സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സംസ്ഥാനവ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കുറഞ്ഞെങ്കിലും കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം.
വിവിധ സമുദ്രമേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.











0 comments