ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാൻ


ഡോ. വി ശിവദാസൻ എംപി
Published on Oct 12, 2026, 12:00 AM | 2 min read
മുൻകാലങ്ങളിലൊന്നും ഡൽഹി കണ്ടിട്ടില്ലാത്തത്രയും ക്രൂരമായാണ് ജനകീയ സമരത്തെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പെൺകുട്ടികളെ പുരുഷ പൊലീസുകാർ തെരുവിലിട്ട് മർദിക്കുന്നു. സമരത്തെ നേരിടാൻ പ്രത്യേക പരിശീലനം കിട്ടിയ ആർഎസ്എസ് സംഘത്തെ നിയമിച്ചതായി റിപ്പോർട്ടുകൾ വരുന്നു. അവരും പൊലീസിനൊപ്പം വിദ്യാർഥികളെ മർദിക്കുന്നതായി പരാതികൾ ഉയരുകയാണ്. ദേശീയ രാഷ്ട്രീയ പാർടികളുടെ നേതാക്കൾ കൈയേറ്റത്തിന് വിധേയരാകുന്നു. മുൻ മുഖ്യമന്ത്രിമാരും മുൻ മന്ത്രിമാരും എംപിമാരും ഉൾപ്പെടെയുള്ളവർ പൊലീസിന്റെ ഭീകരതയ്‌ക്ക് ഇരകളാകുന്നു.
കഴിഞ്ഞ സെപ്തംബർ 23ന്റെ ‘ദ ഇന്ത്യൻ എക്‌സ്‌പ്രസ്’ വെളിപ്പെടുത്തൽ രാജ്യത്തെയാകെ ഞെട്ടിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ് കമീഷനിലെ ഭിന്നാഭിപ്രായങ്ങളുടെ ചിത്രം അതിൽ കാണാനായി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ എത്രമാത്രം ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നത് ജനസമക്ഷം അവതരിപ്പിക്കപ്പെട്ടു. തുടർന്ന് അതുസംബന്ധിച്ച് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് വിശദീകരണം തേടി. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനങ്ങൾ ഐകകണ്‌ഠ്യേനയോ അല്ലെങ്കിൽ ഭൂരിപക്ഷത്തെ അടിസ്ഥാനപ്പെടുത്തിയോ ആയിരിക്കണം. അതൊക്കെ ലംഘിക്കപ്പെട്ടതിന്റെ തെളിവുകളാണ് രാജ്യത്തിന്റെ മുമ്പിൽ.
അതുതന്നെയാണ് സമരത്തെ തീവ്രമാക്കുന്നത്. ന്യായമെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന വിഷയമാണ് സമരത്തിനാധാരം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ വക്കാലത്തുമായി വരുന്നത് ആർഎസ്എസ് – ബിജെപി സംഘമാണ്. ബിജെപി ഇനിയും അധികാരത്തിൽ വരാനുള്ള സാധ്യത ഇല്ലാതായിരിക്കുന്നെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. നേരായ വഴിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് അവർക്ക് അധികാരം നിലനിർത്താൻ തടസ്സമാകും. അതിനാൽ തെരഞ്ഞെടുപ്പ് കമീഷനെ പിടിക്കുകയാണവർ.
തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനസമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്നു ഉണ്ടായിരുന്നത്. ആർഎസ്എസിനായി തെരഞ്ഞെടുപ്പ് കമീഷനെ നിയന്ത്രിക്കാൻ, അംഗങ്ങളെ നിയമിക്കുന്ന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രിയെ ഉൾപ്പെടുത്തി.
ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക്കാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് ഭരണാധികാരികളെ തെരഞ്ഞെടുക്കേണ്ടത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രസ്തുത പ്രക്രിയയിൽ പങ്കാളിത്തമുണ്ട്. നിഷ്‌പക്ഷവും നീതിപൂർവവുമായി തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകാൻ കമീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അവരുടെ ചുമതല വോട്ടർമാർക്ക് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവസരമൊരുക്കലാണ്, അല്ലാതെ വോട്ടർമാരെ തെരഞ്ഞെടുക്കലല്ല. നിലവിൽ ഇന്ത്യയിൽ ആർഎസ്എസ് തെരഞ്ഞെടുപ്പ് കമീഷനെ നിയോഗിക്കുകയും ആ കമീഷൻ വോട്ടർമാരെ തെരഞ്ഞെടുക്കുകയുമാണ്. 13 കോടി ആളുകളുടെ പേരാണ് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയത്. അതായത് ഇന്ത്യയിൽ വെട്ടിമാറ്റപ്പെട്ട വോട്ടർമാരുടെ എണ്ണം ജപ്പാനിലെയും ജർമനിയിലെയും ആകെ ജനസംഖ്യയേക്കാൾ കൂടുതലാണ്.
വോട്ടർ പട്ടികയിൽനിന്ന് ഒരാളുടെ പേര് വെട്ടിമാറ്റുമ്പോൾ പ്രസ്തുത വ്യക്തിക്ക് വിശദീകരണം നൽകാനുള്ള അവസരം നിർബന്ധമായും ലഭ്യമാക്കണം. എന്നാൽ അത്തരത്തിലൊരു അവസരവും നൽകാതെയാണ് വ്യാപകമായ വെട്ടിമാറ്റൽ നടന്നിട്ടുള്ളത്. അതിനൊപ്പം വോട്ടറുടെ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ പേര് ഇലക്ടറൽ റോളിൽ ഇല്ലെന്നതിന്റെ പേരിലും വോട്ട് നിഷേധിക്കുന്നു. അതാണ് ഫോം 6ന്റെ പേരിലെ വെട്ടിമാറ്റൽ. വോട്ടർ പട്ടികയിൽ ഒരാളുടെ പേര് കൂട്ടിച്ചേർക്കേണ്ടത് പ്രസ്തുത വ്യക്തിയുടെ യോഗ്യത അടിസ്ഥാനപ്പെടുത്തിയാണ്. അല്ലാതെ അദ്ദേഹത്തിന്റെ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് നോക്കിയല്ല. നിലവിൽ രാജ്യത്തെ ഇളക്കിമറിക്കുന്ന ബഹുജനസമരം ഈ അടിസ്ഥാന ധാരണയുടെ ഉൽപ്പന്നമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്ത് വിശാലമായ ജനകീയ മുന്നേറ്റമായി സമരം മാറിക്കഴിഞ്ഞിരിക്കുന്നു.
തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പരസ്പരം ഏറ്റുമുട്ടിയ പാർടികൾ രാജ്യതാൽപ്പര്യം മുൻനിർത്തി സഹകരിക്കുകയാണ്. അതിലൂടെ സമര ഐക്യം വളർന്നുവരികയാണ്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രതിപക്ഷ പാർടികൾക്ക് അയച്ച കത്തിൽ ഭരണഘടനാ മൂല്യങ്ങളും വോട്ട് ചെയ്യാനുള്ള പൗരന്മാരുടെ അവകാശവും സംരക്ഷിക്കാൻ യോജിച്ച പ്രവർത്തനത്തിന്റെ ആവശ്യകത എടുത്തുപറയുകയുണ്ടായി. വിയോജിക്കാനുള്ള ആയിരം കാരണങ്ങൾ മാറ്റിവച്ച് നമ്മൾ ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിനായി ഐക്യപ്പെടുകയാണ്. ഐക്യത്തോടെ പടപൊരുതുകയാണ്. ഈ പോരാട്ടത്തിൽ ലാത്തിയടിയേറ്റ് വീണേക്കാം. എന്നാൽ ജനാധിപത്യ ഇന്ത്യ ഉയിർത്തെഴുന്നേൽക്കും.













