീയ മാനവികതയും നവകേരള സൃഷ്ടിയുടെ നാന്ദിയായി പുരോഗമന സാഹിത്യ പ്രസ്ഥാനം തിരിച്ചറിയുകയാണ്. തുടര്‍ന്നുണ്ടായ കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണവും ഇടതുപക്ഷവല്‍ക്കരണവും ഈ അടിത്തറയിലാണ് ഉയര്‍ന്നുവന്നത്. മനുഷ്യത്വവും ഇടതുപക്ഷഭാവുകത്വവും സംരക്ഷിക്കാന്‍ ഈ പാരമ്പര്യത്തെ തുടര്‍ന്നും നിലനിര്‍ത്തുക എന്നത് നമ്മുടെ കടമയാണ്

(പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home