മല്ലിക സാരാഭായി വരുമ്പോൾ

പത്മഭൂഷൻ മല്ലിക സാരാഭായി കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ പദവിയിലേക്ക് വരുന്നത് കലാമണ്ഡലം അത്യാഹ്ലാദത്തോടെയാണ് കാണുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്താകെ തെളിയാൻ പോകുന്ന വെളിച്ചത്തിന്റെ ആദ്യ തിരിയായി ഈ തീരുമാനത്തെ കാണാം. കേരള കലാമണ്ഡലത്തിന്റെ 92–-ാമത് വാർഷികാഘോഷം നടക്കുന്ന ഈ വേളയിൽ, എൽഡിഎഫ് സർക്കാർ സർവകലാശാലയ്ക്ക് നൽകിയ ഉചിതമായ ആദരവാണ് മല്ലിക സാരാഭായിയുടെ ചാൻസലർ പദവി. സർക്കാരിന്റെ മൂല്യബോധമുള്ള ഈ നിലപാടിനോട് കേരള കലാമണ്ഡലവും കലാകേരളവും കടപ്പെട്ടിരിക്കുന്നു.
ഏതെങ്കിലുമൊരു വിശേഷണത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല മല്ലിക സാരാഭായിയുടെ വ്യക്തിത്വം. നർത്തകിയായും ആക്ടിവിസ്റ്റായും എഴുത്തുകാരിയായും പ്രസാധകയായും പ്രാസംഗികയായും ബിസിനസ് മാനേജ്മെന്റിൽ ബിരുദധാരിയായും ‘ദർപ്പണ’യുടെ ഡയറക്ടറായും വിവിധ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന അസാമാന്യ വ്യക്തിത്വമാണ് മല്ലികയുടേത്. ഒരിക്കൽ അഭിമുഖ സംഭാഷണത്തിനിടയിൽ, പ്രവർത്തിക്കുന്ന ഏതു മേഖലയാണ് ഏറ്റവും ആവേശം കൊള്ളിക്കുന്നതെന്ന ചോദ്യത്തിന് അവർ ഉത്തരമായി ഇങ്ങനെ പറഞ്ഞു, "എനിക്ക് തീവ്രമായ അഭിനിവേശം ജീവിതത്തോടാണ്. എന്റെ ജീവിതത്തെ ഓരോ നിമിഷവും ആവേശഭരിതമാക്കുന്നതാണ് നൃത്തവും എഴുത്തും പ്രസംഗവും അഭിനയവുമെല്ലാം. എന്റെ നിലപാടുകളുടെ സംവേദന മാധ്യമമാണ് എന്റെ നൃത്തം’. കല സാംസ്കാരിക ഉപകരണമാണെന്നും സാമൂഹ്യ ഇടപെടലിന് കലയെ എങ്ങനെ ഉപയോഗിക്കാമെന്നും സ്വന്തം ജീവിതത്തിലൂടെ മല്ലിക തെളിയിച്ചു കൊണ്ടിരിക്കുന്നു.
അമ്മയും വിഖ്യാത നർത്തകിയും ദർപ്പണയുടെ സ്ഥാപകയുമായ മൃണാളിനി സാരാഭായിയുടെ കീഴിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മല്ലിക കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും പ്രാഗത്ഭ്യം തെളിയിച്ചു. എഴുപതുകളുടെ അവസാനത്തോടെയാണ് മല്ലികയെന്ന നർത്തകി ലോകശ്രദ്ധയിലേക്ക് കടന്നുവരുന്നത്. മല്ലികയെന്ന അഭിനേത്രിയെ ലോകം ശ്രദ്ധിക്കുന്നത് 1984ൽ പീറ്റർ ബ്രൂക്കിന്റെ വിഖ്യാതമായ മഹാഭാരതമെന്ന നാടകത്തിൽ പാഞ്ചാലിയായി വേഷമിടുന്നതോടുകൂടിയാണ്. 1984 മുതൽ നാലു വർഷം വിവിധ രാജ്യങ്ങളിൽ മഹാഭാരതം അവതരിപ്പിക്കപ്പെട്ടു. പീറ്റർ ബ്രൂക്കിന്റെ ശിക്ഷണത്തിൽ തിയറ്ററിന്റെ വലിയ അനുഭവസമ്പത്തുമായി ദർപ്പണയിലേക്ക് തിരിച്ചെത്തിയ മല്ലിക തന്റെ ആദ്യ തിയറ്റർ പ്രൊഡക്ഷന്റെ രചനയിൽ ഏർപ്പെട്ടു.‘ശക്തി-പവർ ഓഫ് വിമെൻ' ആയിരുന്നു അവരുടെ ആദ്യത്തെ കണ്ടമ്പററി കൊറിയോഗ്രഫി. ശക്തിയുടെ അവതരണത്തോടുകൂടി ശാസ്ത്രീയനൃത്ത ഭാഷ ഉപയോഗിച്ച് തന്നെ സമകാലവുമായി സംവദിക്കാൻ പ്രാപ്തമായ നൂതനാവിഷ്കാരതന്ത്രത്തെ അവർ വാർത്തെടുത്തു. ‘ശക്തി'യുടെ അവതരണത്തിനുശേഷം മല്ലിക ചിട്ടപ്പെടുത്തിയ അമ്പതോളം ആവിഷ്കാരങ്ങൾ സാമൂഹ്യ വിഷയങ്ങളുമായി നേരിട്ടു സംവദിക്കുന്നവയായിരുന്നു. മനുഷ്യനെ അവന്റെ ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും വർണത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലല്ല അടയാളപ്പെടുത്തേണ്ടതെന്ന സന്ദേശമാണ് മല്ലികയുടെ അവതരണങ്ങൾ അടിവരയിട്ടു പറയുന്നത്. സമഭാവനയുടെ രാഷ്ട്രീയം സംസാരിക്കുന്ന മല്ലിക സാരാഭായി പാരമ്പര്യ ശാസ്ത്രീയ കലകളുടെ ഈറ്റില്ലത്തേക്ക് എത്തുമ്പോൾ കൂടുതൽ സാർഥകമായ ഒരു കലാന്തരീക്ഷം കലാമണ്ഡലത്തിൽ സംജാതമാകുമെന്നു പ്രത്യാശിക്കാം.
കേരള കലാമണ്ഡലം 1930ൽ സ്ഥാപിക്കുമ്പോൾ അതൊരു ആർട്ട് അക്കാദമിയെന്ന ലേബലിലാണ് അടയാളപ്പെട്ടിരുന്നത്. കഥകളിയും പിന്നീട് മോഹിനിയാട്ടവും അതിനുശേഷം വാദ്യങ്ങളും കൂടിയാട്ടവും തുള്ളലും സംഗീതവുമെല്ലാം കേരള കലാമണ്ഡലത്തിലെ പാഠ്യവിഷയങ്ങളായി. 1980കൾക്കുശേഷം സ്കൂൾ ആരംഭിക്കുകയും പിന്നീട് രണ്ടായിരത്തോടെ ഹയർ സെക്കൻഡറിയും ബിരുദ വിദ്യാഭ്യാസവും ആരംഭിക്കുകയുംചെയ്തു. 2007ൽ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയായി ഉയർത്തപ്പെട്ടു. പാരമ്പര്യ ഗുരുകുലസമ്പ്രദായത്തിൽ കല അഭ്യസിപ്പിച്ചിരുന്ന ഇടമെന്നനിലയിൽ കേരള കലാമണ്ഡലം സർവകലാശാലയായപ്പോൾ അടിമുടി അതിനെ പരിഷ്കരിക്കുക സാധ്യമല്ലായിരുന്നു. അതിന്റെ ഗുണവും ദോഷവും കലാമണ്ഡലം ഒരുമിച്ച് അനുഭവിക്കുന്നുമുണ്ട്.
പാരമ്പര്യം അമൂർത്തമാണെന്നും പഠിച്ചത് അതേപടി അനുകരിക്കുകയാണ് ചിട്ടയെന്നും വിശ്വസിക്കുന്ന ഒരുവിഭാഗം കലയ്ക്ക് അകത്തുനിലനിൽക്കുന്നുണ്ട്. സമാനമായി, കലയ്ക്കു പുറത്ത് കേരള കലാമണ്ഡലം എന്നാൽ സവർണ താൽപ്പര്യങ്ങൾ വാഴുന്ന ഒരിടമാണെന്നും സാധാരണക്കാരന് അപ്രാപ്യമായ കലകളാണ് ശാസ്ത്രീയ കലകളെന്ന ഒരു പൊതുബോധവും നിലവിലുണ്ട്. ശാസ്ത്രീയ കലകൾ വളർന്നുവന്ന പരിസരം ഹൈന്ദവ കേന്ദ്രീകൃതമായതുകൊണ്ടുതന്നെ അതിൽ അവതരിപ്പിക്കപ്പെടുന്ന കഥകൾ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകളാണ്. ഇതിവൃത്തങ്ങൾ ശാസ്ത്രീയ അരങ്ങുകളിൽ അപ്രധാനമാകുകയും ആവിഷ്കാരത്തിന്റെ സൗന്ദര്യതലം നടനിൽ തെളിഞ്ഞുവരികയും ചെയ്യുന്നതാണ് ശാസ്ത്രീയ കലകളുടെ അടിസ്ഥാനസ്വഭാവം. ഇതിവൃത്തങ്ങളുടെ സ്വഭാവത്താൽ ശാസ്ത്രീയ കലകളെ വരേണ്യമെന്ന ലേബലിൽ മാറ്റിനിർത്തുമ്പോൾ മറുവശത്ത് അതേ കാരണത്താൽ ശാസ്ത്രീയ കലകളുടെ അധികാരവും അവകാശവും തീവ്ര വലതുപക്ഷ രാഷ്ട്രീയം കൈവശംവയ്ക്കാൻ ശ്രമിക്കുന്നു. അത്യധികം അപകടകരമായ ഈയൊരു സാഹചര്യത്തിൽ മല്ലിക സാരാഭായിയുടെ ധിഷണാശക്തിയെ കലാമണ്ഡലവും അതുവഴി കലാകേരളവും വേണ്ടപോലെ ഉപയോഗിക്കേണ്ടതുണ്ട്.
ദർപ്പണയിലെ കലാവിദ്യാഭ്യാസ പദ്ധതി ലക്ഷ്യംവയ്ക്കുന്നത് കലയെ തനതായി പഠിക്കുകയെന്നതു മാത്രമല്ല, മറ്റു വൈജ്ഞാനിക മേഖലകളും ഒപ്പം ആധുനിക വിവരസാങ്കേതികതയും തന്റെ കലയിൽ എങ്ങനെ ഉപയോഗിക്കാമെന്ന വിശാലമായ കാഴ്ചപ്പാടുകൂടിയാണ്. കലാസംയോജനം (Art integration) എന്ന വാക്ക് ഇന്ന് വിദ്യാഭ്യാസമേഖലയിൽ വളരെ പരിചിതമാണ്. നൂതനമായ വിദ്യാഭ്യാസ പദ്ധതികളെല്ലാം കലാസംയോജനത്തിന്റെ പ്രാധാന്യവും പ്രയോജനവും അടിവരയിട്ടു പറയുന്നുണ്ട്. കലാസംയോജനത്തെ ഏറ്റവും ഫലവത്തായി എങ്ങനെ പ്രയോഗിക്കാമെന്നതിന്റെ ഉദാഹരണങ്ങളാണ് മല്ലികയുടെ അവതരണങ്ങൾ ഓരോന്നും. അവരുടെ പുരോഗമന ചിന്തയെയും സാമൂഹ്യ പ്രതിബദ്ധതയെയും കേരള കലാമണ്ഡലത്തിലേക്ക് പ്രസരിപ്പിക്കാനായാൽ ആരോഗ്യകരമായ അന്തരീക്ഷം സർവകലാശാലയിൽ രൂപപ്പെട്ടു വരുമെന്നതിൽ സംശയമില്ല.
താരതമ്യേന പുതിയതായി രൂപംകൊണ്ട സർവകലാശാലയെന്ന നിലയിൽ കേരള കലാമണ്ഡലം അതിന്റെ ശൈശവദശയിലാണ് നിൽക്കുന്നത്.
കേരളീയ പാരമ്പര്യ കലകളുടെ പഠന, ഗവേഷണ കേന്ദ്രമെന്ന നിലയിൽ സർവകലാശാലയിൽ പ്രാപ്യമാകേണ്ട ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങളുണ്ട്. ഒട്ടേറെ പരിമിതികൾക്കുള്ളിലാണ് കലാമണ്ഡലം മുന്നോട്ടുപോകുന്നത് എങ്കിലും സാമൂഹ്യ പ്രതിബദ്ധതയുള്ള വിപ്ലവകരമായ തീരുമാനങ്ങൾ ഓരോ ഘട്ടത്തിലും കലാമണ്ഡലം കൈക്കൊണ്ടിട്ടുണ്ട്. തിരുവിതാംകൂർ റാണിയായിരുന്ന ഗൗരി ലക്ഷ്മിഭായി 1930ൽ നിരോധനം ഏർപ്പെടുത്തിയ മോഹിനിയാട്ടത്തെ 1932ൽ കേരള കലാമണ്ഡലത്തിൽ പ്രധാന പാഠ്യവിഷയമാക്കാൻ വള്ളത്തോൾ തീരുമാനിച്ചതു മുതൽ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രം ചെയ്തിരുന്ന കൂടിയാട്ടത്തെ കലാമണ്ഡലത്തിലെ പാഠ്യവിഷയമാക്കിയതും കഥകളിക്ക് പെൺകുട്ടികൾക്ക് പ്രവേശനം നൽകിയതും കലാമണ്ഡലത്തിന്റെ വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു. അധികാരവർഗത്തിനു മുന്നിൽ അടിയറ പറയാത്ത, മല്ലിക സാരാഭായിയെന്ന ലോകപ്രശസ്ത നർത്തകിയുടെ കടന്നുവരവ് കലാമണ്ഡലത്തിൽ വിപ്ലവകരമായ പല തീരുമാനത്തിനും തുടർച്ചയുണ്ടാക്കുമെന്നത് തീർച്ചയാണ്.
മഹാകവി വള്ളത്തോൾ നാരായണ മേനോനും മുകുന്ദരാജയുംകൂടി കേരള കലാമണ്ഡലം സ്ഥാപിച്ചത് ദേശീയ, നവോത്ഥാന ചിന്തകളുടെ അടിത്തറ മേലാണ്. രവീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സ്ഥാപിക്കുന്നതും രുഗ്മിണിദേവി അരുന്ധേൽ കലാക്ഷേത്ര സ്ഥാപിക്കുന്നതും അതേ മൂല്യബോധത്തോടെയാണ്. മൃണാളിനി സാരാഭായി വിശ്വഭാരതിയിലെ വിദ്യാർഥിനിയായിരിക്കുന്ന സമയത്ത് മഹാകവി വള്ളത്തോൾ കഥകളി സംഘവുമായി ബംഗാളിലേക്ക് പോകുകയും തുടർന്ന് വിശ്വഭാരതിയിലേക്ക് എത്തുകയും ചെയ്യുന്നു. വള്ളത്തോളിന്റെയും ടാഗോറിന്റെയും സംഭാഷണത്തെ പരിഭാഷപ്പെടുത്തുന്നതിനുവേണ്ടി അവിടെ പഠിച്ചിരുന്ന മലയാളിയായ മൃണാളിനിയെ ഇരുവരുടെയും നടുവിൽ ഇരുത്തിയതും അഭിമാനത്തോടെ അവർ ഓർത്തുപറയുന്നുണ്ട്. പിന്നീട് മൃണാളിനി സാരാഭായി 1949ൽ അഹമദാബാദിൽ കലാമണ്ഡലത്തിന്റെയും വിശ്വഭാരതിയുടെയും ലക്ഷ്യബോധത്തെ പിന്തുടർന്നുകൊണ്ട് ദർപ്പണയെന്ന സ്ഥാപനം തുടങ്ങുന്നു. മൃണാളിനി സാരാഭായിയുടെയും വിക്രം സാരാഭായിയുടെയും മകളായ മല്ലിക സാരാഭായി 30 വർഷമായി ‘ദർപ്പണ’യുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു. ആ പ്രവർത്തനപരിചയവും ലോകം മുഴുവൻ നൃത്തവുമായി സഞ്ചരിച്ച വലിയ അനുഭവസമ്പത്തുമായി മലയാളി വേരുകളുള്ള മല്ലിക സാരാഭായി കേരള കലാമണ്ഡലത്തിന്റെ തലപ്പത്ത് എത്തുമ്പോൾ ആ തീരുമാനത്തിന് അസാമാന്യമായ കലാഭംഗിയുണ്ട്. അക്കാദമിക മികവിനൊപ്പം മതനിരപേക്ഷ ബോധ്യങ്ങളുള്ള, പുരോഗമന കാഴ്ചപ്പാടുള്ള, മനുഷ്യപക്ഷത്തു നിൽക്കുന്ന മല്ലിക സാരാഭായിയുടെ ഉജ്വലസാന്നിധ്യം കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയ്ക്ക് കൂടുതൽ ക്രിയാത്മകമായ പ്രവർത്തനോർജം നൽകുമെന്ന് പ്രത്യാശിക്കാം.
(കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെ നിള ക്യാമ്പസിന്റെ കോഴ്സ് കോ–-ഓർഡിനേറ്ററും മോഹിനിയാട്ട വിഭാഗം അസി. പ്രൊഫസറുമാണ് ലേഖിക)









0 comments