ചിലിയില്‍ നാവികസേനാംഗം ഓടിച്ചിരുന്ന കാര്‍ മാർക്കറ്റിലേക്ക് പാഞ്ഞുകയറി ആറ് മരണം; 7 പേര്‍ക്ക് പരിക്ക്

സാന്റിയാഗോ: ചിലിയിലെ തിരക്കേറിയ വഴിയോര മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി ആറുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടുമാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
തീരദേശ നഗരമായ വിന ഡെൽ മാറിലെ കൗപോളിക്കൻ മാർക്കറ്റിലാണ് ഞായറാഴ്ച അപകടമുണ്ടായത്. ഡ്യൂട്ടിയിലല്ലായിരുന്ന ചിലി നാവികസേനാംഗമാണ് കാർ ഓടിച്ചിരുന്നത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആളുകൾക്കും കടകൾക്കും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
റോഡരികിലേക്ക് കയറിയ കാർ ആളുകളെ ഇടിച്ചുതെറിപ്പിച്ചശേഷം ബസ് സ്റ്റോപ്പിൽ ഇടിച്ചാണ് നിന്നത്. ബസ് സ്റ്റോപ്പിൽ ഇടിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ ആളുകൾ അപകടത്തിൽപ്പെടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടത്തിനു പിന്നാലെ നാട്ടുകാർ കാറിന് പിന്നാലെ ഓടുന്നതും ഡ്രൈവറെ പൊലീസ് വാഹനത്തിലേക്ക് മാറ്റുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് അപകടത്തെക്കുറിച്ച് ഒന്നും ഓർമയില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. നടത്തിയ മദ്യ, ലഹരി പരിശോധനകളുടെ ഫലം നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആവശ്യമായ സഹായം നൽകുമെന്നും അപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുമെന്നും ചിലി പ്രസിഡന്റ് ഹോസെ അന്റോണിയോ കാസ്റ്റ് അറിയിച്ചു.










0 comments