കുട്ടികളെ കേൾക്കുക


റെനി ആന്റണി
Published on Nov 19, 2025, 10:16 PM | 3 min read
സാർവദേശീയ ശിശുദിനമാണ് നവംബർ 20. പലസ്തീനിലെ നിലയ്ക്കാത്ത വെടിയൊച്ചകളുടെയും കൂട്ടനിലവിളികളുടെയും ഇടയിലേക്ക് ഒരാർത്തനാദംപോലെയാണ് ഈ വർഷത്തെ സാർവദേശീയ ശിശുദിനവും കടന്നുവരുന്നത്. ഇസ്രയേലിന്റെ കൂട്ടക്കുരുതിയിൽ ഗാസയിൽമാത്രം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഇരുപതിനായിരത്തിലധികമാണ്. ഐക്യരാഷ്ട്രസംഘടനയുടെയും ലോകരാജ്യങ്ങളുടെയും അഭ്യർഥനകളെ വെല്ലുവിളിച്ച് ഇസ്രയേലിന്റെ വംശഹത്യ തുടരുന്നു. ഗാസ വിശപ്പിന്റെ പര്യായമായി മാറി. യുഎന്നിന്റെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി പ്രോഗ്രാം നൽകുന്ന വിവരമനുസരിച്ച് ഗാസ ഭക്ഷ്യക്ഷാമത്തിൽ അമർന്നുകഴിഞ്ഞു. കടുത്ത വിശപ്പും പോഷകാഹാരക്കുറവും ശുദ്ധജലക്കുറവും അനുഭവിക്കുന്ന ഗാസാനിവാസികൾ അഞ്ചുലക്ഷത്തിലധികമാണ്. യുദ്ധങ്ങളിലും കലാപങ്ങളിലും വംശവെറിയിലുംമറ്റുമായി ലോകത്താകമാനം എല്ലാ ദിവസവും ശരാശരി 20 കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്ന് യൂണിസെഫിന്റെ കണക്ക് പുറത്തുവന്ന അവസരത്തിലാണ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുന്ന ഈ ദിനം വന്നെത്തുന്നത്.
കുട്ടികളെ കേൾക്കുന്നതിനും അവരുടെ ആവശ്യങ്ങൾ, ആകാംക്ഷകൾ, ആശങ്കകൾ എന്നിവ മനസ്സിലാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതിനും ഈ സാർവദേശീയ ശിശുദിനം മനുഷ്യരാശിയോട് ആഹ്വാനം ചെയ്യുന്നു. യുഎൻ പൊതുസമിതിയുടെ തീരുമാനപ്രകാരം 1954 മുതലാണ് നവംബർ 20 സാർവദേശീയ ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങൾ പല ദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നു. 1925 ജൂൺ ഒന്നിന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ കുട്ടികളുടെ ക്ഷേമം മുൻനിർത്തി നടന്ന സാർവദേശീയ സമ്മേളനം എല്ലാ ലോകരാജ്യങ്ങളോടും വർഷത്തിൽ ഒരുദിവസം കുട്ടികൾക്കായി- ശിശുദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു.

1949 നവംബർ 22ന് മോസ്കോയിൽ ചേർന്ന സ്ത്രീകളുടെ സാർവദേശീയ സമ്മേളനം എല്ലാ വർഷവും ജൂൺ ഒന്നിന് സാർവദേശീയ ശിശുദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തു. യഥാർഥത്തിൽ ഇതിനെ തുടർന്നാണ് പഴയ സോവിയറ്റ് യൂണിയനും ചൈനയുമടക്കമുള്ള മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങൾ ജൂൺ ഒന്നിന് ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത്. ചൈനയിൽ ജൂൺ ഒന്ന് ഇപ്പോഴും പൊതു അവധിദിനമാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങൾ ലോകമാകെ ജൂൺ ഒന്നിന് ശിശുദിനമായി ആചരിക്കുമ്പോൾ യുഎസിൽ ജൂൺ രണ്ടിനാണ് ശിശുദിനം. ഇന്ത്യയിലാകട്ടെ, പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ആചരിക്കുന്നത്.
ഒന്നാം ലോകയുദ്ധത്തിനുശേഷം 1924ൽ വിജയിച്ച രാഷ്ട്രങ്ങൾ പുറപ്പെടുവിച്ച ജനീവാ പ്രഖ്യാപനത്തിൽ യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനസമൂഹങ്ങൾ, അഭയാർഥികൾ, തടവുകാർ, കുട്ടികൾ തുടങ്ങിയവരുടെ പരിരക്ഷയ്ക്കായി ഉൾപ്പെടുത്തിയ അഞ്ചു ഖണ്ഡികകളാണ് കുട്ടികളുടെ അവകാശങ്ങൾക്ക് അടിത്തറയായി പരിണമിച്ചത്. 1924ലെ ജനീവാ പ്രഖ്യാപനത്തെ ‘കുട്ടികളുടെ അവകാശങ്ങളുടെ സാർവദേശീയ ഉറവ' എന്ന് വിശേഷിപ്പിക്കാവുന്നതാണ്. കുട്ടികളുടെ ഒത്തൊരുമ, കുട്ടികൾക്കിടയിലെ ബോധവൽക്കരണം, കുട്ടികളുടെ ക്ഷേമസങ്കൽപ്പങ്ങൾ എന്നിവയ്ക്ക് അടിത്തറപാകിയത് ജനീവാ കൺവൻഷനാണ്. അതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലുണ്ടായ എല്ലാ ബാലാവകാശ ചിന്തകളുടെയും പ്രഖ്യാപനങ്ങളുടെയും പ്രായോഗിക നിർവഹണം മുൻനിർത്തി 1989 നവംബർ 20ന് ഐക്യരാഷ്ട്ര പൊതുസഭ സമഗ്രമായ ഒരു ബാലാവകാശ പ്രമാണം അംഗീകരിച്ചു. 195 രാജ്യങ്ങൾ അംഗീകരിച്ച ഈ ഉടമ്പടിയിൽ, വിവിധ പ്രമാണങ്ങളിലായി ചിതറിക്കിടന്നിരുന്ന കുട്ടികളുടെ അവകാശങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. ആഭ്യന്തരവും അന്തർദേശീയവുമായ രാഷ്ട്രീയ കർമപരിപാടികളിൽ കുട്ടികളുടെ അവകാശസംരക്ഷണം ഉൾപ്പെടുത്തുന്നതിന് ഈ സാർവദേശീയ ഉടമ്പടി പ്രധാന പ്രേരകശക്തിതന്നെയാണ്.

ഇന്ത്യൻ ഭരണഘടനയിൽ കുട്ടികളുടെ അവകാശസംരക്ഷണത്തിനായി ഒട്ടേറെ അനുച്ഛേദങ്ങൾ നീക്കിവച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽപരമായ ചൂഷണത്തിൽനിന്നും ലൈംഗികചൂഷണത്തിൽനിന്നും മറ്റുമുള്ള പരിരക്ഷ, ആരോഗ്യം, അന്തസ്സ് തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനുള്ള ഒട്ടേറെ വ്യവസ്ഥകൾ ഭരണഘടനയുടെ വിവിധ അധ്യായങ്ങളിൽ അനുശാസനം ചെയ്തിരിക്കുന്നു. ഭരണഘടനയുടെ 39–-ാം അനുച്ഛേദത്തിൽ ആരോഗ്യകരമായ ചുറ്റുപാടിൽ വളരാനുള്ള സാഹചര്യം കുട്ടികൾക്കുണ്ടാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് നിസ്തർക്കം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അതിശക്തമായ നിയമപിന്തുണയും നിരവധിയായ ശിശുക്ഷേമ പദ്ധതികളും നിലവിലുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ കുട്ടികൾ ഇന്നും നിരവധിയായ യാതനകൾ അനുഭവിച്ച്, അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് അശരണരായി ജീവിക്കുന്നുണ്ട്. ലോകത്താകമാനമുള്ള ശിശുമരണങ്ങളുടെ ഏതാണ്ട് നാലിലൊന്നും പോഷകാഹാരക്കുറവിന്റെ മൂന്നിലൊന്നും ഇന്ത്യയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ പ്രാപ്യമല്ലാത്ത കുട്ടികളുടെ നിരക്കിൽ നാലാംസ്ഥാനത്തും ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടിവരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ പ്രഥമസ്ഥാനത്തും എത്തിപ്പെടുന്ന അപമാനകരമായ അവസ്ഥയിലാണ് നമ്മുടെ രാജ്യത്തെ ബാലാവകാശ സംരക്ഷണത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട്.

രാജ്യത്ത് കുട്ടികളുടെ അവകാശ സംരക്ഷണപ്രവർത്തനങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുമ്പിലാണ്. വിവിധങ്ങളായ കർമപദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതസാഹചര്യമാണ് കേരളത്തിലെ കുട്ടികൾക്കുള്ളത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങി അടിസ്ഥാനസൗകര്യങ്ങൾ കുട്ടികൾക്ക് പൊതുവേ ലഭ്യമാണ്. ധനിക–-ദരിദ്ര വ്യത്യാസമില്ലാതെ, ജാതി–മത ഭിന്നതകൾ മറികടന്ന്, ലിംഗഭേദമില്ലാതെ എല്ലാ കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം പ്രാപ്യമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ, ഉച്ചഭക്ഷണം, അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്കായുള്ള പ്രത്യേക പദ്ധതികൾ, വിവിധ ക്ഷേമപദ്ധതികൾ, വികസിത രാജ്യങ്ങളോടൊപ്പം നിൽക്കുന്ന ശിശുമരണനിരക്ക്- ഇത്തരം മാനദണ്ഡങ്ങളെല്ലാം വച്ചുനോക്കിയാൽ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യമാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. ഭിന്നശേഷിയുള്ള കുട്ടികളെ പൊതുധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന നിരവധി പദ്ധതികൾ, പ്രത്യേകിച്ച് ഈ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ സ്കൂൾ ഒളിമ്പിക്സ് രാജ്യത്തിനുതന്നെ മാതൃകയായി.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സുരക്ഷിതമായ ബാല്യ-കൗമാരത്തെക്കുറിച്ചുമുള്ള ധാരണകൾ പൊതുസമൂഹത്തിൽ കൂടുതൽ ദൃഢീകരിക്കുകയാണ് ദേശീയവും സാർവദേശീയവുമായ ശിശുദിനാഘോഷങ്ങളുടെ മുഖ്യലക്ഷ്യം. കേവലാഘോഷപ്പൊലിമകൾക്കപ്പുറം, വളരെ ഗൗരവത്തോടെ കുട്ടികളുടെ ജീവിതപരിസരങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആനന്ദകരമായ ബാല്യ-കൗമാരജീവിതം സമ്മാനിക്കുന്നതിനുമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് ഓരോ ശിശുദിനവും നമ്മെ ഓർമപ്പെടുത്തുന്നത്. യാന്ത്രികമായ പതിവ് ശിശുദിനാഘോഷങ്ങളിൽ അവസാനിപ്പിക്കാതെ എല്ലാവിധ പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിടാനും അതിജീവിക്കാനുള്ള കരുത്തുപകരാനും ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഓരോ പൗരനും മുന്നോട്ടുവരണം. നാളത്തെ പൗരന്മാരുടെ വാക്കുകൾ ഇപ്പോഴേ ശ്രദ്ധിച്ചുകേൾക്കുകതന്നെ വേണം.
(സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ കോ–ഓർഡിനേറ്ററാണ് ലേഖകൻ)














