കില്ലർ വെയ്‌ലിന്റെ ശബ്‌ദം കേട്ടിട്ടുണ്ടോ

ജിതിൻ ബാബു
Published on Dec 20, 2025, 09:10 PM | 3 min read
അത്ഭുതങ്ങളുടെ ലോകമാണ് മുന്നിൽ. സയൻസ് സെന്ററിലേക്ക് കയറിയ കുട്ടികളുടെ കണ്ണിൽ കൗതുകം നിറഞ്ഞു. ശ്രവണസുന്ദരമായ സംഗീതത്തിൽ അലിഞ്ഞു ചേരാറുണ്ടെങ്കിലും ഇവിടെ അത് ദൃശ്യമാകുമത്രേ. ഗിത്താർ തന്ത്രികളുടെ സൗന്ദര്യം അവർ ആവോളം ആസ്വദിച്ചു. തന്ത്രികൾ സ്കാൻ ചെയ്ത് തരംഗ രേഖകൾ മുന്നിൽ ദൃശ്യമാകുന്നത് കുരുന്നുകൾക്കു മാത്രമല്ല, കാഴ്ചക്കാർക്കാകെ പുതിയ അനുഭവമായിരുന്നു. ഓരോ ഗിത്താർ തന്ത്രികളും അതിന്റെ ആവൃത്തി അനുസരിച്ച് വ്യത്യസ്ത തരംഗ പാറ്റേൺ സമ്മാനിച്ചു. ശബ്ദത്തിന്റെ ദൃശ്യാവതരണം മാത്രമല്ല, ശാസ്‌ത്രത്തിന്റെ വിസ്മയക്കാഴ്ചകളിലേക്കുള്ള പുതിയ വാതായനങ്ങൾ തുറന്നിടുകയാണ് കുറവിലങ്ങാട് കോഴയിൽ ആരംഭിച്ച സയൻസ് സിറ്റിയിലെ സയൻസ് സെന്റർ.

സയൻസ് സിറ്റി കോട്ടയം /ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ
വിശാല വിസ്മയങ്ങളിലേക്ക്
വെള്ളത്തിലൊഴുകുന്ന മത്സ്യത്തെ ഒന്ന് തൊട്ടാൽ എന്തായിരിക്കും പ്രതികരണം. അവ കൂട്ടത്തോടെയാണെങ്കിൽ സ്വഭാവം മാറും. അറിയാൻ ഒരു ആഗ്രഹമില്ലേ. മനുഷ്യനൊപ്പം മണ്ണും വിണ്ണും മാറിയിരിക്കുന്നു. അതിനൊപ്പം കൃഷിയും ആശയവിനിമയങ്ങളുടെയും കുതിപ്പറിഞ്ഞാലോ. വരും കാലത്തിനൊപ്പം യാത്ര ചെയ്യാൻ പുതിയ അവസരങ്ങൾ തുറക്കുകയാണ് കോഴയിലെ ഇൗ അതിശയലോകം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സയന്‍സ് സിറ്റി പ്രപഞ്ച സത്യങ്ങളുടെ വിശാല വിസ്മയങ്ങളിലേക്കുള്ള പ്രവേശനമാണ് സമ്മാനിക്കുന്നത്. കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചുള്ള വെളിച്ചം പകരാനും സമൂഹത്തിന് പുരോഗമന പടവുകൾ കയറാനുള്ള ശാസ്ത്രീയ ചിന്തകൾ വളർത്തിയെടുക്കാനുമായാണ് സയൻസ് സിറ്റി പ്രവർത്തനമാരംഭിച്ചത്. എംസി റോഡിന് സമീപം സർക്കാർ അനുവദിച്ച 30 ഏക്കറിലാണ് സയൻസ് സിറ്റി യാഥാർഥ്യമാകുന്നത്. ജൂലൈ മൂന്നിന് ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
എമർജിങ് ടെക്നോളജി ഗ്യാലറി
ശാസ്ത്ര ഗ്യാലറികൾ, ത്രിമാന പ്രദർശന തിയറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നൊവേഷൻ ഹബ് എന്നിവ ഉൾക്കൊള്ളുന്ന സയൻസ് സെന്ററാണ് പ്രധാന ഭാഗം. 47,147 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന സയൻസ് സെന്റർ കെട്ടിടത്തിൽ പല വിഭാഗങ്ങളിലായിട്ടാണ് പ്രദർശനം. ഉദ്‌ഘാടനശേഷമുള്ള നാല് മാസത്തിനുള്ളിൽ നാൽപ്പതിനായിരത്തിലധികം സന്ദർശകരാണ് സയൻസ് സിറ്റിയിലേക്ക് ഒഴുകിയത്.
കൺ തുറക്കൂ, അത്ഭുത ലോകത്തേക്ക്
മുമ്പിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ലോഹ പൈപ്പുകൾ നിരത്തി വച്ചിരിക്കുന്നു. ഓരോ പൈപ്പിലും കൊട്ടുന്നതിനൊപ്പം പുറത്തുവരുന്നത് വ്യത്യസ്ത സ്വരങ്ങൾ. സന്ദർശകർ ചെവിയോർത്തിരുന്നു. മ്യൂസിക്കൽ ട്യൂബുകൾ കൊട്ടുംതോറും പുതിയ അനുഭവം അവരിലേക്ക് പകരുകയായിരുന്നു. പൈപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വായുവിന്റെ അടിസ്ഥാനത്തിൽ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്ന മാജിക്കൽ ട‍്യൂബുകൾ മാത്രമല്ല, അദൃശ്യമായ വായുവിൽ ചലിക്കുന്ന ഫ്ലോട്ടിങ് ബോൾ, കണ്ണുകൊണ്ട് തെളിഞ്ഞു കാണുന്നവ അൽപ്പനേരംകൊണ്ട് അപ്രത്യക്ഷമാകുന്ന സ്പിന്നിങ് ഇറേസർ, കലെയ്‌ഡോസ്‌കോപ്പ്, അന്തമില്ലാത്ത കിണർ തുടങ്ങിയവ ഫൺ സയൻസ് ഗ്യാലറിയെ ആകർഷമാക്കുന്നു. ശാസ്ത്ര സത്യങ്ങളും അതിന്റെ പ്രായോഗിക വശങ്ങളുമാണ് ഗ്യാലറിയെ വ്യത്യസ്തമാക്കുന്നത്. ഇലക്ട്രോ മാഗ്നറ്റിക് തിയറി, സൗണ്ട് ഓഫ് മ്യൂസിക്, ബ്രെയിൻ ഗെയിംസ്, ഗണിത മാതൃകകൾ എന്നീ വിഭാഗങ്ങളിലായി 50 ഓളം ശാസ്ത്ര വിസ്മയങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

ശാസ്ത്രം പറയുന്ന ഒരു കാര്യം വിശ്വസിക്കുന്നതിനുപകരം പിന്നിലുള്ള ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കണമെന്നാണ്. ഇത് കൃത്യമായി മനസ്സിലാക്കി തരികയാണ് ഫൺ സയൻസ് ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്ന സ്പിന്നിങ് ഇറേസർ, മാജിക് വാട്ടർ ടാപ്, ഇല്യൂഷൻ വിത്ത് റിങ്സ്, സ്‌കാനിമേഷൻ തുടങ്ങിയവ. കാഴ്ച തലച്ചോറിനെ എങ്ങനെ തെറ്റിധരിപ്പിക്കുന്നുവെന്ന് തിരിച്ചറിയുന്ന ഫൺ മിറർ, കർവിങ് ടണൽ, ഫ്രോസൺ ഷാഡോ, കളർ ഷാഡോ തുടങ്ങിയവയും ഇവിടെയുണ്ട്. കാലത്തിനൊത്ത മാറ്റം പുതിയ കാലത്തെ നയിക്കാൻ പ്രാപ്തമായ കാർഷിക വിഭാഗം, ആരോഗ്യ വിഭാഗം, മെറ്റീരിയൽ സയൻസ് വിഭാഗം, ഊർജം, വിവര സാങ്കേതിക വിദ്യ, കമ്യൂണിക്കേഷൻ, സ്പെയ്സ് സയൻസ് തുടങ്ങിയവ ഉൾക്കൊള്ളിച്ച എമർജിങ് ടെക്നോളജി ഗ്യാലറിയാണ് സയൻസ് സിറ്റിയിലെ മറ്റൊരു സവിശേഷത. നാം നടന്ന വഴികൾ, യാത്ര ചെയ്ത വാഹനങ്ങൾ, ആശയ വിനിമയത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയുടെ വളർച്ചയും ഭാവിയിൽ ഏത് രീതിയിലായിരിക്കും നാടിന്റെ മാറ്റമെന്നതും ഇവിടെ കാണാം.
ഉൗളിയിടാം, കടലിനടിയിലേക്ക്
തിമിംഗിലങ്ങളുടെ ശബ്‌ദം നിങ്ങൾ കേട്ടിട്ടുണ്ടോ. നീല തിമിംഗിലങ്ങൾ മാത്രമല്ല, കില്ലർ വെയ്‌ൽ, പൈലറ്റ് വെയ്‌ൽ തുടങ്ങിയവയുടെയെല്ലാം ശബ്‌ദം പരിചയപ്പെടാനാകുന്ന മറൈൻ ലൈഫ് ആൻഡ് സയൻസ് ഗ്യാലറിയാണ് മറ്റൊരു വിസ്‌മയ ഉറവിടം. കടലിനടിയിലെ വിസ്മയക്കാഴ്ചകൾ അടങ്ങിയ ഗ്യാലറിയിൽ അമ്പതോളം പ്രദർശന വസ്‌തുക്കളാണുള്ളത്. വിവിധയിനം കടൽസസ്യങ്ങൾ, അവയുടെ സമുദ്രാന്തർഭാഗത്തെ വിന്യാസം, കടൽ ജീവികളുടെ മാതൃകകളും ചിത്രങ്ങളും, ഓരോ ജീവികളും കാണപ്പെടുന്ന ആഴങ്ങളുടെ അടയാളപ്പെടുത്തൽ എന്നിവയെല്ലാം ഇവിടെ കാണാം. ഫിസിക്സ് പ്രവർത്തന തത്വം ആധാരമാക്കിയുള്ള സയൻസ് പാർക്കാണ് മറ്റൊരു ആകർഷണം.

ഗ്രാവിറ്റി ചെയർ, ടിക്–- ടാക്–- ടോ, ബക്കിബോൾ ക്ലൈമ്പർ, ലിത്തോഫോൺ, പ്രതിധ്വനിക്കുഴൽ, കുശുകുശുക്കുന്ന പൂന്തോട്ടം, സംഗീതക്കുഴലുകൾ, ഏറ്റവും ദൈർഘ്യം കുറഞ്ഞ പാത തുടങ്ങി 32ൽപ്പരം പ്രദർശനങ്ങളാണ് ഇവിടെയുള്ളത്. ഇതോടനുബന്ധിച്ചാണ് ദിനോസർ ശിൽപ്പങ്ങൾ അടങ്ങുന്ന ദിനോസർ എൻക്ലേവും. സമുദ്രാന്തർഭാഗത്തെ കാഴ്ചകളും ആകാശക്കാഴ്ചകളും മനുഷ്യരുടെ പരിവർത്തങ്ങളുടെയും ത്രീ ഡി ദൃശ്യാനുഭവം സമ്മാനിക്കുന്ന ത്രീ ഡി തിയറ്റർ, കുട്ടികൾക്ക് പരീക്ഷണങ്ങൾ നടത്താനുള്ള ആക്ടിവിറ്റി സെന്റർ, സ്റ്റിൽ മോഡലുകളുടെ പ്രദർശനവും ശാസ്ത്രതത്വങ്ങളുടെ തിയറികളും പ്രസന്റേഷനും ഒരുക്കിയ ടെമ്പററി എക്സിബിഷൻ ഹാളും സയൻസ് സെന്ററിനെ കൂടുതൽ വിജ്ഞാനപ്രദമാക്കുന്നു.
തുറക്കും മായാലോകം
സയൻസ് സിറ്റിയെ പച്ച പുതപ്പിക്കാനായി ജൈവ ഉദ്യാനവും ഇവിടെ ഒരുങ്ങുകയായി. വിവിധയിനം ഫലവൃക്ഷങ്ങൾ, ഔഷധച്ചെടികൾ, ചെറുമരങ്ങൾ, മുളയിനങ്ങൾ, കുറ്റിച്ചെടികൾ, മണ്മറഞ്ഞു പോകുന്ന മറ്റ് വൃക്ഷങ്ങൾ എന്നിവ ഉദ്യാനത്തിന്റെ ഭാഗമാകും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കുറവിലങ്ങാട് പഞ്ചായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ സയൻസ് സിറ്റിയുടെ അഞ്ചേക്കറിലാണ് ഉദ്യാനം ഒരുങ്ങുന്നത്.

കുറവിലങ്ങാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി 85 ഓളം തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഉദ്യാനം നിർമിക്കാനായി ക്യാമ്പസിനുള്ളിലെ പ്രദേശങ്ങളെ തട്ടുകളായി തിരിച്ചു. പാർശ്വഭിത്തി സംരക്ഷിക്കാൻ കയർഭൂവസ്ത്രം വിരിച്ച് പുല്ല് വച്ചുപിടിപ്പിച്ചിട്ടുമുണ്ട്. ഉദ്യാനത്തിനൊപ്പം ഒരു കുളംകൂടെ തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കും. സയൻസ് സിറ്റിയുടെ അതിശയങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. രണ്ടാംഘട്ടത്തിൽ അതിവിപുലമായ സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തിയറ്ററുകൾ, പ്രകാശ ശബ്ദസമന്വയ പ്രദർശനം, ജലധാര, വാനനിരീക്ഷണ സംവിധാനം എന്നിവയാണ് രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.















