തോക്കിൻമുനയിലെ എണ്ണക്കച്ചവടം

ബാബുജി കെ ആർ
Published on Jan 16, 2026, 12:00 AM | 3 min read
‘ചൈനയ്ക്ക് വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ നിയന്ത്രണത്തിൽമാത്രമേ സാധിക്കൂ’ എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം സാധാരണ നയതന്ത്രപ്രസ്‌താവനയല്ല. ആഗോള സാമ്പത്തികക്രമത്തിൽ തങ്ങൾക്ക് നഷ്‌ടപ്പെടുന്ന ആധിപത്യം തിരിച്ചുപിടിക്കാൻ, മാഫിയസംഘത്തെപ്പോലെ ഏതറ്റംവരെയും പോകാൻ അമേരിക്ക തയ്യാറാണ് എന്നതിന്റെ പരസ്യപ്രഖ്യാപനമാണ്. ‘തോക്കിൻമുനയിലെ എണ്ണക്കച്ചവടം’ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തിയില്ല. പെട്രോഡോളർ ചരിത്രത്തിന്റെയും മധ്യപൗരസ്‌ത്യദേശത്തെ ഇടപെടലുകളുടെയും ചൈനയുടെ സിൽക്ക് റൂട്ട് മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ വേണം ട്രംപിന്റെ പുതിയ ഭീഷണിയും വെനസ്വേല അധിനിവേശത്തെയും വിശകലനം ചെയ്യാൻ.
എന്തുകൊണ്ടാണ് ലാറ്റിനമേരിക്കയിലെ ഒരു രാജ്യത്തിന്റെ എണ്ണവരുമാനം താൻ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് പരസ്യമായി പറയുന്നത്. ഇതിന്റെ ഉത്തരം തേടിയാൽ എത്തുക സാമ്രാജ്യത്വത്തിന്റെ നിലനിൽപ്പിനായുള്ള അവസാനശ്രമങ്ങളിലാണ്. വെനസ്വേലൻ എണ്ണവ്യവസായം അമേരിക്ക ഏറ്റെടുത്തില്ലെങ്കിൽ ചൈനയോ റഷ്യയോ അത് ചെയ്യുമെന്നും ട്രംപ് വാദിക്കുന്നു. ശീതയുദ്ധകാലത്തെ ഭീതിപരത്തൽതന്ത്രത്തിന്റെ തനിയാവർത്തനമാണിത്. എണ്ണവിൽപ്പനയിൽനിന്നുള്ള വരുമാനം യുഎസ് നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും പിന്നീട് അത് "വെനസ്വേല ജനതയുടെ നന്മയ്ക്കായി’ വിനിയോഗിക്കുമെന്നുമുള്ള വാദം ഇറാഖിലെ "എണ്ണയ്ക്കു പകരം ഭക്ഷണം’ പരിപാടിയുടെ ക്രൂരമായ മറ്റൊരു പതിപ്പാണ്.
പെട്രോഡോളർ എന്ന ആയുധം
തുരുമ്പെടുക്കുമ്പോൾ
1945-ൽ റൂസ്‌വെൽറ്റും സൗദി രാജാവും തമ്മിൽ യുഎസ്എസ് ക്വിൻസിയിലുണ്ടാക്കിയ കരാറും പിന്നീട് 1973-ൽ നിലവിൽവന്ന പെട്രോഡോളർ സംവിധാനവുമാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നട്ടെല്ല്. ലോകത്തെവിടെയും എണ്ണ വാങ്ങണമെങ്കിൽ ഡോളർ വേണമെന്ന നിബന്ധനയാണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഇത്രകാലവും താങ്ങിനിർത്തിയത്. എന്നാൽ, കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇതിന് ഇളക്കംതട്ടിയിരുന്നു. സദ്ദാം ഹുസൈൻ യൂറോയിൽ എണ്ണ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഇറാഖിനെ തകർത്തത്. മുവാമർ ഗദ്ദാഫി സ്വർണ ദിനാറെന്ന ആശയം മുന്നോട്ടുവച്ചപ്പോൾ ലിബിയയെ ഇല്ലാതാക്കി. ഇപ്പോൾ വെനസ്വേലയും ചൈനയും ചേർന്ന് നടത്തുന്ന നീക്കങ്ങൾ പെട്രോഡോളറിന് നേരിട്ടുള്ള ഭീഷണിയാകുമെന്നതാണ് അമേരിക്കയുടെ നടപടികളുടെ പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. ആ എണ്ണ ചൈനീസ് യുവാനിലോ റഷ്യൻ റൂബിളിലോ കച്ചവടം ചെയ്യപ്പെട്ടാൽ, അത് ഡോളറിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്ന ഭയം അമേരിക്കയെ സ്വാധീനിച്ചുതുടങ്ങിയിട്ട് കുറച്ചുനാളായി. അതുകൊണ്ട്, വെനസ്വേലൻ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയെന്നത് അമേരിക്കയ്ക്ക് ജീവന്മരണപോരാട്ടമാണ്.
ചൈനയുടെ സിൽക്ക് റൂട്ടും
അമേരിക്കയുടെ ഭയവും
അമേരിക്കൻ അധിനിവേശത്തിനുപിന്നിലെ മറ്റൊരു കാരണം ചൈനയുടെ വളർച്ചയാണ്. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് വഴി ചൈന ലാറ്റിനമേരിക്കയിൽ വലിയ സ്വാധീനം നേടിക്കഴിഞ്ഞു. "വായ്‌പയ്ക്കു പകരം എണ്ണ’ കരാറിലൂടെ വെനസ്വേല ചൈനയുടെ ഊർജസുരക്ഷയിലെ പ്രധാന പങ്കാളിയായി. അമേരിക്കൻ ഭൂഖണ്ഡത്തിൽ (Monroe Doctrine പ്രകാരം) ചൈനയ്ക്ക് സ്ഥാനമില്ലെന്ന് വരുത്താനും ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ഭയപ്പെടുത്തി നിർത്താനുമുള്ള തന്ത്രംകൂടിയാണ് ട്രംപിന്റെ പ്രഖ്യാപനം. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പരമാധികാര രാഷ്ട്രങ്ങളാണെന്നും അവർക്ക് സ്വന്തം പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നുമാണ് ചൈനയുടെ നിലപാട്.
ഇറാൻമുതൽ വെനസ്വേലവരെ:
ഒരേ തിരക്കഥ
ഇന്ന് വെനസ്വേലയിൽ കാണുന്നത് നേരത്തേ ഇറാനിലും ഇറാഖിലും കണ്ട അതേ നാടകത്തിന്റെ തുടർച്ചയാണ്. ഇറാനിൽ ആണവായുധത്തിന്റെ പേരിലാണ് ഉപരോധമെങ്കിൽ, വെനസ്വേലയിൽ ജനാധിപത്യത്തിന്റെ പേരു പറഞ്ഞാണെന്നുമാത്രം. രണ്ടിടത്തും യഥാർഥ ലക്ഷ്യം എണ്ണയും അത് ആര്, ഏതു കറൻസിയിൽ നിയന്ത്രിക്കും എന്നതുമാണ്. ഇറാനെതിരെ ഉപരോധമേർപ്പെടുത്തി അവരുടെ എണ്ണവിപണിയിൽനിന്ന് അകറ്റാൻ അമേരിക്ക ശ്രമിച്ചപ്പോൾ, ചൈനയും റഷ്യയും ഇറാനുമായി സഹകരിച്ചു. ഇപ്പോൾ വെനസ്വേലയുടെ എണ്ണശേഖരം നേരിട്ട് പിടിച്ചെടുത്ത്, അതിൽനിന്നുള്ള വരുമാനം തങ്ങൾ കൈകാര്യം ചെയ്യുമെന്നു പറയുന്നതിലൂടെ, അന്താരാഷ്ട്രനിയമങ്ങളെയും പരമാധികാരത്തെയും അമേരിക്ക കാറ്റിൽ പറത്തുകയാണ്.
പേടിയിൽനിന്നുള്ള ഭീഷണി
ട്രംപിന്റെ വാക്കുകളിൽ തെളിയുന്നത് "പ്രൊട്ടക്‌ഷൻ റാക്കറ്റ്’ നടത്തുന്ന മാഫിയ തലവന്റെ ശൈലിയാണ്. "ഞങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ നിങ്ങളെ തകർക്കും നിങ്ങളുടെ എണ്ണ ഞങ്ങളെടുക്കും’ എന്ന ഭീഷണി. അമേരിക്കൻ എണ്ണക്കമ്പനികളെ വെനസ്വേലയിലേക്ക് തിരികെ കൊണ്ടുവരാനും ഉൽപ്പാദനം വർധിപ്പിച്ച് ലാഭം കൊണ്ടുപോകാനുമാണ് പദ്ധതി. ചൈനയുടെ സിൽക്ക് റൂട്ടും ബ്രിക്സ് കൂട്ടായ്മയും ഡീ ഡോളറൈസേഷൻ നീക്കങ്ങളും അമേരിക്കയെ ഭയപ്പെടുത്തുന്നു. സ്വിഫ്റ്റ് സംവിധാനത്തിന് ബദലായി ചൈനയുടെ സിപ്‌സും (CIPS) റഷ്യയുടെ എസ്‌പിഎഫ്‌എസും (SPFS) വരുന്നത് ഡോളറിന്റെ ആയുധവൽക്കരണത്തെ മറികടക്കുമെന്നതും ഭയത്തിനുപിന്നിലുണ്ട്. ഈ മാറ്റത്തെ തടയാൻ അമേരിക്കയ്ക്കുമുന്നിലുള്ള ഏകവഴി സൈനികശക്തിയും ഭീഷണിയുമാണ്. വെനസ്വേലയിലെ അധിനിവേശവും എണ്ണവരുമാനം പിടിച്ചെടുക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. പക്ഷേ, ഇത് അമേരിക്കയെ ലോകത്തിനുമുന്നിൽ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ.
പുതിയ നടപടികൾ ഹ്രസ്വകാലത്തേക്ക് അമേരിക്കയ്ക്ക് ലാഭം നൽകിയേക്കാം.
പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഡോളറിന്റെ വിശ്വാസ്യത തകർക്കും. സ്വന്തം സമ്പത്ത് അമേരിക്കൻ ബാങ്കുകളിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് ലോകരാജ്യങ്ങൾ തിരിച്ചറിയും. അത് പെട്രോഡോളർ സിസ്റ്റത്തിന്റെ തകർച്ച വേഗത്തിലാക്കും. മധ്യപൗരസ്‌ത്യദേശംമുതൽ ലാറ്റിനമേരിക്കവരെ നീളുന്ന ഈ സംഘർഷങ്ങൾ, പഴയൊരു സാമ്രാജ്യം മരിക്കുകയും പുതിയൊരു ലോകക്രമം ജനിക്കുകയും ചെയ്യുന്നതിന്റെ പ്രസവവേദനകളാണ്. നീതിയുടെയും പരമാധികാരത്തിന്റെയും പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ, വെനസ്വേലൻ ജനതയുടെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള നീക്കം അപലപനീയമാണ്. ചൈന പറഞ്ഞതുപോലെ, "കഴുകൻകണ്ണുകളുമായി പറക്കുന്നവർക്കു താഴെയുള്ളത് ഇരകളല്ല, സ്വതന്ത്ര ജനതയാണ്’ എന്നു തിരിച്ചറിയുന്ന കാലം വിദൂരമല്ല.
(കെ ഡിസ്‌കിൽ വിജ്ഞാനകേരളം പ്രോജക്‌ട്
കോ ഓർഡിനേറ്ററാണ് ലേഖകൻ)















