ഗ്യാനേഷ് കുമാറിന്റെ രാജി: ലണ്ടനിൽ എസ്‌എഫ്‌ഐ-യുകെയുടെ പ്രതിഷേധം

ലണ്ടൻ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിൽ പ്രതിഷേധവുമായി എസ്‌എഫ്‌ഐ-യുകെ. ഇന്ത്യയിൽ പ്രതിഷേധിക്കുന്ന സഹപ്രവർത്തകർക്കെതിരായ നടപടികളിൽ പ്രതിഷേധിച്ചാണ് ലണ്ടനിൽ പ്രകടനം സംഘടിപ്പിച്ചത്.
“ഗ്യാനേഷ് കുമാർ രാജിവെക്കണം. സഹപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല” എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് എസ്‌എഫ്‌ഐ-യുകെ പ്രവർത്തകർ പ്രതിഷേധിച്ചത്. സംഘടനയുടെ പതാകകളുമായി നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു.
വോട്ടർപട്ടികയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളും വിദ്യാർഥി സംഘടനകളും സമരരംഗത്തുണ്ട്. ഡൽഹിയിൽ കേന്ദ്രസേനയെ ഉപയോഗിച്ച് അതിക്രൂരമായാണ് സമരക്കാരെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. പ്രതിഷേധക്കാർക്കുനേരെ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ലാത്തിച്ചാർജും കൂട്ടത്തടങ്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇടതുപക്ഷ നേതാക്കളെയും വിദ്യാർഥി-യുവജന പ്രവർത്തകരെയും പൊലീസ് ക്രൂരമായാണ് കൈകാര്യം ചെയ്തത്. റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ഇടിവണ്ടിയിലിട്ട് തുടരെത്തുടരെ മർദിക്കുകയായിരുന്നു.
സമരക്കാർക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ-യുകെ ലണ്ടനിൽ പ്രതിഷേധം സംഘടിപ്പിച്ചത്.









0 comments