നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്‍റെ ലൈസൻസ് റദ്ദാക്കും

കൊച്ചി : നെടുമ്പാശ്ശേരിയിൽ അമിത വേഗത്തിലെത്തിയ മിനി കൂപ്പറിടിച്ച് മൂന്ന് സ്കൂട്ടർ യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. അപകടത്തിന്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാലുടൻ നടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.
പ്രതിയായ സുഹൈൽ റിമാൻഡിലാണ്. സുഹൈലിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരാണ് സുഹൈലിനൊപ്പമുണ്ടായിരുന്നതെന്നും ഇവരൊന്നിച്ചാണ് ബാറുകളിൽ കയറി മദ്യപിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രേരണാക്കുറ്റത്തിനാണ് മറ്റുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നും അമിതവേഗത പ്രോത്സാഹിപ്പിച്ചുവെന്നുമാണ് ഇവർക്കെതിരായ കുറ്റം. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് സുഹൈൽ എത്തിയത്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതായും വിവരമുണ്ട്.









0 comments