തീണ്ടൽപ്പലകകളെ തോൽപ്പിച്ച സത്യഗ്രഹക്കാലുകൾ


ഡോ. എം എ സിദ്ദീഖ്
Published on Nov 22, 2025, 12:47 AM | 4 min read
അറുന്നൂറ്റിമൂന്നുദിവസം നീണ്ടുനിന്ന ഒരു പൗരാവകാശസമരമായിരുന്നു വൈക്കം സത്യഗ്രഹം. കേരള സംസ്ഥാന കോൺഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1924 മാർച്ച് 30ന് ആരംഭിച്ച് 1925 നവംബർ 23ന് അവസാനിച്ച ആ സത്യഗ്രഹത്തിന്റെ വിത്ത് അതിനും എത്രയോമുന്പ് സമൂഹമനസ്സിൽ വീണുകഴിഞ്ഞിരുന്നു. മനുഷ്യാവകാശങ്ങളെ നിരാകരിക്കുന്ന ജാതി സാമൂഹികതയ്‌ക്കെതിരെ ജനതയെ അണിനിരത്തി നടത്തിയ ആ സമരത്തിന്റെ ജ്വാലകൾ ഇന്നും അണയാതെ നമ്മളോടൊപ്പം സഞ്ചരിക്കുന്നു.
വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനുമുന്നിലെ വഴിയിൽക്കൂടി കുഞ്ഞാപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരും ഒരുമിച്ച് നടന്നുപോയി അറസ്റ്റ് വരിച്ചതോടെയാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. തീണ്ടൽപ്പലകയും മജിസ്‌ട്രേട്ടിന്റെ നോട്ടീസും ലംഘിച്ചാണ് കഴുത്തിലണിഞ്ഞ ഹാരങ്ങളുമായി അവർ മുന്നോട്ടുനടന്നത്. അവർണഹിന്ദുക്കൾക്ക് ക്ഷേത്രസമീപമുള്ള വഴികളിലൂടെ സഞ്ചാരസ്വാതന്ത്ര്യം വിലക്കി തിരുവിതാംകൂറിൽ പലേടത്തും നാട്ടിയിരുന്ന തീണ്ടൽപ്പലകകളിലൊന്ന് വൈക്കത്തും ഉണ്ടായിരുന്നു.
‘ഞങ്ങൾ മനുഷ്യരാണ്. ഞങ്ങൾ പബ്ലിക് റോഡിൽക്കൂടി സഞ്ചരിക്കുകയാണ്’ എന്ന് അവർ പറഞ്ഞു. വൈക്കത്തെ ക്ഷേത്രാധികാരികളായിരുന്ന ഇണ്ടൻതുരുത്തി ഇല്ലക്കാർക്കും അവരുടെ സിൽബന്തികളായ സവർണഹിന്ദുക്കൾക്കും മനസ്സിലാകാത്ത ഒരു ഭാഷയാണിത്
തീണ്ടൽജാതിക്കാർ ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിൽ ഗതാഗതം നടത്താൻ പാടില്ലെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെ ഒപ്പോടുകൂടിയ നോട്ടീസുകൾ എല്ലായിടത്തും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അവഗണിച്ചാണ് ആ മൂന്ന് സത്യഗ്രഹികൾ നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചത്. അവരെ 127-–ാം വകുപ്പുപ്രകാരമാണ് തിരുവിതാംകൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരോടും ‘നിങ്ങൾ എവിടെ പോകുന്നു, നിങ്ങൾ ആരാണ്’ എന്നൊക്കെ പൊലീസുകാർ ചോദിച്ചു. അതിനുള്ള മറുപടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ജീവൻ. ‘ഞങ്ങൾ മനുഷ്യരാണ്. ഞങ്ങൾ പബ്ലിക് റോഡിൽക്കൂടി സഞ്ചരിക്കുകയാണ്’ എന്ന് അവർ പറഞ്ഞു. വൈക്കത്തെ ക്ഷേത്രാധികാരികളായിരുന്ന ഇണ്ടൻതുരുത്തി ഇല്ലക്കാർക്കും അവരുടെ സിൽബന്തികളായ സവർണഹിന്ദുക്കൾക്കും മനസ്സിലാകാത്ത ഒരു ഭാഷയാണിത്. ഇണ്ടൻതുരുത്തി മനസ്സ് നാടൊട്ടുക്ക് ഉണ്ടായിരുന്നു. അയിത്തംകൊണ്ട് ഓടിമാറുന്നവരുടെ ഉള്ളിലും ഈ മനസ്സുതന്നെ പ്രവർത്തിച്ചിരുന്നു. അവർ തങ്ങളേക്കാൾ അയിത്തം കൽപ്പിച്ചിരുന്നവരെ തങ്ങളുടെ ജാതിമേൽക്കോയ്മകൊണ്ട് അടിച്ചമർത്തിയിരുന്നു.
രോഗാതുരമായ ആ മനസ്സിനെ പടിപടിയായി ചികിത്സിച്ചാണ് ആധുനികകേരളത്തെ നാം സാധ്യമാക്കിയത്. വൈക്കം സത്യഗ്രഹം പിരിച്ചുവിടുമ്പോൾ സത്യഗ്രഹമഹായോഗത്തിൽ അവതരിപ്പിച്ച നിശ്ചയങ്ങളിൽ ആദ്യത്തേത് കുഞ്ഞാപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരും പറഞ്ഞ മറുപടിയുടെ സാരാംശമായിരുന്നു. “ജാതിമതഭേദമന്യേ എല്ലാ പൗരന്മാർക്കും വൈക്കത്തുള്ള എല്ലാ റോഡുകളിലും സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സത്യഗ്രഹോദ്ദേശ്യം സാധിച്ചിരിക്കുന്നു.”
ഈ ആശയമാണ് വൈക്കം സത്യഗ്രഹത്തെ ഒരു പൗരാവകാശസമരമാക്കിത്തീർക്കുന്നത്. പൗരാവകാശം ഒരു പുരുഷപ്രശ്‍നം മാത്രമല്ലാത്തതുകൊണ്ട്, ധാരാളം സ്ത്രീകളും ആ സമരത്തിലൂടെ ചരിത്രത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഉപജ്ഞാതാവായ ടി കെ മാധവൻ അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ കയ്യാലയ്ക്കൽ നാരായണിയമ്മ പ്രസിദ്ധീകരിച്ച അഭ്യർഥനയിൽ 20–ാംനൂറ്റാണ്ടിന്റെ ശരിക്കും കുലുക്കമുണ്ട്. അത്രയും ഊർജത്തിലാണ് ആ അഭ്യർഥന അലയടിച്ചെത്തിയത്. പക്ഷേ, നമ്മുടെ നവോത്ഥാനചരിത്രത്തിലെങ്ങും ധീരരായ ഈ വനിതകളുടെ പേര് ഈയടുത്തകാലംവരെയും എഴുതിച്ചേർക്കപ്പെടുകയുണ്ടായില്ല.
വൈക്കം സത്യഗ്രഹമെന്നത് ഒറ്റനോട്ടത്തിൽ മതപരമായ ഒരു പ്രശ്നത്തെ പരിഹരിക്കുന്നതിനുള്ള സമരമല്ലേ എന്നു തോന്നാം. ഒരു ഹിന്ദു ക്ഷേത്രത്തിനുമുന്നിലുള്ള വഴിയിലൂടെ ഹിന്ദുവിശ്വാസികളിൽ ചിലർക്ക് (അവർ തീണ്ടലുള്ള ജാതികളാണ് എന്നതുകൊണ്ട്) സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ഹിന്ദുക്കൾ അല്ലാത്തവർക്കുകൂടി നടന്നുപോകാവുന്ന വഴിയാണത്. ഈ അനീതി പരിഹരിക്കുന്നതിനായി തീണ്ടൽജാതിക്കാരുടെ നേതൃത്വത്തിൽ ഒരു സത്യഗ്രഹം സംഘടിപ്പിക്കുന്നു. അപ്പോൾ അത് മതപരമായ വിഷയം മാത്രമല്ലേ എന്നാകും അത്തരക്കാർ ആലോചിക്കുക. ഈ ചിന്താഗതിയാണ് ഇണ്ടൻതുരുത്തി ഇല്ലക്കാരും രാഘവയ്യയെപ്പോലുള്ള ദിവാനും സവർണഹിന്ദുക്കളിലെ ചെറിയൊരു വിഭാഗവും വച്ചുപുലർത്തിയിരുന്നത്.

എന്നാൽ, ഈ സമരം വൈക്കത്തെ ജീവിതവുമായിമാത്രമല്ല, ഇന്ത്യയിലാകെയുള്ള സാമൂഹികജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കിയവരാണ് സത്യഗ്രഹത്തെ നയിച്ചവരും പങ്കെടുത്തവരും. ടി കെ മാധവൻ മഹാത്മാഗാന്ധിയുമായി തിരുനെൽവേലിയിൽ നടത്തിയ സംഭാഷണത്തിലും എല്ലാ ഹിന്ദുക്കളുടെയും ക്ഷേത്രപ്രവേശനം എന്ന വിഷയത്തിൽ അദ്ദേഹം ശ്രീമൂലം പ്രജാസഭയിൽ പലതവണ നടത്തിയ നിവേദനങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങളിലും ഈ വിഷയം പൊന്തിവരുന്നുണ്ട്. ആദ്യം ദിവാനായ രാഘവയ്യയും മറ്റൊരുതവണ ദിവാനായ മി. വാട്സും മതസംബന്ധമായ വിഷയമാണെന്ന ചട്ടമുപയോഗിച്ച് അവതരണാനുമതി നിഷേധിച്ചു. എന്നാൽ, ആ നിലയിലല്ല ഭൂരിപക്ഷ ഹിന്ദുസമൂഹം ഈ വിഷയത്തെ സമീപിച്ചതും വൈക്കം സത്യഗ്രഹം അടക്കമുള്ള സമരങ്ങളെ മുന്നോട്ടുകൊണ്ടുപോയതും.
സത്യഗ്രഹത്തിന്റെ വിജയകാരണങ്ങളിൽ പ്രമുഖമായ സവർണജാഥയുടെ സർവസൈന്യാധിപനായിരുന്ന മന്നത്തു പത്മനാഭൻ ആത്മകഥയായ ‘എന്റെ ജീവിതസ്മരണകളിൽ’ ഇങ്ങനെ എഴുതുന്നുണ്ട്: “സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചാലും തീണ്ടലും തൊടീലും അവശേഷിക്കുന്നതാണ്. അഭിമാനമുള്ളവർക്കു സഹിക്കാൻ സാധ്യമല്ലാത്ത തീണ്ടലും തൊടീലും ഇല്ലാതാക്കാനുള്ള ജോലി ആരംഭിച്ചാൽ അതിനോടുകൂടി വഴി താനേ തുറന്നുകൊള്ളും എന്നവർക്കു മുന്പേതന്നെ അറിയാമായിരുന്നു. ന്യായബോധമോ മനുഷ്യത്വചിന്തയോ സമസൃഷ്ടിസ്നേഹമോ അനുകമ്പയെങ്കിലുമോ ഉള്ള ആർക്കും എളുപ്പം അനുകൂലിക്കാൻ കഴിവുള്ള ഒരു കാര്യമായിരുന്നിട്ടും, ‘അടുക്കുന്തോറും അകലുന്ന' ഹൃദയശൂന്യതയാണ് അവരിൽ കണ്ടത്. അതുകൊണ്ട്. സഞ്ചാരസ്വാതന്ത്ര്യലബ്ധിക്കും അയിത്തോച്ചാടനത്തിനും ഉള്ള ‘ഒറ്റമൂലി' ക്ഷേത്രപ്രവേശനംതന്നെ എന്നും, അതിനുള്ള പ്രക്ഷോഭം ആരംഭിക്കണമെന്നും ഉൽപ്പതിഷ്ണുക്കളായ ഹിന്ദുക്കൾക്കെല്ലാം ഒരു തോന്നലുണ്ടായി.” ഇതിലെ അവർ എന്നത് മറ്റാരുമല്ല-. മഹാത്മജിയുടെ ഉപദേശം കേട്ടാലും ശാസ്ത്രഗ്രന്ഥം മുഖാന്തരം യുക്തിവാദം ചെയ്താലും കണ്ണുതുറക്കാത്ത ‘ഇണ്ടൻതുരുത്തി’മാരും വക്രഗതിക്കാരായ സവർണരിൽചിലരും മർക്കടമുഷ്ടി പിടിക്കുന്ന രാജാധിപത്യ ഗവൺമെന്റുമാണ്.
മന്നത്തു പത്മനാഭൻ എടുത്തുപറയുന്ന ഉൽപ്പതിഷ്ണുതയുടെ ഘടകങ്ങളെ ശ്രദ്ധിക്കുക. ന്യായബോധം, മനുഷ്യത്വചിന്ത, സമസൃഷ്ടിസ്നേഹം, അനുകന്പ... എന്നിവയാണവ. ഈ ഗുണങ്ങൾ ഒന്നൊന്നായി ആധുനിക ജനാധിപത്യബോധത്തിന്റെ വളർച്ചയ്ക്കാണ്
സത്യഗ്രഹികൾക്കുനേരെ നിർദയമായ മർദനമുറകൾ അഴിച്ചുവിടാനും പതിയിരുന്ന് ആക്രമിക്കാനായി ഗുണ്ടകളെ ഏർപ്പാടാക്കാനും അവർക്കു കഴിഞ്ഞത് ഇതിനൊക്കെയുള്ള അധികാരം ചാതുർവർണ്യം തങ്ങൾക്ക് നൽകുന്നുണ്ടെന്ന അഹങ്കാരത്തിലാണ്. ചിറ്റേടത്തു ശങ്കുപ്പിള്ളയെ പൊലീസ് മർദിച്ച് കൊലപ്പെടുത്തി, ധീരനായ സമരനേതാവ് ചോതിയെ തല്ലിച്ചതച്ച് കെട്ടിത്തൂക്കി, സത്യഗ്രഹികളോട് അനുഭാവം പ്രകടിപ്പിച്ച മൂവാറ്റുപുഴക്കാരൻ രാമൻ ഇളയതിന്റെ കണ്ണിൽ ചുണ്ണാമ്പെഴുതി, നാരായണൻനായർ എന്ന സത്യഗ്രഹിയെ മുക്കാലിയിൽ കെട്ടിയിട്ട് അടിച്ചു, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ ഭീകരമായി മർദിച്ചു, യോഗവിവരങ്ങൾ വിളംബരം ചെയ്തിരുന്ന മുത്തുസ്വാമിയെ മർദിച്ച് വിളംബരച്ചെണ്ട നശിപ്പിച്ചു– ഇതെല്ലാം ചെയ്‌തത് ഈ ദുരധികാരവിചാരത്താലാണ്. ഇതൊന്നും സമരത്തെ ദുർബലപ്പെടുത്തുകയല്ല; അതിശക്തമായി മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുകയാണ് ചെയ്തത്. മന്നത്തു പത്മനാഭൻ എടുത്തുപറയുന്ന ഉൽപ്പതിഷ്ണുതയുടെ ഘടകങ്ങളെ ശ്രദ്ധിക്കുക. ന്യായബോധം, മനുഷ്യത്വചിന്ത, സമസൃഷ്ടിസ്നേഹം, അനുകന്പ... എന്നിവയാണവ. ഈ ഗുണങ്ങൾ ഒന്നൊന്നായി ആധുനിക ജനാധിപത്യബോധത്തിന്റെ വളർച്ചയ്ക്കാണ്. അല്ലാതെ മതപരമോ -ജാതീയമോ ആയ സാമൂഹികബോധത്തിന്റെ വളർച്ചയ്ക്കല്ല സഹായകമായിത്തീരുക. ഈ തിരിച്ചറിവ് വ്യാപിപ്പിക്കുന്നതിൽ വൈക്കം സത്യഗ്രഹം വഹിച്ച പങ്ക് വളരെ വലുതാണ്. സത്യഗ്രഹവിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചുവെന്നത് അതിന്റെ സൂചനയായിരുന്നു.

പബ്ലിക് റോഡിലൂടെ ആളുകൾ നടന്നുപോകുന്നതിനെ വിലക്കുന്ന ഒരു മതനിയമവും ഹിന്ദുമതത്തിലില്ല എന്ന് ഗാന്ധിജി പറഞ്ഞപ്പോൾ, ഇണ്ടൻതുരുത്തി നമ്പ്യാതിരി പറഞ്ഞ മറുപടി, തങ്ങളുടെ വിഷയം ‘പബ്ലിക് റോഡിലൂടെ ആളുകൾ നടക്കുന്നതിലല്ല' എന്നാണ്. തങ്ങളുടെ വിഷയം ‘മുജ്ജന്മങ്ങളിലെ പാപകർമങ്ങളുടെ ഫലമായി അയിത്തജാതിയിൽ പിറക്കുന്നവരോട് ആചാരവിധികളനുസരിച്ച് ഇങ്ങനെ പെരുമാറാനേ തങ്ങൾക്കു കഴിയൂ' എന്നാണ്. അവരുടെ സംഭാഷണത്തിന്റെ മറ്റൊരു ഘട്ടത്തിൽ, ‘ഇവിടത്തെ നിയമക്കോടതി ഈ വഴികൾ പൊതുജനങ്ങൾക്കെല്ലാം തുറന്നുകൊടുക്കുന്നതിനു തീരുമാനിച്ചാൽ നിങ്ങൾ എന്തുചെയ്യും’ എന്ന് ഗാന്ധിജി ചോദിച്ചു. അതിന് നമ്പ്യാതിരി പറഞ്ഞ മറുപടി ‘ഞങ്ങൾ അമ്പലങ്ങളും റോഡുകളും പരിത്യജിക്കും’ എന്നാണ്. ഈ മറുപടി അത്ര നിസ്സാരമോ പെട്ടെന്നു പരിഹരിക്കാവുന്ന ഒരു പ്രശ്നമോ അല്ലെന്ന് മനസ്സിലാക്കിയവർ അന്നും ഇന്നും വളരെ ചുരുക്കമാണ്. ഞങ്ങൾ പരിത്യജിക്കുന്നതോടെ എന്തുസംഭവിക്കും എന്ന് കണ്ടുകൊള്ളൂ എന്ന വെല്ലുവിളികൂടി ആ പറച്ചിലിൽ ഒളിച്ചിരിപ്പുണ്ട്. നമ്പ്യാതിരിയുടെ ഈ ആത്മവിശ്വാസം ഒരു സത്യഗ്രഹംകൊണ്ടോ ഒരു ക്ഷേത്രപ്രവേശന വിളംബരംകൊണ്ടോ അവസാനിപ്പിക്കാവുന്ന ഒന്നല്ലെന്ന് ഇപ്പോഴും നാം മനസ്സിലാക്കുകയാണ്.
വൈക്കം സത്യഗ്രഹത്തിന്റെ ആത്മീയനേതൃത്വമായിരുന്ന ശ്രീനാരായണ ഗുരുവിന് ഈ വെല്ലുവിളിയുടെ ആഴം മനസ്സിലാകുമായിരുന്നു. 1925 മാർച്ച് 12ന് ശിവഗിരിയിൽ വച്ചുനടന്ന സംഭാഷണത്തിനിടെ ഗുരു ഗാന്ധിജിയോട് ഇങ്ങനെ പറയുന്നുണ്ടല്ലോ: “അതിന്റെ (അയിത്താചരണം) രൂഢമൂലതയോർത്താൽ പൂർണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരും.” ചിരിച്ചുകൊണ്ടാണ് ഗാന്ധിജി അതിനു മറുപടി പറഞ്ഞതെങ്കിലും - സംഭാഷണത്തിനുചെന്ന തന്നെ ഇല്ലത്തിനകത്തേക്കു കയറ്റാതെ പുറത്തിരുത്തി ആഢ്യത്വം വിളമ്പിയ നമ്പ്യാതിരിയെ ആ നേരം ബാപ്പുജി ഓർത്തിരിക്കാനാണിട. അന്നവിടെത്തങ്ങി പിറ്റേന്നത്തെ സ്വീകരണവും മറുപടിപ്രസംഗവും കഴിഞ്ഞ് ശാരദാക്ഷേത്രം വന്ദിച്ചിറങ്ങിയ ബാപ്പുജിയുടെ കഴുത്തിൽ ഗുരു ഒരു പൂമാലയണിയിക്കുകയുണ്ടായി. ഉയരുന്ന സ്വാതന്ത്ര്യഗീതങ്ങൾക്കിടയിലും പ്രാർഥനകൾക്കിടയിലും ഗുരു അണിയിച്ച ആ പൂമാല ഇളക്കിമാറ്റാനാകാത്ത ഒരംഗീകാരമാണ്.
സാമൂഹ്യസമത്വത്തിന്റെ സമരകാഹളങ്ങളിലൊന്നായ വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രത്തിലിടംപിടിച്ച ആ സന്ദർശനംപോലെതന്നെ ഗുരു -ഗാന്ധി അനുഭവത്തിന്റെ ഭാഗമായ ഒരു പ്രാർഥനകൂടിയുണ്ട്. വൈക്കത്തെ ബേല്ലൂർമാത്തിൽ നടന്ന സമൂഹപ്രാർഥനയിൽ പങ്കെടുത്ത ശ്രീനാരായണഗുരു ബാപ്പുജിയുടെ ദീർഘായുസ്സിനായി പ്രാർഥിച്ച സന്ദർഭമാണത്. ഗുരു പരസ്യപ്രാർഥനയിൽ പങ്കെടുത്തതായി പറയാവുന്ന ഒരേയൊരു ചരിത്രസംഭവം അതാണ്.














