ad
Deshabhimani

Articles

കേന്ദ്രബജറ്റും ധനകമീഷൻ ശുപാർശയും; കേരളത്തിനോട് 
എന്തിനിത്ര പക

കേന്ദ്രബജറ്റും ധനകമീഷൻ ശുപാർശയും; കേരളത്തിനോട് 
എന്തിനിത്ര പക

modi budget
​ഗോപകുമാർ മുകുന്ദൻ

Published on Feb 01, 2026, 09:57 PM | 4 min read

2026-27ലെ കേന്ദ്ര ബജറ്റും 2026– 2031 കാലത്തെ ഫെഡറൽ ധനവിന്യാസത്തിനുള്ള പതിനാറാം ധനകമീഷൻ റിപ്പോർട്ടും ചേർന്ന്‌ കേരളത്തിന്‌ ഇരട്ട പ്രഹരമാണ് ഏൽപ്പിച്ചത്. കേരളത്തിന്റെ ന്യായമായ ഒരു അവകാശവും അംഗീകരിക്കാനോ കേരളത്തെ അഭിസംബോധന ചെയ്യാൻ പോലുമോ കേന്ദ്ര ധനമന്ത്രി തയ്യാറായില്ല. ബജറ്റിന് മുന്നോടിയായ സാമ്പത്തിക സർവേ റിപ്പോർട്ട് കേരളത്തിന്റെ സവിശേഷമായ രണ്ടു വികസന പദ്ധതികൾ മാതൃകയാണ് എന്നുപറഞ്ഞിട്ടുണ്ട്. അതിദാരിദ്ര്യത്തെ കേരളം അഭിസംബോധന ചെയ്ത രീതിയും കൊച്ചി വാട്ടർ മെട്രോയുമാണ് ആ പദ്ധതികൾ. കേരളത്തിന്റെ വ്യവസായ സ‍ൗഹൃദ അന്തരീക്ഷത്തിൽ വന്ന മാറ്റം നേരത്തെ തന്നെ നിതി ആയോഗ് അംഗീകാരം നേടി. ഇങ്ങനെ രാജ്യത്തിന് മാതൃകയായി ക്ഷേമത്തിലും വികസനത്തിലും നിരവധി പദ്ധതികൾ വിജയകരമായി നടത്തുന്ന കേരളത്തെ അംഗീകരിക്കാനും അർഹമായത് ലഭ്യമാക്കാനും തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കാരണം വ്യക്തമാക്കിയിട്ടുണ്ട്. കേരള ഭരണം എൻഡിഎയെ ഏൽപ്പിക്കാതെ തന്നില്ല തന്നില്ല എന്നു പറയുന്നതിൽ കാര്യമില്ലത്രേ! ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നതിനെതിരെ കേരളത്തിൽ വലിയ പ്രക്ഷോഭം ഉയരുക തന്നെ വേണം.

ആർക്കാണിത്ര ധൃതി?


ആർക്കാണിത്ര ധൃതി എന്ന അസംബന്ധം പറഞ്ഞു നടന്നവർ ഇപ്പോൾ ഒന്നു പ്ലേറ്റ് മാറ്റിയിരുന്നു. കേരളം ആവിഷ്‌കരിച്ച പദ്ധതിയോടായിരുന്നു എതിർപ്പ് എന്നാണ് പുതിയ ഭാഷ്യം. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പദ്ധതിക്ക്‌ സർവാത്മനാ സ്വാഗതം എന്നാണ് കേരളത്തിലെ കോൺഗ്രസും യുഡിഎഫും പറഞ്ഞു പോരുന്നത്. ഇപ്പോൾ എന്തായി? തമിഴ്നാടിന് രണ്ട് അതിവേഗ ഇടനാഴികൾ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് കേരളത്തെ പരാമർശിച്ചുപോലുമില്ല. നാം ആവിഷ്‌കരിച്ച പദ്ധതി അതിന്റെ പോരായ്മകൾ നികത്തി നടപ്പാക്കുവാൻ കേരളം ഏക മനസ്സോടെ നിന്നിരുന്നു എങ്കിൽ അതിവേഗ റെയിൽ പദ്ധതി പാതിവഴിയിലെങ്കിലും എത്തുമായിരുന്നു. നാല്‌ വന്ദേഭാരതും വളവുനിവർത്തലും വഴി കേരളത്തിന്റെ ഗതാഗത വ്യഥകൾ പരിഹരിക്കാം എന്നാണ് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നത്. ഇതൊന്നും കേരളത്തിന്‌ അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല എന്നതു മനസ്സിലാകുന്നുണ്ടാകുമോ? ഭാവി കണ്ടുകൊണ്ടുള്ള വികസന മുന്നേറ്റത്തെ നിക്ഷിപ്ത താൽപ്പര്യങ്ങളോടെ തുരങ്കം വച്ചതിന്റെ ദുര്യോഗമാണ് കേരളം നേരിടുന്ന വിവേചനം.

വിഴിഞ്ഞത്തോടുള്ള അവഗണന


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് കേരളം സമർപ്പിച്ച സംഭാവനയാണ്. ഇതര സംസ്ഥാനങ്ങളിലെ തുറമുഖ നിർമാണത്തിന് കേന്ദ്ര സർക്കാർ നൽകിയ സഹായം കേരളത്തിന്‌ നിഷേധിച്ചു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് എല്ലാവർക്കും ഗ്രാന്റായി നൽകിയപ്പോൾ കേരളത്തിന് വായ്‌പ ആയിട്ടാണ് നൽകിയത്. വിഴിഞ്ഞത്തിനു ലഭിച്ച അന്തർദേശീയഅംഗീകാരം നാം കാണുന്നുണ്ട്. ഇത് കേരളത്തിൽ തൊഴിലായും വരുമാനമായും പൂർണമായും പരിവർത്തനപ്പെടണമെങ്കിൽ തുറമുഖത്തോട് ബന്ധപ്പെടുത്തിയുള്ള ഇടനാഴി അതിദ്രുതം വികസിക്കേണ്ടതുണ്ട്. ഇതിനോടും കേന്ദ്ര ബജറ്റ് മുഖം തിരിച്ചു. ദേശീയ അഭിമാനമായ ഈ പദ്ധതിയോട് കാണിക്കുന്ന വിവേചനം കേരളത്തോടുള്ള രാഷ്ട്രീയ ശത്രുതയല്ലാതെ എന്താണ്? കേരളം കുറഞ്ഞത് ഒരു ലക്ഷം കോടിരൂപ കേന്ദ്ര നികുതിയായി നൽകുന്ന സംസ്ഥാനമാണ് എന്ന്‌ മനസ്സിലാക്കണം.

എയിംസ്‌


സംസ്ഥാന സർക്കാർ കണ്ടെത്തിയ സ്ഥലത്ത് എയിംസ്‌ അനുവദിക്കാതെ മുട്ടാപ്പോക്ക് പറയുന്നത് കേരളത്തിന്റെ ന്യായമായ ആവശ്യം നിരസിക്കാനാണ് എന്നല്ലേ ഇപ്പോൾ വ്യക്തമാകുന്നത്? കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഒരു സ്ഥലം, മുൻമന്ത്രി രാജീവ് ചന്ദ്രശേഖറിന് മറ്റൊരു സ്ഥലം. ഈവിധ അസംബന്ധങ്ങളോടൊന്നും പ്രതികരിക്കാതെ കേരളത്തിനു കിട്ടാതെപോട്ടെ എന്നു കരുതുന്ന പത്തൊമ്പത് എംപിമാർ. ഇതാണ് കേരളത്തെ ഇ‍ൗവിധം അവഗണിക്കാൻ കേന്ദ്ര സർക്കാരിന് ബലം നൽകുന്നത്. ആയുർവേദ എയിംസ്‌ എന്ന പ്രഖ്യാപനം വന്നിട്ടുണ്ട്. അതിൽപ്പോലും കേരളം പ്രതിപാദിക്കപ്പെടുന്നില്ല.


സ്വകാര്യ ധാതുകൊള്ളയ്ക്കു 
വഴിയൊരുങ്ങുന്നോ?


കൊല്ലം, ആലപ്പുഴ തീരത്തെ ധാതുമണൽ സമ്പത്ത് എത്ര വിലപ്പെട്ടതാണ് എന്ന്‌ നമുക്കറിയാം. തീരത്തെ സംരക്ഷിച്ച്‌ സുസ്ഥിരമായി ഈ സമ്പത്ത് മൂല്യവർധന നടത്താൻ നമുക്കു സാധിച്ചാൽ കേരളത്തിന്റെ തലയിലെഴുത്ത് മാറുന്നത്ര വിപുലമാണ് ഈ സമ്പത്ത്. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ചുള്ള റെയർ എർത്ത് ഇടനാഴി സ്ഥാപിക്കും എന്നു കേരളം ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ചവറയിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും ഇതിന്റെ അടിസ്ഥാനം. കെഎംഎംഎൽ, കെൽട്രോൺ, നാഷണൽ നോൺ ഫെറീസ്‌ ടെക്‌നോളജി ഡെവലപ്‌മെന്റ്‌ സെന്റർ എന്നിവയുമായി ചേർന്ന്‌ ഒരു റെയർ എർത്ത് ആൻഡ്‌ ക്രിട്ടിക്കൽ മിനറൽ മിഷൻ രൂപീകരിക്കും എന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കേന്ദ്ര ബജറ്റിൽ ഒഡിഷ, ആന്ധ്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് റെയർ എർത്ത് ഇടനാഴി സ്ഥാപിക്കും എന്നു പ്രഖ്യാപിച്ചിരിക്കുന്നു.


മൈനർ ധാതുക്കളുടെ ഖനനം അടക്കം എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ റെയർ എർത്ത് ഇടനാഴി എങ്ങനെ കൈകാര്യം ചെയ്യും എന്നത് ആശങ്കാജനകമാണ്. അമ്പതിനായിരം കോടിരൂപയുടെ നിക്ഷേപവും 30000 തൊഴിലുകളും പ്രതീക്ഷിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി ഇതോടെ ഇല്ലാതാകുമോ എന്നത് ആശങ്കാജനകമാണ്.


ധനകമീഷൻ 
ശുപാർശ


ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത് ഡിവിസിബിൾ പൂളിലെ സംസ്ഥാനങ്ങളുടെ വിഹിതം 50 ശതമാനം ആക്കണമെന്നാണ്. എന്നാൽ, നിലവിലെ 41 ശതമാനം തുടരാനാണ് കമീഷനും കേന്ദ്ര സർക്കാരും തീരുമാനിച്ചത്. ഇതുമാത്രമല്ല, സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടാത്ത സെസ്സുകളും സർച്ചാർജുകളും ഗണ്യമായി കുറയ്ക്കണം എന്നും ആവശ്യപ്പെട്ടു. ഇതും കമീഷൻ അംഗീകരിച്ചില്ല. നികുതി വിഹിതത്തിനു പുറമെ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന പ്രത്യേക ആവശ്യ ഗ്രാന്റും റവന്യു കമ്മി ഗ്രാന്റും ഇപ്പോൾ നിർത്തി. ഇതുവഴി 416500 കോടി രൂപയാണ് കഴിഞ്ഞ ധനകമീഷൻ ശുപാർശ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ വിഹിതം ഇല്ലാതാക്കിയത്. ഇത് ഇല്ലാതാക്കിയിട്ട് 41 ശതമാനം നിലനിർത്തുന്നു എന്ന കബളിപ്പിക്കൽ നടത്തുകയാണ് കേന്ദ്രവും ധനകമീഷനും. കേരളത്തിന്റെ നികുതി വിഹിതം 1.925 ശതമാനത്തിൽനിന്നും 2.382 ശതമാനമായി വർധിപ്പിച്ചു എന്നു പറയുമ്പോഴും കഴിഞ്ഞ ധനകമീഷൻ തീർപ്പ് പ്രകാരം ലഭിച്ച 37814 കോടി രൂപ റവന്യു കമ്മി ഗ്രാന്റ് , പ്രത്യേക ആവശ്യ ഗ്രാന്റ് 2412 കോടി രൂപയും പൂർണമായും നിഷേധിച്ചിരിക്കുകയാണ്. ദുരന്തപ്രതികരണ നിധിയുടെ 1.4 ശതമാനമാണ് പതിനഞ്ചാം ധനകമീഷൻ കാലത്ത് കിട്ടിയത്. അത് 1.2 ശതമാനമായി ഇടിയുന്നു.


ഗ്രാമീണ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം കേവലം 0.76 ശതമാനം മാത്രമാണ്. എന്നാൽ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം 5.73 ശതമാനം വരും. കേരളത്തിന്റെ നഗര ജനസംഖ്യ വളരെ ഉയർന്നതാണ് എന്നു പറഞ്ഞാണ് ഈ രീതിയിൽ തദ്ദേശ ഭരണ സ്ഥാപന ഗ്രാന്റ് വിഭജിച്ചത്. എന്നാൽ നഗര ജനസംഖ്യ അപ്പാടെ നഗര തദ്ദേശ ഭരണ സ്ഥാപന പ്രദേശത്തെ താമസക്കാരല്ല എന്ന ധാരണതന്നെ നിഷേധിച്ചാണ് ഈ സമീപനം. 2026-–27 ലെ ബജറ്റിലും 2026 –31 കാലത്തെ ധനകമീഷൻ ധനവിന്യാസത്തിലും കേരളം കടുത്ത വിവേചനമാണ് നേരിടുന്നത്. ഇതിനെതിരെ വലിയ ബഹുജന പ്രക്ഷോഭം ഉയരുകയല്ലാതെ മാർഗമില്ല.


(കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്‌ ആൻഡ്‌ എൻവയോൺമെന്റ്‌ സ്‌റ്റഡീസിലെ സ്വതന്ത്ര ഗവേഷകനാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home