പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ചിന്റെ പരിപാടിക്ക് ഡൽഹി പൊലീസ് വിലക്ക്

ന്യൂഡൽഹി: ഡൽഹി ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒക്ടോബര്‍ 30 ന് നിശ്ചയിച്ചിരുന്ന പ്രശസ്ത പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ചിന്റെ സംഗീത പരിപാടിക്ക് ഡൽഹി പൊലീസ് വിലക്ക്. ഉത്സവ സീസൺ പ്രമാണിച്ചും സുരക്ഷാ കാരണങ്ങളാലും എന്നാണ് വിശദീകരണം. സാധാരണ ദീപാവലി തുടങ്ങി ഉത്സവ സീസണുകളിൽ ഇത്തരം പരിപാടികൾ ഡൽഹിയിൽ പതിവാണ്.
ദിൽജിത്തിന്റെ 'ഓറ വേൾഡ് ടൂർ' ന്റെ രാജ്യത്ത് നിശ്ചയിച്ചിരുന്ന പ്രഥമ പരിപാടിയായിരുന്നു ഇത്. തുടര്‍ന്ന് ഇൻഡോർ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ലഖ്നൗ, ചണ്ഡീഗഢ് എന്നിങ്ങനെ നഗരങ്ങളിലും പരിപാടികൾ നിശ്ചയിച്ചിരുന്നു. ലോക പര്യടനത്തിന്റെ ഭാഗമായി വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ദിൽജിത് ഇതിനകം പരിപാടികൾ പൂര്‍ത്തിയാക്കി.
കഴിഞ്ഞ വർഷം ദിൽജിതിന്റെ 'ദിൽ-ലുമിനാറ്റി' (Dil-Luminati Tour) സംഗീത പരിപാടിയുടെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞതിനെത്തുടർന്ന് വ്യാജ ടിക്കറ്റ് വിൽപ്പന നടത്തുന്ന തട്ടിപ്പുകാർക്കെതിരെ ഡൽഹി പോലീസ് ഒരു ക്രിയേറ്റീവ് വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ദിൽജിതിന്റെ പ്രശസ്തമായ 'ബോൺ ടു ഷൈൻ' (Born To Shine- "പൈസ പൂസ ബാരെ സോച്ചെ ദുനിയാ, അലേർട്ട് രഹകർ ഓൺലൈൻ ഫ്രോഡ് സേ ബച്ചേ ദുനിയാ") എന്ന പാട്ടിന്റെ വരികൾ മാറ്റിപ്പിടിച്ചുകൊണ്ടായിരുന്നു പോലീസിന്റെ ബോധവൽക്കരണം.
പാട്ടു കേൾക്കാനുള്ള ആവേശത്തിൽ വ്യാജ ലിങ്കുകളിൽ പണം നൽകി ചതിയിൽ വീഴരുതെന്നും വീഡിയോയിലൂടെ പോലീസ് ഓർമ്മിപ്പിച്ചിരുന്നു. ഡൽഹി പോലീസിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധയിൽപ്പെട്ട ദിൽജിത് ദോസഞ്ച്, അത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയും പിന്തുണയുടെ അടയാളമായി ഫിസ്റ്റ് ഇമോജി ചേർക്കുകയും ചെയ്യുകയുണ്ടായി.









0 comments