കാസർകോട് ടു കിളിമഞ്ചാരോ

ഗയ പുത്തലത്ത്
Published on Dec 20, 2025, 09:34 PM | 2 min read
മേയിൽ നേപ്പാളിൽ പോയതായിരുന്നു ആദ്യ ദീർഘദൂര യാത്ര. പിന്നെ സെപ്‌തംബർ ഒന്നുമുതൽ 14വരെ കിളിമഞ്ചാരോയിലേക്ക്. വയനാട് ആസ്ഥാനമായുള്ള ഗ്ലോബ് ട്രക്കേഴ്‌സിന്റെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന ടീമായിരുന്നു. കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഉഹ്റു കൊടുമുടിയിലെത്തിയപ്പോൾ മാസ്‌മര ലോകത്തെത്തിയ അനുഭൂതി. കൊച്ചി – ബോംബെ – നെയ്‌റോബി വഴിയായിരുന്നു യാത്ര. ടാൻസാനിയയിൽ എത്തിയ പിറ്റേദിവസം ട്രക്കിങ് ആരംഭിച്ചു. എട്ടിന് രാത്രി 12നാണ് കൊടുമുടി കയറാൻ തുടങ്ങിയത്. ഒമ്പതിന് രാവിലെ മുകളിലെത്തി. കൊടുമുടിയിൽ കൺകുളിർക്കുന്ന മനോഹര കാഴ്‌ചകളായിരുന്നെങ്കിലും തിരിച്ചിറക്കം ബുദ്ധിമുട്ടേറിയതായി. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സമ്മിറ്റ് യാത്ര കഴിഞ്ഞ് ക്യാമ്പിൽ തിരിച്ചെത്തിയത്. ഏഴ് ദിവസംകൊണ്ട് കൊടുമുടി കയറ്റം പൂർത്തിയാക്കി. കിളിമഞ്ചാരോ കീഴടക്കിയ ഇന്ത്യയിലെ ആദ്യത്തെ, അംഗവൈകല്യമുള്ള വനിതയായ അരുണിമ സിൻഹ യാത്രയ്‌ക്ക് പ്രചോദനമായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5895 മീറ്റർ ഉയരത്തിലുള്ള കിളിമഞ്ചാരോ നിർജീവ അഗ്നിപർവതം കൂടിയാണ്. "തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന സ്വാഹിളി വാക്കിന്റെ അർഥം.
ഒരുക്കങ്ങൾ
മാർച്ചിലാണ് ഗ്ലോബ് ട്രക്കേഴ്‌സിന്റെ കൂട്ടായ്‌മയിൽ ജോയിൻ ചെയ്യുന്നത്. മലകയറ്റത്തിന് അനുയോജ്യമായ ആരോഗ്യസ്ഥിതി ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. മറ്റ് മാനദണ്ഡങ്ങളൊന്നുമുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് യുഎസ് കമ്പനിയിൽ രാത്രി ഷിഫ്‌റ്റിൽ ജോലി ചെയ്യുന്ന എനിക്ക് യാത്രയ്‌ക്ക് ശാരീരികമായും മാനസികമായും തയ്യാറെടുക്കുക വെല്ലുവിളിയായിരുന്നു. കേരളത്തിലും കർണാടകത്തിലുമായി മുമ്പ് നടത്തിയ ട്രക്കിങ്ങുകൾ, 10 കിലോ ഭാരമുള്ള ബാഗ് ചുമന്ന് മൈസൂരിൽ നടത്തിയ ട്രക്കിങ്, ജിമ്മിൽ പോയി ഹൈ ആൾറ്റിറ്റ്യൂഡ് മാസ്‌ക് ധരിച്ചുള്ള പരിശീലനം, ഭക്ഷണത്തിലെ ക്രമീകരണം ഇവയെല്ലാം യാത്രയിൽ സഹായകമായി. കൊടുമുടിയിൽ നല്ലപോലെ വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കുക, വിശ്രമിക്കുക, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്‌ത്രങ്ങൾ ധരിക്കുക എന്നിവ പ്രധാനമാണ്.
പോലെ പോലെ
ഒരു പാട്ട് പാടുന്നതുപോലെ ‘പോലെ പോലെ'എന്ന് കിളിമഞ്ചാരോയിലെ ഗൈഡുകൾ യാത്രികരോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. ‘പതിയെ, പതിയെ മുകളിലേക്ക്’എന്നാണിതിന്റെ അർഥം. വളരെ പതുക്കെ സഞ്ചരിച്ചതുകൊണ്ടു തന്നെ ബുദ്ധിമുട്ടുള്ള പർവതവും പെട്ടെന്ന് കയറാനായി. കിളിമഞ്ചാരോയിൽ നമ്മുടെ വെന്റർ ‘സാഫ് ടൂർസ്’ എന്ന കമ്പനിയായിരുന്നു. ഭക്ഷണം പാകം ചെയ്യൽ, കൂടാരം നിർമിക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്തുതരാനായി ഗൈഡുകൾ ഉൾപ്പെടുന്ന 53 പേരടങ്ങുന്ന ഒരു ടീം തന്നെയുണ്ടായിരുന്നു. ‘കിളി ഫൈറ്റേഴ്സ്’ എന്നാണ് അവരെ വിളിച്ചിരുന്നത്. ആഫ്രിക്കൻ പാട്ട് പാടി നൃത്തം ചെയ്തുകൊണ്ടാണ് അവരെ നമുക്ക് പരിചയപ്പെടുത്തിയത്.
കിസിങ് റോക്ക്
കിളിമഞ്ചാരോ പർവത യാത്രയിൽ ഏറ്റവും ബുദ്ധിമുട്ടെന്ന് പൊതുവെ പറയപ്പെടുന്ന, ട്രക്കിങ് പോളിന്റെ സഹായമില്ലാതെ കയറേണ്ട ബാരാൻകോ വാൾ ഏറ്റവും രസകരമായി കയറിയിറങ്ങാൻ സാധിച്ചു. കിസിങ് റോക്ക് എന്നറിയപ്പെടുന്ന പാറയെ ചുംബിച്ചുകൊണ്ടോ ആലിംഗനം ചെയ്തുകൊണ്ടോ വേണം മറുപുറം കടക്കാൻ. സമുദ്രനിരപ്പിൽനിന്ന് 12600 അടി മുകളിൽ ഉള്ള ഷിരാ കേവ് ക്യാമ്പിലെ ഓണാഘോഷവും ടെന്റിലെ താമസവും പോർട്ടബിൾ ടോയ്‌ലറ്റുമെല്ലാം വേറിട്ട അനുഭവമായിരുന്നു. തിരിച്ചുവരുമ്പോൾ രണ്ടു ദിവസം ആഫ്രിക്കൻ സഫാരി നടത്തി. മസായി വില്ലേജ്, തരംഗിരേ നാഷണൽ പാർക്ക്, ഗൊരങ്കരെ ക്രേറ്റർ തുടങ്ങിയിടങ്ങളിൽ പോയി. ആഫ്രിക്കക്കാരുടെ തനത് വസ്‌ത്രം ധരിച്ചു. പർവതത്തെ നമ്മളൊരിക്കലും കീഴടക്കുന്നില്ല, മറിച്ച് കയറാൻ നമ്മളെ അനുവദിക്കുകയാണ്. ചെറുതാണെങ്കിലും എല്ലാമാസവും ട്രക്കിങ് ചെയ്യണമെന്നാണ് ഇപ്പോഴുള്ള ആഗ്രഹം. എല്ലാ യാത്രകൾക്കും പിന്തുണ നൽകി അമ്മ ശാന്തകുമാരിയും സഹോദരങ്ങളായ അർജുനും അനന്തുവും ഒപ്പമുണ്ട്.















