മനുഷ്യവിരുദ്ധതയുടെ സംഘരൂപം


പി എസ് സഞ്ജീവ്
Published on Nov 16, 2025, 11:00 PM | 3 min read
ഗവേഷക വിദ്യാർഥിയായ വിപിൻ വിജയനെ കേരള സർവകലാശാല സംസ്കൃത വകുപ്പ് മേധാവി ഡോ. വിജയകുമാരി ജാതീയ അധിക്ഷേപത്തിനും വ്യക്തിഹത്യക്കും വിധേയമാക്കിയതിനെതിരെ കേരളസമൂഹം ശക്‌തമായ പ്രതിഷേധം ഉയർത്തുകയാണ്. പിജിയും എംഎഡും എംഫിലും കഴിഞ്ഞ് സംസ്കൃതത്തിൽ ഗവേഷണം പൂർത്തീകരിച്ച്, ഓപ്പൺ ഡിഫെൻസിന്റെ ഘട്ടത്തിൽ, ചെയർപേഴ്സണായ പ്രൊഫ. അനിൽ പ്രസാദ് ഗിരിയെ ചട്ടവിരുദ്ധമായി മറികടന്ന് വിപിൻ വിജയന് അയോഗ്യത കൽപ്പിക്കാനുള്ള ഡോക്ടർ വിജയകുമാരിയുടെ ശ്രമത്തിനു പിന്നിൽ ജാതിവെറി മാത്രമാണ്. സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്ന നടപടിയാണിത്. ഓപ്പൺ ഡിഫൻസ് അലങ്കോലപ്പെടുത്താൻ സംഘപരിവാറുകാരായ അധ്യാപക സംഘത്തെയും ഇൗ അധ്യാപിക നിയോഗിച്ചു എന്നതും ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേട്ടുകേൾവിയില്ലാത്ത പ്രവൃത്തിയാണ്.
കുറച്ചുവർഷങ്ങളായി കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസും ഗവർണറും അവർ നിയമിച്ച താൽക്കാലിക വി-സിമാരും വഴി സെനറ്റ്, സിൻഡിക്കറ്റ്, ഡീൻ സ്ഥാനങ്ങൾ അനധികൃതമായി നേടിയെടുക്കാൻ ചിലർക്ക് കഴിഞ്ഞു. അതിന്റെ പിൻബലത്തിലാണ് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം ഉന്നത വിദ്യാഭ്യാസ മേഖലയുടെ വർഗീയവൽക്കരണത്തിനും അയിത്ത–ജാതി വിവേചനങ്ങൾക്കും ഇൗ അവിശുദ്ധ സഖ്യം ശ്രമിക്കുന്നത്. വിപിൻ വിജയന്റെ വിഷയത്തിൽ കേരളത്തിലെ മാധ്യമങ്ങൾ വാർത്ത നൽകിയത് "സംസ്കൃതമറിയാത്ത എസ്‌എഫ്‌ഐക്കാരനായ വിദ്യാർഥിക്ക് അനധികൃതമായി പിഎച്ച്‌ഡി നൽകാൻ നീക്കം’എന്ന തലവാചകത്തോടെയാണ്. ആ വാർത്തയുടെ സത്യാവസ്ഥ മറ്റൊന്നാണെന്നിരിക്കെ ഇടതുപക്ഷ വിരുദ്ധ മനോഭാവം വച്ചുപുലർത്തുന്ന മാധ്യമങ്ങൾ പച്ചനുണയായിരുന്നു ആദ്യം പ്രചരിപ്പിച്ചത്.സത്യം പുറത്തുവന്നിട്ടും തിരുത്താൻപോലും ഇൗ മാധ്യമങ്ങൾ തയ്യാറായില്ല.
സംഘപരിവാറിന്റെ കരുക്കളായ ഇവരെല്ലാംതന്നെ ജാതി വിവേചനത്തിന്റെയും വർഗീയവൽക്കരണത്തിന്റെയും ഇടമായാണ് സർവകലാശാലയെ വിഭാവനം ചെയ്യുന്നത്. ആർഎസ്‌എസിന്റെ അജൻഡ അതാണുതാനും
സവർണ ജാതി-ബോധത്തിന്റെ ഭാഗമായ പകയുടെ ഇരയാണ് വിപിൻ വിജയനെന്ന് ഒരു വലത് മാധ്യമത്തിന്റെയും പിന്തുണയില്ലാതെ കേരളം തിരിച്ചറിയുന്നു. ജാതി വിവേചന, വർഗീയ നിലപാടിനുടമയായ ഡീൻ ഡോ. വിജയകുമാരിക്ക് ആ സ്ഥാനത്ത് തുടരാൻ ഒരു അർഹതയുമില്ല. മാത്രമല്ല, ഇവരെ ഉടൻ സർവകലാശാല ഉത്തരവാദിത്വങ്ങളിൽനിന്ന് പുറത്താക്കുകയും വേണം. ഇതിനെതിരെ നടപടി എടുക്കേണ്ട താൽക്കാലിക വി സി ഡോ. മോഹനൻ കുന്നുമ്മൽ ഇൗ അധ്യാപികയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ചാൻസലർ കൂടിയായ ഗവർണറും അതേ സ്ഥിതിയാണ് സ്വീകരിക്കുന്നതും. സംഘപരിവാറിന്റെ കരുക്കളായ ഇവരെല്ലാംതന്നെ ജാതി വിവേചനത്തിന്റെയും വർഗീയവൽക്കരണത്തിന്റെയും ഇടമായാണ് സർവകലാശാലയെ വിഭാവനം ചെയ്യുന്നത്. ആർഎസ്‌എസിന്റെ അജൻഡ അതാണുതാനും.
പിന്നാക്കവിഭാഗത്തിൽപ്പെട്ടവരും മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ പഠിച്ചുകൂടാ എന്ന നിലപാടാണ് സംഘപരിവാറിനുള്ളത്. രോഹിത് വെമുല എന്ന പേര് ഈ കൂട്ടത്തിൽ അറിയപ്പെട്ടത് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതുകൊണ്ടുമാത്രമാണ്
രാജ്യത്തെ ഉന്നത നിലവാരം പുലർത്തുന്ന സർവകലാശാലകളുടെ പട്ടികയിൽ ആദ്യ മുപ്പതിൽ (ഐഐടി, ഐഐഎം, ഐഐഎസ്‌സി അടക്കം) ഉൾപ്പെടുന്നതാണ് കേരള സർവകലാശാല. കേരളയുടെ അക്കാദമിക നിലവാരത്തെയും സുഗമമായ നടത്തിപ്പിനെയും നേരിട്ട് ബാധിക്കുന്ന വിധത്തിലാണ്, ചാൻസലറുടെ ആശീർവാദത്തോടെ താൽക്കാലിക വി സി മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ ഈ വർഗീയ കൂട്ടായ്മ പ്രവർത്തിക്കുന്നത്. സർവകലാശാലകളെ അതിന്റെ അടിസ്ഥാന ഉത്തരവാദിത്വത്തിൽനിന്ന് വഴിതെറ്റിക്കാനും നവോത്ഥാന മുന്നേറ്റങ്ങളുടെ തുടർച്ചയിൽ ഉയർന്നു വന്ന മതനിരപേക്ഷ സാംസ്കാരിക സമൂഹമായ കേരളത്തെ മത, ജാതി ഭ്രാന്തിന്റെ കേന്ദ്രമാക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകളിലും ഐഐടികളിലും ഐഐഎമ്മുകളിലും കേന്ദ്ര സർവകലാശാല ഉൾപ്പെടുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും സംഘപരിവാർ അധികാരമേറിയ ശേഷം നടക്കുന്നത് കടുത്ത ജാതി മത വിവേചനമാണ്. അടുത്തകാലത്ത് അതിന്റെ ഇരകളായി ആത്മഹത്യ ചെയ്യേണ്ടി വന്ന വിദ്യാർഥികളുടെ എണ്ണം 122 നു മുകളിലാണ്. അതിൽ 24 പേർ പട്ടിക-ജാതി വിഭാഗത്തിലും മൂന്നു പേർ പട്ടിക-വർഗ വിഭാഗത്തിലും മറ്റു പിന്നാക്ക ജാതികളിലെ 41 വിദ്യാർഥികളുമാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ടവരും മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ പഠിച്ചുകൂടാ എന്ന നിലപാടാണ് സംഘപരിവാറിനുള്ളത്. രോഹിത് വെമുല എന്ന പേര് ഈ കൂട്ടത്തിൽ അറിയപ്പെട്ടത് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതുകൊണ്ടുമാത്രമാണ്. സർവകലാശാലകളിലെ സ്ഥിതി ഇതാണെങ്കിൽ ഇതരസംസ്ഥാനങ്ങളിലെ സ്കൂളുകളിലെ സ്ഥിതി ഇതിലേറെ ദയനീയമായിരിക്കും.
ശ്രീ നാരായണഗുരുവും അയ്യൻകാളിയും വാഗ്‌ഭടാനന്ദനും പൊയ്‌കയിൽ അപ്പച്ചനും ഉൾപ്പെടെയുള്ളവർ നടത്തിയ നവോത്ഥാനപോരാട്ടത്തെ തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലും ഐക്യകേരളത്തിന്റെ ആദ്യസർക്കാർ നിയമം വഴി നടപ്പാക്കിയ ഭൂപരിഷ്കരണമുൾപ്പെടെയുള്ള തീരുമാനങ്ങളുമാണ് പുതിയ കേരള സൃഷ്ടിയിലേക്ക് നമ്മെ നയിച്ചത്
സംഘപരിവാർനയം കേരളത്തിലെ സർവകലാശാലകളിൽ പ്രാവർത്തികമാക്കുകവഴി വരുംതലമുറയുടെ തലച്ചോറുകളെ കീഴടക്കി മതനിരപേക്ഷതയെ തകർത്തു മനുഷ്യ വിരുദ്ധത പടർത്താനുമാണ് അവർ ശ്രമിക്കുന്നത്. ജാതിബോധം മനുഷ്യനെ പുഴുവായിപ്പോലും പരിഗണിക്കാതിരുന്ന കാലത്താണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്. അന്ന് സവർണ മാടമ്പികളുയർത്തിയ അതേ വികാരമാണ് ഇന്ന് സർവകലാശാലകളിൽ ചാൻസലറും താൽക്കാലിക വി സിമാരും അവർ നിയമിച്ച സെനറ്റ്, സിൻഡിക്കറ്റ് അംഗങ്ങളും പ്രകടിപ്പിക്കുന്നത്. ശ്രീ നാരായണഗുരുവും അയ്യൻകാളിയും വാഗ്‌ഭടാനന്ദനും പൊയ്‌കയിൽ അപ്പച്ചനും ഉൾപ്പെടെയുള്ളവർ നടത്തിയ നവോത്ഥാനപോരാട്ടത്തെ തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലും ഐക്യകേരളത്തിന്റെ ആദ്യസർക്കാർ നിയമം വഴി നടപ്പാക്കിയ ഭൂപരിഷ്കരണമുൾപ്പെടെയുള്ള തീരുമാനങ്ങളുമാണ് പുതിയ കേരള സൃഷ്ടിയിലേക്ക് നമ്മെ നയിച്ചത്.
ശക്‌തമായ സമരമല്ലാതെ മറ്റൊരു മാർഗമില്ലെന്ന നിലയാണ് കേരളത്തിലെ സർവകലാശാലകളിൽ ഉള്ളത്. സംഘപരിവാറിന്റെ വർഗീയവൽക്കരണ നീക്കത്തിനെതിരെ വലിയ പോരാട്ടത്തിന് എസ്എഫ്ഐ നേതൃത്വം കൊടുക്കുകയാണ്. കേരള സർവകലാശാലയിൽ സംഘപരിവാർ വിരുദ്ധ സമരങ്ങൾക്ക് മറ്റൊരു വിദ്യാർഥിസംഘടനയും നേതൃത്വം കൊടുക്കുന്നില്ല. കെഎസ്‌യു, എംഎസ്എഫ് ഉൾപ്പെടെയുള്ളവർക്ക് സംഘപരിവാർ വിരുദ്ധ നിലപാടില്ല എന്നതും വ്യക്തമാണ്. വിപിൻ വിജയൻ നേരിട്ടതുപോലെ ജാതിവിവേചനം ഇനി ആവർത്തിക്കാത്ത വിധം പ്രതിഷേധമുയരണം. ഡോ. വിജയകുമാരിയുടേതു പോലെയുള്ള വികൃതചിന്തകൾക്ക് ഉടമയായ മനുഷ്യർക്ക് സാംസ്കാരിക കേരളത്തിൽ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് നാമൊരുമിച്ച് നടത്തേണ്ടത്. ജാതിവെറിയുടെ പ്രത്യക്ഷ ഉദാഹരണമായ ഈ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാതെ, അവർക്ക് പിന്തുണ നൽകുന്ന വി-സിയെയും സംഘപരിവാർ പ്രതിനിധികളെയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ-കേന്ദ്രങ്ങളിൽനിന്ന് പുറന്തള്ളുംവരെ എസ്എഫ്ഐ പോരാട്ടം തുടരും.
(എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)














