06 October Thursday

ആശങ്കയുടെ ആഗസ്‌തുകൾ

ഡോ. ഗോപകുമാർ 
ചോലയിൽUpdated: Wednesday Aug 3, 2022

ഒരിടവേളയ്‌ക്കുശേഷം കാലവർഷം കേരളത്തിൽ ശക്തിപ്രാപിക്കുന്നു.  ജൂണിൽ മടിച്ചു പെയ്ത കാലവർഷം ജൂലൈയിലും മെച്ചപ്പെട്ടില്ല.  കാലവർഷം (ജൂൺ–-സെപ്തംബർ) പകുതി പിന്നിടുമ്പോഴും  സംസ്ഥാനത്ത് 26 ശതമാനം മഴ കമ്മിയുണ്ട്.  സാധാരണ ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്റർ ആണ്; എന്നാൽ ലഭിച്ചതാകട്ടെ 961.1  മില്ലിമീറ്റർമാത്രം. ജൂണിൽ യഥാർഥത്തിൽ ലഭിക്കേണ്ട  മഴയുടെ കേവലം 48 ശതമാനം  മാത്രമേ കിട്ടിയുള്ളൂ.  ജൂണിൽ ലഭിക്കേണ്ടത്‌ ശരാശരി  648.3 മില്ലിമീറ്ററും ലഭിച്ചത് 308.6 മില്ലിമീറ്ററും ആണ്. ജൂലൈയിലാകട്ടെ മഴക്കണക്ക് കഷ്ടി കൂട്ടിമുട്ടി.  ശരാശരി ലഭിക്കേണ്ട 653.4  മില്ലിമീറ്റർ മഴയിൽ 652.6 മില്ലിമീറ്റർ കിട്ടി.  സംസ്ഥാനത്തിന്റെ കാലവർഷപ്രകൃതം പരിശോധിച്ചാൽ ജൂണിലാണ് ഏറ്റവും കൂടുതൽ മഴ കിട്ടേണ്ടത്.  തൊട്ടുപിന്നിൽ ജൂലൈ. ആഗസ്‌ത്‌ ആകുമ്പോൾ ക്രമേണ ശക്തി ക്ഷയിച്ച് സെപ്തംബറോടെ നന്നേ കുറയുന്ന പ്രവണതയാണ് പതിവ് രീതി. 

മുഖം മാറുന്ന മഴപ്പെയ്‌ത്ത്‌
ഏതാനും വർഷങ്ങളായി കേരളത്തിലെ കാലവർഷത്തിന്റെ ആദ്യപകുതിയിൽ (ജൂൺ–- ജൂലൈ ) മഴ കുറയുന്ന പ്രവണതയ്ക്കാണ് മുൻ‌തൂക്കം.  സാധാരണഗതിയിൽ ഈ മാസങ്ങളിൽ ആകെ കാലവർഷമഴയുടെ 68 ശതമാനത്തോളം  പെയ്തൊഴിയും. ബാക്കി  ആഗസ്‌തിലും സെപ്തംബറിലുമായി പെയ്യും.  എന്നാൽ, ഈ രീതിക്ക്‌ മാറ്റം വരുന്നതായി നിരീക്ഷിക്കപ്പെടുന്നു. ആദ്യ പകുതിയിൽ മഴ കുറഞ്ഞ് രണ്ടാം പകുതിയിൽ (ആഗസ്‌ത്‌–- സെപ്തംബർ) മഴ ശക്തിയാർജിക്കുന്ന പ്രവണതയാണ്  സമീപകാലങ്ങളിൽ പ്രകടമാകുന്നത്.  മഴയുടെ തീവ്രതയും വർധിച്ചിരിക്കുന്നു.  ശക്തമായതോ (70 മില്ലിമീറ്ററിൽ കൂടുതൽ) അതിശക്തമായതോ (115 മില്ലി മീറ്ററിൽ കൂടുതൽ) അതിതീവ്രമായതോ (200 മില്ലിമീറ്ററിൽ കൂടുതൽ) ആയ വിഭാഗങ്ങളിൽപ്പെടുന്ന മഴയാണ് ആഗസ്‌ത്‌–- സെപ്തംബറിൽ ലഭിക്കുന്നത്.  2018ലും 2019ലും അനുഭവപ്പെട്ട രൂക്ഷമായ പ്രളയസാഹചര്യങ്ങൾക്ക് അതിശക്ത, അതിതീവ്ര ഗണത്തിൽ മഴ പെയ്തത് പ്രധാന കാരണമായിരുന്നു. ഇത്തരത്തിൽപ്പെട്ട മഴ പരിസ്ഥിതിലോല പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും മറ്റും നിലയ്ക്കാതെ പെയ്യുന്ന അവസരങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്നു.  ഇടനാട്–- മലനാട് മേഖലയിൽ സമീപദിനങ്ങളിൽ കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഇതിനുദാഹരണമാണ്. 

താൽക്കാലിക വിരാമം കഴിഞ്ഞ് വീണ്ടും സജീവഘട്ടത്തിലേക്ക് കടക്കുകയാണ് കാലവർഷം. താൽക്കാലിക വിരാമം മൺസൂൺകാലത്ത് സാധാരണമാണ്. ഇടയ്ക്ക് (ജൂലൈയിലോ ആഗസ്‌തിലോ ) ഒന്നോ രണ്ടോ ആഴ്ച മഴ മാറിനിൽക്കുന്ന അവസ്ഥ.  ഈ സമയം ഹിമാലയൻ താഴ്‌വരപ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കും.  താൽക്കാലിക വിരാമം കഴിഞ്ഞ്  വീണ്ടും കാലവർഷം സജീവമായ  ഈ ഘട്ടത്തിൽ  ബംഗാൾ ഉൾക്കടൽമുതൽ ദക്ഷിണേന്ത്യവരെ വ്യാപിച്ചുകിടക്കുന്ന ഒരു ന്യൂനമർദ പാത്തി രൂപം കൊണ്ടിരിക്കുന്നു. കൂടാതെ, തമിഴ്‌നാടിന്റെ തീരത്തോടടുത്ത് ചക്രവാതച്ചുഴിയുമുണ്ട്.   കാലവർഷക്കാറ്റുകളെ  ഊർജസ്വലമാക്കുന്നത് ന്യൂനമർദവ്യവസ്ഥകളാണ്.  ഇവ കാറ്റുകളെ ആകർഷിക്കുന്നതിനാലാണ് ന്യൂനമർദസാന്നിധ്യം മഴയ്ക്ക് ശക്തിയേകുന്നത്.  കാലവർഷക്കാലത്ത് ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ ന്യൂനമർദങ്ങളോ ന്യൂനമർദ പാത്തിയോ  ചക്രവാതച്ചുഴികളോ ഉണ്ടാകുമ്പോൾ അവയുടെ സ്വാധീനംമൂലം കാലവർഷക്കാലത്ത് കനത്ത മഴ ലഭിക്കാറുണ്ട്.  തോരാതെനിന്നു പെയ്യുന്ന മഴയാണ് ഇത്തരം സാഹചര്യങ്ങളുടെ സവിശേഷത.  മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽനിന്ന് വിഭിന്നമായി ഇപ്പോൾ പെയ്യുന്നത് തീവ്രവും അതിതീവ്രവുമായ മഴയാണ്. സമീപ വർഷങ്ങളിൽ ആഗസ്‌തിൽ പ്രത്യേകിച്ചും കേരളത്തിൽ കനത്ത മഴ നൽകുന്ന വിധത്തിൽ ഇത്തരത്തിലുള്ള അന്തരീക്ഷ ഘടകങ്ങളുടെ സാന്നിധ്യം ദൃശ്യമാകുന്നുണ്ട്.

വേണം ജാഗ്രത; ഒപ്പം സഹകരണവും
ഭൂവിനിയോഗക്രമങ്ങളിലെ അശാസ്ത്രീയതയും അവിവേകവുമാണ് ഇത്തരത്തിലുള്ള മഴക്കാലദുരന്തങ്ങൾക്ക് പലപ്പോഴും പരോക്ഷ ഹേതുവായി മാറുന്നത്.  മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കാർഷിക വൃത്തികൾ, നിർമാണപ്രവർത്തനങ്ങൾ തുടങ്ങി മണ്ണിന്റെ  സ്വാഭാവിക ഘടന മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ പാടെ ഒഴിവാക്കുകതന്നെയാണ് കരണീയം. ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽനിന്ന് തദ്ദേശവാസികളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് നിർബന്ധമായും മാറ്റി താമസിപ്പിക്കേണ്ടതാണ്.  അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ഉയരാൻ ഇടയുള്ളതിനാലും അണക്കെട്ടുകൾ തുറന്നുവിടേണ്ട സ്ഥിതി പ്രതീക്ഷിക്കേണ്ടതിനാലും നദീതീരങ്ങളിലുള്ളവർ ജാഗ്രതയോടെയിരിക്കണം. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ കൃത്യമായി പിന്തുടരുക.  ഓടകളിലും ചാലുകളിലും മണ്ണും മാലിന്യവും അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകുന്നത് തടയപ്പെടുന്നതാണ് നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വെള്ളം പൊങ്ങുന്നതിന് പ്രധാന കാരണം. ചാലുകൾ സമയബന്ധിതമായി വൃത്തിയാക്കണം.  എങ്കിൽപ്പോലും അവ പ്രവർത്തനസജ്ജമായ രീതിയിൽ സംരക്ഷിക്കുകയെന്നത് സമൂഹത്തിന്റെമാത്രം ഉത്തരവാദിത്വമാണ്.  ജലനിർഗമന മാർഗങ്ങൾ അടഞ്ഞുപോകുന്നപക്ഷം വെള്ളക്കെട്ട് അല്ലെങ്കിൽ പ്രളയം ഉറപ്പാണ്.  വെള്ളം ഒഴിഞ്ഞുപോയാലും ജലജന്യ സാംക്രമിക രോഗങ്ങൾക്കുള്ള സാധ്യതയാണ് മറ്റൊരു വിപത്ത്.  

കാലാവസ്ഥാ റിപ്പോർട്ടുകൾക്കും മുന്നറിയിപ്പുകൾക്കും ചെവികൊടുക്കുക.  വരുന്ന നാലഞ്ച് ദിവസംകൂടി സംസ്ഥാനത്ത് മഴ ശക്തമായി ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഭരണകേന്ദ്രം ഉണർന്ന് പ്രവർത്തിക്കുന്നുവെന്നത് പ്രത്യാശാഭരിതമാണ്.  മലയിടിച്ചിലിന് കാരണമാകുന്ന തോതിലുള്ള അതിതീവ്രമഴയെ കരുതിയിരിക്കണം.  മധ്യ ദക്ഷിണ കേരളത്തിലെ നദികളിൽ വെള്ളം ഉയർന്നിട്ടുണ്ട്. മുൻകാല അനുഭവങ്ങൾ പ്രകാരം പെരിയാറിന്റെ തീരത്തുള്ളവർ വളരെ ജാഗ്രത പാലിക്കേണ്ടതാണ്.  ഭരണാധികാരികളുടെ ജാഗ്രതമാത്രം പോരാ; ജനങ്ങളുടെ സഹകരണവും കൂടിയുണ്ടെങ്കിൽ മാത്രമേ ദുരന്തനിവാരണം വിജയം കാണൂ.

മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ മറ്റ് കാലാവസ്ഥാ ഘടകങ്ങൾക്കെന്നപോലെ ചില വേളകളിൽ മഴ തീവ്രപ്രകൃതം കൈവരിക്കുന്നു.  കാലാവസ്ഥയിലെ നൂതന പ്രവണതകൾ അംഗീകരിക്കുകയും തദനുസൃതമായ അനുകൂലന അതിജീവന തന്ത്രങ്ങൾ കൈക്കൊള്ളുകയും ചെയ്യുക എന്നതുമാത്രമാണ് ദുരന്ത ലഘൂകരണത്തിനുള്ള പോംവഴി.  കാലാവസ്ഥയെ ചൊൽപ്പടിക്ക് നിർത്താൻ കഴിയില്ലെങ്കിൽപ്പോലും കാലാവസ്ഥയുടെ തീക്ഷണഭാവങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ഉചിതമായ നടപടിക്രമങ്ങളിലൂടെ മയപ്പെടുത്താൻ നമുക്ക് കഴിയണം. എങ്കിൽ മാത്രമേ, കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും അതിജീവിക്കാൻ നമുക്കാകുകയുള്ളൂ.

(കാലാവസ്ഥാ ഗവേഷകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top