അനധികൃത നിയമനത്തിൽ പണി പാളി: സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

തിരുവനന്തപുരം: അനധികൃത നിയമനം വിവാദമായതിനെ തുടർന്ന്, കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ സീമാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവെച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങ്ങിൽ (സീമാറ്റ്) നടന്ന നിയമനം വിവാദമായതിന് പിന്നാലെയാണ് രാജി. അപേക്ഷ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയുമായിരുന്നു നിയമനം. തസ്തികയ്ക്ക് ആവശ്യമായ യോഗ്യതയും ഉണ്ടായിരുന്നില്ല. തസ്തികയ്ക്ക് ആധാരമായ നിർബന്ധിത യോഗ്യതയായ പിഎച്ച്ഡി പോലും ഇല്ലാത്തയാളെയാണ് 40,000 രൂപ മാസശമ്പളത്തിൽ നിയമിച്ചത്.
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 40,000 രൂപ ശമ്പളത്തിലായിരുന്നു ഷാനിയുടെ നിയമനം. ഒഴിവിലേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുകയോ റാങ്ക് പട്ടിക തയ്യാറാക്കുകയോ ചെയ്തിരുന്നില്ല. ബയോഡേറ്റയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നായിരുന്നു സീമാറ്റ് അധികൃതരുടെ വിശദീകരണം.
റിസർച്ച് ഓഫീസർ തസ്തികയ്ക്ക് പിഎച്ച്ഡി യോഗ്യത ആവശ്യമാണ്. ഷാനി പിഎച്ച്ഡി ഗവേഷക മാത്രമാണ്. അതേസമയം, അനധികൃത നിയമനം ന്യായീകരിക്കാനായിരുന്നു സ്ഥാപനം ശ്രമിച്ചത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ചാണ് നിയമനം നൽകിയതെന്നും ഷഫീറിന്റെ ഭാര്യയായതുകൊണ്ടല്ലെന്നുമായിരുന്നു സീമാറ്റ് ഡയറക്ടർ ആർ അരുൺകുമാറിന്റെ വിശദീകരണം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സീമാറ്റിൽ അപേക്ഷ ക്ഷണിക്കാതെ 12 പേരെയാണ് നിയമിച്ചത്. ഇതിൽ അഞ്ച് പേർക്ക് റിസർച്ച് ഓഫീസർ തസ്തികയിലും നാല് പേർക്ക് അസിസ്റ്റന്റ് തസ്തികയിലും മൂന്ന് പേർക്ക് അറ്റൻഡർ തസ്തികയിലുമാണ് നിയമനം ലഭിച്ചത്. നിയമനം ലഭിച്ചവരിൽ കോൺഗ്രസ്–ലീഗ് ബന്ധമുള്ളവരുണ്ടെന്ന വിവരവും വിവാദത്തിന് ആക്കം കൂട്ടി.
അളിയന് സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനെ താൻ നിരസിച്ചു എന്ന് പ്രസംഗിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ കോൺഗ്രസ് നേതാവ് തന്നെയാണ് സ്വന്തം ഭാര്യയ്ക്കായി പിൻവാതിലിലൂടെ കസേരയൊരുക്കിയത് എന്നത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.








0 comments