ad
Deshabhimani

Articles

ഇന്ന്‌ ലോക പുസ്‌തകദിനം

കൊഴിയില്ല വായനക്കാലം

reading

എഐ പ്രതീകാത്മകചിത്രം

avatar
ഷംസുദ്ദീൻ കുട്ടോത്ത്‌

Published on Apr 22, 2026, 09:58 PM | 2 min read

ലോകം മറ്റൊരു പുസ്‌തകദിനംകൂടി ആഘോഷിക്കുന്നു. ലോകസാഹിത്യത്തിലെ അതികായരായ ഷേക്‌സ്‌പിയറിന്റെയും മിഗ്വെൽ ഡി സെർവാന്റസിന്റെയും ചരമദിനമായ ഏപ്രിൽ 23ന്‌ വായനയുടെ വസന്തകാലമായാണ്‌ നാം ആഘോഷിക്കുന്നത്‌. ഇ‍ൗ എഴുത്തുകാരുടെ ഓർമയ്‌ക്കായി യുനെസ്‌കോ 1995ലെ സമ്മേളനത്തിൽവച്ചാണ്‌ ഇ‍ൗ ദിനം ലോക പുസ്‌തകദിനമായി ആചരിക്കാൻ തീരുമാനിച്ചത്‌. ലോക പകർപ്പവകാശദിനമായും ഏപ്രിൽ 23 അറിയപ്പെടുന്നു. വായന വിനോദത്തിനും അറിവുതേടലിനും വേണ്ടിമാത്രമല്ല, അതൊരു രാഷ്‌ട്രീയപ്രവർത്തനവും പ്രതിരോധവും ഒക്കെയാണെന്ന്‌ നിലവിലെ ലോകാവസ്ഥകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. യുദ്ധവും അരക്ഷിതാവസ്ഥയും ലോകത്തെ അശാന്തമാക്കുമ്പോൾ പുസ്‌തകങ്ങൾ വിതറുന്ന വെളിച്ചം തലമുറകളിലേക്ക്‌ പടരാനുള്ള സ്‌നേഹത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.


സ്‌പെയിനിലെ പുസ്‌തകക്കച്ചവടക്കാരാണ്‌ ലോക പുസ്‌തകദിനം എന്ന ആശയം അവതരിപ്പിച്ചത്‌. മിഗ്വെൽ ഡി സെർവാന്റസിന്റെ ചരമദിനമായ ഏപ്രിൽ 23 ആ മേഖലയിൽ സെന്റ്‌ ജോർജ്‌ ദിനാഘോഷത്തിന്റെ ഭാഗമായി മാറി. മധ്യകാലംതൊട്ട്‌ സെന്റ്‌ ജോർജ്‌ ദിനത്തിൽ ഒരാചാരമായി പുരുഷന്മാർ കാമുകിമാർക്ക്‌ റോസാപുഷ്‌പം നൽകുമായിരുന്നു. 1925 മുതൽ സ്‌ത്രീകൾ പകരം പുസ്‌തകം നൽകുക പതിവായി. ഒരുദിവസം നാലുലക്ഷത്തിലധികം പുസ്‌തകങ്ങൾ വിൽക്കുകയും 40 ലക്ഷം റോസാപ്പൂക്കൾ കൈമാറുകയും ചെയ്യുമായിരുന്നു. പിന്നീട്‌ മറ്റു രാജ്യങ്ങളും ഇ‍ൗ ദിനം പുസ്‌തകദിനമായി ആചരിക്കാൻ തീരുമാനിച്ചു. പുസ്‌തകങ്ങളെയും വായനയെയുംകുറിച്ചുള്ള ചർച്ചകൾമാത്രമല്ല ദിനാചരണം ലക്ഷ്യമിടുന്നത്‌. പുസ്‌തകങ്ങളുടെ ലഭ്യത, പ്രസാധനത്തിനുവേണ്ട സാഹചര്യമൊരുക്കൽ, കോപ്പി റൈറ്റ്‌, ലൈബ്രറികൾ, പുസ്‌തകക്കടകൾ തുടങ്ങിയവയോട്‌ കാണിക്കേണ്ട പരിഗണന എന്നിവയെല്ലാം ഇ‍ൗ ദിനം ഓർമിപ്പിക്കുന്നു.


അറിവ്‌ ആയുധമാണെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഫാസിസ്റ്റ്‌ ഭരണകൂടങ്ങൾ എക്കാലവും പുസ്‌തകങ്ങളെ ഭയക്കാൻ കാരണം. പുസ്‌തകങ്ങൾ കത്തിച്ചവരും ലൈബ്രറികൾ തകർത്തവരും പേടിച്ചിരുന്നത്‌ സമൂഹത്തിന്റെ സ്വതന്ത്രചിന്തകളെയാണ്‌. ചരിത്രപുസ്‌തകങ്ങൾ തിരുത്തിയും ശാസ്‌ത്രീയസത്യങ്ങളെ തമസ്‌കരിച്ചും ഇരുളടഞ്ഞ കാലത്തിലേക്ക്‌ നമ്മുടെ രാജ്യത്തെ കൊണ്ടുപോകാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ വായന വലിയൊരു വിപ്ലവമായി മാറുന്നു.കേരളത്തിൽ നവോത്ഥാനചരിത്രത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. ഗ്രാമംതോറും ഉയർന്ന വായനശാലകൾ വിജ്ഞാനകേന്ദ്രങ്ങൾ മാത്രമായിരുന്നില്ല, ജനാധിപത്യപരമായ സംവാദങ്ങളുടെയും വേർതിരിവില്ലാത്ത മാനവികചിന്തകളുടെയും ഒത്തുചേരലിന്റെ ഇടങ്ങൾകൂടിയായിരുന്നു.


പുസ്‌തകങ്ങൾ അനുഭവങ്ങളുടെ സംഭരണശാലകൂടിയാണ്‌. അറിവ്‌ ചിലരിൽ ഒതുങ്ങാതെ പൊതുസമൂഹത്തിലേക്ക്‌ പടരണമെന്ന ചിന്തയാണ്‌ കേരളത്തിലെ വായനശാലകളുടെ എണ്ണക്കൂടുതലിന്‌ കാരണം. വ്യക്തിപരമായ ശീലത്തിലൊതുങ്ങാതെ സാമൂഹിക ഉത്തരവാദിത്വമായി വായനയെ കാണേണ്ട സമയത്താണ്‌ ഇത്തവണത്തെ ലോക പുസ്‌തകദിനം കടന്നുപോകുന്നത്‌. ഓരോ വീടും ചെറിയ ലൈബ്രറിയായി മാറേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്‌. ഓരോ കുട്ടിയും പുസ്‌തകത്തിന്റെ സുഹൃത്താകണം. തെരുവുകളിലും പൊതു ഇടങ്ങളിലും മൈതാനങ്ങളിലുമെല്ലാം പുസ്‌തകക്കൂടുകൾ ഒരുക്കണം. ദിവസവും 10 മുതൽ 15 വരെ പുസ്തകങ്ങൾ നമ്മുടെ ഭാഷയിലെ വിവിധ സാഹിത്യരൂപങ്ങളിലായി പുറത്തിറങ്ങുന്നുണ്ട്. വായനശാലകളും മുമ്പില്ലാത്തവിധം ഉണർവിലാണ്. വീട്ടുമുറ്റ പുസ്തകചർച്ചകൾ ഇപ്പോൾ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഇടംപിടിച്ചു.

എഐയുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും കാലത്ത്‌ പുസ്‌തകങ്ങളുടെ നിലനിൽപ്പിനെയും ഭാവിയെയുംകുറിച്ച്‌ വലിയ ആശങ്കകൾ നിലനിൽക്കുമ്പോൾ ലോകമെങ്ങും പുസ്‌തകങ്ങൾ വായിക്കുന്നവരുടെ എണ്ണം കൂടുന്നതായാണ്‌ കണക്കുകൾ. ഓരോ വർഷവും ലോകത്ത്‌ രണ്ടു മില്യണിലധികം പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. അമേരിക്കപോലുള്ള രാജ്യങ്ങളിൽ 70 ശതമാനത്തിലധികം ആളുകൾ വർഷത്തിൽ കുറഞ്ഞത്‌ ഒരു പുസ്‌തകമെങ്കിലും വായിക്കുന്നു. ഇന്ത്യയിൽ വായനയ്‌ക്ക്‌ ചെലവഴിക്കുന്ന സമയം ലോകത്തിലെതന്നെ ഏറ്റവും ഉയർന്നതാണ്‌.


ആഴ്‌ചയിൽ ഒരാൾ 10 മുതൽ 11 മണിക്കൂർവരെ വായനയ്‌ക്കായി ചെലവഴിക്കുന്നതായാണ്‌ കണക്ക്‌. സ്‌ക്രോൾ സംസ്‌കാരം (scroll culture) വായനയുടെ രീതികളെ ചെറുതും വേഗമുള്ളതുമായ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്‌. അച്ചടിച്ച പുസ്‌തകങ്ങൾ വിപണി പിടിച്ചടക്കുമ്പോഴും ഇ– ബുക്കുകളും ഓഡിയോ ബുക്കുകളും വേഗത്തിൽ വളരുന്നുണ്ട്‌. ഇതൊന്നും അച്ചടിച്ച പുസ്‌തകങ്ങളുടെ വളർച്ചയെ ബാധിക്കുന്നില്ല. തിരക്കുപിടിച്ച ലോകത്താണ്‌ നാം ജീവിക്കുന്നത്‌. ഇ‍ൗ തിരക്കിൽ തനിച്ച്‌, ഏകാന്തതയുടെ തീരത്ത്‌ പുസ്‌തകവുമായി ഇരിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ്‌ ഏറ്റവും സുന്ദരമായ കാഴ്‌ച. ആ ഏകാന്തതയിൽ പക്ഷേ, ആ മനുഷ്യൻ തനിച്ചല്ല. ആശയങ്ങളുടെയും സംവാദങ്ങളുടെയും തിളച്ചുമറിയുന്ന ആകാശവും കടലും ആ മനുഷ്യനെ പുതുക്കിക്കൊണ്ടിരിക്കുകയാണ്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home