ad
Deshabhimani

Articles

പ്രതീക്ഷയുടെ കപ്പലുകൾ

പ്രതീക്ഷയുടെ കപ്പലുകൾ

Hormuz.jpg
avatar
വിജേഷ്‌ ചൂടൽ

Published on Apr 01, 2026, 09:54 PM | 3 min read

ഇറാനിൽ അധിനിവേശത്തിന്റെ പുതിയ അധ്യായം രചിക്കാൻ പുറപ്പെട്ട അമേരിക്ക ഉ‍ൗരാക്കുടുക്കിൽ ഉഴറുന്പോൾ ലാറ്റിനമേരിക്കയിൽ മാനവികതയുടെ പുതിയ ചരിത്രം കുറിക്കുകയാണ്‌ ലോകം. കരീബിയൻ കടലിൽ അമേരിക്കൻ സാമ്രാജ്യത്വം വിരിച്ച കടുത്ത ഉപരോധത്തിന്റെ വലക്കണ്ണികൾ ഓരോന്നായി പൊട്ടുകയാണ്. മൂന്നുമാസമായി നീളുന്ന വിനാശകരമായ ഉപരോധം ലംഘിച്ച്‌ അമേരിക്കയെ വെല്ലുവിളിച്ച്‌ റഷ്യയുടെ എണ്ണക്കപ്പൽ ക്യൂബയിൽ നങ്കൂരമിട്ടു. ഇതിനുപിന്നാലെ, ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ നടപടി തുടങ്ങിയെന്ന്‌ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബാം പ്രഖ്യാപിച്ചു. ബാഹ്യ ഇടപെടലുകളില്ലാതെ സഖ്യകക്ഷിക്ക് ഇന്ധനവും ഭക്ഷണവും നൽകാനുള്ള മെക്സിക്കോയുടെ അവകാശത്തെ ആർക്കും ചോദ്യംചെയ്യാനാകില്ലെന്ന്‌ കഴിഞ്ഞദിവസം നാഷണൽ പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ അവർ തുറന്നടിച്ചു.


​ക്യൂബയിലേക്കെത്തുന്ന കപ്പലുകൾ വെറുമൊരു സഹായമല്ല, മറിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആധിപത്യനീക്കങ്ങൾക്കും ഭീഷണിക്കും ലോകം നൽകുന്ന ശക്തമായ മറുപടിയാണ്. പതിറ്റാണ്ടുകളായി പടുത്തുയർത്തിയ ഉപരോധത്തിന്റെ മതിലുകളിൽ വീണ വലിയ വിള്ളൽ. മാനവികതയുടെയും ഐക്യദാർഢ്യത്തിന്റെയും ഈ ദൃശ്യം ലോകരാഷ്ട്രീയത്തിൽ ദിശാമാറ്റത്തിന്റെ സൂചന വ്യക്തമാക്കുന്നു. ഇറാനിൽ ആധിപത്യം സ്ഥാപിച്ച്‌ ഹോർമുസ്‌ കടലിടുക്ക്‌ പിടിച്ചടക്കാൻ ഇറങ്ങിപ്പുറപ്പെട്ട ട്രംപിനും കൂട്ടർക്കും ലക്ഷ്യം നേടാനായില്ലെന്നുമാത്രമല്ല, കരീബിയനിൽ ക്യൂബയ്ക്കെതിരെ തങ്ങൾ പ്രഖ്യാപിച്ച ഉപരോധം തകരുന്നത്‌ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിയും വരുന്നു.​


മെക്‌സിക്കോയുടെ ധീരത


​ക്യൂബയെ ശ്വാസംമുട്ടിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾക്കിടയിൽ, ഡോണൾഡ്‌ ട്രംപിന്റെ ഭീഷണികളെ വകവയ്ക്കാതെ മെക്‌സിക്കോ നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണ്. കാനഡ കഴിഞ്ഞാൽ, യുഎസ്‌ ഏറ്റവും ദൈർഘ്യമേറിയ കര അതിർത്തി പങ്കിടുന്ന രാജ്യമാണ്‌ മെക്‌സിക്കോ. അതായത്‌, യുഎസ്‌ സൈന്യത്തിന്റെ നേരിട്ടുള്ള കടന്നാക്രമണസാധ്യതയെപ്പോലും വെല്ലുവിളിച്ചാണ്‌ ട്രംപിന്റെ തൊട്ടരികിലുള്ള രാജ്യത്തിന്റെ ധീരമായ തീരുമാനം.


​ഉപരോധങ്ങൾകൊണ്ട് ഒരു ജനതയെ മുട്ടുകുത്തിക്കാമെന്ന മോഹം ഇനി നടക്കില്ലെന്ന് മെക്‌സിക്കോയിലെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കുന്നു. മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായ ക്ലോഡിയ ഷീൻബോം മുൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ നയങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ചാണ് 2024-ൽ അധികാരമേറ്റത്. ട്രംപിന്റെ ഭീഷണികളെ അതിജീവിച്ച്‌ അവർ അതിൽ ഉറച്ചുനിൽക്കുന്നു.


​തകരുന്ന വിരട്ടൽരാഷ്ട്രീയം


​ഇറാനെതിരായ സൈനികനീക്കങ്ങൾ ലക്ഷ്യംകാണാതെ വെട്ടിലായതും ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ആഗോള എണ്ണവിപണിയിൽ സൃഷ്ടിച്ച തിരിച്ചടിയിലും ഉലഞ്ഞുപോയ അമേരിക്ക, അക്ഷരാർഥത്തിൽ റഷ്യൻ എണ്ണക്കപ്പലുകളെ ക്യൂബയിലേക്ക് കടത്തിവിടാൻ നിർബന്ധിതരായി. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ അഭ്യർഥിച്ചുവെന്ന്‌ ഇടയ്‌ക്കിടെ പറയുന്നതുപോലെയാണ്‌, തങ്ങൾ അനുവദിച്ചതുകൊണ്ടാണ്‌ റഷ്യൻ കപ്പൽ ക്യൂബയിലേക്ക്‌ പോയതെന്നും ട്രംപ്‌ വീന്പിളക്കുന്നത്‌. ഇറാനിൽ തീ കൊളുത്തിയവർക്ക് സ്വന്തം തന്ത്രങ്ങൾതന്നെ വിനയായി മാറുന്ന കാഴ്ചയാണിത്. ​ഡോണൾഡ് ട്രംപിന്റെ പരാജയം വെറുമൊരു വ്യക്തിയുടെ പരാജയമല്ല, മറിച്ച് ‘അമേരിക്ക ഫസ്റ്റ്' എന്നും ‘ഗ്രേറ്റ്‌ അമേരിക്ക ഗ്രേറ്റ്‌ എഗയ്‌ൻ’ എന്നും മുദ്രാവാക്യമുയർത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ തീവ്ര വലതുപക്ഷ–സാമ്രാജ്യത്വ നയങ്ങൾക്കേറ്റ തിരിച്ചടിയാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും ഇറാനെയും ശ്വാസംമുട്ടിക്കാൻ ട്രംപ് പ്രയോഗിച്ച ഉപരോധതന്ത്രങ്ങൾ തകർന്നടിയുന്നു.


​ഉപരോധങ്ങൾ പൊളിയുന്നു


വെനസ്വേലയാണ്‌ സഹോദരരാജ്യമായ ക്യൂബയ്‌ക്ക്‌ എണ്ണ നൽകിയിരുന്നത്‌. കഴിഞ്ഞ ജനുവരി മൂന്നിന്‌ കാരക്കാസിൽ കടന്നാക്രമണം നടത്തി പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയശേഷം ഒരുതുള്ളി എണ്ണ ക്യൂബയിലേക്ക്‌ എത്താൻ ട്രംപ്‌ അനുവദിച്ചിട്ടില്ല. ആഴ്ചകളായി ഇന്ധനവും വൈദ്യുതിയുമില്ലാതെ വലയുകയാണ്‌ ക്യൂബൻ ജനത. ഉടൻ ക്യൂബയെ പിടിച്ചടക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്പോഴാണ്‌ ഇറാനിലെ തിരിച്ചടിയെ തുടർന്ന്‌ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ നീക്കം ആഗോളതലത്തിൽ ശക്തമാകുന്നത്‌. നാറ്റോ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ അമേരിക്കയെ സഹായിക്കാൻ ഒരുക്കവുമല്ലാത്ത സാഹചര്യത്തിൽ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്‌ ട്രംപ്‌.


​വിട്ടുകൊടുക്കാത്ത പോരാട്ടവീര്യം


​അമേരിക്കയുടെ മൂക്കിനുതാഴെ, ആറുപതിറ്റാണ്ടായി ഉപരോധങ്ങളെ വിപ്ലവവീര്യംകൊണ്ട് നേരിടുന്ന ക്യൂബയും സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ഇറാനും ലോകത്തെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് നൽകുന്ന ആവേശം അതിരില്ലാത്തതാണ്‌. സ്വന്തം പരമാധികാരത്തിന്മേൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഈ രാജ്യങ്ങളുടെ നിശ്ചയദാർഢ്യം അചഞ്ചലമായി തുടരുന്നു. അമേരിക്കയുടെ ‘പിൻമുറ്റം' എന്ന് വിശേഷിപ്പിച്ചിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആധിപത്യം നിലനിർത്താൻ യുഎസ് പണ്ടുമുതലേ നടത്തിവരുന്ന ഇടപെടലുകൾ കുപ്രസിദ്ധമാണ്. തങ്ങൾക്കനുകൂലമല്ലാത്ത ഇടതുപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ സൈനിക അട്ടിമറികളും സാമ്പത്തിക ഉപരോധങ്ങളും നിരന്തരം തുടരുന്നു. ​ക്യൂബയെ കീഴടക്കാൻ ഇന്ധനവിതരണം തടയുകയെന്ന ക്രൂരമായ തന്ത്രമാണ് അമേരിക്ക പയറ്റുന്നത്. വൈദ്യുതിനിലയങ്ങൾ പ്രവർത്തനരഹിതമാവുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ച് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ് ശ്രമം. മരുന്നിനും ഭക്ഷണത്തിനുംപോലും കടുത്തക്ഷാമം അനുഭവപ്പെടുമ്പോഴും സാമ്രാജ്യത്വത്തിനുമുന്നിൽ മുട്ടുമടക്കാത്ത ക്യൂബൻ ജനതയുടെ കരുത്ത് ലോകത്തിന് അത്ഭുതമാണ്.


റഷ്യയുടെയും ചൈനയുടെയും നിലപാട്


റഷ്യയും ചൈനയും ഉയർത്തുന്ന ബദൽ രാഷ്ട്രീയ–സാമ്പത്തിക ക്രമം അമേരിക്കയുടെ ഏകപക്ഷീയമായ ആധിപത്യത്തെ വെല്ലുവിളിക്കുന്നു. ഇറാനിലെ സംഭവവികാസത്തോടെ അത്‌ കൂടുതൽ പ്രകടമായിരിക്കുന്നു. വികസ്വര രാജ്യങ്ങൾക്ക് താങ്ങായി മാറുന്ന റഷ്യയുടെ നിലപാടും സാമ്പത്തിക പ്രതിരോധം തീർക്കുന്ന ചൈനയുടെ ഇടപെടലുകളും സാമ്രാജ്യത്വ അഹന്തയ്‌ക്കെതിരെ ‘ബഹുധ്രുവലോകം' മുന്നോട്ടുവയ്ക്കുന്നു. റഷ്യൻ എണ്ണക്കപ്പൽ ക്യൂബയിലെത്തുന്നത് ഈ പുതിയ ലോകക്രമത്തിന്റെ തെളിവാണ്. സോഷ്യലിസത്തിന്റെയും വിപ്ലവത്തിന്റെയും കനലുകൾ കെടാതെ സൂക്ഷിക്കുന്ന ക്യൂബയ്‌ക്കൊപ്പം, ഇറാനിലെ സാമ്രാജ്യത്വവിരുദ്ധ പോരാളികൾക്കൊപ്പം ലോകം അണിചേരുകയാണ്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home