03 October Monday

സേവനം സമാനതകളില്ലാതെ

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

ലാഭക്കണ്ണുകൾക്കപ്പുറം വിഷരഹിതമായ ഭക്ഷണസാധനങ്ങളും 
തൊഴിലുമായി സമൂഹസേവനത്തിന്റെ ഉദാത്ത മാതൃകയാണ്‌ ദിനേശും റെയ്ഡ്കോയും പോലുള്ള സംഘങ്ങൾ

മായമില്ലാതെ ദിനേശ്|
പല സ്വകാര്യ കമ്പനി കറിപ്പൊടികളിലും മസാലകളിലും മായം കണ്ടെത്തുമ്പോൾ, മായമില്ലാ സർട്ടിഫിക്കറ്റ്‌ നേടി ദിനേശ്‌ ഫുഡ്‌സ്‌. സർക്കാരിന്റെ കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ്‌ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റിന്റെ ഫുഡ്‌ ക്വാളിറ്റി മോണിറ്ററിങ് ലാബിലെ പരിശോധനയിലാണ്‌ മായമില്ലെന്ന്‌ തെളിഞ്ഞത്‌.  

‘ദിനേശി’ന്റെ കറിപ്പൊടികളിലും മസാലകളിലും രാസപദാർഥങ്ങളൊന്നും ഉപയോഗിക്കുന്നില്ല. അഗ്‌മാർക്ക്‌, എഫ്‌എസ്‌എസ്‌എഐ തുടങ്ങിയ ഗുണമേന്മാ അംഗീകാരങ്ങളുമുണ്ട്‌. ബീഡി വ്യവസായം പ്രതിസന്ധിയിലായപ്പോഴാണ്‌ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 1997ൽ ദിനേശ്‌ ഫുഡ്‌സ്‌ ആരംഭിച്ചത്‌. മുളക്‌, മല്ലി, മഞ്ഞൾ പൊടികളും സാമ്പാർ, രസം മിക്‌സ്‌, അച്ചാർ, ചിക്കൻ, ഇറച്ചി‌, മീൻ മസാലപ്പൊടികളാണ്‌ വിപണിയിലെത്തിക്കുന്നത്‌. പത്ത്‌ രൂപയുടെ കറിപ്പൊടി പായ്‌ക്കറ്റും ഇറക്കിയിട്ടുണ്ട്‌. നാളികേരാധിഷ്‌ഠിത ഉൽപ്പന്നങ്ങളും ജാം, സ്‌ക്വാഷ്‌, നന്നാറി സിറപ്പ്‌, മാംഗോ ഡ്രിങ്‌സ്‌ എന്നിവയും നിർമിക്കുന്നു. തേങ്ങാപ്പാലിനും വെർജിൻ കോക്കനട്ട്‌ ഓയിലിനും ആവശ്യക്കാർ ഏറെ.

അപ്പാരൽസ്‌, കുടനിർമാണ മേഖലയിലും ‘ദിനേശു’ണ്ട്‌. ദിനേശ്‌ ഐടി, കഫെ ദിനേശ്‌ എന്നിവയും പ്രവർത്തിക്കുന്നു. സൂക്ഷ്‌മ സംരംഭങ്ങൾക്ക് കേന്ദ്ര‌ വ്യവസായവകുപ്പിന്റെ അസോച്ചം പുരസ്കാരം ഏഴു തവണ നേടി. ചാലക്കുടിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന്‌ വീട്ടിൽ വെള്ളം കയറിയ കുട്ടാടൻ പ്രദേശത്ത്‌ ഒരു കുടുംബം വീട്ടുസാമഗ്രികൾ വലിയ കുട്ടകത്തിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക്‌ നീങ്ങുന്നു

 

എല്ലാമുണ്ട്‌ കഞ്ഞിക്കുഴിയിൽ
പണമിടപാട് മാത്രമല്ല ഈ ബാങ്കിൽ. വീട്ടുജോലിക്കും ആളുവരും. വനിതാ സെൽഫി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുമുണ്ട്‌. കാർഷിക ഓപ്പൺ സ്‌കൂൾ, കാർഷിക ആശുപത്രി, ന്യായവില കുടിവെള്ള പാർലർ – ക-ണ്ടും കേട്ടും പഠിക്കാൻ ഇവയടക്കം മുപ്പതോളം വ്യത്യസ്‌ത പദ്ധതികൾ. കൂട്ടിന്‌ വിവിധ വായ്‌പാ–-നിക്ഷേപ പദ്ധതികളും. ജനങ്ങൾക്ക്‌ വേണ്ടതറിഞ്ഞ്‌ നൽകിയാണ്‌  കഞ്ഞിക്കുഴി സർവീസ്‌ സഹകരണബാങ്കിന്റെ പ്രവർത്തനം. ജനകീയ പച്ചക്കറികൃഷിയിലൂടെ കഞ്ഞിക്കുഴിയുടെ പെരുമ ദേശാന്തരങ്ങൾ പിന്നിട്ടതാണ്‌.

സഹകരണമേഖലയിലെ ആദ്യവനിതാ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ 140 സ്‌ത്രീകളടങ്ങിയ ‘വനിതാ സെൽഫി’യിൽ വിവാഹാലോചനമുതൽ പന്തൽ, പാചകം, ഡെക്കറേഷൻവരെ ഏറ്റെടുക്കുന്നു. കലാസംരംഭവുമുണ്ട്‌. വനിതാ ചെണ്ടമേള ഗ്രൂപ്പും പ്രവർത്തിക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾ സംസ്‌കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയും കാപ്പിക്കടയുമുണ്ട്‌. 

മുറ്റമടിമുതൽ മുറി തുടയ്‌ക്കൽവരെയുള്ള വീട്ടുജോലി നടത്തുന്ന ‘ഷീ ഫ്രണ്ട്‌ലി ഹോം സർവീസി’ൽ 12 വനിതകളുണ്ട്. വിശ്വാസത്തോടെ വീട്ടുജോലി ഏൽപ്പിക്കാം. പരമ്പരാഗത കർഷകരായ ഒമ്പതുപേർ ഉപദേശകസമിതി അംഗങ്ങളായ കാർഷിക ഓപ്പൺ സ്‌കൂളിൽ കൃഷി പഠിക്കാൻ ആർക്കും ചേരാം. കാർഷിക ആശുപത്രിയിലെ ഡോക്‌ടർമാർ പരമ്പരാഗത കർഷകരും വിരമിച്ച കൃഷി ഉദ്യോഗസ്ഥരുമാണ്. ദിവസവും രാവിലെ ബാങ്കിനോട് ചേർന്നുള്ള ഒപിയിലെത്തിയാൽ എല്ലാത്തിനും ഉത്തരം കിട്ടും. പച്ചക്കറിത്തോട്ടങ്ങൾ നിർമിച്ചുനൽകുന്ന ഗ്രൂപ്പ്, കാർഷിക ഔഷധശാല, ശുദ്ധജലം മിതമായ നിരക്കിൽ ലഭ്യമാകുന്ന ന്യായവില കുടിവെള്ള പാർലർ കഞ്ഞിക്കുഴിയുടെ സ്വന്തം ബാങ്കിന്റെ പട്ടിക നീളുകയാണ്‌.

മറ്റത്തൂരിലെ 
‘മരുന്ന് വിപ്ലവം’
മറ്റത്തൂരിലെ തരിശുനിലത്തിൽ ഒരു ഔഷധവനം തളിരിട്ടു, മണ്ണിനെ വീണ്ടെടുത്ത ഗ്രാമീണ കർഷകരുടെ ജീവിതത്തിനൊപ്പം. പുതുക്കാട്‌  മറ്റത്തൂർ ലേബർ കോൺട്രാക്ട്‌ സഹകരണ സംഘമാണ്‌ വരുമാനവുംവിപണിയും ഉറപ്പുവരുത്തി വൈവിധ്യ കാർഷിക പദ്ധതിയായ  ‘ബൈബാക്കു’മായി മുന്നേറുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കദളിപ്പഴം  ഉൽപ്പാദിപ്പിച്ചാണ് ഇവർ മണ്ണിലേക്കിറങ്ങിയത്. തുടർന്ന് ഔഷധിക്ക് ആവശ്യമായ പാവയ്‌ക്ക 2013  മുതൽ 60 ഏക്കറിൽ കൃഷിചെയ്തു. 40 കർഷകർ ചേർന്നുള്ള കൃഷിയിൽ ആഴ്‌ചയിൽ 5,000 കിലോ വിളയിച്ചു. തുടർന്നാണ്, ഔഷധ സസ്യകൃഷിയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നത്. 2016 മുതൽ കുറുന്തോട്ടി, കച്ചോലം, ആടലോടകം, കൊടുവേലി, ശതാവരി, ഓരില, മൂവില തുടങ്ങിയ 15-ൽപ്പരം ഔഷധസസ്യങ്ങൾ നട്ടു.  കർഷകരുടെ ക്ലസ്റ്റർ രൂപീകരിച്ചായിരുന്നു പ്രവർത്തനം.  വിത്തും വളവും സാങ്കേതിക സഹായവും സംഘം നൽകി. 100 ഏക്കറിൽ പടരുന്ന  ഔഷധ ഗന്ധം അഞ്ഞൂറ്‌ ഏക്കറിലേക്ക്‌ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്‌. നിലവിൽ ഔഷധസസ്യ വിപണനവുമുണ്ട്‌.

കേരളത്തിലെ 10 ആയുർവേദ മരുന്ന് നിർമാതാക്കളുമായി  ധാരണയിലെത്തിയിട്ടുണ്ട്‌.  600- കർഷകർ പദ്ധതിയിൽ  അംഗങ്ങളാണ്. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി ആദിവാസി വിഭാഗത്തിലുള്ള 450പേർ കാട്ടിൽനിന്നും ശേഖരിക്കുന്നുണ്ട്. 2023 ൽ മറ്റത്തൂരിൽ ഔഷധസസ്യ അർധ സംസ്കരണ കേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top