ഇറാനിലും എണ്ണക്കണ്ണ്


വിജേഷ് ചൂടൽ
Published on Mar 01, 2026, 01:56 AM | 2 min read
വെനസ്വേലയിൽ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയി 57–ാം ദിവസമാണ് ഇറാനിൽ നേരിട്ടുള്ള ആക്രമണത്തിന് അമേരിക്ക ഒരുമ്പെട്ടത്. ആണവ ഉടന്പടിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരവേയാണ് പൊടുന്നനെ പ്രകോപനമൊന്നുമില്ലാതെയുള്ള ആക്രമണം. വെനസ്വേലയിലെന്ന പോലെ ഇറാനിലും ലക്ഷ്യം എണ്ണസന്പത്തുതന്നെ. ശക്തമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് അചഞ്ചലമായി തുടരുന്ന ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ലക്ഷ്യത്തിലെത്താത്ത സാഹചര്യത്തിലാണ് ഇസ്രയേലിനെ കൂട്ടുപിടിച്ചുള്ള തീക്കളി.
ലോകത്ത് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവും മൂന്നാമത്തെ എണ്ണശേഖരവുമുള്ള ഇറാൻ പ്രകൃതിവിഭവങ്ങളുടെ ആഗോളകേന്ദ്രവും. ലോകത്ത് കണ്ടെത്തിയ എണ്ണശേഖരത്തിന്റെ പത്ത് ശതമാനത്തോളം ഇറാനിലാണ്. 20,900 കോടി ബാരൽ ഉള്ളതായാണ് കണക്ക്. പട്ടികയിലെ മറ്റ് രാജ്യങ്ങളിൽ ഭൂരിപക്ഷവും പശ്ചിമേഷ്യയിലാണെന്നിരിക്കേ ഇറാനെ കീഴ്‌പ്പെടുത്തുന്നതിലൂടെ മേഖലയിൽ സന്പൂർണ ആധിപത്യമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിനായി ഇറാന്റെ കരുത്തുറ്റ ഭരണകൂടത്തെ തകർക്കണമെന്നത് അമേരിക്കയുടെ ദീർഘകാല പദ്ധതിയാണ്. ഇറാഖിലും ലിബിയയിലും പയറ്റിയ അതേ ‘ഭരണമാറ്റ'തന്ത്രം ഇപ്പോൾ ഇറാനിലും പരീക്ഷിക്കുന്നു.
മേഖലയിൽ ആധിപത്യം ഉറപ്പിക്കാനും വിഭവങ്ങൾ കൊള്ളയടിക്കാനുമുള്ള സാമ്രാജ്യത്വ ശ്രമങ്ങൾക്ക് തകർക്കാനാവാത്ത മതിലാണ് ഇറാൻ. അമേരിക്കൻ പാവയായിരുന്ന ഷാ ഭരണകൂടത്തെ 1979-ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ പുറത്താക്കി രൂപംകൊണ്ട ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പിന്നീട് സാമ്രാജ്യത്വത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടില്ല. റിപ്പബ്ലിക്കിന്റെ സ്ഥാപകൻ ആയത്തുള്ള റുഹല്ല ഖൊമേനിയുടെ നിര്യാണത്തെ തുടർന്ന് 1989ൽ സ്ഥാനമേറ്റ ആയത്തുള്ള അലി ഖമനേയിയാണ് ഇറാന്റെ ചെറുത്തുനിൽപ്പിന്റെ നേതൃത്വം. ഇസ്രയേലിനെതിരെ അറബ് –- മുസ്ലിം ലോകത്ത് രൂപപ്പെട്ട ചെറുത്തുനിൽപ്പിനെ കോർത്തിണക്കുന്നത് ഖമനേയിയുടെ രാഷ്‌ട്രീയ നിലപാടുകളാണ്. കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഡോളർ രാഷ്‌ട്രീയത്തിന് കീഴ്പ്പെടാതെ സ്വന്തംകാലിൽ നിൽക്കാൻ ഇറാനെ പ്രാപ്തമാക്കുന്ന ‘റെസിസ്റ്റൻസ് ഇക്കണോമി' നയവും ശാസ്‌ത്ര-സാങ്കേതിക- സൈനിക രംഗങ്ങളിൽ ഇറാൻ കൈവരിച്ച സ്വയംപര്യാപ്തതയും പാശ്ചാത്യചേരിക്ക് വെല്ലുവിളിയാണ്.
ഇക്കാരണത്താലാണ് ഇറാനിൽ ഭരണമാറ്റത്തിന് അമേരിക്ക ചരടുവലിക്കുന്നത്. സമീപകാലചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സർക്കാർ വിരുദ്ധ കലാപം പരമാവധി കത്തിക്കാൻ അമേരിക്ക ശ്രമിച്ചു. നേരിട്ടുള്ള സൈനിക ഇടപടൽ നടത്തുമെന്ന് ഭീഷണി മുഴക്കി. എന്നാൽ ഭരണത്തെ അട്ടിമറിക്കുകയെന്ന ആത്യന്തിക ലക്ഷ്യം നേടാനായില്ല. ഇതിന്റെ നിരാശയിൽനിന്നുകൂടിയാണ് ആണവക്കരാറിന്റെ പേരിലുള്ള തീക്കളി. ഖമനേയിയെ പുറത്താക്കുകയോ വധിക്കുകയോ ചെയ്യുന്നതിലൂടെ ഇറാന്റെ രാഷ്‌ട്രീയ കെട്ടുറപ്പ് തകർക്കാമെന്നും മേഖലയെ പൂർണ നിയന്ത്രണത്തിലാക്കാമെന്നുമാണ് അമേരിക്ക കണക്കുകൂട്ടുന്നത്. ഉന്നതരെ ശിരച്ഛേദം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ്–-ഇസ്രയേൽ ആക്രമണമെന്നാണ് നിരീക്ഷകർ കരുതുന്നത്. ഇറാനിയൻ സർക്കാരിനെ അട്ടിമറിക്കാനാണ് ആക്രമണത്തെ തുടർന്ന് ട്രംപ് ജനങ്ങളോട് ആവശ്യപ്പെട്ടത്.
അതേസമയം പലസ്‌തീൻ ജനതയുടെ പോരാട്ടത്തിന് ഇറാൻ നൽകുന്ന പിന്തുണയാണ് ഇസ്രയേലിനെ ഭയപ്പെടുത്തുന്നത്. സയണിസ്റ്റ് ഭീകരതയ്‍ക്കെതിരെ മേഖലയിൽ രൂപപ്പെട്ട ചെറുത്തുനിൽപ്പിന്റെ അച്ചുതണ്ടിനെ നയിക്കുന്ന ഇറാനെ കീഴ്‌പ്പെടുത്തുന്നതിലൂടെ പലസ്‌തീൻ പോരാട്ടത്തെ അനാഥമാക്കാമെന്ന് ഇസ്രയേൽ കണക്കുകൂട്ടുന്നു.
സൗഹൃദം, നിഴൽയുദ്ധം, നേർക്കുനേർ
ഇസ്രയേൽ രൂപീകൃതമായശേഷം (1948) അതിനെ ഒൗദ്യോഗികമായി അംഗീകരിച്ച രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഇറാൻ. പഹ്‌ലവി രാജവംശത്തിന്റെ ഭരണകാലത്ത് ഇറാനും ഇസ്രയേലും തമ്മിൽ ശക്തമായ സൈനിക, സാമ്പത്തിക ബന്ധമുണ്ടായിരുന്നു. ഇസ്രയേലിന്റെ എണ്ണ ആവശ്യത്തിന്റെ 70 ശതമാനംവരെ നൽകിയിരുന്നത് ഇറാനാണ്. പകരം ഇറാനിലെ സൈനികർക്ക് ഇസ്രയേൽ പരിശീലനവും സാങ്കേതികവിദ്യയും നൽകി. 1979-ലെ വിപ്ലവത്തിൽ ഇറാനിലെ രാജഭരണം അവസാനിച്ചതോടെ ബന്ധം തകർന്നു. ഇസ്രയേലിനെ "ചെറിയ സാത്താൻ’ എന്നും അമേരിക്കയെ "വലിയ സാത്താൻ’ എന്നും ഇറാൻ വിശേഷിപ്പിച്ചു. തെഹ്‌റാനിലെ ഇസ്രയേൽ എംബസി പിടിച്ചെടുത്ത് പലസ്‍തീൻ വിമോചന സംഘടനയ്‌ക്ക് കൈമാറി. 1990കളോടെ ഇരുരാജ്യസിനും ഇറാൻ പിന്തുണ നൽകി. പതിറ്റാണ്ടുകൾ തുടർന്ന നിഴൽയുദ്ധമാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ നേരിട്ടുള്ള ആക്രമണത്തിലേക്ക് മാറിയത്. 2024 ഏപ്രിലിൽ സിറിയയിലെ ഇറാനിയൻ കോൺസുലേറ്റിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ തൊടുത്തു. 2025- ജൂണിൽ ഇറാന്റെ ആണവ-കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണം 12 ദിവസംനീണ്ട യുദ്ധത്തിലേക്ക് നയിച്ചു.















