11 August Thursday

ഇന്ധന നികുതിയിൽ കേന്ദ്രത്തിന്റെ കാപട്യം; ധനമന്ത്രി കെ എൻ ബാലഗോപാൽ എഴുതുന്നു

കെ എൻ ബാലഗോപാൽUpdated: Monday Nov 15, 2021

ഇ ന്ധനവില വർധനയെക്കുറിച്ച് ഇപ്പോൾ വ്യാപകമായ ചർച്ച നടക്കുകയാണ്. അനുദിനമെന്നവണ്ണം വർധിച്ചുവന്ന ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യത്തേക്കാളുപരി സർക്കാരുകൾ നികുതി കുറയ്ക്കുന്നതിലേക്ക് ആ ചർച്ചകൾ ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ ദീപാവലി ദിനത്തിൽ നരേന്ദ്ര മോദി സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതോടെയാണ് പുതിയ ചർച്ചകൾക്ക് തുടക്കമായത്. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇത് സംഭവിച്ചയുടൻ പതിവുപോലെ സ്തുതിപാഠകസംഘം പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തി. ധനമന്ത്രാലയമാകട്ടെ ഈ നടപടിയെ രാജ്യത്തെ കർഷകർക്കായി സമർപ്പിക്കുകയും ചെയ്തു. ലോക്‌ഡൗൺ കാലയളവിലും രാജ്യത്തെ സാമ്പത്തികവളർച്ചയുടെ തോത് കുറയാതെ മുന്നോട്ടുകൊണ്ടുപോയത് കർഷകരാണെന്നും കേന്ദ്രത്തിന്റെ നടപടി വരുന്ന റാബി സീസണിൽ കർഷകർക്ക് സഹായകമാകുമെന്നുമാണ് ധനമന്ത്രാലയം അഭിപ്രായപ്പെട്ടത്.

ഇതിലും വലിയ കാപട്യം വേറെന്താണുള്ളത്? നവംബറിന്റെ തുടക്കംവരെ പെട്രോളിന് 31 രൂപയും ഡീസലിന് 33 രൂപയും കേന്ദ്രം അധിക സെസ് ഈടാക്കിവരികയായിരുന്നു. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാകട്ടെ ഇപ്പോൾ കുറവുമാണ്. അതായത് ഇപ്പോഴുള്ളതിലും വളരെ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ജനങ്ങൾക്ക് നൽകാൻ കേന്ദ്രത്തിനു സാധിക്കും. വൻകിട കോർപറേറ്റുകളെ വഴിവിട്ട് സഹായിച്ചതിലൂടെ കേന്ദ്ര സർക്കാരിനുണ്ടായ വരുമാന നഷ്ടത്തിന്റെ ഭാരം രാജ്യത്തെ സാധാരണ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ് യഥാർഥത്തിൽ ശ്രമിക്കുന്നത്. ഇന്ധന നികുതി കുറച്ചുള്ള തീരുമാനം വന്നയുടൻ ബിജെപി പ്രതിപക്ഷ കക്ഷിയായുള്ള സംസ്ഥാനങ്ങളിലെല്ലാം പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തി. ഇതാണ് കാപട്യം.

പെട്രോളിനും ഡീസലിനും അധിക എക്‌സൈസ് നികുതിയും സെസും കേന്ദ്രം ഏർപ്പെടുത്തിയ വേളയിൽത്തന്നെ ഇടതുകക്ഷികൾ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2014ൽ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി എക്‌സൈസ് നികുതി വർധന നടപ്പാക്കിയതിനെതിരെ ഞാൻ രാജ്യസഭയുടെ ശീതകാല സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നിരുന്നു. കേന്ദ്ര സർക്കാർ പിൻവാതിൽ നടപടികളിലൂടെ നിയമഭേദഗതികൾ വരുത്തി പെട്രോളിന്റെയും ഡീസലിന്റെയും നികുതി വർധിപ്പിക്കാൻ നടപടി സ്വീകരിക്കുകയാണുണ്ടായത്. കേന്ദ്രത്തിന്റെ ഈ നടപടിക്ക് ഒരു കാരണമുണ്ട്. നീതിയുക്തമായ കാരണമില്ലാതെ വലിയ നികുതി അടിച്ചേൽപ്പിക്കാൻ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാൽ, അസാധാരണ സന്ദർഭങ്ങളിൽ അടിസ്ഥാന നികുതിക്കും തീരുവയ്ക്കുംപുറമെ സെസും സർചാർജും ഈടാക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. അടിസ്ഥാന നികുതിയുടെ പതിൻമടങ്ങ് വർധന വരുത്തുന്നതിലൂടെ കേന്ദ്രം ഭരണഘടനയുടെ വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുകയാണുണ്ടായത്. നികുതി വർധനയുടെ അധികഭാരം തീർച്ചയായും ജനങ്ങളുടെയും സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളുടെയുംമേലുള്ള കടന്നുകയറ്റമായി കാണണം.

നിലവിലുള്ള നികുതിയുടെമേൽ ഏർപ്പെടുത്താറുള്ള ചെറിയ നികുതിയാണ് സർചാർജ്. ഇതിന്റെ തുക വളരെ ചെറുതായിരിക്കും. എന്നാൽ, ഇവിടെ സംഭവിച്ചതോ? അടിസ്ഥാന നികുതിയുടെ ഏഴും എട്ടും മടങ്ങാണ് സർചാർജ്. ഇതിലെ ന്യായമെന്താണ്? നിലവിൽ അടിസ്ഥാന എക്‌സൈസ് നികുതി 1.40 രൂപയാണ്. ബാക്കിയുള്ള നികുതി പ്രത്യേക അധിക എക്‌സൈസ് തീരുവയും സെസുമാണ്. ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കുകയുമില്ല. പൂർണമായും ഈ നികുതി കേന്ദ്ര വിഹിതത്തിലേക്കാണ് ലഭിക്കുക. അനുച്ഛേദം 271 പറയുന്നതെന്താണ്: ‘അനുച്ഛേദം 269, 270 എന്നിവയിൽ എന്തുതന്നെയായാലും പാർലമെന്റിന് എപ്പോൾ വേണമെങ്കിലും 246 എയ്‌ക്ക്‌ കീഴിലുള്ള ചരക്കുസേവന നികുതിയൊഴികെ മേൽഅനുച്ഛേദങ്ങളിൽ പരാമർശിച്ചിട്ടുള്ള  തീരുവകളും നികുതികളും കേന്ദ്രത്തിന്റെ  ആവശ്യങ്ങൾക്കായി ഒരു സർചാർജ് മുഖേന വർധിപ്പിക്കുകയും അത്തരം സർചാർജിന്റെ മുഴുവൻ വരുമാനവും ഇന്ത്യയുടെ ഏകീകൃത ഫണ്ടിന്റെ ഭാഗമാകുകയും വേണം.' എന്നാൽ, സംസ്ഥാനങ്ങളുടെ അവകാശങ്ങളെ വെട്ടിക്കുറയ്ക്കാൻ കേന്ദ്രം ഇതിനെ ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. വലിയ തീരുവ അടിച്ചേൽപ്പിച്ചതിലൂടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നിയന്ത്രിക്കുകയാണ് ചെയ്തത്‌.

പിപിഎസി (പെട്രോളിയം ആൻഡ് പ്ലാനിങ് അനാലിസിസ് സെൽ) പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് 2020-–-21ൽ പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്ന് 3.72 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിനു ലഭിച്ച വരുമാനം. ഇതിൽത്തന്നെ ഏകദേശം 18,000 കോടി രൂപ അടിസ്ഥാന എക്‌സൈസ് തീരുവയായി സമാഹരിച്ചതാണ്‌. 2.3 ലക്ഷം കോടി രൂപ സെസ് ഇനത്തിലും 1.2 ലക്ഷം കോടി രൂപ പ്രത്യേക അധിക എക്‌സൈസ് തീരുവയായും സമാഹരിച്ചു. ഇവിടെ മൂന്നു കാര്യം ശ്രദ്ധിക്കണം. ഒന്നാമതായി, 3.72 ലക്ഷം കോടി രൂപയുടെ അടിസ്ഥാന നികുതിഘടകം വെറും 18,000 കോടി രൂപയാണ്. ഇത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൊത്തം വരുമാനത്തിന്റെ 4.8 ശതമാനം മാത്രമാണ്. രണ്ടാമതായി, 18,000 കോടിയുടെ 41 ശതമാനംമാത്രമാണ് ഡിവിസിബിൾ പൂളിൽ വരുന്നത്. മൂന്നാമതായി, പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നുള്ള മൊത്തം വരുമാനത്തിന്റെ 95 ശതമാനം സെസിൽനിന്നും അധിക എക്‌സൈസ് തീരുവയിൽനിന്നുമാണ്. ഇതാണ് ഏറ്റവും പ്രധാനം. ഈ വിഹിതത്തിൽനിന്ന് ചില്ലിക്കാശു പോലും കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുമില്ല. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിന്റെ മികച്ച ഉദാഹരണമാണ്‌ ഇത്. ഇത് ഗൗരവമായ ചർച്ചയ്ക്കു വിധേയമാകേണ്ട വിഷയമാണ്. സെസും തീരുവയും ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഭരണഘടനയിലെ  വ്യവസ്ഥകൾ ഉൾപ്പെടെ ചർച്ചയുടെ ഭാഗമാകണം.

ജിഎസ്ടി നടപ്പാക്കിയശേഷം പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ നികുതി നിശ്ചയിക്കുന്നതിനു മാത്രമേ സംസ്ഥാനങ്ങൾക്ക് അധികാരമുള്ളൂ. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും ഏകപക്ഷീയമായി എടുത്തുകൊണ്ടുപോകുന്നതിലൂടെ സംസ്ഥാനങ്ങളോട്‌ കടുത്ത അനീതിയാണ് കേന്ദ്രം കാട്ടിയത്. സാമ്പത്തിക ഫെഡറലിസത്തിന്റെ ദുരുപയോഗമാണ്‌ ഇത്. സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായിനിന്ന് ഇതിനെ എതിർക്കുകയാണ് വേണ്ടത്. സെസ്, അധിക നികുതികൾ എന്നിവയിലൂടെ കേന്ദ്രത്തിന് ലക്ഷം കോടി രൂപയാണ് ലഭിക്കുന്നത്. കോവിഡ് മഹാമാരിയുടെ വേളയിൽപ്പോലും ഈ നികുതികളിലൂടെ കേന്ദ്രം ഭീമമായ വരുമാനമുണ്ടാക്കി. എന്നാൽ, ഈ പണമെല്ലാം എവിടേക്കാണ് പോയത്? ഈ പണത്തിന്റെ ഗുണഫലം ലഭിച്ചത് ആർക്കാണ്? ഇതിനുള്ള ഉത്തരം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും യഥാർഥ പ്രതിസന്ധി വ്യക്തമാക്കും.
മുമ്പെന്നുമില്ലാത്തവിധമുള്ള പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോവിഡ് മഹാമാരി ഇത് കൂടുതൽ വഷളാക്കി. ഈ ഘട്ടത്തിൽ ജനങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ട് സംസ്ഥാനങ്ങൾക്ക് കണ്ടെത്തേണ്ടി വന്നു. ഭക്ഷ്യക്കിറ്റ്, കോവിഡിനെത്തുടർന്ന് വരുമാനം നിലച്ച ബിപിഎൽ കുടുംബങ്ങൾക്കുള്ള പ്രതിമാസ ധനസഹായം, മറ്റു അടിയന്തര സഹായങ്ങൾ എന്നിവയിലൂടെയെല്ലാം കേരളം ഈ അവസരത്തിൽ ജനങ്ങളെ സംരക്ഷിച്ചു.

ഇതിനെല്ലാംപുറമെ ദേശീയ ആസ്തിവിൽപ്പന നയം രാജ്യത്തിന്റെ പരമാധികാരത്തെത്തന്നെ ബാധിക്കുന്നതാണ്. ജീവനക്കാരുടെ ശമ്പളം നൽകുന്നതുൾപ്പെടെ പ്രതിദിന ചെലവുകൾക്കായി കേന്ദ്രം വൻതോതിൽ രാജ്യത്തിന്റെ ആസ്തി വിറ്റഴിക്കുകയാണ്. 1991 മുതലുള്ള കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നവഉദാരവൽക്കരണ നയങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതിന്റെ ഫലമായി ലാഭത്തിലുള്ള നവരത്‌ന കമ്പനികളും റെയിൽവേ സ്‌റ്റേഷനുകളും ദേശീയ പാതകളുമൊക്കെ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്.

നികുതി വർധന കോർപറേറ്റുകൾക്ക്‌ ഇളവ്‌ നൽകാൻ

ഈ നടപടികളുടെ ഗുണഭോക്താക്കൾ ആത്യന്തികമായി ആരെല്ലാമാണ്? ഉത്തരം ലളിതമാണ്. കുറച്ച് കോർപറേറ്റ് സ്ഥാപനങ്ങൾ. ആസ്തി വിൽപ്പനയിലൂടെ ആറു ലക്ഷം കോടി രൂപയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതേ കേന്ദ്ര സർക്കാർ 8.75 ലക്ഷം കോടി രൂപയുടെ കോർപറേറ്റ് വായ്‌പകളാണ് എഴുതിത്തള്ളിയത്. കോർപറേറ്റ് സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികൾ ബാഡ് ബാങ്ക് നോക്കുമെന്നാണ് കേന്ദ്രം പറയുന്നത്. പൊതുമേഖലാ ബാങ്കുകളിലെ പൊതുപണമാണ് ഇതിനായി വിനിയോഗിക്കപ്പെടുന്നത്. ഒരുവശത്ത് പൊതുപണം തളികയിൽവച്ച് കോർപറേറ്റുകൾക്ക് കൈമാറുന്നു. മറുവശത്ത് ഈ സ്ഥാപനങ്ങളുടെ കടം പൊതുജനത്തിന്റെ പണം ഉപയോഗിച്ച് കേന്ദ്രം കൈകാര്യം ചെയ്യുന്നു. എന്ത് വിരോധാഭാസമാണ്‌ ഇത്. കഴിഞ്ഞ സാമ്പത്തികവർഷം ഒരു ലക്ഷം കോടി രൂപയുടെ കോർപറേറ്റ് നികുതിയാണ് ഒഴിവാക്കിയത്. കോർപറേറ്റുകൾക്കു നൽകിയ ഇളവുകൾ കേന്ദ്രത്തിനു വലിയ വരുമാന നഷ്ടമാണ് ഫലത്തിൽ ഉണ്ടാക്കിയത്. ഡിവിസിബിൾ പൂളിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വരുമാനത്തെയും ഇത് ബാധിച്ചു. ഈ അവസ്ഥയെ മറികടക്കുന്നതിന് മഹാമാരിയുടെ കാലത്തുപോലും പെട്രോൾ, ഡീസൽ നികുതി ഭാരത്തിലൂടെ ജനങ്ങളെ പിഴിയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നത് വില കുറയാൻ സഹായിക്കുമെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ കുറഞ്ഞവിലയ്ക്ക് നമുക്ക് എൽപിജി ലഭിക്കേണ്ടതല്ലേ. സിലിണ്ടറിന് 1000 രൂപയിൽ എത്തിയിരിക്കുകയാണ് എൽപിജി വില. ജിഎസ്‌ടി നടപ്പാക്കിയശേഷമുള്ള സാഹചര്യംകൂടി പരിശോധിക്കാം. ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കുറവുണ്ടാകില്ലെന്നായിരുന്നു വാഗ്ദാനം. ജിഎസ്ടിയുടെ തുടക്കത്തിൽ ഉൽപ്പന്നത്തിന്റെ ശരാശരി നികുതി 16 ശതമാനമായിരുന്നു. ഇപ്പോഴത് 11.3 ശതമാനമാണ്. ഇതിലൂടെ ഉപയോക്താവിന് എന്തെങ്കിലും ഗുണമുണ്ടായോ? ഒന്നുമില്ല. അതേസമയം, പണപ്പെരുപ്പം ഉണ്ടാകുകയും ചെയ്യുന്നു. അവശ്യവസ്തുക്കൾക്കെല്ലാം വില കൂടി. സർക്കാരുകൾക്കോ ജനങ്ങൾക്കോ ഇതിലൂടെ ഒരു ഗുണവും ഉണ്ടായില്ലെന്നതാണ് വാസ്‌ത‌വം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top