Articles

പി ജി എന്ന രണ്ടക്ഷരം മതി ബ‍ൗദ്ധിക കേരളത്തിന്‌ അടയാളമിടാൻ

'മടക്കം' വായിച്ച് മടക്കം

PG
avatar
ആർ പാർവതി ദേവി

Published on Nov 22, 2025, 09:03 PM | 4 min read

2026 മാർച്ച് 26ന് എന്റെ അച്ഛന്, എല്ലാവരുടെയും പി ജിക്ക് നൂറുവയസ്സ്‌ തികയും. 13 വർഷംമുന്പത്തെ ആ നവംബർ 22ന്, വായിച്ച്‌ കൊതിതീരാതെ അച്ഛൻ വിടവാങ്ങി. അക്ഷരങ്ങളുടെ നിത്യപ്രണയിയായ അച്ഛൻ അവസാന ശ്വാസംവരെയും ആർത്തിയോടെ വായിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ദീർഘകാല പ്രമേഹം കാഴ്ചയെയും കേൾവിയെയും ബാധിച്ചപ്പോൾ ഒരിക്കലും നൈരാശ്യത്തോടെ സംസാരിക്കാത്ത അച്ഛൻ, ഒരിക്കൽ പറഞ്ഞു ‘‘വായിക്കാനായില്ലെങ്കിൽ മരണമാണ് ഭേദം.’’ അച്ഛന്‌ ലോകം പൂർണ നിശ്ശബ്ദതയിലായിരുന്നു. ഒരുദിവസം പെട്ടെന്ന് പറഞ്ഞു, ഒരു മൂളൽ കേൾക്കുന്നുണ്ടെന്ന്. അത് ഫാനിന്റെ ശബ്ദമായിരുന്നു. ഞങ്ങൾ അന്ന് കരഞ്ഞുകൊണ്ട് ചിരിച്ചു, അച്ഛനും. ചെറിയ ഇടവേളയ്‌ക്കുശേഷം വീണ്ടും അറിവിന്റെ ലോകത്തേക്ക് മടങ്ങിവരാൻ കഴിഞ്ഞു. വൈദ്യശാസ്‌ത്രത്തിന്റെ വിസ്‌മയം. പിന്നെ അനേകംപേർ വായിച്ചുകൊടുത്തുകൊണ്ടേയിരുന്നു. യുവാക്കൾ, മാധ്യമപ്രവർത്തകർ, സഖാക്കൾ, പിന്നെ ഞങ്ങൾ മക്കളും കൊച്ചുമക്കളും.


അക്ഷരങ്ങളെ സ്വപ്‌നം കണ്ടിരുന്നുവോ?


അച്ഛന്റെ സുഹൃത്തുകൂടിയായിരുന്ന എ എം വാസുദേവൻപിള്ളയുടെ ‘മടക്കം’ എന്ന നോവൽ വീട്ടിൽവച്ച് പ്രകാശിപ്പിച്ച അന്നാണ് വീണ്ടും അസുഖം കൂടിയത്. ആയിരക്കണക്കിന് പൊതുപരിപാടിയിൽ പങ്കെടുത്തിട്ടുള്ള പി ജിയുടെ അവസാനപരിപാടിയായിരുന്നു അതെന്ന് ഞങ്ങൾ കരുതിയില്ല. മധുരക്കൊതിയനായ അച്ഛൻ അന്നൊരു ലഡ്ഡു കഴിച്ചു. പിന്നെ ഒന്പതുനാൾ ഗാഢനിദ്രയിലെന്നപോലെ കിടന്നു. ശാന്തമായ ഉറക്കം. അപ്പോഴും അക്ഷരങ്ങളെ സ്വപ്‌നം കണ്ടിരുന്നുവോ? അങ്ങനെ ഒരു സ്വപ്‌നത്തെക്കുറിച്ച്‌ മുന്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അമ്മയും രണ്ടു മക്കളും മരുമക്കളും കൊച്ചുമക്കളും ബന്ധുക്കളും പ്രിയപ്പെട്ട സഖാക്കളും ഒപ്പം ഉണ്ടായിരുന്നെങ്കിലും അച്ഛൻ ഒന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു. വെന്റിലേറ്ററും ഡയാലിസിസും ഒന്നും വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഒരു കൊക്കക്കോളപോലും കുടിച്ചിട്ടില്ലാത്ത അച്ഛന് കരൾരോഗമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അച്ഛൻ പുഞ്ചിരിയോടെ പറഞ്ഞത് ‘‘ഇത് കള്ളുകുടിയന്മാരുടെ അസുഖമാണല്ലോ’’ എന്നാണ്. മദ്യത്തെയും മദ്യപാനികളെയും അച്ഛൻ ഇഷ്ടപ്പെട്ടിരുന്നില്ല.


എന്തിലും ഏതിലും പോസിറ്റീവ്‌


എന്തിനെയും പോസിറ്റീവായി കാണാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. രോഗമോ വാർധക്യമോ ബുദ്ധിയെയോ മനസ്സിനെയോ ബാധിച്ചില്ല. ശാരീരികമായ പ്രശ്നങ്ങൾ അലട്ടുമ്പോഴും അതിനെ എങ്ങനെ നേരിടണമെന്നാണ് ചിന്തിച്ചിരുന്നത്. അസാമാന്യമായ ധൈര്യം ഉണ്ടായിരുന്നു. ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല. വരാനിടയുള്ള ഒരപകടവും മുൻകൂട്ടി ചിന്തിച്ച് ആശങ്കപ്പെട്ടിരുന്നുമില്ല.


എന്നും വായനയുടെ ലഹരിയിൽ


അച്ഛന്റെയൊപ്പം ഒറ്റയ്‌ക്ക് യാത്ര ചെയ്യുമ്പോൾ, പെൺകുട്ടി എന്ന നിലയിൽ സ്വന്തം കാര്യങ്ങൾ നോക്കിക്കൊള്ളണമെന്ന് അമ്മ എന്നെ ഉപദേശിക്കും. സാധാരണ പലരെയുംപോലെ ‘പെൺകുട്ടിയുടെ സുരക്ഷിതത്വം' അച്ഛൻ ശ്രദ്ധിക്കില്ലെന്ന് അമ്മയ്‌ക്കറിയാമായിരുന്നു. അത് ശരിയുമാണ്. അതുകൊണ്ട് സ്വന്തം കാര്യം സ്വയം നോക്കാനുള്ള പരിശീലനം എനിക്ക് കിട്ടി. അച്ഛന്റെയൊപ്പം യാത്ര ചെയ്യുന്നത് വലിയ ഒരനുഭവമായിരുന്നു. അച്ഛന്റെ കത്തുകളും വ്യത്യസ്തമായിരുന്നു. ഞാൻ മദ്രാസിൽ പഠിക്കുന്ന കാലത്താണ് ഏറ്റവും അധികം കത്തുകൾ കിട്ടിയിരുന്നത്. ചെറുപ്പത്തിൽ സ്റ്റാമ്പ് ശേഖരണം ഉണ്ടായിരുന്നപ്പോൾ നിരന്തരം സ്റ്റാമ്പുകൾ അയച്ചുതന്നിരുന്നു. അന്നൊക്കെ അച്ഛൻ സ്ഥിരമായി യാത്രയിലാണ്. ഓരോ സ്റ്റാമ്പിനെക്കുറിച്ചും ആ രാജ്യത്തെക്കുറിച്ചും എഴുതി അയക്കും. അതല്ലാതെ സാധാരണ രക്ഷിതാക്കളെപ്പോലെ ഉപദേശങ്ങൾ നൽകുന്ന സ്വഭാവമില്ല. പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചുമാണ് കൂടുതലും പറയുക. വായിക്കുന്ന പുസ്തകത്തെക്കുറിച്ച് അങ്ങോട്ട്‌ സംസാരിച്ചാൽ വലിയ സന്തോഷം. അതേക്കുറിച്ച്‌ കൂടുതൽ തിരക്കുന്ന സംശയാലുവുമാകും. മിക്കവാറും അത്‌ അദ്ദേഹം വായിച്ചിട്ടുണ്ടാകും. എന്നാലും മറ്റൊരാൾ വായിച്ചത്‌ പറയുന്പോൾ ജിജ്ഞാസയാണ്‌. വായനയുടെ ലഹരിയിലായിരുന്നു എന്നും.


പാർടിയായിരുന്നു ജീവനും ജീവിതവും


അച്ഛന്റെ ഉള്ളിൽ നിഷ്കളങ്കനായ ഒരു കുട്ടിയുണ്ടായിരുന്നു. എല്ലാവരെയും വിശ്വസിക്കും. വഞ്ചന, ചതി തുടങ്ങിയതൊന്നും മനുഷ്യർക്കുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. അതിന്റേതായ പല പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. മനുഷ്യർക്ക് തിന്മയുണ്ടെന്നത് അലട്ടിയിട്ടേയില്ല. അത് യോഗിതുല്യമായ ഒരു സമാധാനം കൊടുത്തിട്ടുണ്ടാകാം. തിന്മയുള്ള മനുഷ്യരെക്കുറിച്ചുള്ള ചിന്തകളാണല്ലോ നമുക്ക് പലപ്പോഴും ഭയവും ഉൽക്കണ്ഠയും ഉണ്ടാക്കുന്നത്. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പുറത്ത് പറഞ്ഞ കാര്യങ്ങൾ പലരും തെറ്റായി വ്യാഖ്യാനിക്കുകയും അതൊടുവിൽ വിനയായി വരികയും ചെയ്യുമ്പോൾ അദ്ദേഹം വേദനിച്ചെങ്കിലും അതും സധൈര്യം നേരിട്ടു. പുറമേ വളരെ ശാന്തനായിരുന്നുവെങ്കിലും ഒരു പോരാളിയുടെ പ്രക്ഷുബ്ധത ഉള്ളിൽ അലയടിച്ചിരുന്നു. മരണംവരെയും ഉത്തമ കമ്യൂണിസ്റ്റായിരുന്നു. മരണംവരെയും അച്ഛന് പാർടിയായിരുന്നു ജീവനും ജീവിതവും.


പുതുമയെ ഇഷ്‌ടപ്പെട്ട നിത്യയുവാവ്‌


പൊട്ടിത്തെറിക്കുകയും ദേഷ്യംകൊണ്ട് വിറയ്‌ക്കുകയുമൊക്കെ ചെയ്യുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ, ഇതെല്ലാം പ്രത്യയശാസ്ത്ര, സൈദ്ധാന്തിക പ്രശ്നങ്ങളെച്ചൊല്ലിയായിരുന്നു. അദ്ദേഹം സുഹൃത്തുക്കളുമായി മണിക്കൂറുകൾ സംവദിക്കും. പണ്ടൊക്കെ ഫോണിലൂടെ ഉച്ചത്തിൽ തർക്കിക്കുന്നത് കേൾക്കാം. വഴക്കാണെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ട്. അടുത്തനിമിഷം ഉറക്കെ പൊട്ടിച്ചിരിക്കുന്നതും കേൾക്കാം. വീട്ടിൽ ഞങ്ങളോട് ഒരിക്കലും കയർത്ത്‌ സംസാരിച്ചിട്ടില്ല. കുടുംബത്തിനുള്ളിൽ അധികാരപ്രയോഗമേ ഉണ്ടായിട്ടില്ല. ആജ്ഞാസ്വരത്തിൽ ഞങ്ങളുടെ മക്കളോടുപോലും പെരുമാറിയിട്ടില്ല. അവരുടെ വികൃതികളെല്ലാം ആസ്വദിക്കും. വിശക്കുന്നുവെന്നും ദാഹിക്കുന്നുവെന്നും ഞങ്ങളോടും അമ്മയോടും പറയുന്നതുപോലും, ‘എന്തെങ്കിലും കഴിച്ചാലോ? കുറച്ച്‌ വെള്ളം കുടിച്ചാലോ’ എന്നൊക്കെയാണ്. യുവാക്കളെ തുല്യരായി പരിഗണിച്ചു. ഒരർഥത്തിൽ അച്ഛൻ എന്നും യുവാവായിരുന്നല്ലോ. ചെറുപ്പക്കാരോട് സംസാരിക്കാനും അവരുടെ ആശയങ്ങൾ കേൾക്കാനും ഇഷ്ടപ്പെട്ടു. പുതിയ സാങ്കേതികവിദ്യയുടെ വളർച്ച ആവേശംകൊള്ളിച്ചു. അവയോടൊക്കെ ഒരുതരം പ്രണയമായിരുന്നു. അതേക്കുറിച്ച്‌ പഠിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. സി ഡിറ്റ് എന്ന സ്ഥാപനം ആരംഭിച്ചത് പി ജി, കെഎസ്‌എഫ്ഡിസി ചെയർമാനായപ്പോഴാണ്.


യുക്തിചിന്തയും ശാസ്ത്രബോധവും ​


ശാസ്ത്രമായിരുന്നു ഹരംകൊള്ളിച്ചിരുന്ന വിജ്ഞാനശാഖ. യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും ഉറപ്പിച്ചതായിരുന്നു ജീവിതവീക്ഷണം. ചാൾസ് ഡാർവിന്റെ ജീവചരിത്രം അദ്ദേഹം എഴുതിയത് ഇതിന്റെ ഭാഗമായാണ്. ആരോഗ്യം നന്നായി കുറഞ്ഞശേഷം എഴുതിയ ‘വൈജ്ഞാനികവിപ്ലവം: ഒരു സാംസ്‌കാരിക ചരിത്രം’ എന്ന ബൃഹദ്ഗ്രന്ഥം പൂർത്തിയാക്കിയത് നിശ്ചയദാർഢ്യവും തളരാത്ത മസ്തിഷ്കവുംകൊണ്ടാണ്. ഡിടിപി സെന്ററിൽ നേരിട്ടുപോയി തെറ്റുതിരുത്തുകയും ചിത്രങ്ങൾ കണ്ടെത്തി കൊടുക്കുകയും ലേ ഔട്ടിൽ ഇടപെടുകയും ചെയ്യുന്നത് കണ്ടിരുന്നു. എൽഐസി ഉദ്യോഗസ്ഥനായിരുന്ന പരമേശ്വരൻ അന്ന് എഴുത്തിൽ സഹായിച്ചുകൊണ്ട് കൈപിടിച്ചൊപ്പം ഉണ്ടായിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഈ പുസ്തകത്തിന്റെ മൂന്നാം എഡിഷൻ ഈയിടെ പ്രസിദ്ധീകരിച്ചു. നാൽപ്പതിലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ഏറ്റവും സംതൃപ്തി നൽകിയ പുസ്തകം ഇതായിരുന്നിരിക്കാം. നവോത്ഥാനപരമ്പരയാണ് മറ്റൊരു അഭിമാനം. അന്ന് വളരെ ചെറുപ്പമായിരുന്ന വിപിൻചന്ദാണ് സഹായിക്കാൻ കൂടെയുണ്ടായിരുന്നത്. ‘എന്റെ യുവസുഹൃത്ത്' എന്ന് അദ്ദേഹം പുസ്തകങ്ങളിൽ വിപിൻചന്ദിനെ പരിചയപ്പെടുത്തുന്നുണ്ട്.


എഴുതാൻ ബാക്കിവച്ചത്‌


25,000 പുസ്തകങ്ങളുള്ള അച്ഛന്റെ ശേഖരം കണക്കിലെടുക്കുമ്പോൾ എഴുതാതെ പോയ പുസ്തകങ്ങൾ എത്രയോ ഉണ്ടാകും. രോഗം മൂർച്ഛിച്ച കാലത്തും ഇനിയും എഴുതാൻ ഉദ്ദേശിക്കുന്ന പത്തോളം പുസ്തകങ്ങളെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. അച്ഛൻ എഴുതിയ ഏക ഇംഗ്ലീഷ് പുസ്തകം ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുള്ളതാണ്. പക്ഷേ, അത് മരണത്തിന്റെ പിറ്റേന്നാണ് ഡൽഹിയിൽനിന്ന്‌ എത്തിയത്.


ഭക്തിപ്രസ്ഥാനത്തെ ഒരു കമ്യൂണിസ്റ്റ് കാഴ്ചപ്പാടിൽ വിശദീകരിക്കുന്നതാണ് ഈ പുസ്തകം. അറിവിനോടുള്ള അദമ്യമായ പ്രണയമാണ് ‘സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശം' എന്ന ബഹുമതി അദ്ദേഹത്തിന്‌ നൽകിയത്. എന്നാൽ, ഈ വിജ്ഞാനത്തെ ആത്മനിഷ്ഠമായ ഉയർച്ചയ്‌ക്കുവേണ്ടിയല്ല ഉപയോഗപ്പെടുത്തിയത്. വിശ്വസിച്ച മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിനായി നിരന്തരം തന്റെ അറിവ് ഉപയോഗിച്ചുകൊണ്ടിരുന്നു. മതവും ചരിത്രവും സാഹിത്യവും ശാസ്ത്രവും ഫോക്‌ലോറും കലയും സംബന്ധിച്ച ഗ്രന്ഥങ്ങൾ അച്ഛന്റെ പുസ്തക ഷെൽഫിലും മേശയിലും നിരന്നുകിടന്നു. ഞങ്ങൾ ഉറങ്ങാൻ പോകുമ്പോഴും ഞങ്ങൾ ഉണർന്നുവരുമ്പോഴും അച്ഛൻ പുസ്തകങ്ങളിൽ തല കുമ്പിട്ടിരുന്ന്‌ വായിക്കുന്നുണ്ടാകും. ഒടുവിൽ ലെൻസ് വച്ച് വായിക്കുന്ന അച്ഛന്റെ ചിത്രമാണ് ഏറ്റവും തെളിഞ്ഞുനിൽക്കുന്നത്. അച്ഛന്റെ പുസ്തകശേഖരം കാത്തുസൂക്ഷിക്കുക എന്ന ഭാരിച്ച ദൗത്യം ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.


പ്രതിരോധത്തിന്റെ പാഠമായി 
ശതാബ്ദി സ്മാരകം


​​സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2018ൽ ആരംഭിച്ച പി ജി സംസ്കൃതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രാരംഭപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൈക്കാട് നിർമിക്കുന്ന ശതാബ്ദി സ്മാരകം ആധുനികസൗകര്യങ്ങളോടെയുള്ള സാംസ്‌കാരിക സമുച്ചയമായിരിക്കുമെന്നാണ് പ്രതീക്ഷ. വർഗീയശക്തികൾ പിടിമുറുക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ പ്രതിരോധത്തിന്റെ പാഠങ്ങൾക്കായി പി ഗോവിന്ദപ്പിള്ള സ്മാരക കേന്ദ്രത്തെ പ്രയോജനപ്പെടുത്താം. സംസ്കൃതി കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന ചുമതലയിൽ, അച്ഛന്റെ ഓർമയ്‌ക്കായി പ്രവർത്തിക്കാൻ കഴിയുന്നു. കരൾരോഗം സ്ഥിരീകരിച്ചശേഷം ഏതാണ്ട് ഒരുവർഷം പൂർണമായും ഊണും ഉറക്കവും അച്ഛന്റെ കൂടെയായിരുന്നു. ആശുപത്രിയും വീടുമായി കഴിഞ്ഞ കാലം. ആ ദിവസങ്ങൾ കഴിയുന്നത്ര അല്ലലില്ലാതെയാക്കാൻ ഞങ്ങൾ പരിശ്രമിച്ചു. എങ്കിലും ഞങ്ങളോട് പറയാതിരുന്ന ആഗ്രഹങ്ങൾ എന്തെങ്കിലും അച്ഛനുണ്ടായിരുന്നോ എന്ന ചിന്ത ഇപ്പോഴും മനസ്സിനെ അലട്ടാറുണ്ട്.



deshabhimani section

Dont Miss it

Recommended for you

Home