സാർവത്രിക ആരോഗ്യസേവനം വിസ്‌മരിക്കപ്പെടുമ്പോൾ


ഡോ. ബി ഇക്ബാൽ
Published on Feb 04, 2026, 12:00 AM | 2 min read
2025ഓടെ സർക്കാരിന്റെ ആരോഗ്യ ചെലവ് ദേശീയ വരുമാനത്തിന്റെ (GDP) 2.5 ശതമാനമായി വർധിപ്പിക്കുക എന്ന 2017-ലെ ദേശീയ ആരോഗ്യനയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ 2026–-27ലെ കേന്ദ്ര ബജറ്റ് വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ ആരോഗ്യവിഹിതം ജിഡിപിയുടെ വെറും 0.27 ശതമാനംമാത്രമായി തുടരുമെന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്. മൊത്തം ബജറ്റിലെ ആരോഗ്യവിഹിതം 2.07 ശതമാനംമാത്രമാണ്; ജനകീയ ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്ന അഞ്ച് ശതമാനമെന്ന ലക്ഷ്യത്തേക്കാൾ ഏറെ പിന്നിലാണിത്. കോവിഡ് കാലത്ത് ആരോഗ്യമേഖലയിലെ ചെലവ് നേരിയ തോതിൽ വർധിച്ചിരുന്നെങ്കിലും അതിനുശേഷം ഇത് വീണ്ടും താഴോട്ടുപോയി.
പൊതുജനാരോഗ്യത്തെ അവഗണിക്കുന്ന ഇൻഷുറൻസ് അധിഷ്ഠിത മാതൃക
ഗ്രാമീണ- നഗര ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ നാഷണൽ ഹെൽത്ത് മിഷന്റെ (NHM) വിഹിതത്തിൽ 2021–-22നുശേഷം എട്ടുശതമാനം ഇടിവുണ്ടായി. അതേസമയം, സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ തുണയ്ക്കുന്ന പിഎംജെഎവൈ (PMJAY) വിഹിതത്തിൽ 36 ശതമാനം വർധന വരുത്തുകയും ചെയ്തു. ആരോഗ്യവിഹിതത്തിലെ ഈ കുറവ് പൊതുജനാരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനേക്കാൾ ഇൻഷുറൻസ് അധിഷ്ഠിത മാതൃകകൾക്കും സ്വകാര്യപങ്കാളിത്തത്തിനും മുൻഗണന നൽകുന്നതിലേക്ക് നയിക്കുന്നു. കൂടാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറുന്ന വിഹിതം 2014-–15ലെ 75.9 ശതമാനത്തിൽനിന്ന് 51 ശതമാനമായി കുറഞ്ഞത് ഫെഡറൽ സംവിധാനത്തിലെ ആരോഗ്യസേവനങ്ങളെ സാരമായി ബാധിക്കും.

ഔഷധനയങ്ങളും പേറ്റന്റ് നിയമങ്ങളും
‘ബയോഫാർമ ശക്തി' (Biopharma SHAKTI) പോലുള്ള ഗവേഷണ പദ്ധതികൾ സ്വാഗതാർഹമാണെങ്കിലും, ഉഭയകക്ഷി വാണിജ്യ കരാറുകളിലൂടെ നിലവിലുള്ള പേറ്റന്റ് നിയമങ്ങൾ ബഹുരാഷ്ട്ര കമ്പനികൾക്ക് അനുകൂലമായി ശക്തിപ്പെടുത്തുന്ന സാഹചര്യം ആശങ്കാജനകമാണ്. ഇത് സാധാരണ ജനങ്ങൾക്ക് എത്രത്തോളം സഹായകമാകുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 17 കാൻസർ മരുന്നുകൾക്കും അപൂർവരോഗങ്ങൾക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി (BCD) ഒഴിവാക്കിയത് വലിയ നേട്ടമായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ നികുതിയിളവുകളുടെ ലാഭം ബഹുരാഷ്ട്ര കമ്പനികൾ രോഗികൾക്ക് കൈമാറുമെന്നതിന് ഒരു ഉറപ്പുമില്ല. താങ്ങാനാകുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനുപകരം ഇത്തരം പരോക്ഷ നികുതി ഇളവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സർക്കാർ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്മാറുന്നതിന് തുല്യമാണ്.
പൊതുമേഖലയുടെ തകർച്ചയും സ്വകാര്യവൽക്കരണവും
അവശ്യമരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന ഐഡിപിഎൽ (IDPL), എച്ച്എഎൽ (HAL) തുടങ്ങിയ പൊതുമേഖലാ ഔഷധ കമ്പനികളും വാക്സിൻ ഫാക്ടറികളും പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ഇല്ലാതെ വീണ്ടും അവഗണിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാന ഔഷധ നിർമാണത്തിനുള്ള (Active Pharmaceutical Ingredients - API) ഫാക്ടറികൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. മരുന്നുകളുടെ വില നിശ്ചയിക്കുന്നതിൽ സുതാര്യത ഉറപ്പാക്കാനോ കോർപറേറ്റ് താൽപ്പര്യങ്ങളേക്കാൾ സാധാരണക്കാരന്റെ ആരോഗ്യത്തിന് മുൻഗണന നൽകാനോ ഉള്ള ഇച്ഛാശക്തി ബജറ്റ് പ്രകടിപ്പിക്കുന്നില്ല.
മെഡിക്കൽ ടൂറിസം ഹബ്ബുകൾവഴി ആരോഗ്യരംഗത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾ സാധാരണക്കാരുടെ താൽപ്പര്യങ്ങളെ ഹനിക്കുന്നതിലേക്ക് നയിക്കുമെന്ന് മുൻകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നു. എല്ലാവർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന സാർവത്രിക ആരോഗ്യ സേവനത്തിനായുള്ള (Universal Health Care) വ്യക്തമായ പദ്ധതികൾ ഈ ബജറ്റിൽ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്.















