വഴങ്ങില്ല വെനസ്വേല

PHOTO: AFP

വിജേഷ് ചൂടൽ
Published on Jan 03, 2026, 10:55 PM | 2 min read
ശീതയുദ്ധ കാലത്തിനുശേഷം അമേരിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ഏറ്റവും വലിയ യുഎസ് സൈനിക ആക്രമണമാണ് വെനസ്വേലയ്‌ക്കുനേരെ ഉണ്ടായത്. 2025ൽ സമാധാന നൊബേൽ നേടിയ "കലാപനായിക' മരിയ കൊറീന മചാഡോയുടെ രാജ്യത്ത് യുദ്ധത്തിനിറങ്ങിയത് സമാധാന നൊബേൽ കിട്ടാത്തതിൽ നീരസം പ്രകടിപ്പിച്ച ഡോണൾഡ് ട്രംപ് !. മചാഡോയെയും സംഘത്തെയും ഉപയോഗിച്ച് നടത്തിയ കലാപനീക്കങ്ങൾ അന്പേ പരാജയപ്പെട്ടതോടെയാണ് നേരിട്ടുള്ള ആക്രമണത്തിലേക്ക് അമേരിക്ക നീങ്ങിയത്. വൻ എണ്ണസന്പത്ത് ലക്ഷ്യമിട്ട് ഏറെക്കാലമായി അട്ടിമറിക്ക് അമേരിക്ക ശ്രമിക്കുകയാണ്. ചാരസംഘടനയായ സിഐഎയെ നിയോഗിച്ച് നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് നേരിട്ടുള്ള ആക്രമണം. ഇതിനുള്ള സാഹചര്യം ആസൂത്രിതമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
കരീബിയൻ മേഖലയിൽ വെനസ്വേലയുടെ നിയന്ത്രണത്തിലുള്ള സമുദ്രമേഖലയിലൂടെ മയക്കുമരുന്ന് കടത്തുന്നെന്നാരോപിച്ചാണ് പ്രകോപനത്തിനു തുടക്കമിട്ടത്. സ്പീഡ് ബോട്ടുകളിൽ നിരവധി തവണ വ്യോമാക്രമണങ്ങൾ നടത്തി.- 110 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് അംഗീകൃത എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തു. ലഹരിസംഘത്തിന്റെ തലവനാണെന്ന് പ്രഖ്യാപിച്ച് മഡുറോയുടെ തലയ്‌ക്ക് കോടികൾ വിലയിട്ടു. എന്നാൽ, ഒരു തെളിവും ഹാജരാക്കാൻ അമേരിക്കയ്‌ക്ക് കഴിഞ്ഞിട്ടില്ല. മഡുറോയ്‌ക്കും കുടുംബത്തിനും രാജ്യംവിടാൻ അവസരമൊരുക്കാമെന്ന് ട്രംപ് വാഗ്‌ദാനംചെയ്‌തു. അദ്ദേഹം വഴങ്ങിയില്ല. പകരം രാജ്യതിർത്തിയിൽ സൈന്യത്തെയും ഗ്രാമങ്ങളിൽ ജനകീയ പ്രതിരോധസേനയെയും സജ്ജമാക്കി. ഇതിനിടെ, ക്രിസ്മസ് ദിനത്തിലാണ് ട്രംപ് ആദ്യത്തെ കര ആക്രമണത്തിന് നിർദ്ദേശിച്ചത്. എണ്ണ സമ്പന്ന സംസ്ഥാനമായ സുലിയയെ ലക്ഷ്യമിട്ടെങ്കിലും ദൗത്യം പാളി.
മഡുറോയെ പിടികൂടിയശേഷവും വെനസ്വേലയിലെ സർക്കാർസ്ഥാപനങ്ങളും സൈന്യത്തിലെ ഉന്നതരും രാജ്യത്തോടു വിശ്വസ്തത പുലർത്തുകയാണ്. ക്രിമിനൽ സൈനിക ആക്രമണത്തിനെതിരെ പോരാട്ടം തുടരുമെന്ന് പ്രതിരോധമന്ത്രി വ്‌ളാഡിമിർ പാഡ്രിനോ ലോപ്പസ് പ്രഖ്യാപിച്ചു.ലാറ്റിനമേരിക്കയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചുവപ്പുവസന്തത്തിന് തുടക്കമിട്ട രാജ്യമാണ് വെനസ്വേല. ഹ്യൂഗോ ഷാവേസ് 1998ൽ നേടിയ ഉജ്വല വിജയം മേഖലയിലെ ‘പിങ്ക് വേലിയേറ്റ’ത്തിന്റെ നാന്ദിയായി. ലോകത്തെ ഏറ്റവും വലിയ എണ്ണനിക്ഷേപത്തിനു പുറമേ കൽക്കരി, ഇരുമ്പയിര്, ബോക്‌സൈറ്റ്, സ്വർണ്ണം എന്നിവയും സുലഭമായിരുന്നിട്ടും കടുത്ത ദാരിദ്ര്യത്തിലാണ് ജനത ജീവിച്ചിരുന്നത്. പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് 14 വർഷത്തെ ഭരണകാലത്ത് നടപ്പാക്കിയ ജനക്ഷേമ പദ്ധതികളാണ് ദാരിദ്ര്യം ഗണ്യമായി കുറച്ചതെന്ന് എതിരാളികൾപോലും സമ്മതിക്കും.
ഷാവേസിന്റെ അകാല വേർപാടിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഉറ്റ അനുയായിയായ നിക്കോളാസ് മഡുറോ 2013 മാർച്ചിലാണ് വെനസ്വേലയുടെ നായകസ്ഥാനത്ത് എത്തിയത്. അമേരിക്കയുടെ അട്ടിമറിനീക്കം എക്കാലത്തും സജീവമാണ് വെനസ്വേലയിൽ. പലവട്ടം സർക്കാരിനെ താഴെയിറക്കാൻ കരുനീക്കി. ഷാവേസിനെ അട്ടിമറിച്ചെങ്കിലും അദ്ദേഹം ജനങ്ങളുടെ പിന്തുണയോടെ അത്ഭുതകരമായി അതിജീവിച്ചു. 2019ൽ പ്രതിപക്ഷനേതാവ് യുവാൻ ഗ്വെയ്ഡോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കുകയും പ്രസിഡന്റ് മഡുറോയെ പുറത്താക്കാൻ സൈന്യത്തോട് ആവശ്യപ്പെടുകയുംചെയ്തു. യൂറോപ്യൻ യൂണിയനും യുഎസും ഗ്വെയ്‌ഡോയെ പ്രസിഡന്റായി അംഗീകരിച്ചു. റഷ്യയുടെയും ചൈനയുടെയും ക്യൂബയടക്കമുള്ള സഹോദര രാജ്യങ്ങളുടെയും സഹായത്തോടെയാണ് ഈ നീക്കത്തെ മഡുറോ അതിജീവിച്ചത്.















