ad
Deshabhimani

Articles

us venezuela conflict

ലോകത്തെ വെല്ലുവിളിക്കുന്ന യുഎസ്‌

us venezuela conflict
avatar
എ കെ രമേശ്‌

Published on Jan 05, 2026, 10:48 PM | 3 min read

മയക്കുമരുന്ന് കടത്തുകാരനായ ഒരു "ഏകാധിപതി’ക്കു പകരം സമാധാനത്തിന് നൊബേൽ സമ്മാനം നേടിയ ജനാധിപത്യവാദിയായ വനിതാരത്നത്തിന്റെ പിന്തുണയുള്ള ഒരാളെ പ്രസിഡന്റാക്കാനാണ് വെനസ്വേലയുടെ പ്രസിഡന്റിനെയും ഭാര്യയെയും അമേരിക്ക തട്ടിക്കൊണ്ടുപോയത് എന്നാണ് സാമ്രാജ്യത്വവാദികൾ ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. കപ്പൽ റാഞ്ചികളായ ഹൂതികളാണ് ഇത് നടത്തിയതെങ്കിൽ മനസ്സിലാക്കാം. പക്ഷേ, ഐക്യരാഷ്ട്രസംഘടനയിൽ വീറ്റോ അധികാരമുള്ള, സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെ ബഹുമാനിക്കാൻ ബാധ്യസ്ഥമായ സുരക്ഷാ കൗൺസിൽ അംഗമാണ്‌ ഇത് ചെയ്യുന്നത്. അതേ അമേരിക്ക വാഴുന്ന പ്രസിഡന്റാണ്, തങ്ങളുടെ നാട്ടിലേക്ക് 400 ടൺ കൊക്കെയ്ൻ കടത്തിയതിന്റെ പേരിൽ 45 വർഷത്തെ തടവിന് വിധിക്കപ്പെട്ട ഹോണ്ടുറാസിന്റെ മുൻ പ്രസിഡന്റ്‌ യുവാൻ ഓർലാൻഡോ ഹെർണാണ്ടസിനെ നിരുപാധികം വിട്ടയക്കാൻ ദിവസങ്ങൾക്കുമുമ്പ് കൽപ്പിച്ചത്! മുൻ പ്രസിഡന്റ്‌ ബൈഡനു പറ്റിയ തെറ്റാണത് എന്നാണ് ട്രംപ്‌ മൊഴിഞ്ഞത്.


യുഎസ് കൊലവിളി

​അതേ മയക്കുമരുന്നിന്റെ പേരും പറഞ്ഞാണ് കരീബിയൻ കടലിലെ അന്താരാഷ്ട്രമേഖലയിലൂടെ തുഴഞ്ഞുപോയ വെനസ്വേലൻ ബോട്ടിലെ യാത്രികരെ ഇതേ അമേരിക്ക ചുട്ടുകൊന്നത്. അഥവാ അതിനകത്ത് മയക്കുമരുന്നുണ്ടെങ്കിൽ ബോട്ട് കരയ്‌ക്കടുപ്പിച്ച് കസ്റ്റഡിയിലെടുത്ത് നാവികരെ തുറുങ്കിലടച്ചാൽ അത് മനസ്സിലാകും. പകരം, പുറംകടലിലൂടെ തുഴഞ്ഞുവരുന്ന ബോട്ടിൽ അമേരിക്കയെ തകർക്കാനുള്ള മയക്കുമരുന്നാണ് എന്ന് വൈറ്റ്ഹൗസിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റിന് ഒരുൾവിളി തോന്നുകയാണ്. ഉടനെ പുതുതായി വാർ സെക്രട്ടറിയായി അവരോധിക്കപ്പെട്ട ഹെഗ് സേത്തിന്റെ കൊലവിളി ഉയരുകയാണ്. ചിത്രം കൃത്യം. പ്രശ്നം മയക്കുമരുന്നല്ല എന്ന് വ്യക്തം. 400 ടൺ കൊക്കെയ്ൻ കടത്തിയവനെ ജയിൽമോചിതനാക്കിയവനാണ് ഒറ്റ ഗ്രാം മയക്കുമരുന്നുപോലും കൈവശം ഉണ്ടാകാനിടയില്ലാത്ത 115 വെനസ്വേലക്കാരെ കൊന്നുകളഞ്ഞത്.


trump


വെനസ്വേലൻ മണ്ണിൽ കുഴിച്ചാലും കുഴിച്ചാലും തീരാത്തത്രയ്‌ക്ക് എണ്ണയുണ്ട് എന്നതാണ് അമേരിക്കയുടെ യഥാർഥ പ്രശ്നം. അതവർക്ക് അങ്ങനെ വിട്ടുകൊടുക്കാൻ അമേരിക്കയ്‌ക്കാകില്ല. ഭൂഗോളത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുണ്ട്‌ വെനസ്വേലയിൽ. ഇതറിഞ്ഞുകൊണ്ടാണ് 2023ൽ ട്രംപ്‌ ഇങ്ങനെ പറഞ്ഞത് ‘‘ഞാൻ അധികാരമൊഴിയുമ്പോൾ, വെനസ്വേല തകരാൻ തയ്യാറായി നിൽക്കുകയായിരുന്നു. നമ്മൾ അന്ന് അതിനെ ഏറ്റെടുക്കണമായിരുന്നു. നമുക്ക് ആ എണ്ണയത്രയും കിട്ടുമായിരുന്നു. പക്ഷേ, ഇപ്പോൾ നാം വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങുകയാണ്. അങ്ങനെ നമ്മൾ ഒരു ഏകാധിപതിയെ സമ്പന്നനാക്കുകയാണ്.’’ 2016ൽ ഇറാഖിലെ എണ്ണനിക്ഷേപത്തെപ്പറ്റി ട്രംപ്‌ നടത്തിയ ഒരു നിരീക്ഷണമുണ്ട്: ‘‘എണ്ണ കാക്കുക, എണ്ണ കാക്കുക, എണ്ണ കാക്കുക, മറ്റൊരുത്തനും അത് കൈക്കലാക്കില്ല എന്നുറപ്പാക്കുക എന്ന് ഞാൻ നിരന്തരമായി ആവർത്തിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, പറയുന്നത് കേൾക്കാൻ സന്നദ്ധരായ എല്ലാവരോടുമായി.’’


വേട്ടകളും അട്ടിമറികളും

എണ്ണയ്‌ക്കും പ്രകൃതിവിഭവങ്ങൾക്കുമായി അമേരിക്ക നടത്തിയ വേട്ടകളും അട്ടിമറികളും ചില്ലറയല്ല. 1953ൽ ഇറാനിൽ, 1954ൽ ഗ്വാട്ടിമാലയിൽ, 1960ൽ കോംഗോവിൽ, 1964ൽ വിയറ്റ്നാമിൽ, 1973ൽ ചിലിയിൽ, 2001ൽ അഫ്ഗാനിസ്ഥാനിൽ, 2003ൽ ഇറാഖിൽ, 2004ൽ ഹെയ്ത്തിയിൽ, 2011ൽ സിറിയയിലും ലബനണിലും–അങ്ങനെയങ്ങനെ സൈനിക ഇടപെടലുകളും ആഭ്യന്തര കുത്തിത്തിരിപ്പുകളുംവഴി സ്വന്തം മൂലധനതാൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള സാമ്രാജ്യത്വ ഗൂഢാലോചനകളുടെ പരമ്പര നീളുകയാണ്.


ജനാധിപത്യ പുനഃസ്ഥാപനത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരും പറഞ്ഞ് 1947 മുതൽ 1989 വരെ അമേരിക്ക നേരിട്ടിടപെട്ട് നടത്തിയ 64 അട്ടിമറികളെക്കുറിച്ച് വിശദപഠനം നടത്തിയ പ്രൊഫസർ ലിൻഡ് സേ ഓറർക്കിയുടെ പ്രശസ്തമായ ഗ്രന്ഥമാണ് ‘Covert Regime Change (2017). അമേരിക്ക ഇടപെട്ടുണ്ടാക്കിയ ഈ 64 ഭരണമാറ്റങ്ങളിൽ 44 എണ്ണവും കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങിയത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ താൽപ്പര്യത്തിനിണങ്ങിയാൽ ഏത് സമഗ്രാധിപത്യവും ജനാധിപത്യവാഴ്ചയായി കൊണ്ടാടപ്പെടും, ഏതു മനുഷ്യാവകാശലംഘനവും പ്രോത്സാഹിപ്പിക്കപ്പെടും എന്ന ആ നിരീക്ഷണം ഇപ്പോഴിതാ വെനസ്വേലയിലും പ്രാവർത്തികമാകുന്നു. ഈ നടപടി യുദ്ധവെറിയനായ ഒരു ഫാസിസ്റ്റ് അധികാരത്തിലേറിയതോടെ ആരംഭിച്ചതല്ല. രണ്ടു ദശകത്തിലേറെയായി അമേരിക്ക വെനസ്വേലൻ പ്രകൃതിവിഭവങ്ങളിൽ കണ്ണുവച്ച് പ്രവർത്തനം തുടങ്ങിയിട്ട്.


nicolas maduro


2022 ഏപ്രിലിൽ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിനെ സ്ഥാനഭ്രഷ്ടനാക്കാൻ ഒരു അട്ടിമറി നടത്തിയതാണ്, സിഐഎ അതിന് ഒത്താശ ചെയ്തതാണ്. പകരക്കാരനെ അമേരിക്ക അംഗീകരിച്ചതുമാണ്. എന്നാൽ, ജനങ്ങളെ അണിനിരത്തി അതിനെ മറികടക്കാൻ ഷാവേസിന് കഴിഞ്ഞു. അതിനുംമുമ്പ് 2015 മാർച്ചിൽ ഒബാമ ഒപ്പിട്ട ഉത്തരവ് വെനസ്വേലയിലെ ആഭ്യന്തര രാഷ്ട്രീയസാഹചര്യം അമേരിക്കൻ ദേശീയ സുരക്ഷിതത്വത്തിന് അസാധാരണവും ക്രമാതീതവുമായ ഭീഷണി ഉയർത്തുന്നതായി പ്രഖ്യാപിച്ചു. അതിന്റെ പേരിൽ കടുത്ത സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിക്കുകയും ചെയ്തു. ട്രംപിന്റെ ഒന്നാം വാഴ്ചക്കാലത്താണ് 2019 ജനുവരിയിൽ വെനസ്വേലയിലെ പ്രതിപക്ഷനേതാവായിരുന്ന യുവാൻ ഗ്വെയ്‌ഡോവിനെ ഇടക്കാല പ്രസിഡന്റായി ട്രംപ്‌ അവരോധിച്ചത്.


us aggression Venezuela


ലോക വ്യാപക പ്രതിഷേധം

അത്ര എളുപ്പം കുത്തിത്തിരിപ്പുണ്ടാക്കി അട്ടിമറി നടത്തുക ഇപ്പോൾ സാധ്യമല്ലെന്ന് കണ്ടതോടെയാണ് ആദ്യം ബോട്ടുകളെയും പിന്നെ എണ്ണക്കപ്പലിനെയും ആക്രമിച്ച് പ്രകോപനം തുടങ്ങിയതും ഒടുക്കം നേരിട്ട് വ്യോമാക്രമണം നടത്തി ഭരണമാറ്റംവഴി പ്രകൃതിവിഭവങ്ങളുടെ അമൂല്യസ്രോതസ്സുകൾ കൈവശത്താക്കാൻ ശ്രമിക്കുന്നതും. ഐക്യരാഷ്ട്രസംഘടനയുടെ പ്രമാണങ്ങൾക്കെതിരായ ഈ കടന്നാക്രമണത്തെ അപലപിച്ച ക്യൂബയടക്കമുള്ള രാജ്യങ്ങൾ അമേരിക്കയോട് മര്യാദയ്‌ക്ക് പെരുമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർ തട്ടിക്കൊണ്ടുപോയ മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ഉടൻ വിട്ടയക്കണമെന്ന് ക്യൂബ ആവശ്യപ്പെട്ടിട്ടുണ്ട്.


മൺറോ സിദ്ധാന്തത്തിൽ അടിവേരുകളുള്ള അമേരിക്കൻ ആധിപത്യത്തെ പുനരാനയിക്കാനുള്ള നഗ്നമായ ഈ സാമ്രാജ്യത്വ ഫാസിസ്റ്റ് ആക്രമണം, വെനസ്വേലയുടെ പ്രകൃതിവിഭവങ്ങൾക്കുമേലുള്ള അനിയന്ത്രിതമായ സ്വാധീനം കൈവരിക്കുന്നതിന്‌ ലക്ഷ്യംവച്ചുള്ള ആക്രമണമാണെന്ന് ക്യൂബ വിലയിരുത്തുന്നു. ഈ സഹോദര രാജ്യത്തിനും അതിന്റെ ജനതയ്‌ക്കുമായി തങ്ങളുടെ ചോരതന്നെ നൽകാൻ തയ്യാറാണെന്നും അവർ പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ സ്വയം നിർണയാവകാശം സംരക്ഷിക്കാൻ ബാധ്യസ്ഥമായ പരിഷ്കൃത ജനസമൂഹമാകെ അമേരിക്കൻ കാടത്തത്തിനെതിരെ ഉണർന്നുയരുകതന്നെ ചെയ്യും എന്നാണ് ലോക സംഭവവികാസങ്ങൾ തെളിയിക്കുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home