കാലാവസ്ഥാ പ്രവചനത്തിൽ വേണം ‘മൈക്രോ അപ്‌ഡേറ്റ്’

ഡോ. കീർത്തിപ്രഭ
Published on Sep 01, 2026, 12:00 AM | 2 min read
അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ ചെറിയ വരപോലെ കിടക്കുന്ന കേരളം ഇന്ന് കാലാവസ്ഥാ വ്യതിയാനങ്ങളുടെ വലിയ കേന്ദ്രമായി മാറിക്കഴിഞ്ഞു. സമീപകാല ചരിത്രം പരിശോധിച്ചാൽ മഴയുടെ പോക്കും വരവും പ്രവചനാതീതമാണ്. ജില്ല മുഴുവൻ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും എന്നാൽ നഗരങ്ങളിൽ വെയിൽ തിളങ്ങിനിൽക്കുകയും മലയോര മേഖലകളിൽ പ്രളയമോ ഉരുൾപൊട്ടലോ ഉണ്ടാകുകയും ചെയ്യുന്ന വൈരുധ്യങ്ങൾ നമ്മൾ നിരന്തരം കാണുന്നു. കാലാവസ്ഥാ വ്യതിയാനം എന്നത് ആഗോള പ്രതിഭാസമാണ്. ആഗോളതാപനവും കാർബൺ പുറന്തള്ളലും പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ ആവശ്യമാണ്. അതേസമയം ദൈനംദിന ജീവിതത്തിലെ സുരക്ഷയ്‌ക്ക് അടിയന്തരമായി നമുക്ക് ചെയ്യാവുന്ന ഒന്നാണ് വാർഡ് അല്ലെങ്കിൽ പ്രാദേശികതലത്തിലുള്ള കാലാവസ്ഥാ പ്രവചനം. ഈ രീതിയിൽ മൈക്രോ ലെവൽ കാലാവസ്ഥാ പ്രവചനം നടപ്പാക്കുന്നതുവഴി ഓരോ പ്രദേശത്തെയും അതിസൂക്ഷ്‌മ അന്തരീക്ഷ വ്യതിയാനങ്ങൾ കൃത്യമായി കണ്ടെത്താൻ സാധിക്കും.
യൂറോപ്പിലും മറ്റും തൊണ്ണൂറ് ശതമാനത്തിലധികം കൃത്യതയോടെയാണ് ഓരോ മണിക്കൂറിലെയും കാലാവസ്ഥ പ്രവചിക്കുന്നത്. ഇതിന് കാരണം അവിടെ മികച്ച സാങ്കേതികവിദ്യ ഉണ്ടെന്നത് മാത്രമല്ല, കൃത്യമായ ഡാറ്റാ മോഡലിങ് സാധ്യമാണ് എന്നതുമാണ്. അവിടെ കഴിഞ്ഞ അന്പതും നൂറും വർഷത്തെ കാലാവസ്ഥാ ഡാറ്റകൾ ഡിജിറ്റലായി ലഭ്യമായതുകൊണ്ടാണ് ഇത്രയും കൃത്യതയുള്ള നിർമിതബുദ്ധി പ്രവചനമാതൃകകൾ വികസിപ്പിച്ചെടുക്കാൻ അവർക്ക് സാധിച്ചത്.
കേരളത്തിൽ പല ജില്ലകളിലും വളരെ കുറച്ച് കേന്ദ്രങ്ങളിൽ, അതായത് വിമാനത്താവളം, കലക്ടറേറ്റ് തുടങ്ങിയ നിർദിഷ്ട സ്ഥലങ്ങളിലാണ് ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജില്ലയുടെ മുഴുവൻ കാലാവസ്ഥ സൂചിപ്പിക്കാൻ ഈ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന ഡാറ്റ പര്യാപ്‌തമല്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും മികച്ച കണക്ടിവിറ്റിയുള്ള കേരളത്തിനു മുന്നിൽ വളരെ ലളിതമായ വഴിയുണ്ട്. കേരളത്തിലുടനീളമുള്ള പതിനാലായിരത്തോളം സ്‌കൂളുകളിലും ഒന്പതിനായിരത്തോളം പൊതുജന വായനശാലകളിലും ലളിതമായ മൈക്രോ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നതാണ് ഇതിൽ പ്രധാനം. വലിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾക്ക് പകരം, കെൽട്രോൺപോലുള്ള പ്രാദേശിക പൊതുമേഖലാ സ്ഥാപനങ്ങൾ വഴി നിർമിക്കാവുന്ന 4000മുതൽ 5000 രൂപ വരെ ചെലവുവരുന്ന ചെറിയ ഉപകരണങ്ങൾ ഇതിനായി ഉപയോഗിക്കാം.
മഴയുടെ അളവ്, താപനില, കാറ്റിന്റെ വേഗവും ദിശയും, ഈർപ്പം, അന്തരീക്ഷ മർദം, വായു ഗുണനിലവാരം, അൾട്രാവയലറ്റ് ഇൻഡക്സ് എന്നിവയൊക്കെ ലൈവായി അളക്കാൻ ഈ ഉപകരണങ്ങൾക്ക് സാധിക്കും. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കിണറുകളിലെയും ജലാശയങ്ങളിലെയും പിഎച്ച് ലെവലും ജലഗുണനിലവാരവും നിരീക്ഷിക്കാനുള്ള സെൻസറുകളും സ്ഥാപിക്കാം. ഇതിലൂടെ പകർച്ചവ്യാധികളുടെയും ജലജന്യ രോഗങ്ങളുടെയും വരവ് പ്രവചിക്കാനും പ്രതിരോധിക്കാനും ആരോഗ്യവകുപ്പിന് സാധിക്കും.
ഈ തദ്ദേശീയ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന ഡാറ്റ ഓരോ പത്തോ പതിനഞ്ചോ മിനിറ്റിലും കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് ലോഗ് ചെയ്യാം. മൂന്നോ നാലോ വർഷംകൊണ്ട് ഈ ഡാറ്റ ക്രോഡീകരിച്ച് നിർമിത ബുദ്ധി ടൂളുകൾ ഉപയോഗിച്ച് വിശകലനം ചെയ്‌തെടുത്താൽ, കേരളത്തിന്റെ സ്വന്തം കാലാവസ്ഥാ പ്രവചനമാതൃക വികസിപ്പിക്കാം. ഇത് ആർക്കും മൊബൈൽ ആപ് വഴി കൃത്യമായി അറിയാൻ സാധിക്കും; അടുത്ത അരമണിക്കൂറിനുള്ളിൽ സ്വന്തം വില്ലേജിൽ മഴ പെയ്യുമോ പുറത്തിറങ്ങുമ്പോൾ കുട കരുതേണ്ടതുണ്ടോ മലയോരങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങൾ.
ഈ പദ്ധതി കേവലം മഴ അറിയാനുള്ള സംവിധാനം എന്നതിലുപരി വിപുലമായ സാധ്യതകളാണ് തുറന്നുതരുന്നത്. സ്‌കൂൾ ഐടി ലാബുകളുമായി ഇത് കണക്ട് ചെയ്യുന്നതിലൂടെ കുട്ടികൾക്ക് കാലാവസ്ഥയെക്കുറിച്ചും ഡാറ്റ സയൻസിനെക്കുറിച്ചും പ്രായോഗികമായി പഠിക്കാൻ സാധിക്കും. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ വൈബ്രേഷൻ സെൻസറുകൾകൂടി ഘടിപ്പിക്കുന്നതിലൂടെ വലിയ ദുരന്തങ്ങളും ജീവഹാനികളും പൂർണമായി ഒഴിവാക്കാം. കർഷകർക്ക് വിത്ത് എപ്പോൾ വിതയ്ക്കണം, എപ്പോൾ വിളവെടുക്കണം എന്ന് തീരുമാനിക്കാനും നഗരാസൂത്രണത്തിനും വികസന പ്രവർത്തനങ്ങൾക്കും ഈ ഡാറ്റ വലിയ അളവിൽ സഹായകരമാകും. ഇപ്പോഴേ ഇൗ ഡാറ്റ ശേഖരണം ആരംഭിച്ചാൽ 10 വർഷത്തിനുള്ളിൽ ലോകത്തുതന്നെ ഏറ്റവും കൃത്യമായ മൈക്രോ കാലാവസ്ഥാ പ്രവചനം നടത്തുന്ന മാതൃകാ സംസ്ഥാനമായി കേരളത്തിന് മാറാൻ സാധിക്കും. ഒരു അക്കാദമിക് പ്രോജക്ടായി തുടങ്ങി പിന്നീട് പൊതു സംരംഭമായി മാറ്റേണ്ട ഒന്നാണിത്.















