ആ ഫോട്ടോ വഴിത്തിരിവായി; മൂന്നുവയസുകാരിയുടെ സ്വർണവള ഊരിയെടുത്ത മോഷ്ടാവ് പിടിയിൽ

മാഹി പള്ളിയിൽ മെഴുകുതിരി തെളിയിക്കുന്നതിനിടയിൽ കുട്ടിയുടെ കയ്യിൽ നിന്നുംശിഹാബ് എന്ന സലീം വള മോഷ്ടിക്കുന്ന ദൃശ്യം
നാദാപുരം: മാഹി പള്ളിയിൽവെച്ച് മൂന്നുവയസ്സുകാരിയുടെ സ്വർണവള ഊരിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിൽ. കോട്ടയം ചങ്ങനാശേരിയിലെ തൃക്കൊടിത്താനം സ്വദേശി പടീതട്ടിൽ ശിഹാബ് എന്ന സലീം (41) ആണ് മാഹി പൊലീസിന്റെ പിടിയിലായത്.
കല്ലാച്ചിയിലെ കുറ്റേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകൾ മേവ അഭിരാമിന്റെ സ്വർണവളയാണ് ശനിയാഴ്‌ച രാത്രി മോഷണം പോയത്. രാത്രി ഒമ്പതേമുക്കാലോടെ മെഴുകുതിരി കത്തിക്കുമ്പോൾ നല്ല തിരക്കായിരുന്നു. ഇവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് ഒരാൾ വള ഊരിയെടുത്തതായി കുട്ടി അമ്മയോട് പറഞ്ഞത്.
കുട്ടിയുടെ ബന്ധു കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ഫോട്ടോ എടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ഫോട്ടോയിലുള്ള ഒരാൾ സംശയകരമായ സാഹചര്യത്തിൽ അടുത്തുനിന്ന് പെരുമാറിയതായി അമ്മയും പറഞ്ഞു. തുടർന്ന് പള്ളി ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ വള ഊരി കടന്നുകളയുന്നത് വ്യക്തമായത്. ഉടൻ മാഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാഹി റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതിയെ പിടികൂടിയത്.








0 comments