27 May Friday

ലക്ഷ്യം ഇടതുപക്ഷം; വേണ്ടത് ജാഗ്രത

പി രാജീവ്‌Updated: Tuesday Jul 16, 2019


ഇടതുപക്ഷത്തിനെതിരായി കിട്ടുന്നതെന്തും ഉപയോഗിക്കാൻ വലതുപക്ഷശക്തികളും മാധ്യമങ്ങളും മത്സരിക്കുന്നത് കേരളത്തിൽ ആദ്യമായിട്ടല്ല. എക്കാലത്തും ഇരകൾക്ക് ഒപ്പം നിൽക്കുകയെന്ന നയം പിന്തുടരുന്നവരെന്ന മട്ടിലാണ് അവർ സിപിഐ എം വിരുദ്ധ വാർത്തകളെ സമീപിക്കുന്നത്. എന്നാൽ, അത് കൃത്യമായ അജൻഡയുടെ ഭാഗമാണ്. കേരളത്തിൽ സിപിഐ എമ്മിനെ ദുർബലപ്പെടുത്തുന്നതിനായി ആസൂത്രിതമായ പദ്ധതി നടപ്പാക്കുന്നതിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ബംഗാളിനും ത്രിപുരയ‌്ക്കുംശേഷം കേരളമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർഎസ്എസ് നേതൃത്വം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട‌് പാർലമെന്റ‌് അംഗങ്ങൾക്ക് പ്രാതിനിധ്യം ചെയ്യാൻമാത്രം വലുപ്പമുള്ള ത്രിപുരയിൽ ബിജെപി നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രതികരണത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരായ വിജയത്തിന്റെ ‘പ്രാധാന്യം' പ്രതിഫലിക്കുകയുണ്ടായി.

എന്നാൽ, കേരളത്തെ ലക്ഷ്യമാക്കി ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിൽ പല പ്രതിബന്ധങ്ങളെയും അവർ അഭിമുഖീകരിക്കുന്നുണ്ട്. അതിലൊന്ന് സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കേരളീയ സമൂഹത്തിലുള്ള ആഴത്തിലുള്ള ബന്ധമാണ്. മനുഷ്യജീവിതത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും എല്ലാ തലങ്ങളിലും നിരന്തരം ഇടപെടുകവഴി നാടുമായും ജനങ്ങളുമായും അഭേദ്യബന്ധമാണ് ഇടതുപക്ഷത്തിനുള്ളത്. സിപിഐ എമ്മിന്റെ വിശ്വാസ്യത തകർത്തുകൊണ്ടുമാത്രമേ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂവെന്ന് ഈ ശക്തികൾക്ക് അറിയാം. ബിജെപിയുടെ ആധിപത്യത്തിന് കോൺഗ്രസ് ഒരു തടസ്സമാകുമെന്ന് ആരും കരുതുന്നില്ല. കേരളത്തിൽ കോൺഗ്രസാണ് ബിജെപിയെ പ്രതിരോധിക്കുന്നതെന്ന് സിദ്ധാന്തിച്ചിരുന്നവർക്കും ഇപ്പോഴത്തെ ഇന്ത്യൻ അനുഭവം തിരിച്ചറിവ് നൽകിയിട്ടുണ്ടാകും.

ആ ജനാധിപത്യക്കുരുതിക്ക‌് അറുപതാണ്ട‌്
1957ൽ ഇന്ത്യയിലാദ്യമായി കോൺഗ്രസ് വിരുദ്ധ സർക്കാരിനെ അധികാരത്തിലേറ്റിയ കേരളത്തിലെ ജനത അതോടെ മറ്റൊരു ചരിത്രത്തിനുകൂടിയാണ് വഴിയൊരുക്കിയത്. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാർടിയെ അധികാരത്തിലേറ്റിയ ചരിത്രമായിരുന്നു അത്. ആ സർക്കാരിനെ താഴെയിറക്കുന്നതിനായി എല്ലാ ജാതിമത സാമുദായികശക്തികളും ഒന്നിച്ച‌് വിമോചനസമരം നടത്തി. ഇന്നും കോൺഗ്രസിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ജനാധിപത്യക്കുരുതിയിലൂടെ ആ സർക്കാരിനെ പുറത്താക്കി. ഈ ജൂലൈ 31ന് ജനാധിപത്യക്കുരുതിയുടെ അറുപതാം വാർഷികമാണ്. അതോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ കഴിഞ്ഞെന്നാണ് വലതുപക്ഷശക്തികൾ കരുതിയിരുന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിലും കൂടുതൽ ജനപിന്തുണ ആർജിക്കാൻ കമ്യൂണിസ്റ്റ് പാർടിക്ക് കഴിഞ്ഞെന്നത് എതിരാളികളെ അസ്വസ്ഥമാക്കി. 1967ൽ വീണ്ടും ഇ എം എസ് മുഖ്യമന്ത്രിയായെങ്കിലും കഷ്ടി രണ്ടുവർഷംമാത്രമേ ആ സർക്കാരിനും തുടരാൻ കഴിഞ്ഞുള്ളൂ. അടിയന്തരാവസ്ഥയ‌്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും ജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പക്ഷേ, വീണ്ടും ജനപിന്തുണ ആർജിച്ച്, കൂടുതൽ വിപുലമായ മുന്നണിയെ നയിച്ച് ഇടതുപക്ഷം അധികാരത്തിൽ വന്നു. ചരിത്രത്തിലേക്ക് വിശദമായി പോകുന്നില്ല. ഓരോ ഘട്ടത്തിലുമുണ്ടായ തിരിച്ചടികളെ ശക്തമായി അതിജീവിക്കുന്നതിനും കൂടുതൽ കരുത്ത‌് നേടുന്നതിനും ഇടതുപക്ഷത്തിന‌് സാധ്യമായത് ജനതയുമായുള്ള ജൈവബന്ധത്തിന്റെ ഫലമായാണ്. ഇതിന്റെ അടിത്തറ പ്രസ്ഥാനത്തിലും അതിന്റെ നേതൃത്വത്തിലും ജനങ്ങളിലുമുള്ള വിശ്വാസമായിരുന്നു.

ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവൽക്കരിച്ചും ചെറിയ സംഭവങ്ങളെ പർവതീകരിച്ചും ഇടതുപക്ഷവിരുദ്ധ മനോഭാവം ശക്തിപ്പെടുത്തുന്നതിനാണ് ഈ ശ്രമം. അതോടൊപ്പം നിർമിതകഥകളിലൂടെ ജനങ്ങളിൽ നിരന്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും ശ്രമിക്കുന്നു. ഇടതുപക്ഷത്തിന് അനുകൂലമാകാൻ സാധ്യതയുള്ള വാർത്തകൾ തമസ്കരിക്കുന്നു.

ഈ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നതിനായി ഇന്ന‌് മാധ്യമങ്ങൾവഴി വലതുപക്ഷശക്തികൾ ശ്രമിക്കുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവൽക്കരിച്ചും ചെറിയ സംഭവങ്ങളെ പർവതീകരിച്ചും ഇടതുപക്ഷവിരുദ്ധ മനോഭാവം ശക്തിപ്പെടുത്തുന്നതിനാണ് ഈ ശ്രമം. അതോടൊപ്പം നിർമിതകഥകളിലൂടെ ജനങ്ങളിൽ നിരന്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും ശ്രമിക്കുന്നു. ഇടതുപക്ഷത്തിന് അനുകൂലമാകാൻ സാധ്യതയുള്ള വാർത്തകൾ തമസ്കരിക്കുന്നു. കേരളത്തിന‌് അപമാനകരമായ അഴിമതിയുടെ പ്രതീകമായ പാലാരിവട്ടം ഇക്കൂട്ടർക്ക് വാർത്തയേയല്ല. ഒരു മുഴുവൻ പേജിലുമായി ഗ്രാഫിക്സ് സഹിതം പാലാരിവട്ടം പാലത്തിന്റെ ചരിത്രം മനോരമ അവതരിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടിയെയും ഇബ്രാഹിംകുഞ്ഞിനെയും അവർ കണ്ടതേയില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തതെന്ന കാര്യം കൃത്യമായി കാണുകയുംചെയ്തു. കേരളത്തിലെ പ്രശസ്ത സ്വയംഭരണ കോളേജായ തേവര സേക്രട്ട് ഹാർട്ട് കോളേജിൽ എസ്എഫ്ഐ വിജയിക്കുകയും വൈഖരിയെന്ന പെൺകുട്ടി ചെയർപേഴ്സനാകുകയും ചെയ്തു. ഇക്കാര്യം വാർത്തയാക്കിയ ചില മാധ്യമങ്ങൾ എസ്എഫ്ഐ എന്ന പേര് വാർത്തയിൽ ഒരിടത്തും വരാതിരിക്കുന്നതിനുള്ള അതീവ ജാഗ്രത കാണിക്കുകയും ചെയ്തു. സംസ്ഥാന സർക്കാൻ നടപ്പാക്കുന്ന ജനക്ഷേമപ്രവർത്തനങ്ങളും മാധ്യമങ്ങൾക്ക് വാർത്തയേയല്ല.
മാധ്യമങ്ങൾ കൊട്ടിഘോഷിച്ച പ്രശ്നങ്ങളുടെ യാഥാർഥ്യം പുറത്തുവരുന്ന സന്ദർഭത്തിൽ അതിനെ പാർശ്വവൽക്കരിക്കുക എന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് നടത്തിയ ആരോപണവും ഹൈക്കോടതിവിധിയും.

ജലീലിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണം എത്ര മണിക്കൂറുകളാണ് ചാനലുകൾ ചർച്ചചെയ്തത്, എത്ര സ്ഥലമാണ് മാധ്യമങ്ങൾ നീക്കിവച്ചത്. എന്നാൽ, രാഷ്ട്രീയ താൽപ്പര്യങ്ങൾമാത്രമേ ഹർജിയിലുള്ളൂവെന്ന‌് ആധികാരികമായി ഹൈക്കോടതി വിധിച്ചത് ഒരു മാധ്യമവും ചർച്ചയാക്കിയില്ല. സ്ഥിരം നിരീക്ഷകരാരും വിശകലനവും നിഗമനവുമായി വന്നതുമില്ല.

സാമൂഹ്യമാധ്യമങ്ങളും പൊതുബോധ രൂപീകരണവും
സാമൂഹ്യമാധ്യമങ്ങൾ ഈ ദൗത്യനിർവഹണത്തിന്റെ ഏറ്റവും ശക്തമായ ഉപകരണങ്ങളാണ്. നിഷ്പക്ഷമെന്ന മട്ടിൽ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായ പൊതുബോധരൂപീകരണത്തിന് ആവശ്യമായ സന്ദേശങ്ങളാണ് ഇവർ നൽകുന്നത്. കോടികൾ മുടക്കി ബിജെപി രാജ്യത്ത് നടപ്പാക്കിയ പദ്ധതിയാണ്, വ്യത്യസ്ത ഓൺലൈൻ സംവിധാനങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ഇടതുപക്ഷത്തിനൊപ്പമുള്ളവരിൽ ആർക്കെങ്കിലും ചിന്താക്കുഴപ്പങ്ങളോ നിരാശയോ ഉണ്ടെങ്കിൽ അവരെ പിന്തുടരുകയെന്നതാണ് ഇപ്പോൾ ആവിഷ്കരിച്ച തന്ത്രം. നേതൃത്വത്തിലും സംഘടനാരൂപങ്ങളിലും ജനങ്ങൾക്കുള്ള ദൃഢമായ വിശ്വാസത്തെ ഘട്ടംഘട്ടമായി ദുർബലപ്പെടുത്തുന്നതിനാണ് ശ്രമം.

ഈ ശ്രമം തുറന്നുകാണിക്കാൻ അതിശക്തമായ പ്രവർത്തനം ആവശ്യമായിവരും. ഒരു നുണ തുറന്നുകാണിക്കുമ്പോഴേക്കും പത്തെണ്ണം അഴിച്ചുവിട്ടിരിക്കും. അതിലേക്ക് പ്രവേശിക്കുമ്പോഴേക്കും അടുത്ത ആയിരമെണ്ണം തുറന്നുവിട്ടിരിക്കും. സത്യാനന്തരകാലത്തെ രാഷ്ട്രീയപ്രവർത്തനം സങ്കീർണമാകുന്നത് ഇത്തരം പശ്ചാത്തലത്തിലാണ്.

ശക്തമായ തിരുത്തൽ ആവശ്യം
എന്നാൽ, ഇടതുപക്ഷത്തിനും നിരന്തരമായ ജാഗ്രത ആവശ്യമാണ്. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവം എസ്എഫ്ഐക്കും ഇടതുപക്ഷത്തിനുമെതിരെയുള്ള ആയുധമാണ് ശത്രുക്കൾക്ക് സമ്മാനിച്ചത്. യഥാർഥത്തിൽ ശത്രുക്കളേക്കാൾ ശക്തിയിൽ എസ്എഫ്ഐയെ ആക്രമിക്കുകയാണ് അഖിലിനെ ആക്രമിച്ചവർ ചെയ്തത്. കേരളത്തിൽ ഒരു ക്യാമ്പസിലും ആരെയും കൊലപ്പെടുത്താത്ത സംഘടനയാണ് എസ്എഫ‌്ഐയെങ്കിലും സമൂഹത്തിന്റെ പൊതുബോധം അതിനു നേരെ വിപരീതമാക്കാൻ ഇത്തരം സംഭവങ്ങളെ ഉപയോഗിക്കുന്നു.

സംഘടന ഭൂരിപക്ഷത്തിന്റേതാകുന്നതോടെ പലതരക്കാരും അതിന്റെ ഭാഗമാകും. അത് ഇന്നിന്റെമാത്രം പ്രശ്നമല്ല. എല്ലാ കാലത്തും ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരാനിടയുണ്ടെന്ന് കരുതി അതീവ ജാഗ്രത ഉണ്ടാകണം. ഉത്തരവാദിത്തം ഏൽപ്പിക്കപ്പെടുന്നവരെ ആശയപരമായി സജ്ജരാക്കുകയാണ് സംഘടന ചെയ്യേണ്ടതും ചെയ്യാൻ ശ്രമിക്കുന്നതും. സംവാദാത്മകമായ ക്യാമ്പസിലൂടെമാത്രമേ സർഗാത്മകമായ ക്യാമ്പസിലേക്ക് ഉയരാൻ കഴിയുകയുള്ളൂ. വ്യത്യസ്ത ആശയങ്ങളുമായി സംവദിക്കാനും പ്രായോഗികാനുഭവങ്ങളിലൂടെ നിരന്തരം പുതുക്കാനും കഴിയുന്ന ദർശനമാണ് ഇടതുപക്ഷം പിന്തുടരുന്നത്. ആശയത്തിലുള്ള അജ്ഞതയെ ആയുധംകൊണ്ട് മറികടക്കാൻ കഴിയില്ല. രാജ്യത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രതിഭാശാലികളായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ യൂണിവേഴ്സിറ്റി കോളേജിലെയും മഹാരാജാസിലെയും എസ്എഫ്ഐ പ്രസ്ഥാനം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ സംഭവംകൊണ്ട് എസ്എഫ്ഐയെ ഇല്ലതാക്കാൻ ആർക്കും കഴിയില്ല. എന്നാൽ, ശക്തമായ തിരുത്തൽ ആവശ്യമാണ്. അതിനാണ് സംഘടനയുടെ നേതൃത്വം ശ്രമിക്കുന്നത്. അത് ഒരു തുടർപ്രക്രിയയുമായിരിക്കണം.

ആലപ്പുഴയിൽ ആർഎസ്എസുകാരാൽത്തന്നെ കൊല്ലപ്പെട്ട സ്വയംസേവകൻ അനന്തുവും മട്ടന്നൂരിൽ കെഎസ‌്‌യുക്കാരാൽ കൊല്ലപ്പെട്ട അവരുടെതന്നെ നേതാവായിരുന്ന മാഗസിൻ എഡിറ്ററും കേരളത്തിലെ മാധ്യമങ്ങൾക്ക് വാർത്തയായിരുന്നില്ല. എന്നാൽ, ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ ഉണ്ടെങ്കിലും ഇടതുപക്ഷപ്രസ്ഥാനത്തിൽനിന്ന‌് ആരും അത്തരത്തിലുള്ളതൊന്നും പ്രതീക്ഷിക്കുന്നില്ല. ഈ തിരിച്ചറിവോടെ ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം ഉയരുന്നതിനുള്ള നടപടികൾക്കാണ് എസ്എഫ്ഐ നേതൃത്വം തുടക്കംകുറിച്ചിരിക്കുന്നത്. സംഘടനയെ അടിമുടി രാഷ്ട്രീയവൽക്കരിച്ചുകൊണ്ടും ക്യാമ്പസുകളെ ജനാധിപത്യപരമായി സംവാദാത്മകമാക്കിക്കൊണ്ടുംമാത്രമേ ഇന്നിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളൂ. ഇടതുപക്ഷവിരുദ്ധ പ്രചാരവേലയെ സമഗ്രതയോടെ കാണാനും തുറന്നുകാണിക്കാനും കഴിയേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത‌് കുറെക്കൂടി കരുത്തുള്ള ഇടതുപക്ഷത്തെ ആവശ്യപ്പെടുന്ന കാലത്ത് ഇതിന‌് കൂടുതൽ പ്രസക്തിയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top