07 September Saturday

ഗവർണറുടെ നടപടികൾ ; നിയമപോരാട്ടത്തിൽ പ്രതീക്ഷ - ഡോ. ഷിജൂഖാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

 

കേരള നിയമസഭ അംഗീകരിച്ച പതിനൊന്ന് ബിൽ തടഞ്ഞുവച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ റിട്ട് ഹർജിയുടെ അടിസ്ഥാനത്തിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ടി പി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ അവിടത്തെ ഗവർണർക്കെതിരെ പരമോന്നത കോടതിയിലെത്തി. നേരത്തേ പഞ്ചാബ് നൽകിയ ഹർജിയിലും സുപ്രീംകോടതി ശക്തമായ നിലപാട് സ്വീകരിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ അംഗീകരിക്കുന്നതു സംബന്ധിച്ച് ഭരണഘടനയിലെ 200–--ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

ഒരു ബിൽ നിയമസഭ പാസാക്കിയാൽ ഗവർണർക്ക് സമർപ്പിക്കണമെന്നും ഗവർണർ അനുമതി നൽകുകയോ നൽകാതിരിക്കുകയോ അതുമല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയോ ചെയ്യേണ്ടതാണെന്നും വ്യവസ്ഥ ചെയ്യുന്നു. എന്തെങ്കിലും ഭേദഗതിനിർദേശത്തോടെയോ വീണ്ടും നിയമസഭ പരിഗണിക്കണമെന്ന് ശുപാർശ ചെയ്തോ തിരിച്ച് അയക്കുകയാണെങ്കിൽ വീണ്ടും പരിഗണിച്ച് ഭേദഗതിയോടെയോ അല്ലാതെയോ അയച്ചാൽ ഗവർണർ അതിന് അനുമതി നൽകേണ്ടതാണെന്നും വ്യവസ്ഥ ചെയ്യുന്നു. അതിനർഥം ഒരു ബിൽ നിയമമാകാൻ ഗവർണറുടെ അനുമതി എന്നത് ഒരു നടപടിക്രമമാണെങ്കിലും ആത്യന്തികമായ അവകാശം നിയമസഭയുടേതുതന്നെയാണ് എന്നാണ് . ഇക്കാര്യത്തിൽ ഗവർണർ കഴിയുന്നതും വേഗം തീരുമാനമെടുക്കണമെന്നും ഭരണഘടന വ്യക്തമാക്കുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിൽ വിസി നിയമനത്തിനായി ചാൻസലറായ ഗവർണർ കൈക്കൊണ്ട നടപടികൾ ഹൈക്കോടതി തടഞ്ഞതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഏകപക്ഷീയമായി വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ തീരുമാനത്തെ കേരള, എംജി സർവകലാശാലകളിലെ സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഫിഷറീസ്, മലയാളം എന്നീ സർവകലാശാലകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു.വെള്ളിയാഴ്‌ച ഓപ്പൺ സർവകലാശാല, കാർഷിക സർവകലാശാല  സെർച്ച് കമ്മിറ്റികളും ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

യുജിസി പ്രതിനിധി, ചാൻസലറുടെ പ്രതിനിധി എന്നിവരടങ്ങിയ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമപരമല്ല. വിസിയുടെ നിയമനാധികാരി ചാൻസലർ ആണെങ്കിലും സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരംകൂടി ഏകപക്ഷീയമായി കൈയടക്കാനുള്ള നീക്കത്തിന് ശക്തമായ പ്രഹരമാണ് ലഭിച്ചത്. സർവകലാശാലകളുടെയും സംസ്ഥാന സർക്കാരിന്റെയും അവകാശങ്ങളെ കടന്നാക്രമിക്കാനാണ് ഗവർണർ ശ്രമിച്ചത്. പശ്ചിമ ബംഗാളിലെ വൈസ് ചാൻസലർ നിയമന വിഷയത്തിൽ അവിടത്തെ ഗവർണർക്ക് ലഭിച്ച താക്കീതായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ വിധിന്യായം. മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായി വിസി സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് സുപ്രീംകോടതി വിധി. കമ്മിറ്റി തയ്യാറാക്കുന്ന പാനൽ ചാൻസലർക്ക് കൈമാറണമെന്നും അത് അംഗീകരിച്ചാൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണമെന്നും അതിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അറിയിക്കാമെന്നും കോടതി വിധിച്ചു.

സർവകലാശാലകളും 
നിയമപോരാട്ടവും
വിജ്ഞാനശാഖകളുടെയെല്ലാം ഇരിപ്പിടവും കേന്ദ്രവുമാണ് സർവകലാശാലകൾ. വൈസ് ചാൻസലറായി വരേണ്ടത് ഉന്നത യോഗ്യതകളുള്ള അക്കാദമീഷ്യനാകണം. കാര്യക്ഷമത, ഉദ്ഗ്രഥനശേഷി, നൈതിക ബോധം, സ്ഥാപനത്തോടുള്ള പ്രതിബദ്ധത എന്നിവ ഒരു വൈസ്ചാൻസലറുടെ സവിശേഷതയാകണം. പത്തുവർഷത്തിൽ കുറയാത്ത പ്രൊഫസർഷിപ്പ്, അക്കാദമിക രംഗത്തെ പ്രാവീണ്യം, പ്രവർത്തനമികവ് ഇവയെല്ലാം പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്.

വിസി നിയമനത്തിന് അഖിലേന്ത്യാടിസ്ഥാനത്തിൽ മാനദണ്ഡങ്ങളും യോഗ്യതകളും നിശ്ചയിച്ചത് 2010 മുതലുള്ള യുജിസി റെഗുലേഷനുകളിലാണ്. എന്നാൽ, അതിനുമുമ്പേ കേരളത്തിലെ സർവകലാശാലകൾ മാതൃകാപരമായ നിലപാട് സ്വീകരിച്ചു. ഓരോ സംസ്ഥാനത്തും വിസി നിയമന സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം, പാനൽ നൽകുന്ന രീതി എന്നിവ വ്യത്യസ്തമാണ്. ഗവർണറാണ് ഭൂരിപക്ഷ സംസ്ഥാനങ്ങളിലെയും സർവകലാശാലകളിൽ ചാൻസലർ പദവി വഹിച്ചത്. എന്നാൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ വിസി നിയമനവുമായി ബന്ധപ്പെട്ട ഗൗരവതരമായ ചില പ്രശ്നങ്ങൾ ഉയർന്നു. കേന്ദ്ര-–- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു കാരണമായി ചാൻസലറുടെ ഇടപെടൽ മാറി. യുജിസി റെഗുലേഷനിൽ മുമ്പുതന്നെ വിസിമാരുടെ നിയമനത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അതത് സംസ്ഥാന നിയമം ബാധകമാക്കാമെന്ന് സുപ്രീംകോടതി (2015) വിധിയുണ്ട്. സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാരുകളുടെ അവകാശം സംബന്ധിച്ച് 2013ലെ യുജിസി റെഗുലേഷൻ പറയുന്നുണ്ട്. പക്ഷേ, 2022ൽ

ഗുജറാത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ സർവകലാശാല, വിസി നിയമനത്തിന്റെ സെർച്ച് കമ്മിറ്റിയുടെ കാര്യത്തിൽ  സുപ്രീംകോടതി വിധി മറ്റൊരു ദിശയിലായിരുന്നു. സംസ്ഥാന നിയമപ്രകാരം സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല. തങ്ങൾ യുജിസി റെഗുലേഷൻ സ്വീകരിക്കാത്തതിനാൽ വിസി നിയമനത്തിന് യുജിസി പ്രതിനിധി ഉണ്ടാകണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ലെന്ന് സർവകലാശാല നിലപാട് സ്വീകരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പാലിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീയുടെ നിയമനവും സുപ്രീംകോടതി റദ്ദാക്കി. അവർ നിയമിക്കപ്പെട്ടപ്പോൾ സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതാണ് കോടതിയുടെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് സർവകലാശാല നിയമഭേദഗതി കൊണ്ടുവരാൻ പിണറായി സർക്കാർ തീരുമാനിച്ചത്. 2018ലെ യുജിസി റെഗുലേഷൻ വകുപ്പ് 7.3  പ്രകാരം ചാൻസലർ നിയമനത്തിനായി മൂന്നു മുതൽ അഞ്ചുവരെ പേരുകളടങ്ങിയ പാനൽ തയ്യാറാക്കണമെന്നും സെർച്ച് കമ്മിറ്റിയിൽ യുജിസി  പ്രതിനിധി ഉണ്ടാകണമെന്നും റെഗുലേഷൻ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, കമ്മിറ്റി രൂപീകരിക്കേണ്ടത് ആരാണ്, യുജിസി പ്രതിനിധിക്ക്‌ പുറമെ മറ്റാരൊക്കെയാകണം അംഗങ്ങൾ, സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം എത്ര,  കൺവീനർ ആരാകണം എന്നിങ്ങനെയുള്ള കാര്യങ്ങൾ റെഗുലേഷനിൽ ഇല്ല. ഇത് ഉൾപ്പെടെ പരിഹരിക്കാനാണ്  സംസ്ഥാന സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ചാൻസലറുടെ സ്ഥാനത്ത് ഗവർണർ നിയമിതനാകുന്നത് ഒഴിവാക്കണമെന്ന ശരിയായ നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ഭേദഗതിയും നിയമസഭ അംഗീകരിച്ചു. കേന്ദ്രം 2007ൽ നിയമിച്ച ജസ്റ്റിസ് (റിട്ട.) മദൻ മോഹൻ പൂഞ്ചി കമീഷൻ ശുപാർശയാണ് ഇക്കാര്യത്തിൽ സർക്കാർ പരിഗണിച്ചത്. ഈ  നിയമഭേദഗതികൾ ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. എന്നാൽ, രണ്ടു വർഷമായി ഗവർണർ ഇവ തടഞ്ഞുവച്ചിരിക്കുന്നു. ഏറെ പ്രാധാന്യമുള്ള പതിനൊന്ന് ബില്ലുകൾക്ക് അനുമതി നൽകാത്തതിനെതിരെയുള്ള കേസിൽ, ഗവർണർക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത് ഏറെ ഗൗരവമുള്ള വിഷയമാണ്.

അക്കാദമിക സമൂഹവും 
പ്രതിരോധവും
കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസി പദവി ഒഴിഞ്ഞുകിടക്കുമ്പോൾ, ഇതിന്റെ പൂർണ ഉത്തരവാദിത്വം ചാൻസലർക്കാണ്. കാരണം യുജിസി റെഗുലേഷൻ പാലിച്ച് കേരളം തയ്യാറാക്കിയ സർവകലാശാലാ നിയമഭേദഗതികൾ തടഞ്ഞുവച്ചിരിക്കുന്നത് ചാൻസലറാണ്. മോദി സർക്കാർ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന നയങ്ങൾ ഫെഡറലിസത്തെ തകർക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിച്ചും സിലബസുകളിൽ ചരിത്രവിരുദ്ധതയും ശാസ്ത്രവിരുദ്ധതയും കുത്തിനിറച്ചും സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർത്തും അവർ മുന്നോട്ടുപോകുന്നു. വിസി നിയമനംപോലെ സുപ്രധാന കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകളെ നിർവീര്യമാക്കാനാണ് ശ്രമം. ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ വന്ന കേരള ഹൈക്കോടതി ഉത്തരവുകൾ ചാൻസലറുടെ അഹന്തയ്ക്കേറ്റ തിരിച്ചടിയാണ്. ഗവർണർ ജനാധിപത്യത്തിന് ഭാരമാകുമ്പോൾ അത് സഹിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കില്ല. ഗവർണർമാർ സ്വീകരിക്കുന്ന ഏകാധിപത്യ പ്രവണതയ്ക്കെതിരെയും രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാനും നിയമസഭകളുടെ അവകാശം പരിരക്ഷിക്കാനും പൗരസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

(കേരള സർവകലാശാല സിൻഡിക്കറ്റ് അംഗമാണ് ലേഖകൻ )
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top