Deshabhimani

Articles

നയപ്രഖ്യാപനത്തിന്റെ 
ഒളി അജൻഡകൾ​

നയപ്രഖ്യാപനത്തിന്റെ 
ഒളി അജൻഡകൾ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ ചന്ദ്രൻപിള്ള

Published on Jun 02, 2026, 12:00 AM | 3 min read

വി ഡി സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം മെയ് 29ന് ഗവർണർ നടത്തി. കൗതുകകരമായ കാര്യം, സർക്കാരും നയപ്രഖ്യാപനവും ഒന്നിച്ച് അന്നേരം ആകാശത്തുനിന്ന് പൊട്ടിവീണതുപോലെ തോന്നും. കേരളം കടന്നുപോന്ന വികാസപരിണാമങ്ങളുടെ പശ്ചാത്തലം വിസ്‌മരിക്കുന്നതാണ് നയപ്രസംഗം. ഈ പുതുയുഗ സമീപനം ചിരിക്കാൻ വക നൽകുന്നു. സർക്കാരുകൾ തുടർച്ചയാണെന്ന് തരംകിട്ടുമ്പോഴെല്ലാം പ്രസംഗിച്ചുനടന്ന മനുഷ്യൻ എങ്ങനെ ഇങ്ങനെ മാറിപ്പോയെന്നും ചിന്തിക്കാവുന്നതാണ്.


​കഴിഞ്ഞ പത്തുവർഷം പശ്ചാത്തലസൗകര്യ വികസനത്തിലും ക്ഷേമസൗകര്യങ്ങൾ ഒരുക്കുന്നതിലും എൽഡിഎഫ് സർക്കാർ ഇതിഹാസതുല്യമായ നേട്ടം കൈവരിച്ചു. ഈ യാഥാർഥ്യം നിതി ആയോഗ് അംഗീകരിക്കുന്നു. വിവിധ മനുഷ്യവിഭവ വികസനസൂചകങ്ങളിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ താരതമ്യത്തിൽ കേരളം ഒന്നാംസ്ഥാനത്ത്‌ എത്തുന്നതായി വിവിധ ഏജൻസികൾ പഠനറിപ്പോർട്ടുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരും ഇത് അംഗീകരിച്ചിട്ടുണ്ട്.


​കേരളം കടുത്ത കടബാധ്യതയിലാണെന്നും സാമ്പത്തികപ്രതിസന്ധിയിലാണെന്നും തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് ഉടനീളം പറഞ്ഞുപോന്നു. നയപ്രഖ്യാപനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപ ആവശ്യമായ ക്ഷേമപദ്ധതികളും മെഗാ അടിസ്ഥാനസ‍ൗകര്യ പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണ്. നിർദിഷ്‌ട പദ്ധതികളെല്ലാം നല്ലതാണ്, വേണ്ടതുമാണ്.


​എന്നാൽ, മെയ് 30ന്റെ മലയാള മനോരമ നയപ്രഖ്യാപനം സംബന്ധിച്ച് എഴുതിയ മുഖപ്രസംഗത്തിൽ ഉന്നയിച്ച പ്രധാനപ്രശ്നം വിഭവസമാഹരണം എവിടെനിന്ന്, എങ്ങനെ എന്നാണ്. വിഭവസ്രോതസ്സ്‌ എന്താണെന്ന് വിദൂര സൂചനപോലും നയപ്രഖ്യാപനത്തിലില്ല എന്നുള്ളത് വലിയ ദൗർബല്യമാണ്‌. ബജറ്റിൽ പണം ഉണ്ടാകില്ല തീർച്ച. കേന്ദ്രസർക്കാർ അധികവായ്‌പ അനുവദിക്കുന്ന സ്ഥിതിയുമില്ല. അനുഭവങ്ങൾ അതാണ്. കോർപറേറ്റ് നിക്ഷേപ പ്രതീക്ഷ പ്രഖ്യാപനത്തിന്റെ പലയിടങ്ങളിലായി ചിതറിക്കിടപ്പുണ്ട്.


പരമാവധി നിക്ഷേപം കേരളത്തിൽ എത്തണമെന്നത് ശരിയായ ദിശയിലുള്ള നീക്കംതന്നെയാണ്. ഇടതുപക്ഷ സർക്കാരിന്റെ സമീപനവും അതുതന്നെയായിരുന്നു. എന്നാൽ, വരുന്ന നിക്ഷേപവും സാങ്കേതികവിദ്യയും നമ്മുടെ സമൂഹത്തിൽ ജനങ്ങൾക്ക് ഉൽപ്പാദനസൗകര്യങ്ങളുടെ വികസനത്തിനും തൊഴിലുകളുടെ ലഭ്യതയ്ക്കും വരുമാന ഉയർച്ചയ്ക്കും ഇടവരുത്തുന്നുവെന്ന് ഉറപ്പാക്കണം. അക്കാര്യം നയപ്രഖ്യാപനം പരിഗണിക്കുന്നില്ല.


​അതേസമയം, ഭരണഘടനാ കൽപ്പിതമായ ഫെഡറൽ സാമ്പത്തിക അവകാശങ്ങൾ നിരന്തരം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തെക്കുറിച്ച് ഒരക്ഷരം നയപ്രഖ്യാപനത്തിലില്ല. ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ഡീൽ എന്തായിരിക്കാം? ലാൻഡ് ബാങ്ക്, പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ്‌, ഇൻവെസ്റ്റ്മെന്റ് പ്രൊമോഷണൽ ബോർഡ്, ഗ്ലോബൽ കേപ്പബിലിറ്റി സെന്റേഴ്സ്, പോർട്ട് ലെഡ് ഡെവലപ്മെന്റ്‌ തുടങ്ങിയ വാക്കുകൾ പ്രഖ്യാപനത്തിൽ ആവർത്തിക്കുന്നു. ശരാശരി മലയാളിക്ക് കടിച്ചാൽ പൊട്ടാത്ത വാക്കുകളാണിവ.


ഇതിന്റെ സ്രോതസ്സ് വേൾഡ് ഇക്കണോമിക് ഫോറവും ദാവോസും കോർപറേറ്റ് ഉച്ചകോടികളും ടെക് കോർപറേറ്റുകളുടെ സർക്കിളുകളുമാണ്. ഇതൊന്നും കേരളത്തിന് അന്യമാകേണ്ടതില്ല.

​ലാൻഡ് പൂളിങ് ലോകത്തും ഇന്ത്യയിലും വ്യാവസായികാവശ്യങ്ങൾക്കും നഗരവികസനത്തിനും ഭൂമി ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ്. അതൊരു വിജയഗാഥയുമാണ്. കൊച്ചിയിലെ ഇൻഫോപാർക്കിന്റെ മൂന്നാംഘട്ട വികസനത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ ഈ പ്രക്രിയയാണ് ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചത്.


അത് ഊർജസ്വലമായി നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാംഘട്ട വികസനത്തിന് 500 ഏക്കർ ഭൂമി ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ വിജയം വൻ നേട്ടമാകും. എന്നാൽ, നയപ്രഖ്യാപനത്തിൽ അത് പരാമർശിച്ചിട്ടേയില്ല. അങ്ങനെ സംഭവിക്കരുതായിരുന്നു.


​ഭൂനിയമ ഭേദഗതികളും പാടശേഖരനിയമ ഇളവുകളും പ്ലാന്റേഷൻ ഭൂമിയുടെ ഉപയോഗ നിയന്ത്രണങ്ങളിൽ നിർദേശിക്കുന്ന മാറ്റവുമെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ട കാര്യങ്ങളാണ്. ഇത് നടപ്പാക്കിവരുമ്പോൾ അതിന്റെ പ്രയോജനം പ്രകൃതിക്കും ജനങ്ങൾക്കുമായിരിക്കണം; നിക്ഷേപകർക്കുമാത്രമാകരുത്.


​പ്രസംഗത്തിൽ നഷ്‌ടപ്പെട്ടുപോയ മറ്റൊന്ന് ചരിത്രബോധമാണ്. കേരളം മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെയും ഭൂസമരങ്ങളുടെയും തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളുടെയും വികേന്ദ്രീകൃതാസൂത്രണത്തിന്റെയും അതുല്യമായ ഉൽപ്പന്നമാണ്. അത് യുഡിഎഫ് കാണുന്നതേയില്ല. കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയാണ് നഗരവികസനം. കൊച്ചിയിൽ ഉൾപ്പെടെ ഗുരുതരമാകുന്ന ഗതാഗതക്കുരുക്ക്, വെള്ളക്കെട്ട്, മാലിന്യസംസ്‌കരണം, കുടിവെള്ളക്ഷാമം, പാർപ്പിട അസമത്വം തുടങ്ങിയവ ഇതിന്റെ പ്രതിഫലനങ്ങളാണ്.


പ്രഖ്യാപനത്തിൽ സമഗ്ര നഗരവികസന നയം ഇല്ലേയില്ല. സുസ്ഥിര നഗരാസൂത്രണം, പൊതുഗതാഗത അധിഷ്‌ഠിത നഗരവികസനം, ദാരിദ്ര്യനിർമാർജനം, തൊഴിലാളികളുടെ ജീവിതം, പാർപ്പിടപ്രശ്നം എന്നിവയും കാണുന്ന ദീർഘവീക്ഷണമില്ല.


കേരളവികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന വിനോദസഞ്ചാരമേഖലയെപ്പറ്റി പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളൊന്നും നയപ്രഖ്യാപനത്തിൽ സ്ഥാനംപിടിച്ചില്ലെന്നതും ആശങ്ക സൃഷ്‌ടിക്കുന്നു. കേരളത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമ്പോൾ, തീരദേശത്തെയും ഉൾനാടൻ മേഖലയിലെയും ലക്ഷക്കണക്കിന്‌ വരുന്ന മത്സ്യത്തൊഴിലാളികളെപ്പറ്റി പരാമർശമില്ല. കേരളത്തിന്റെ തീരപ്രദേശം അസൂയാവഹമായ ധാതുമണലിന്റെ സംഭരണിയാണ്. ശരിയാംവണ്ണം കൈകാര്യം ചെയ്‌താൽ കേരളത്തെ എക്കാലത്തേക്കും ഐശ്വര്യസമ്പൂർണമാക്കാൻ അത്‌ മതിയാകും.


തോറിയവും ടൈറ്റാനിയവും അതിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളും അപൂർവലോഹങ്ങളും ഇതിൽപ്പെടുന്നു. ആധുനികലോകത്തിന്റെ ചലനാത്മകതയ്‌ക്ക്‌ വിസ്‌മയകരമായ പങ്കുവഹിക്കുന്ന സെമികണ്ടക്ടറുകളും ചിപ്പുകളും മറ്റൊരു അനന്തസാധ്യതയാണ്. തോറിയം അധിഷ്‌ഠിത അണുശക്തിവികസനം രണ്ടുമാസംമുമ്പാണ് ഫാസ്റ്റ് ബ്രീഡർ ടെക്‌നോളജിയിലൂടെ ഇന്ത്യ സ്വായത്തമാക്കിയത്. റഷ്യക്ക് മാത്രമാണ് തോറിയം ടെക്‌നോളജി ഇപ്പോൾ കൈവശമുള്ളത്.


​സ്‌പോർട്സ് ഇക്കോണമിയുടെ പ്രാധാന്യം നയപ്രഖ്യാപനം കണ്ടിട്ടേയില്ല. ഐടി വ്യവസായത്തിന്റെ കേരളമാകെയുള്ള വ്യാപനം, സ്റ്റാർട്ടപ്പുകൾ എന്നിവയും ഗൗരവമായി കണ്ടിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളുടെ കാര്യവും അതുതന്നെ. സ്ത്രീശാക്തീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന കുടുംബശ്രീയെ സ്‌പർശിക്കുന്നതേയില്ല. സ്വയംതൊഴിൽ, സഹകരണ സമ്പദ്‌വ്യവസ്ഥ, പ്രാദേശിക ജനാധിപത്യം, ദാരിദ്ര്യനിർമാർജനം എന്നിവയിൽ വിപ്ലവകരമായ ഇടപെടൽ നടത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ.


​ഇന്ത്യൻ തൊഴിൽശക്തിയെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡുകൾ ട്രേഡ് യൂണിയനുകളാകെ എതിർത്തിരിക്കുകയാണ്. ലേബർ കോഡുകളുടെ ചട്ടങ്ങളുണ്ടാക്കാൻ സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥമാണ്. ട്രേഡ് യൂണിയനുകളെ വിശ്വാസത്തിലെടുത്ത് അത് നിർവഹിക്കുമെന്ന് നയപ്രഖ്യാപനം പറയുന്നില്ല. ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ്, സ്‌കിൽ, ഇൻഡസ്ട്രി റെഡിനെസ്‌, എഐ ട്രെയിനിങ് തുടങ്ങിയ മാനേജ്മെന്റ്‌ പദാവലികൾക്കാണ് പ്രാമുഖ്യം. കരാർവൽക്കരണം, അസംഘടിത തൊഴിൽ, ഗിഗ് സമ്പദ്‌വ്യവസ്ഥ, തൊഴിലില്ലായ്‌മ എന്നിവയോടുള്ള രാഷ്ട്രീയസമീപനം കാണുന്നതേയില്ല.


കർഷകരുടെ കടബാധ്യത, കാർഷികോൽപ്പന്നങ്ങളുടെ കോർപറേറ്റ് നിയന്ത്രണം, കേന്ദ്രത്തിന്റെ കാർഷികനയം, സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രത്യാഘാതം എന്നിവ കേരളത്തിന്റെ പ്രധാന പ്രശ്നങ്ങളാണ്. ഇതിന്‌ ഇടയാക്കുന്ന കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങളോടും അതിന്റെ ഉറവിടമായ ആഗോളവൽക്കരണനയങ്ങളോടും നയപ്രഖ്യാപനം നിശ്ശബ്‌ദത പാലിക്കുന്നത് രാഷ്ട്രീയമായ ഒളിച്ചോട്ടമാണ്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ എൽഡിഎഫ്‌ സർക്കാരുണ്ടാക്കിയ നിസ്‌തുലമായ പുരോഗതിയെ നിരാകരിക്കുന്നതിന് ‘ഇടിവ്', ‘ഗുണനിലവാരത്തകർച്ച' എന്നീ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.


​ഓപ്പറേഷൻ തൂഫാൻ, സീറോ ടോളറൻസ്, ഇന്റലിജൻസ് നെറ്റ്‌വർക്ക്‌ തുടങ്ങിയ വാക്കുകളാണ് മയക്കുമരുന്നിനും ലഹരിയുടെ വ്യാപനത്തിനും എതിരായ പ്രതിരോധത്തിന്റെ കാര്യം വ്യക്തമാക്കാൻ നയപ്രഖ്യാപനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ, അത് പൂർണമായും പൊലീസ് ഭാഷയാണ്. സമൂഹത്തിന്റെ പിന്തുണയോടെ വലിയൊരു ബോധവൽക്കരണ പ്രസ്ഥാനമാണ് ഇതിന് ആവശ്യം. അതല്ലാതെ അതൊരു നിയമസമാധാനപ്രശ്നമല്ല. നയപ്രഖ്യാപനത്തിന്റെ കാഴ്‌ചപ്പാട് ഇക്കാര്യത്തിൽ തലകുത്തിനിൽക്കുകയാണ്. ഇത് ജനാധിപത്യ അവകാശങ്ങൾക്ക് ഭീഷണിയാകാം.


​കേരളത്തിന്റെ ശക്തി പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും സഹകരണപ്രസ്ഥാനങ്ങളിലും വികേന്ദ്രീകൃത അധികാരത്തിലുമാണ്. ഈ ചരിത്രയാഥാർഥ്യത്തെ അവഗണിച്ച് ‘പുതുയുഗകേരളം' സൃഷ്‌ടിക്കാനാകില്ല. അതുകൊണ്ട് നവഉദാര വികസനത്തിന്റെ ആടയാഭരണങ്ങളുടെ ഭാഷയ്‌ക്കുപകരം ജനകീയ വികസനരേഖയായി നയപ്രഖ്യാപനത്തെ മാറ്റുകയാണ് വേണ്ടിയിരുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home