ദേശീയ ജൂനിയർ മീറ്റിനു പോയ കേരള താരങ്ങൾ ദുരിതക്കയത്തിൽ

തിരുവനന്തപുരം: ജൂനിയർ നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ചെന്നൈയിലേക്ക് പോയ കായികതാരങ്ങൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം. സ്വന്തം ചെലവിൽ യാത്രാ ടിക്കറ്റെടുത്തും സ്വയം താമസസൗകര്യം കണ്ടെത്തിയുമാണ് തൊട്ടടുത്ത സംസ്ഥാനത്ത് നടക്കുന്ന മത്സരങ്ങളിൽ താരങ്ങൾ പങ്കെടുക്കുന്നത്. സംസ്ഥാന ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് ടീം ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഏറെ സമയം ഉണ്ടായിട്ടും താരങ്ങൾക്ക് ഒരു പിന്തുണയും നൽകാൻ കായികവകുപ്പോ, സ്‌പോട്‌സ് കൗൺസിലോ, അത്‌ലറ്റിക് അസോസിയേഷനോ തയ്യാറായില്ല. വാചകമടിക്കപ്പുറം കായികകേരളത്തോട് ഇൗ സർക്കാരിന് ഒരു താൽപ്പര്യവുമില്ല എന്നു തെളിയിക്കുന്നതാണ് ഇൗ സംഭവം. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ ആദരിക്കാൻ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തെ നിയോഗിച്ച് വൻതുക ചെലവഴിച്ചവരാണ് നാളെയുടെ താരങ്ങളെ അവഗണിക്കുന്നത്. പബ്ലിസിറ്റി കുറവായതു കൊണ്ട് കായികമന്ത്രിയ്‌ക്കും കൂട്ടർക്കും ഇവരുടെ കാര്യത്തിൽ താൽപ്പര്യമില്ല.
മുൻകാലങ്ങളിൽ മന്ത്രി ഓഫീസ് ഇടപെട്ട് താരങ്ങൾക്കായി ട്രെയിനിൽ പ്രത്യേക ബോഗി അനുവദിക്കാൻ ഇടപെട്ടിരുന്നു. എന്നാൽ, ഇത്തവണ ആരും ഇവരെ തിരിഞ്ഞുനോക്കിയില്ല. ഇങ്ങനെ പോകുന്ന കുട്ടികളുടെ ചെലവിനായി ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ, അതു ചെലവഴിക്കാതിരിക്കുകയാണ്. തുക അനുവദിക്കാൻ ആവശ്യമായ ഇടപെടൽ നടത്തേണ്ട സ്‌പോർട്‌സ് കൗൺസിലും ഇക്കാര്യത്തിൽ അനങ്ങിയില്ല. സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്നു വലിയൊരു തുക ഫീസായി ഈടാക്കുന്ന അത്‌ലറ്റിക് അസോസിയേഷന്, താരങ്ങൾക്ക് അടിസ്ഥാനപരമായ യാത്രാസൗകര്യം പോലും ഉറപ്പാക്കാൻ കഴിയുന്നില്ല എന്നത് ദയനീയമാണ്.









0 comments