നേതാവിനെ അനുകരിക്കാൻ പദയാത്രയ്‌ക്ക് പോയ ഒരേയൊരു മിമിക്രിക്കാരൻ

സലിംകുമാർ | ഫോട്ടോ: സുനോജ് നൈനാൻ മാത്യു
ഒരു രാഷ്‌ട്രീയ നേതാവിന്റെ ശബ്ദം അനുകരിക്കാൻ പദയാത്രയ്‌ക്ക് പോയ ഒരേയൊരു മിമിക്രിക്കാരനെ ഉണ്ടാകൂ. അത് സലിംകുമാറാണ്. കെ ആർ ഗൗരിയമ്മ സിപിഐ എമ്മിൽനിന്ന് അകന്നപ്പോൾ അവർ എറണാകുളത്തുനിന്ന് ഒരു പദയാത്ര നടത്തിയിരുന്നു. അതിലാണ് ഗൗരിയമ്മയുടെ ശബ്ദം പിടിച്ചെടുക്കാനായി സലിംകുമാറും ഒപ്പംകൂടിയത്.
‘‘മിമിക്രി പഠിക്കാൻവേണ്ടി പദയാത്രയ്ക്കുപോയ ഏക മനുഷ്യൻ ഞാനായിരിക്കും’’ എന്നാണ് ഇതേക്കുറിച്ച് സലിംകുമാർ പറഞ്ഞത്. എറണാകുളം മൂത്തകുന്നത്തുനിന്നായിരുന്നു അവരുടെ യാത്ര തുടങ്ങിയത്. ഓരോ സ്ഥലത്തും ഗൗരിയമ്മ പ്രസംഗിക്കുമ്പോൾ അവരുടെ ശബ്ദസവിശേഷതകളും ശരീരചലനങ്ങളും സലിംകുമാർ പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെ കൂത്താട്ടുകുളംവരെ യാത്ര ചെയ്‌തു. അവിടെവച്ച് ഒരു തെങ്ങിന്റെ മറവിലിരുന്നു ഗൗരിയമ്മയെ അനുകരിച്ചുനോക്കി. ഓക്കെയാണെന്ന് മനസ്സ് പറഞ്ഞപ്പോഴാണ് മടങ്ങിയത്.
എംജി സർവകലാശാല കലോത്സവത്തിൽ ആ ശബ്ദം സലിംകുമാർ ചെയ്തു. ഗൗരിയമ്മയെവച്ച് സിനിമ പിടിക്കുന്നതായിരുന്നു ഐറ്റം. അന്നത്തെ രാഷ്ട്രീയനേതാക്കന്മാരെയൊക്കെവച്ച് ചെയ്ത ഒരു സിനിമ സങ്കൽപ്പിച്ചു. നായിക ഗൗരിയമ്മ. അത് ഭയങ്കര കൈയടി നേടി.
ടെലിവിഷനും നവമാധ്യമങ്ങളും ജീവിതത്തിന്റെ ഭാഗമായ ഇന്ന് മിമിക്രിക്കാർക്ക് ഒരു ശബ്ദം പഠിക്കാൻ ഇത്ര പ്രയാസമില്ല. മിമിക്രിയിലൂടെ സിനിമയിലെത്താമെന്ന വിശ്വാസമായിരുന്നു സലിംകുമാറിനെക്കൊണ്ട് ഇൗ സാഹസം ചെയ്യിപ്പിച്ചത്.









0 comments