ad
Deshabhimani

Articles

ഇത് സൂചനമാത്രം

ഇത് സൂചനമാത്രം

vd
avatar
എം സ്വരാജ്‌

Published on Jun 18, 2026, 10:36 PM | 3 min read

യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഒരുമാസം തികഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം രണ്ടാഴ്ച നീണ്ടുനിന്ന "മുഖ്യമന്ത്രിലഹള’ കഴിഞ്ഞാണല്ലോ മെയ് 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചാർട്ടേഡ് വിമാനത്തിലെ ദുരൂഹമായ മംഗളൂരു യാത്രയുടെയും വൻകിട കോർപറേറ്റ് ഇടപെടലുകളുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിസ്ഥാനം ആർക്കെന്ന് തീരുമാനമായത്. തെരുവിലെ പരിഹാസ്യമായ പ്രതിഷേധവും ബഹളവും തെരഞ്ഞെടുപ്പുവിജയത്തിന്റെ ശോഭ കെടുത്തിയെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങൾക്കുതന്നെ പറയേണ്ടി വന്നു.


സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഒരുമാസം മതിയായ കാലയളവല്ല എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഒരു സർക്കാരിന്റെ പ്രവർത്തനദിശ സംബന്ധിച്ച സൂചന ലഭിക്കാൻ ഒരുമാസംതന്നെ ധാരാളമാണ്. സർക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന സുവ്യക്തമായ സൂചനകൾ ഇതിനോടകം വന്നുകഴിഞ്ഞു. കോൺഗ്രസിന്റെ സ്വഭാവരീതികളും ചരിത്രവും അറിയുന്നവരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായതൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ, വ്യാമോഹത്തിൽപ്പെട്ടവരും സർക്കാരിൽ പ്രതീക്ഷ പുലർത്തിയവരുമായ ശുദ്ധഗതിക്കാർക്ക് ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായിത്തുടങ്ങിയത്. സത്യപ്രതിജ്ഞാചടങ്ങുമുതൽ മാറ്റം പ്രകടമായിരുന്നു. പതിവിന് വിരുദ്ധമായി സത്യപ്രതിജ്ഞാവേദിയിൽ വന്ദേമാതരം പൂർണതോതിൽ ആലപിച്ചു. അക്കാര്യം നേരത്തേ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിന്നീട് നിസ്സഹായത പ്രകടിപ്പിച്ചു. പക്ഷേ, ഗവർണറെ അതൃപ്തി അറിയിക്കാൻപോലുമുള്ള ആർജവം മുഖ്യമന്ത്രിക്ക് ഉണ്ടായില്ല.


വന്ദേമാതരം ഇന്നത്തെ ഇന്ത്യയിൽ വെറുമൊരു ഗീതംമാത്രമല്ലെന്ന് എല്ലാവർക്കും അറിയാം. വിദ്വേഷത്തിന്റെ ശക്തികൾ വന്ദേമാതരത്തെ വർഗീയലക്ഷ്യത്തോടെ ഉപയോഗിക്കുന്ന കാലമാണിത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ പരിഗണിച്ചുകൊണ്ട് വന്ദേമാതരത്തിന്റെ സർവസ്വീകാര്യതയുള്ള ആദ്യഭാഗംമാത്രം ആലപിച്ചാൽ മതിയെന്നും പൂർണതോതിൽ ആലപിക്കേണ്ടതില്ലെന്നുമാണ് രാഷ്ട്രശിൽപ്പികൾ എത്തിച്ചേർന്ന പൊതുതീരുമാനം. ഇന്ത്യ പിന്തുടർന്നത് ഈ തീരുമാനത്തെയാണ്.


​എന്നാൽ, ഭരണഘടനയെപ്പോലും അംഗീകരിക്കാത്ത ആർഎസ്എസ് വന്ദേമാതരത്തെ വർഗീയലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്. വന്ദേമാതരം പൂർണതോതിൽ ആലപിക്കണമെന്നാണ് പുതിയ തീട്ടൂരം. ഇതിന്റെ ചുവടുപിടിച്ചാണ് ലോക്ഭവനിൽനിന്ന്‌, സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണതോതിൽ ആലപിക്കാനുള്ള നിർദേശം എത്തിയത്. വർത്തമാനകാല ഇന്ത്യയിൽ വന്ദേമാതരമെന്നത് സംഘപരിവാർ പുറപ്പെടുവിക്കുന്ന മരണ വാറന്റിന്റെ പേരായി മാറിയിരിക്കുന്നു.


ഗുജറാത്തിലെ വംശഹത്യാകാലത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇഹ്സാൻ ജാഫ്രി കൊല്ലപ്പെട്ട വാർത്ത മറക്കാറായിട്ടില്ല. പാർലമെന്റ്‌ അംഗമായിരുന്ന ആ വയോധികനെ വെട്ടിനുറുക്കി കത്തിക്കുന്നതിനുമുമ്പ് വർഗീയഭ്രാന്തന്മാർ ആജ്ഞാപിച്ചത് ഇതേ വന്ദേമാതരം ചൊല്ലാനായിരുന്നു. ജീവൻ പോകുമെന്നായപ്പോഴും ആ ഭീഷണിക്ക് വഴങ്ങാൻ ഇഹ്സാൻ ജാഫ്രി തയ്യാറായില്ല. വർഗീയഭ്രാന്തന്മാർ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും നിഷ്‌ഠുരമായി കൊന്നുകളഞ്ഞു. വർഗീയവാദികളുടെ വാളിനുമുന്നിൽ വയോധികനായ ഇഹ്സാൻ ജാഫ്രി തലയുയർത്തി നിന്നുവെങ്കിൽ, ഗവർണറുടെ മുന്നിൽ കേരളത്തിന്റെ മുഖ്യമന്ത്രി തലകുനിച്ചുനിന്ന് വന്ദേമാതരം ആലപിച്ചു. നിയമസഭാ സമ്മേളനത്തിലും ആദ്യമായി ഇത്തവണ വന്ദേമാതരം മുഴങ്ങി. എതിർപ്പിന്റെ നേരിയ സ്വരംപോലും ഉയർത്താതെ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണതോതിൽ ആലപിച്ച യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനവും വന്നു. പുതിയ സർക്കാരിന്റെ ആദ്യ മണിക്കൂറിൽത്തന്നെ ആർഎസ്എസിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞ ഇന്ത്യയിലെ ഏക എൻഡിഎ ഇതര മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.


ഇതുമാത്രമല്ല സർക്കാരിന്റെ ദിശാസൂചന. പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനപ്രസംഗത്തിൽ ഭൂതക്കണ്ണാടിവച്ച്‌ നോക്കിയാലും കേന്ദ്രത്തിനെതിരായ വിമർശത്തിന്റെ ചെറുവാക്കുപോലുമില്ല. കേരളത്തിന് അർഹതപ്പെട്ട പണം തടഞ്ഞുവച്ചും മറ്റെല്ലാവിധത്തിലും മലയാളിയെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിനെതിരായ ഒരു വിമർശവും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ സർക്കാരിന് ആർജവമുണ്ടായില്ല. പത്തുവർഷങ്ങൾക്കുശേഷം ആദ്യമായാണ് കേന്ദ്രവിമർശമില്ലാത്ത നയപ്രഖ്യാപനപ്രസംഗം നടക്കുന്നത്. ഇക്കാര്യത്തിൽ മുൻസർക്കാർ ഗവർണറുമായി നിരന്തരം ഏറ്റുമുട്ടിയത് ഇവിടെ ഓർക്കേണ്ടതുണ്ട്. മതനിരപേക്ഷതയ്ക്കും കേരളത്തിന്റെ അവകാശങ്ങൾക്കും വേണ്ടിയുള്ള അത്തരം ഏറ്റുമുട്ടലുകൾ അവസാനിച്ചു എന്നുവേണം മനസ്സിലാക്കാൻ. നയപ്രഖ്യാപനത്തെ പൂർണമായി പിന്തുണച്ച ബിജെപി ഇത് തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളാണെന്ന് ആവേശംകൊണ്ടു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്‌ മുഖ്യമന്ത്രിയെ സന്ദർശിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു. എൻഡിഎയുടെ കൺവീനറും മുഖ്യമന്ത്രിയെ സന്ദർശിച്ച് പൂച്ചെണ്ട്‌ നൽകി അഭിനന്ദിച്ചു. ഇതെല്ലാം സമീപകാല കേരളചരിത്രത്തിലെ ആദ്യ അനുഭവങ്ങളാണ്.


ചുമതലയേറ്റ ഉടൻ മുഖ്യമന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് കടുത്ത സംഘപരിവാർ ആഭിമുഖ്യം പുലർത്തുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെയാണ്. മേപ്പടിയാൻ ചീഫ്‌ ഇലക്‌ടറൽ ഓഫീസറായിരിക്കുമ്പോഴാണ് സ്വന്തം ഓഫീസിൽനിന്ന്‌ ബിജെപിയുടെ സീൽ പതിച്ച സർക്കുലർ വിതരണം ചെയ്തത് എന്നോർക്കണം. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് ബിജെപി ഓഫീസായി മാറിയെന്ന വിമർശത്തിനിടയാക്കിയ ഉദ്യോഗസ്ഥനെ തിരഞ്ഞുപിടിച്ച് പ്രൈവറ്റ് സെക്രട്ടറിയാക്കിയത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയെ സന്ദർശിക്കാനായി ഡൽഹിയിലെത്തിയ വി ഡി സതീശന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാത്ത മുഖ്യമന്ത്രിയായിരുന്നിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ഒരു തടസ്സവും ഉണ്ടായില്ല. എന്നാൽ, ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായിരുന്നിട്ടും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്ക്‌ അമിത് ഷായെ കാണാനാകാതെ മടങ്ങേണ്ടി വന്നു. വി ഡി സതീശന്റെ മുന്നിൽ തുറന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാതിൽ വിജയ്‌യുടെ മുന്നിൽ അടഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്.


മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ സംഘപരിവാർ വിധേയനായ സ്വയംസേവകൻ വൈസ് ചാൻസലറായി നിയമിക്കപ്പെടുകയും ഉടൻതന്നെ സെനറ്റ്‌ ആർഎസ്എസ് ശാഖയായി മാറ്റുകയും ചെയ്തത് വാർത്തയായപ്പോഴും എതിർപ്പിന്റെയോ വിമർശത്തിന്റെയോ നേരിയ ശബ്ദംപോലും മുഖ്യമന്ത്രിയിൽനിന്നോ ഉന്നതവിദ്യാഭ്യാസമന്ത്രിയിൽനിന്നോ ഉണ്ടായില്ല. ഗവർണറുമായി വഴക്കിടാൻ താനില്ലെന്നാണ് ഉന്നതവിദ്യാഭ്യാസമന്ത്രി പറയുന്നത്. ഗവർണറുമായി ഇതുവരെ കേരളത്തിലുണ്ടായ വഴക്കുകൾ മതനിരപേക്ഷത സംരക്ഷിക്കാനും ആർഎസ്എസിന്റെ വർഗീയതയ്ക്കുമുന്നിൽ മുട്ടുമടക്കാതിരിക്കാനും ആയിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി ഓർക്കണം.


ആർഎസ്എസിന്റെ ഇംഗിതപ്രകാരം പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമെന്ന കാര്യവും ഉറപ്പായിക്കഴിഞ്ഞു. എൽഡിഎഫ് സർക്കാർ നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിച്ച പിഎം ശ്രീ പദ്ധതി, പൊടിതട്ടി പുറത്തെടുക്കുകയാണ് പുതിയ സർക്കാർ. അധികാരമുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പുകാരായ കോൺഗ്രസിന് കേരളത്തിൽമാത്രമായി മറ്റൊരു നയം ഉണ്ടാകില്ലല്ലോ. ഇതുസംബന്ധിച്ചുണ്ടായ വിവാദങ്ങളും യുഡിഎഫ് നേതാക്കളുടെ അന്നത്തെ നെടുങ്കൻ പ്രസ്താവനകളുമെല്ലാം വെറും തെരഞ്ഞെടുപ്പുസ്റ്റണ്ട് മാത്രമായിരുന്നുവെന്ന്‌ ഇപ്പോൾ എല്ലാവർക്കും ബോധ്യമായി.


അധികാരമേറ്റെടുത്ത് കേവലം ഒരുമാസത്തിനുള്ളിലാണ് ആർഎസ്എസിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാനും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നേരിട്ടുള്ള പിന്തുണ സ്വീകരിക്കാനും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അവസരമുണ്ടായത്. ഗോൾവാൾക്കറിന്റെ ചിത്രത്തിനുമുന്നിൽ നിലവിളക്ക് കൊളുത്തി താണുവണങ്ങിയിടത്തുനിന്ന്‌ വി ഡി സതീശൻ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. സംഘപരിവാറിന്റെ വർഗീയ അജൻഡകൾക്കെതിരെ ഒരു വാക്കുകൊണ്ടുപോലും പ്രതിരോധം തീർക്കാൻ യുഡിഎഫ്‌ സർക്കാർ തയ്യാറല്ലെന്ന സന്ദേശമാണ് കഴിഞ്ഞ ഒരുമാസത്തിനിടയിൽ വ്യക്തമാക്കപ്പെട്ടത്. ശിഷ്ടകാലം സംഘപരിവാറിന്റെ വിനീതദാസന്മാരായിരിക്കും തങ്ങളെന്ന സത്യവാങ്മൂലംകൂടിയാണത്. കോൺഗ്രസ് ജയിക്കുകയും ബിജെപി ഭരിക്കുകയും ചെയ്യുന്ന സംസ്ഥാനമായിരിക്കും കേരളമെന്ന വ്യക്തമായ സൂചനയാണ് ഭരണത്തിന്റെ ആദ്യമാസംതന്നെ യുഡിഎഫ് സർക്കാർ നൽകിയിരിക്കുന്നത്. (അവസാനിക്കുന്നില്ല)​



Recommended for you

Deshabhimani
Home