സമരപുളകങ്ങളുടെ വയലേലകൾ


കെ വി സുധാകരന്‍
Published on Jul 22, 2025, 12:00 AM | 3 min read
പുന്നപ്ര വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദന്‍‐ഏഴര പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ണീരിന്റെയും ചോരയുടെയും കനല്‍പാട്. പട്ടിണിയുടെയും പരിവട്ടത്തിന്റെയും സങ്കടവഴി. പോരാട്ട പെരുമയും നിശ്ചയദാര്‍ഢ്യത്തിന്റെ നിരുപമ സൗന്ദര്യവും. പുന്നപ്രയിലെ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും കാര്‍ത്യായനിയുടെയും രണ്ടാമത്തെ മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. രണ്ടു മുറിയും അടുക്കളയും മാത്രമുള്ള ഓലമേഞ്ഞ കൊച്ചുവീട്. ഓടിട്ടതൊഴിച്ചാല്‍ അതിനു മാറ്റമില്ല. പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ആ തറവാട്ടുവീട്ടില്‍ ഏകസഹോദരി ആഴിക്കുട്ടിയാണ് താമസിച്ചത്. അച്യുതാനന്ദന് നാലരവയസ്സുള്ളപ്പോള്‍ അമ്മ വസൂരി ബാധിച്ച് മരിച്ചു. പതിനൊന്നാം വയസ്സില്‍ അച്ഛനും. ജൗളിക്കട നടത്തിയ ജ്യേഷ്ഠന്‍ ഗംഗാധരനാണ് കുടുംബം പോറ്റിയത്. രണ്ടാമനായ വി എസിന്റെ താഴെ അനുജന്‍ പുരുഷോത്തമനും അനുജത്തി ആഴിക്കുട്ടിയും. കഷ്ടപ്പാടുകളില്‍ എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ അന്ധാളിച്ചപ്പോഴും അദ്ദേഹം പതറിയില്ല. കളര്‍കോട്, പുന്നപ്ര പ്രൈമറി സ്കൂളുകളിലായി ഏഴാംക്ലാസില്‍ പഠനം അവസാനിച്ചു. 11‐ാം വയസ്സില്‍ ജ്യേഷ്ഠന്റെ ജൗളിക്കടയിലെ സഹായിയായി തുടങ്ങിയ ജീവിതപ്പോരാട്ടത്തിനു വിശ്രമമുണ്ടായില്ല.
കയര്‍ത്തൊഴിലാളി മേഖലയിലേതിനെക്കാള്‍ നിര്‍ദയ പീഡനങ്ങളുടെ കഥകളാണ് പാടശേഖരങ്ങളില്‍നിന്ന് കേട്ടത്. ജന്മിത്വത്തിന്റെ ഭീകരത. കുടിയാര്‍, പാട്ടക്കാര്‍, വാരക്കാര്‍ എല്ലാം ദയാരഹിത ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയരായി. പാവപ്പെട്ടവന്റെ നരകയാതനകളില്‍ കണ്ണീരുപൊടിയുന്ന മനസ്സായിരുന്നു വി എസിന്റേത്. ഫാക്ടറി തൊഴിലാളിയായ അദ്ദേഹം ക്രമേണ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവം. അതിനിടെ കമ്യൂണിസ്റ്റ് പാര്‍ടി അംഗത്വം. ഫാക്ടറിയില്‍ ജോലിക്കുചേര്‍ന്ന് ആറുമാസം കഴിഞ്ഞിരുന്നു. അപ്പോള്‍. പാര്‍ടി നിയമ വിരുദ്ധമാക്കപ്പെട്ടു.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് രേഖകള്‍ വായിച്ചു മനസ്സിലാക്കുന്നത് ആ ഘട്ടത്തില്‍. 1943ല്‍ 20‐ാം വയസ്സില്‍ കോഴിക്കോട്ട് നടന്ന കമ്യൂണിസ്റ്റ് പാര്‍ടി ഒന്നാം സംസ്ഥാന സമ്മേളനത്തില്‍ ആലപ്പുഴയില്‍നിന്നുള്ള പ്രതിനിധിയായി വി എസും. എസ് വി ഘാട്ടെ, പി സുന്ദരയ്യ, ഇ എം എസ് തുടങ്ങിയ നേതാക്കളെ പരിചയപ്പെട്ടു. 1944ല്‍ പി കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം കയര്‍ഫാക്ടറി ജോലി അവസാനിപ്പിച്ച് കര്‍ഷകത്തൊഴിലാളി മേഖലയിലേക്ക്. കുട്ടനാട്ടിലെ മുന്നൂറ് പാടശേഖരത്തിന്റെ ഓരത്തുള്ള വീട്ടില്‍ ജനിച്ചുവളര്‍ന്ന വി എസിന് ചെറുപ്പംമുതലേ കര്‍ഷകത്തൊഴിലാളി ജീവിതത്തിന്റെ നെല്ലും പതിരും അറിയാമായിരുന്നു. പതിറ്റാണ്ടുകള്‍ ചൂഷണത്തിന് വിധേയരായ അവരില്‍ അവകാശബോധത്തിന്റെ വെളിച്ചം വിതറിയാണ് വയല്‍വരമ്പുകളെ സമരസജ്ജമാക്കിയത്. കര്‍ഷകത്തൊഴിലാളി വീടുകളില്‍ അരപ്പട്ടിണി കിടന്നായിരുന്നു പ്രവര്‍ത്തനം. മാറാന്‍ രണ്ടാമതൊരു വസ്ത്രമില്ലാത്തതുകൊണ്ട് ധരിക്കുന്നത് വെയിലത്തിട്ട് ഉണക്കി കുളിച്ചുവന്ന് അതുതന്നെ ഉടുത്ത് വീണ്ടും പോകുന്നതായിരുന്നു ദിനചര്യ. അതിനിടെയാണ് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ സര്‍ സി പി യുടെ ദുര്‍ഭരണത്തിനെതിരായ സമരമുഖം തുറന്നത്. കയര്‍ഫാക്ടറി തൊഴിലാളികള്‍ ആരംഭിച്ച പ്രക്ഷോഭം അമേരിക്കന്‍ മോഡലിനെതിരെ ജനകീയമുന്നേറ്റത്തിന്റെ ഭാഗമായി.

അടിച്ചമര്‍ത്താന്‍ പൊലീസും പട്ടാളവും നിരന്നു. സി കേശവന്‍, പി ടി പുന്നൂസ് തുടങ്ങിയവര്‍ അറസ്റ്റില്‍. അതില്‍ പ്രതിഷേധിച്ച് ആലിശേരിയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ സുഗതന്‍, കെ വി പത്രോസ്, ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ക്കൊപ്പം വി എസുംപ്രസംഗിച്ചു. യോഗം അവസാനിച്ചപ്പോള്‍ സുഗതന്‍ അറസ്റ്റിലായി. പ്രതിഷേധിക്കാന്‍ പുന്നപ്രയിലേക്കുപോയ വി എസിനെതിരെയും വാറണ്ട്. അന്ന് പാര്‍ടി തിരുവിതാംകൂര്‍ ആക്ടിങ് സെക്രട്ടറിയായ അദ്ദേഹം, പത്രോസിന്റെ നിര്‍ദേശപ്രകാരം കോട്ടയത്തേക്കു പോയി. പൂഞ്ഞാറിലെത്തി ഒളിവു പ്രവര്‍ത്തനം തുടര്‍ന്നു. അതിനിടെ പാര്‍ടി നിര്‍ദേശത്തില്‍ ആലപ്പുഴയിലെത്തി. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പൊലീസ് നരനായാട്ട് ട്രേഡ് യൂണിയന്‍ കൗണ്‍സിലുകള്‍ രൂപീകരിച്ച് നേരിടാന്‍ പാര്‍ടി തീരുമാനം. രാഷ്ട്രീയ ക്ലാസിനൊപ്പം സായുധ പരിശീലനവും. പുന്നപ്ര പ്രദേശത്തെ മൂന്ന് ക്യാമ്പുകളുടെ ചുമതല വി എസിന്. തൊഴിലാളികള്‍ 1946 ഒക്ടോബര്‍ 23ന് പൊലീസ് ക്യാമ്പ് ആക്രമിച്ചു. പുന്നപ്ര‐വയലാര്‍ സമരത്തിലെ ആദ്യ ജനമുന്നേറ്റം.
വി എസ് പൂഞ്ഞാറില്‍ ഒളിവില്‍ക്കഴിയവെ വീണ്ടും അറസ്റ്റില്‍. അതിനിടെ മാരാരിക്കുളത്തും വയലാറിലും ഒളതലയിലും മേനാശേരിയിലും പൊലീസ് വെടിവെപ്പ്. പൂഞ്ഞാറില്‍ അറസ്റ്റിലായ അദ്ദേഹത്തിന് പാലാ സ്റ്റഷേനില്‍ ഭീകരമര്‍ദനം. ഒരുവര്‍ഷത്തെ തടവിനുശേഷം പൂജപ്പുര ജയിലില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ പാര്‍ടി നിരോധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 1948 മുതല്‍ '52വരെ വീണ്ടും ഒളിവില്‍. പിന്നീട് പാര്‍ടി അമ്പലപ്പുഴ ഡിവിഷന്‍ സെക്രട്ടറി. 1954ല്‍ സംസ്ഥാന കമ്മിറ്റിയംഗം. '56ല്‍ തിരുകൊച്ചി, മലബാര്‍ ഘടകങ്ങള്‍ ലയിച്ച് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചപ്പോള്‍ കമ്മിറ്റി‐ സെക്രട്ടറിയറ്റ് അംഗമായി. 1964ല്‍ പാര്‍ടി ഭിന്നിച്ചപ്പോള്‍ ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാള്‍. '64നുശേഷം കുറച്ചുകാലം സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി. 1965ല്‍ അമ്പലപ്പുഴനിന്ന് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. '67ലും '70ലും ജയിച്ചു. '77ല്‍ പരാജയപ്പെട്ടു. 1980 മുതല്‍ '91വരെ സിപിഐ എം സംസ്ഥാന സെക്രട്ടറി. 1991ല്‍ വീണ്ടും പാര്‍ലമെന്‍ണ്ടറി രംഗത്തേക്ക്. മാരാരിക്കുളത്തുനിന്ന് ജയിച്ചു. '96ല്‍ വീണ്ടും മാരാരിക്കുളത്തുനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2001ല്‍ മലമ്പുഴ നിന്ന് മത്സരിച്ച് ജയിച്ച് പ്രതിപക്ഷ നേതാവായി.
വര: ഷാജി സുബ്രഹ്മണ്യൻ















