‘‘പെട്ടെന്ന് ചെന്നുനോക്കിയപ്പോൾ നമ്മുടെ കുട്ടികളാണ്, ഞങ്ങൾ അങ്ങനെ കൊണ്ടുനടന്ന മക്കൾ‘‘

അപകടത്തിൽ മരിച്ച ഗോപിക, ദേവിക, ഇജാസ്
കൊച്ചി: ‘‘എന്നെ മറികടന്നാണ് മിനി കൂപ്പർ പോയത്. വേഗം കണ്ട് ഞാൻ പേടിച്ച് അരികിലേക്ക് മാറിയിരുന്നു. കടന്നുപോയതിനുപിന്നാലെ വലിയ ശബ്ദം കേട്ടു. പെട്ടെന്ന് ചെന്നുനോക്കിയപ്പോൾ നമ്മുടെ കുട്ടികളാണ്. ഞങ്ങൾ അങ്ങനെ കൊണ്ടുനടന്ന മക്കൾ... വാക്കുകൾ പൂർണമാക്കാൻ പ്രിയാദിന് കഴിഞ്ഞില്ല. കണ്ണുകൾ നിറഞ്ഞ്, ശബ്ദം ഇടറി തീരാവേദന ഉള്ളിലൊതുക്കി അയാൾ നിന്നു.
അമിതവേഗത്തിൽ എത്തിയ കാറിടിച്ച് ജീവൻ നഷ്ടമായവരുടെ സഹപ്രവർത്തകനാണ് പ്രിയാദ്. അവർക്കൊപ്പം നെടുന്പാശേരിയിൽ പ്രിയാദും എത്തിയിരുന്നു. ‘‘ചായകുടിക്കാനാണ് വന്നത്. ഞങ്ങളെല്ലാവരും ഇവിടെ ഒത്തുകൂടാറുണ്ട്. മൂന്ന് ബൈക്കുകളിലായായാണ് എത്തിയത്. മടങ്ങുന്പാഴായിരുന്നു സംഭവം. ഏറ്റവും പിന്നിലായിരുന്നു ഞാൻ സഞ്ചരിച്ചത്. മുന്നിലുള്ള ബൈക്കിലായിരുന്നു അവർ. അമിതവേഗത്തിൽ എന്നെ മറികടന്ന് മിനി കൂപ്പർ പോയി. വേഗം കണ്ട് ഞാൻ അരികിലേക്ക് മാറ്റിനിർത്തി. വലിയ ശബ്ദം കേട്ട് പോയിനോക്കിയപ്പോൾ ഞങ്ങളുടെ കുട്ടികൾ റോഡിൽ ചിതറിക്കിടക്കുന്നതാണ് കണ്ടത്. എന്നെ എട്ടായെന്നാണ് അവർ വിളിച്ചിരുന്നത്. ഇനി...’’ – പ്രിയാദ് ഇടർച്ചയോടെ നിർത്തി.
‘‘വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് മൂന്നുപേർ ചോരവാർന്ന് കിടക്കുന്നതായിരുന്നു’’–അപകടം നടക്കുന്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന രാഹുലിന്റെ വാക്കുകൾ. ‘‘അതുവഴി വന്ന സ്‌ത്രീ, ഡോക്ടറാണെന്ന് തോന്നുന്നു. അവർ വാഹനം നിർത്തിയിറങ്ങി. പൾസ് നോക്കി. പൾസുണ്ടായിരുന്നില്ല. മിനി കൂപ്പർ ഓടിച്ചിരുന്നയാൾ നാട്ടുകാരോട് ഭയങ്കരമായി തർക്കിച്ചു. ‘എന്റെ ബാപ്പ നോക്കിക്കോളും’ എന്നെല്ലാം പറയുന്നുണ്ടായിരുന്നു. മറ്റെരാൾകൂടി കാറിലുണ്ടായിരുന്നു. അപ്പോഴേക്കും പൊലീസെത്തി. രണ്ടുപേരെയും കൊണ്ടുപോയി’’–രാഹുൽ പറഞ്ഞു.
നെടുമ്പാശേരി നെടുമ്പാശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായർ പുലർച്ചെ 1.45ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്‌കൂട്ടറിലിടിച്ച് വയനാട് കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (കുക്കു–21), പാലക്കാട് കരിമ്പ ചെന്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്-കുമാറിന്റെ മകൾ ഗോപിക (22), കർണാടകത്തിലെ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവിനെ (19) നാട്ടുകാർ പിടികൂടി നെടുന്പാശേരി പൊലീസിൽ ഏൽപ്പിച്ചു. ഇഹ ഡിസൈന്‍സ് എന്ന പേരിൽ വസ്ത്രവ്യാപാര സ്ഥപാനവും ഓൺലൈൻ വസ്‌ത്രവ്യാപാരവും നടത്തുന്ന സജീവ് ജമാലിന്റെയും നൂഹ സജീവിന്റെയും മകനാണ് സുഹൈൽ. പ്രതിയെ അറസ്‌റ്റ് ചെയ്‌തെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നും നരഹത്യക്ക് കേസെടുത്തതായും പൊലീസ് പറഞ്ഞു.








0 comments