01 October Sunday

മോദിക്കെതിരെ ഉയരുമോ കോൺഗ്രസിന്റെ കരിങ്കൊടി - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

കരിങ്കൊടി മറവിലെ കോൺഗ്രസിന്റെ അക്രമസംഭവങ്ങൾ കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. കരിങ്കൊടി പ്രകടനം ജനാധിപത്യത്തിലെ ഒരു സമരമുറയാണെന്നാണ് അതിന്റെ നേതാക്കൾ പറയുന്നത്. എന്നാൽ, അത് ജനാധിപത്യപരമോ ജനാധിപത്യാഭാസപരമോ ആകാം. അതിന് ചരിത്രത്തിൽത്തന്നെ നിരവധി തെളിവുണ്ട്. ‘സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കരിങ്കൊടി പ്രകടനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അവഹേളിക്കാനുള്ള കരിങ്കൊടി പരിപാടികളുമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാർക്കും അവരുടെ ശിങ്കിടി രാജഭരണക്കാർക്കും വേണ്ടി ‘കരിങ്കൊടി സമരങ്ങൾ’ നടന്നിട്ടുണ്ട്.

അതിന് തിരുവനന്തപുരവും സാക്ഷിയാണ്. സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്താൻ ഉത്തരവാദിത്വ ഭരണ പ്രക്ഷോഭം ആവശ്യമാണെന്ന നിലപാട് എഴുത്തുകാരനും പോരാളിയുമായ  എ നാരായണപിള്ള സ്വീകരിച്ചു. അതിനുവേണ്ടി പത്രങ്ങളിൽ ലേഖനം എഴുതിയ അദ്ദേഹത്തെ തുറുങ്കിലടയ്ക്കാൻ പ്രോസിക്യൂഷൻ നടപടിക്ക് തിരുവിതാംകൂർ സർക്കാരും സർ സി പിയും തയ്യാറായി. അപ്പോൾ നാരായണപിള്ളയ്ക്ക് കോടതിയിൽ കേസ് വാദിക്കാൻ പുറംനാട്ടിലെ പ്രഗത്ഭ വക്കീലായ കെ എഫ് നരിമാനെ കൊണ്ടുവരാൻ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിൽ ഡിഫൻസ് കമ്മിറ്റി നടപടിയെടുത്തു. അതിൽ അരിശംപൂണ്ട സർ സി പി കൂലിക്ക് ആളെ ഇറക്കിയും ചോറ്റുപട്ടാളത്തെ ഇറക്കിയും വിമാനത്താവളത്തിൽ  നരിമാനെതിരെ കരിങ്കൊടി പ്രകടനം സംഘടിപ്പിച്ചു. പക്ഷേ, പിന്നീട് കമ്യൂണിസ്റ്റ് നേതാവായി മാറിയ അന്നത്തെ സ്റ്റേറ്റ് കോൺഗ്രസ് നേതാവ് പി ടി പുന്നൂസിന്റെ നേതൃത്വത്തിലുള്ള ജനകീയ സമരക്കാർ ശക്തമായ പ്രതിഷേധവും പ്രതിരോധവും തീർത്തപ്പോൾ കൂലിപ്പട പമ്പകടന്നു. ഇതേപ്പറ്റി ചരിത്രകാരനായ മാധ്യമപ്രവർത്തകൻ  മലയിൻകീഴ് ഗോപാലകൃഷ്ണൻ മാതൃഭൂമിയിൽ കഴിഞ്ഞൊരുദിവസം എഴുതിയിട്ടുണ്ട്. സ്വതന്ത്ര്യത്തിനും ജനാധിപത്യത്തിനും ചില കരിങ്കൊടി പ്രകടനങ്ങൾ എങ്ങനെ അവഹേളനമാകുന്നു എന്നതിന് ഉദാഹരണമാണ് സർ സി പിയുടെ ചോറ്റുപട്ടാളത്തിന്റെ ആഭാസസമരം.

അതിന്റെ അഭിനവരൂപമാണ് ജനാധിപത്യ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന കോൺഗ്രസിന്റെ അക്രമാസക്തമായ പ്രാകൃത കരിങ്കൊടി സമരാഭാസം. ജൂലൈ 29ന് കാക്കനാട്ട്‌ മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് പൊലീസ് വലയം ഭേദിച്ച് ചാടിവീണ് മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹം ഇരുന്ന ഭാഗത്തെ ഗ്ലാസ് അടിച്ചുപൊട്ടിക്കാൻ തുനിഞ്ഞ ക്രിമിനൽ നടപടിയെ ജനാധിപത്യസമരം എന്ന് ആർക്കാണ് വിശേഷിപ്പിക്കാനാകുക. ‘അതിരുകടന്ന്’ എന്ന ക്യാച്ച്‌ വേഡ് നൽകിയെങ്കിലും ‘മനോരമ’ കൗശലപൂർവമാണ് ചിത്രം കൊടുത്തത്. മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല് തകർക്കാൻ ശ്രമിക്കുന്ന ഫോട്ടോ അല്ല കരിങ്കൊടി പിടിച്ചിരിക്കുന്നതിന്റെ ദൃശ്യമാണ് നൽകിയത്. എന്നാൽ, കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിലിടിച്ച് പ്രതിഷേധം എന്ന തലക്കെട്ടിൽ ചിത്രങ്ങളുമായി ‘മാതൃഭൂമി’ സമീപസമയത്തെ പതിവിനു വിരുദ്ധമായി വാർത്ത നൽകി. മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് ചില്ല് അടിച്ചുപൊട്ടിക്കാൻ ശ്രമിച്ച അക്രമി പോക്സോ അടക്കം ഇരുപതോളം കേസിലെ പ്രതിയാണ്. സോണി ജോർജ് എന്ന ഇയാളുടെ മേലങ്കി യൂത്ത് കോൺഗ്രസ് നേതാവ് എന്നതാണ്. ഇതുപോലെ ഒരു സംഭവം പ്രധാനമന്ത്രിക്കോ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കോ എതിരെ ആയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഭരണനടപടിയും തുടർനടപടിയും എന്താകുമായിരുന്നെന്ന് ഊഹിക്കുക.


 

കാക്കനാട് സംഭവത്തിന്റെ അടുത്തനാൾ മുഖ്യമന്ത്രി മനോരമ ന്യൂസിന്റെ കോൺക്ലേവ് തൃശൂരിൽ എത്തി ഉദ്ഘാടനം ചെയ്തിരുന്നു. അതിൽ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമായി ഉയർന്നു. അതിനെ ആസ്പദമാക്കി ‘മനോരമ’ പത്രം അടുത്തദിവസം മുഖപ്രസംഗം എഴുതിയത് ഉചിതമായ കാര്യം. ഭരണഘടനാമൂല്യ സംരക്ഷണത്തിൽ ജനാധിപത്യമൂല്യ സംരക്ഷണം ഉൾച്ചേർന്നിട്ടുണ്ട്. ഭരണഘടന വ്യവസ്ഥപ്രകാരം അഞ്ചുവർഷത്തിലൊരിക്കൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നൽകി ജനങ്ങൾ അധികാരത്തിലേറ്റിയതാണ് എൽഡിഎഫ് പ്രതിനിധിയായ മുഖ്യമന്ത്രി പിണറായി വിജയനെ. അദ്ദേഹം ഒരു മുന്നണിയുടെയും കക്ഷിയുടെയും നേതാവാണെങ്കിലും കേരളത്തിന്റെയാകെ മുഖ്യമന്ത്രിയാണ്. ആ ഭരണാധികാരിയെ കാറിലാകട്ടെ, വിമാനത്തിലാകട്ടെ സഞ്ചരിക്കാൻ സമ്മതിക്കില്ലെന്നും ആക്രമിക്കുമെന്നും വന്നാൽ അത് ജനാധിപത്യത്തിന്റെ ‘ലക്ഷ്മണരേഖ’ ലംഘിക്കലാണ്. ഇത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കലാണ്.  അതിൽ പ്രതികരിച്ച് ,മുഖ്യമന്ത്രിക്കെതിരായ അക്രമസമര പേക്കൂത്ത് അവസാനിപ്പിക്കാൻ എന്തേ, ‘മനോരമാദി’കൾക്ക് മുഖപ്രസംഗം എഴുതാനാകുന്നില്ല.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്റുവിന്റെ ഭരണകാലംമുതൽ കരിങ്കൊടി പ്രതിഷേധങ്ങൾ   ഉണ്ടായിട്ടുണ്ട്. ഭാഷാ സംസ്ഥാന പ്രക്ഷോഭത്തിന്റെ സമയത്ത്, മദിരാശിയിൽ നെഹ്റു എത്തിയപ്പോൾ നേതാക്കൾ ഉൾപ്പെടെയുള്ള സമരക്കാർ മൈതാനത്ത് കൂട്ടംകൂടി കരിങ്കൊടി ഉയർത്തിപ്പിടിച്ചു. നെഹ്റുവിനെ ആക്രമിക്കാൻ ചെന്നില്ല. അത്തരം സമരരീതിയല്ല ഇവിടെ കാണുന്നത്. ഒരുവശത്ത് കോൺഗ്രസും കൂട്ടരും അരാജകസമരം നടത്തുമ്പോൾ മറുപുറത്ത് കേന്ദ്രഭരണവും സംഘപരിവാറും കേരള സർക്കാരിനെ പ്രവർത്തിക്കാൻ സമ്മതിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് കിഫ്ബിയെയും വിവിധ ക്ഷേമപദ്ധതികളെയും വരിഞ്ഞുമുറുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും മറ്റു ഭരണസംവിധാനങ്ങളെയും ഇറക്കിവിട്ടിരിക്കുന്നത്. ഇങ്ങനെ കേരളം നശിച്ചാലും വേണ്ടില്ല, കേരളീയർ കഷ്ടപ്പെട്ടാലും വേണ്ടില്ല പിണറായി ഭരണം പോയാൽ മതി എന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയും നയിക്കുന്ന പ്രതിപക്ഷങ്ങൾ. ഇത് ‘മകൻ ചത്തിട്ടാണേലും മരുമകളുടെ കണ്ണീര് കണ്ടാൽ മതി’ എന്ന ചീത്ത ചിന്തയാണ്.

എൽഡിഎഫ് സർക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കിൽ അതിൽ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എൽഡിഎഫ് സർക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ല. പത്രപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്ടറാക്കി. എന്നാൽ, അതിൽ പൗരസമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരിന് ഇല്ലെന്നതാണ്. എന്നാൽ, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങൾക്കു മുന്നിൽ ഈ സർക്കാർ മുട്ടുമടക്കുകയുമില്ല.കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്ക് എതിരെകോൺഗ്രസ് നടത്തുന്ന സമരത്തിൽ ഒരു ന്യായവുമില്ല. രണ്ടു കാര്യങ്ങൾ കൊണ്ട്‌ ഇക്കാര്യം വ്യക്തമാണ്.

(ഒന്ന്) കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന സമരരീതി തികച്ചും ജനാധിപത്യവിരുദ്ധമാണ്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ മൂന്ന് ക്രിമിനലുകളെ കോൺഗ്രസ്– യൂത്ത് കോൺഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തി ‘അക്രമസംഭവം’ സൃഷ്ടിക്കാൻ നിയോഗിച്ചതുമുതൽ കാക്കനാട് സംഭവംവരെ ഏറ്റവും പ്രാകൃതമായ സമരമുറകളാണ്. വിമാനത്തിൽ കയറിയവർ ഇരിപ്പിടത്തിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നില്ല. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് പാഞ്ഞു ചെല്ലുകയായിരുന്നില്ലേ. ഉദ്ദേശ്യം സമാധാനപരമായിരുന്നെങ്കിൽ ആ രീതി അവലംബിക്കില്ലായിരുന്നു. ഇത്തരം അരാജകത്വ സമരമുറകൾ ജനാധിപത്യം നിലനിൽക്കുന്ന ഒരു നാടിന് യോജിച്ചതല്ല.

(രണ്ട്) കരിങ്കൊടി സമരത്തിന് ഉയർത്തുന്ന മുദ്രാവാക്യത്തിന്റെ അർഥശൂന്യതയാണ് മറ്റൊരു ഘടകം. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറ്റുപിടിച്ച് മുഖ്യമന്ത്രിക്കും മറ്റും എതിരെ കരിങ്കൊടി കാട്ടുന്നത് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമരമാർഗമാണോ? അങ്ങനെയെങ്കിൽ എന്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഈ കറുത്തകൊടി ഉയരുന്നില്ല.

മുഖ്യമന്ത്രി വ്യക്തിപരമായോ പദവി ഉപയോഗിച്ചോ ഒരു അഴിമതിയും നടത്തിയിട്ടില്ല. നിയമസഭ– തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷവും അവരെ പിന്തുണച്ച മാധ്യമങ്ങളും പ്രചരിപ്പിച്ച എൽഡിഎഫ് സർക്കാർ വിരുദ്ധ ആക്ഷേപങ്ങൾ ജനങ്ങൾ തള്ളി. എന്നാൽ, മോദിക്കും കേന്ദ്ര മന്ത്രിമാർക്കും എതിരെ റഫേൽ വിമാന ഇടപാടുമുതൽ പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ ക്രമക്കേടും പെഗാസസുംവരെ പലവിധ ആക്ഷേപങ്ങൾ നിലനിൽക്കുന്നു. ചിലതെല്ലാം കോടതിയുടെ പരിഗണനയിലുമാണ്. അതുപോലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരെ ഉൾപ്പെടെ ഇഡിയെ ദുരുപയോഗിച്ച് മോദി ഭരണം പീഡിപ്പിക്കുന്നു എന്ന് കോൺഗ്രസുതന്നെ പരാതിപ്പെടുന്നു. എന്നിട്ടും മോദിക്കെതിരെ കോൺഗ്രസ് എന്തേ കരിങ്കൊടി കാട്ടാത്തത്.

കരിങ്കൊടി മറവിൽ കുഴപ്പമുണ്ടാക്കൽ ജനാധിപത്യ സമരരീതിയാണെങ്കിൽ മോദിക്ക് എതിരെയല്ലേ കോൺഗ്രസ് നേതാക്കളേ നിങ്ങൾ ആദ്യം പ്രതിഷേധിക്കേണ്ടത്. മോദിക്കുനേരെ ഉയർത്താത്ത കരിങ്കൊടിയാണ് പിണറായിക്കുനേരെ പിടിക്കുന്നത്. അതിൽ തെളിയുന്നത് കോൺഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയും ജനാധിപത്യനിഷേധവുമാണ്. അതിനൊപ്പം എൽഡിഎഫ് വിരുദ്ധതയിൽ കേരളത്തിലെ  കോൺഗ്രസും മോദിഭരണക്കാരും തമ്മിലുള്ള ഒക്കച്ചങ്ങാതി നയവും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top