Articles
സോക്കർ വികാരമായി മാറുകയും അതിന്റെ നിഗൂഢലാവണ്യം വെളിപ്പെടുത്തുകയും ചെയ്‌തപ്പോൾ അത് അന്തസ്സുള്ള സമയംകൊല്ലലിന് അയോഗ്യമായത്രേ.
മനുഷ്യാത്മാർഥതയുടെ സാമ്രാജ്യം

എ എൻ രവീന്ദ്രദാസ്
Published on Jun 10, 2026, 10:17 PM | 3 min read
ഇനി വൻകരകളും മഹാസമുദ്രങ്ങളുമില്ല. മരുഭൂമികളും മലനിരകളുമില്ല. യുഎസിന്റെയും മെക്‌സിക്കോയുടെയും കാനഡയുടെയും മണ്ണാണ് ലോകം. അവിടെ 16 നഗരികളുടെ ഹൃദയധമനികളിലൂടെ ഉരുണ്ടുപായുന്ന കാൽപ്പന്തിന്റെ അർഥശൂന്യതയിലേക്ക് ബുദ്ധിയുടെയും കേളീതന്ത്രങ്ങളുടെയും നിരവധി മസ്‌തിഷ്‌കങ്ങളും ബൂട്ടണിഞ്ഞ കാലുകളും ആത്മാവ് പകർന്നുനൽകുമ്പോൾ ലോകം കണ്ണിമചിമ്മാതെ അതുകണ്ട് നിർവൃതിയടയുന്നു.
ലോക ജനസംഖ്യയിൽ മഹാഭൂരിപക്ഷവും കാൽപ്പന്തുകളിയുടെ കടുത്ത വിശ്വാസികളും അതിന്റെ പഠിതാക്കളും പ്രയോക്താക്കളുമാണ്. ലോകം കാൽക്കീഴിലാണെന്ന് മേനിപറയാവുന്നൊരു കളി ഇന്നും ഫുട്ബോൾതന്നെ. കാലദേശഭേദങ്ങളില്ലാതെ ഫുട്ബോൾ ജനഹൃദയങ്ങളെ കീഴടക്കി വാഴുന്നു. ലാറ്റിനമേരിക്കയെന്നോ യൂറോപ്പെന്നോ ആഫ്രിക്കയെന്നോ ക്ലബ്ബുകളെന്നോ രാജ്യമെന്നോ വ്യത്യാസമില്ലാതെ അത് ലോകത്തിന്റെ കാഴ്‌ചയെ പിടിച്ചുനിർത്തുന്നു.
അതെ, വശ്യസുന്ദരമായ ഈ ഫുട്ബോൾസംഗീതം അനന്തമായി, ആവർത്തനരഹിതമായി അങ്ങനെ തുടരുകയാണ്. അതിനൊരു ലയമുണ്ട്; ചന്തമുണ്ട്. ജനകോടികളുടെ മിഴിയും മനവും കവർന്നെടുക്കുന്ന മാസ്‌മരികതയാണ് ഫുട്‌ബോൾ. അത് ഹൃദയഭാഷയാണ്, സഹോദരബന്ധമാണ്. ഹൃദയവും ഞരമ്പും കോർത്തുകൊണ്ടുള്ള ബുദ്ധിപരമായ മത്സരമാണ്. പരസ്‌പരം ബഹുമാനിച്ച് അച്ചടക്കത്തോടെയുള്ള യുദ്ധം.
ലോകകപ്പ് മത്സരങ്ങളിൽ നിറങ്ങളോ വ്യക്തികളോ വിഷയമാകുന്നില്ല. ഏകലോകം എന്ന ചിന്താഗതിയാണ് കാഴ്‌ചക്കാർ പങ്കിടുക. സരളമായ ജീവിതപ്രത്യക്ഷങ്ങളായും സങ്കീർണമായ പരോക്ഷങ്ങളായും പ്രതിബിംബിക്കപ്പെടുന്ന കാൽപ്പന്തുകളിയിൽ ലോകത്തിന്റെ സകലയിടങ്ങളിലുമുള്ള ജനത ഉത്സവമാഘോഷിക്കുന്നുണ്ട്. ജീവിതസമാനത ഇത്രയും സുതാര്യമാക്കുന്ന അധ്വാനത്തിന്റെ കളി വേറെയില്ല. പണക്കാരനും പാവപ്പെട്ടവനും വെളുത്തവനും കറുത്തവനും പണ്ഡിതനും പാമരനും വൃദ്ധനും ബാലനുമെല്ലാം ഫുട്‌ബോൾ ഒരുപോലെ ചേർത്തുവയ്‌ക്കുന്നു.
എങ്ങനെയാണ് ഫുട്‌ബോൾ ദൈവത്തെപ്പോലെയാകുന്നത്. ഇത് രണ്ടും വിശ്വാസികളിൽ ഭക്തിയും ബുദ്ധിജീവികളിൽ അവിശ്വാസവുമുണ്ടാക്കുന്നു. സോക്കർ വികാരമായി മാറുകയും അതിന്റെ നിഗൂഢലാവണ്യം വെളിപ്പെടുത്തുകയും ചെയ്‌തപ്പോൾ അത് അന്തസ്സുള്ള സമയംകൊല്ലലിന് അയോഗ്യമായത്രേ. 1915-ൽ ബ്രസീലിൽ റിയോ ഡി ജനിറോയിലെ സ്‌പോർട്‌സ് മാസിക ഫുട്‌ബോളിന്റെ ജനകീയവൽക്കരണത്തിൽ പരാതിപ്പെട്ടു– ‘‘സമൂഹത്തിൽ നിലയും വിലയുമുള്ള നമുക്ക് തൊഴിലാളികളുമായും ഡ്രൈവർമാരുമായും കളിക്കേണ്ടിവരുന്നു. കളികൾ വിനോദത്തിനുപകരം യാതനയും ത്യാഗവുമായി തീർന്നിരിക്കുന്നു.’’
അതേപോലെ കറുത്തവനെ സംസ്‌കാരമുള്ളവനാക്കുക വെളുത്തവന്റെ ബാധ്യതയായിരിക്കുന്നെന്ന് ബ്രിട്ടൻ അധിനിവേശം നടത്തിയ നാടുകളിലെ ജനങ്ങളോട് പരിഹാസം ചൊരിഞ്ഞ റുഡിയാർഡ് കിപ്ലിങ്, ഫുട്ബോളിനെ ആക്രമിച്ചപ്പോഴും തന്റെ തൂലികയ്‌ക്ക് മൂർച്ചകൂട്ടിയിരുന്നു. ഫുട്ബോളിനെയും തങ്ങളുടെ ആത്മാവ് ‘ഗോളുകൾ’ക്കുപിറകെ പായുന്ന ചെളിപുരണ്ട ഏഭ്യന്മാരാൽ നിറച്ചിരിക്കുന്നവരെയും 1902ൽ ലണ്ടനിൽ കിപ്ലിങ് പരിഹസിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ഇടതുപക്ഷചായ്‌വുള്ള ബുദ്ധിജീവികൾ, ഫുട്ബോളിനെ ബോധത്തെ മറയ്‌ക്കുന്ന ലഹരിയായി കാണുന്നതിനുപകരം അതിനെ ആഘോഷിക്കുകയായിരുന്നെന്ന് പ്രമുഖ സാമ്രാജ്യത്വവിരുദ്ധ എഴുത്തുകാരനും കളിയെഴുത്തുകാരനുമായ ഉറുഗ്വേയുടെ എഡ്വാഡോ ഗലിയാനോ രചിച്ച ‘സോക്കർ ഇൻ സൺ ആൻഡ് ഷാഡോ' എന്ന പുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ട്. അവരിൽ ഒരാളായ ഇറ്റാലിയൻ മാർക്‌സിസ്റ്റായ അന്റോണിയോ ഗ്രാംഷി, ‘മനുഷ്യാത്മാർഥതയുടെ അതിരുകളില്ലാത്ത സാമ്രാജ്യ’മായി ഫുട്ബോളിനെ വാഴ്‌ത്തുകയുണ്ടായി.
ഫുട്ബോൾ എന്നും സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ഫാസിസത്തിനും എതിരായിരുന്നു. അവയ്‌ക്കെല്ലാമെതിരെ നിലകൊള്ളാൻ പ്രേരിപ്പിക്കുന്ന, രാഷ്‌ട്രീയമായ മാനങ്ങൾ നൽകുന്ന ജനകീയ കായികവിനോദവും ഫുട്ബോൾതന്നെ. ലോകം മുഴുവൻ ഉറ്റുനോക്കിയ, 1998 ജൂൺ 21ന്റെ ഫ്രാൻസ് ലോകകപ്പിലെ ആ മത്സരത്തിൽ കൊമ്പുകോർത്തത്, ദശാബ്‌ദങ്ങളായി നീണ്ടുനിന്ന കുടിപ്പകയുള്ള രണ്ടു രാജ്യങ്ങളായ അമേരിക്കയും ഇറാനുമാണ്. രാഷ്‌ട്രീയമായി ഏറ്റവും വീറുനിറഞ്ഞ പോരാട്ടങ്ങളിലൊന്നാണത്. ഫിഫ ചട്ടപ്രകാരം എ ടീമായ യുഎസിനുപിറകെ ബി ടീമായ ഇറാൻ നടക്കരുതെന്ന ആയത്തുള്ള അലി ഖമനേയിയുടെ നിർദേശവും മത്സരത്തെ യുദ്ധപ്രതീതിയിലാക്കി. ലോകജനതയുടെ പ്രതീക്ഷയും സ്വപ്‌നവും സഫലമാക്കിക്കൊണ്ട്, സാമ്രാജ്യത്വത്തിനുപിറകെ നടക്കാൻ കൂട്ടാക്കാത്ത ഇറാൻ അന്ന് അമേരിക്കയുടെമേൽ വിജയം കൈവരിച്ചു. വേട്ടക്കാരനുമേൽ ഇരയുടെ വിജയമായിരുന്നു അത്.
എന്നാൽ ഇത്തവണയാകട്ടെ, തങ്ങളും ഇസ്രയേലും ചേർന്ന് യുദ്ധംചെയ്യുന്ന ഏഷ്യൻ ശക്തികളായ ഇറാനുപകരം യോഗ്യത നേടാതെപോയ ഇറ്റലിയെ കളിപ്പിക്കണമെന്ന ആവശ്യമുയർത്തിക്കൊണ്ടായിരുന്നു ഡോണൾഡ് ട്രംപ് തന്റെ രാഷ്‌ട്രീയലക്ഷ്യവും അന്താരാഷ്‌ട്ര ഫുട്ബോൾ ഫെഡറേഷനിലൂടെ മേധാവിത്വം ഉറപ്പിക്കാനുള്ള ഗൂഢോദ്ദേശ്യവും പ്രകടിപ്പിച്ചത്. അതാകട്ടെ ഫിഫയും ഇറ്റാലിയൻ സർക്കാരും തള്ളുകയും ചെയ്‌തു.
ദേശീയ ഫുട്ബോൾ ടീം ഏതൊരു ജനതയുടെയും ആശയും ആവേശവും മുദ്രണം ചെയ്യുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഒരു ഫുട്‌ബോൾ മത്സരം വഴിത്തിരിവായി മാറിയെന്നതാണ് ചരിത്രം. 1911ൽ കൽക്കത്തയിലെ മോഹൻ ബഗാൻ ക്ലബ് ബ്രിട്ടീഷുകാരുടെ ഈസ്റ്റ് യോർക്ക് ഷെയർ റെജിമെന്റിനെ തോൽപ്പിച്ച് ഐഎഫ്എ ഷീൽഡ് നേടി. സാമ്രാജ്യത്വശക്തിയുടെ അധീശത്വം തകർത്തെറിയാൻ കഴിയുമെന്ന് ചൂഷിതരും മർദിതരുമായ നമ്മുടെ ജനതയ്‌ക്ക് തിരിച്ചറിവ് നൽകിയ നിമിഷമായിരുന്നു അത്.
1986 ജൂൺ 22ന് മെക്‌സിക്കോ ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയത് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ ആയുധമായ ദിവസംകൂടിയായിരുന്നു. അർജന്റീൻ കളിക്കാരുടെ സിരകളിലൂടെ അന്നൊഴുകിയത് ചുവന്ന ചോരയല്ല, പരാന നദിയിലെ നീലജലമാണ്. ഫാക്‌ലൻഡ്‌സ് ദ്വീപിനുവേണ്ടി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധം ജലത്തിനുവേണ്ടിയുള്ള പോരാട്ടവുംകൂടിയായിരുന്നു. മർദിതൻ മർദകർക്കെതിരെ നടത്തുന്ന ഫുട്‌ബോൾ കലാപത്തിലേക്ക് ഒരേടുകൂടി ചേർത്താണ് ചിരസ്‌മരണീയമായ ആ വിജയം ഡീഗോ മറഡോണയും സംഘവും ഇംഗ്ലണ്ടിനുമേൽ നേടിയത്. ആ പോരാട്ടത്തിന്റെ മുഖമായി മാറിയ മറഡോണ പിന്നീട് ഹ്യൂഗോ ഷാവേസിനും ഫിദൽ കാസ്ട്രോയ്‌ക്കും ഒപ്പംനിന്ന് അമേരിക്കയുടെ ഉദാര–ആഗോളവൽക്കരണ നയങ്ങൾക്കെതിരെ നടത്തിയ രാഷ്‌ട്രീയ ആക്രമണം മഹാനായ ആ കളിക്കാരന്റെ ജീവിതത്തെത്തന്നെ തെക്കേ അമേരിക്കൻ ഫുട്‌ബോളിന്റെ വർഗസമരത്തിന്റെ കഥയാക്കിമാറ്റുന്നുണ്ട്.
ആക്രമണവും പ്രതിരോധവും തന്ത്രവും മാറി മാറി ആവേശിക്കുന്ന ഫുട്ബോൾ അധീശവർഗരാഷ്‌ട്രീയത്തെ പ്രതിരോധിക്കുന്ന രാഷ്‌ട്രീയപ്രയോഗമായി ലോകമെങ്ങും ഇടംനേടിയിട്ടുണ്ടെന്ന വസ്‌തുത അംഗീകരിക്കുകതന്നെ വേണം. ലാറ്റിനമേരിക്കക്കാർക്ക് ഫുട്‌ബോൾ വെറുമൊരു കളിയോ കായികവിനോദമോ അല്ല; അവർക്കത് അപ്പവും വീഞ്ഞുമാണ്. ജീവിതവും സംസ്‌കാരവും രാഷ്‌ട്രീയവും പ്രതിരോധവും കവിതയും സംഗീതവും നൃത്തവും പിന്നെ എന്തെല്ലാമോ ആണ്.
കളിക്കളത്തിനു ചുറ്റും അണിനിരക്കുന്ന ജനസഞ്ചയം എന്തെല്ലാമാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് കൃത്യമായി പറയാനാകില്ല. മൂന്നാം ലോകക്കാരന് തങ്ങൾ ചൂടിനിൽക്കുന്ന അപകർഷബോധത്തിൽനിന്ന് മോചനം. ഒന്നാം ലോകക്കാരന് മേധാവിത്വം ഊട്ടിയുറപ്പിക്കൽ. തനി ഫുട്ബോൾപ്രേമിക്ക് സൗന്ദര്യാസ്വാദനം. വൻ തുകകൾക്ക് വാതുകെട്ടി തോൽവിയടയുന്നവർക്ക് ബലിയാടിനെ കണ്ടെത്തൽ. ആ ബലിയാട് കളിക്കാരന്റെ രൂപത്തിൽ ആയപ്പോഴായിരുന്നല്ലോ, 1994ലെ ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരെ സെൽഫ് ഗോളടിച്ച കൊളംബിയയുടെ പ്രതിരോധഭടൻ ആന്ദ്രേ എസ്‌കോബാറിന് അതിന്റെ വിലയായി സ്വന്തം ജീവൻതന്നെ കൊടുക്കേണ്ടിവന്നത്. കളിയും ജീവിതവും തമ്മിലുള്ള അതിർവരമ്പ് എത്ര ലോലമാണെന്ന് എസ്‌കോബാർ നമ്മെ ഓർമിപ്പിക്കുന്നു.
ഓരോ ലോകകപ്പ് കടന്നുപോകുമ്പോഴും ഫുട്ബോൾലോകം വികാസംപ്രാപിക്കുകയാണ്. കാലദേശങ്ങളെ അതിജീവിക്കുന്ന കേളീവിലാസം. വെറും 90 മിനിറ്റ്. ഏറിയാൽ അരമണിക്കൂറിന്റെ അധികസമയമോ ടൈ ബ്രേക്ക് വരെയോമാത്രം നീളുന്ന ഈ കളിക്ക് എന്തുകൊണ്ട് ഇത്ര വശ്യത. ആ ചോദ്യത്തിന്റെ ഉത്തരം കഴിഞ്ഞ 22 ലോകകപ്പുകളിലായി കിട്ടിക്കഴിഞ്ഞതാണ്. ഇപ്പോൾ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ അത് ആവർത്തിക്കപ്പെടുകയാണ്. ലോകം വീണ്ടും ഒരു പന്തിന്റെ കളിസാധ്യതയിലേക്ക് ഉറ്റുനോക്കുന്നു. അതിമോഹനമായ സ്വപ്‌നയുദ്ധങ്ങളുടെ പുനർജനി കാണാൻ... പെലെ പറഞ്ഞ ‘ജോഗോ ബോണിറ്റോ' എന്ന മനോഹരകളിയുടെ...















