ad
Deshabhimani

Articles

ലഹരിയെ പ്രതിരോധിക്കാം 
കളിക്കളത്തിലിറങ്ങാം - വി അബ്ദുറഹിമാൻ

ലഹരിയെ പ്രതിരോധിക്കാം 
കളിക്കളത്തിലിറങ്ങാം

v abdurahiman
avatar
വി അബ്ദുറഹിമാൻ

Published on May 05, 2025, 12:00 AM | 2 min read

കേരള സമൂഹം നേരിടുന്ന അതീവ ഗൗരവമുള്ള പ്രതിസന്ധിയാണ് മയക്കുമരുന്നുപോലുള്ള ലഹരിപദാർഥങ്ങളുടെ വ്യാപനം. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ വലിയ തോതിൽ ഈ മാരകവിപത്തിന് അടിപ്പെടുകയാണ്. ഇതിൽനിന്ന്‌ നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇക്കാര്യത്തിൽ കായികവകുപ്പിന് സുപ്രധാന പങ്ക്‌ വഹിക്കാനുണ്ട്. മയക്കുമരുന്നുപോലുള്ള ലഹരി വസ്തുക്കൾക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം കളികളാണ്. കായിക വഴിയിലൂടെ ലഹരിയെ തുരത്തുക എളുപ്പമാണ്. ഈ ലക്ഷ്യവുംകൂടി മുന്നിൽക്കണ്ടാണ് കായിക നയത്തിന്റെ ആധാരശില ‘എല്ലാവർക്കും കായികം' (sports for all) രൂപപ്പെടുത്തിയത്.


ആരോ​ഗ്യ പരിരക്ഷയിൽ വ്യായാമത്തിനും കായിക പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഒരു സമൂഹത്തിന്റെ ആരോഗ്യനിലയുടെ അടിസ്ഥാനം കളികളും വ്യായാമങ്ങളുമാണ്. സുസ്ഥിര വികസനത്തിനുള്ള പ്രധാന മാർഗം കായിക പ്രവർത്തനമാണെന്ന പ്രമേയം 2024 നവംബറിൽ യുഎൻ അംഗീകരിച്ചിട്ടുണ്ട്.


നമ്മുടെ കുട്ടികൾ കളിക്കളങ്ങളിൽനിന്ന് അകന്നു. അതിന് പല കാരണങ്ങളുണ്ട്. കുട്ടികൾ ഡിജിറ്റൽ ലോകത്ത് ഒതുങ്ങിയതും കളിക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയും പഠനത്തിന്റെയും മറ്റും പേരിൽ അമിത സമ്മർദം ചെലുത്തുന്നതുമെല്ലാം ഇതിൽ പ്രധാനമാണ്‌. ഇതുകാരണം കുട്ടികളിൽ ജീവിതശൈലീ രോഗങ്ങളടക്കമുള്ള പ്രശ്നങ്ങൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കായികക്ഷമതാ മിഷൻ എന്ന ദൗത്യം കായികവകുപ്പ് ആരംഭിച്ചത്. പ്രായഭേദമന്യേ എല്ലാവരെയും വ്യായാമത്തിലേക്കും കളിയിലേക്കും ആകർഷിക്കുകയാണ് മിഷന്റെ ലക്ഷ്യം.


ഇപ്പോൾ ലഹരി വലിയൊരു വിപത്തായി ഉയരുന്ന സാഹചര്യത്തിൽ കൃത്യം മറുമരുന്നായ കായിക പ്രവർത്തനങ്ങളും വ്യായാമവും പ്രോത്സാഹിപ്പിക്കുകയാണ്. കായികമെന്നത് കേവലം ചാമ്പ്യന്മാരെ സൃഷ്ടിക്കുന്ന പ്രക്രിയ മാത്രമല്ല. ലഹരി ഉപയോ​ഗമടക്കം മനുഷ്യരെ ആസക്തിയിലേക്കും അടിമത്തത്തിലേക്കും ഉന്മേഷരാഹിത്യത്തിലേക്കും നയിക്കുന്ന നിരവധി പ്രശ്നങ്ങളുടെ പ്രധാന പരിഹാരമാ‍​‍‌ർഗമായി കളികൾക്കും കളിക്കളങ്ങൾക്കും മാറാനാകും.


no drugs



കളികളും കളിമൈതാനങ്ങളും വ്യായാമവും കളിക്കാഴ്ചകളും കളിക്കമ്പവും കായികക്ഷമതയും നമ്മുടെ കുട്ടികൾക്ക് അവരുടെ ഊ‍ർജം ശരിയായ തരത്തിൽ വിനിയോ​ഗിക്കാനുള്ള വഴിയാണ്. കളിക്കളങ്ങൾ കുട്ടികൾക്ക് ആവേശവും സന്തോഷവും പ്രദാനം ചെയ്യും. ജീവിതത്തോട് ലഹരിയുണ്ടാക്കും. നാടിന്റെ ഭാവി വികസനത്തിന് ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയുന്ന ആരോഗ്യമുള്ള പൗരനായി അവർ മാറും. കളിയിലൂടെ ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും വളരുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവരവരിലേക്ക് ചുരുങ്ങാൻ ശ്രമിക്കുന്ന യുവതയെ ഒരുമിപ്പിക്കാനും സാമൂഹ്യമായ ഐക്യപ്പെടലിലേക്ക് വഴിതെളിക്കാനും കുടുംബത്തോടും അയൽക്കാരോടും സമൂഹത്തോടും കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റാനും ഇതുവഴി സാധിക്കും.


എല്ലാവരെയും കളിക്കളങ്ങളിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന കായികവകുപ്പ് ഏറ്റെടുക്കുകയാണ്. നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ലഹരിയിൽനിന്ന് മോചിപ്പിക്കാനും ലഹരി ഉപയോഗത്തിലേക്ക് നീങ്ങാതിരിക്കാനും പ്രേരിപ്പിക്കുന്ന തരത്തിൽ കേരളത്തിലെ 14 ജില്ലയിലും സമ​ഗ്ര ഫിറ്റ്‌നസ് ബോധവൽക്കരണമാണ് കായികവകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ളവരായിരിക്കാൻ ഓരോരുത്തർക്കും അവബോധം ഉണ്ടാകണം. ഈ തിരിച്ചറിവിന് വിപുലമായ പ്രചാരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാ​ഗമായി സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്ര ആരംഭിക്കുകയാണ്. മെയ് അഞ്ചിന് കാസർകോട്ടുനിന്ന് തുടങ്ങി 22ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. ഈ സംസ്ഥാന വ്യാപക ലഹരിവിരുദ്ധ സന്ദേശയാത്ര കായികമന്ത്രിയുടെ നേതൃത്വത്തിൽ 14 ജില്ലയിലും പര്യടനം നടത്തും. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ യാത്രയിൽ പങ്കെടുക്കും. കായികതാരങ്ങളും കായിക സംഘാടകരും മുൻനിരയിലുണ്ടാകും.


യാത്രയ്ക്ക് മുന്നോടിയായി തദ്ദേശസ്ഥാപന സ്‌പോർട്‌സ് കൗൺസിലുകളും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് ഓരോ ജില്ലയിലും പ്രചാരണ, കായിക പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്. യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലും മിനി മാരത്തൺ, ജില്ലയിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളിൽ സൈക്ലത്തൺ, വാക്കത്തൺ, കായിക പ്രദർശനം എന്നിവ ഉണ്ടാകും. എല്ലാ കായികസംഘടനകളും യാത്രയിൽ പങ്കാളികളാകുകയും വിവിധ കായികയിനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. കളിക്കളങ്ങൾ വീണ്ടെടുക്കുന്നത് യാത്രയിലെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്ന കളിക്കളങ്ങൾ പുനരുദ്ധാരണം ചെയ്ത് കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകും. ഈ കളിക്കളങ്ങളിൽ സ്‌പോട്‌സ് കിറ്റ് വിതരണം ചെയ്യുന്നുമുണ്ട്. ഓരോ കേന്ദ്രത്തിലും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ഈ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമാക്കും. കേരളത്തിന്റെയാകെ നന്മ ലക്ഷ്യമിട്ടുള്ള ഈ മഹാദൗത്യത്തിൽ എല്ലാവരും സജീവ പങ്കാളികളാകണം. ലഹരിക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന ഈ സന്ദേശയാത്ര വിജയിപ്പിക്കണം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home