ad
Deshabhimani

Articles

മാങ്കൂട്ടത്തിലിനെ ഓർത്താണോ എന്നറിയില്ല, ഹരിയാനയിലെ സുചിത്രാദേവി മറ്റ്‌ പരാതികളൊന്നും വെളിപ്പെടുത്തിയിട്ടില്ല ! ഹാവൂ...

യഥാർഥ ‘ഡീലു’ കൾ... ഹാവൂ !

ഡീല്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം പള്ളിപ്പുറത്ത്‌ 1992ൽ കെ കരുണാകരന്റെ ബെൻസ്‌ കാർ അപകടത്തിൽപ്പെട്ടപ്പോൾ ഉയർന്ന ‘പെട്ടി’ വിവാദം മുതിർന്നവർ മറന്നിട്ടുണ്ടാകില്ല. അന്ന്‌ ഗുരുതരമായി പരിക്കേറ്റ കരുണാകരന്റെ ആരോഗ്യനിലയേക്കാൾ പല കോൺഗ്രസുകാർക്കും ആശങ്ക ആ കാറിലുണ്ടായിരുന്ന ‘പെട്ടി’ യെ കുറിച്ചായിരുന്നു. അതിൽ പണമായിരുന്നെന്ന്‌ ആരോപണം ഉന്നയിച്ചത്‌ ഇടതുപക്ഷമോ മാധ്യമങ്ങളോ അല്ല, കരുണാകരന്റെ സ്വന്തം പാർടിക്കാർ തന്നെയായിരുന്നു. കോൺഗ്രസിലെ പ്രബലർ അതിന്‌ പിന്നിലുണ്ടെന്ന ആരോപണവുമുണ്ടായി.


അതൊക്കെ തള്ളിപ്പോയെങ്കിലും കോൺഗ്രസുകാരുടെ തനിസ്വഭാവം കരുണാകരൻ പലയാവർത്തി ഓർമിപ്പിച്ചു. കോൺഗ്രസിൽ എങ്ങനെയെല്ലാം പണമിടപാടുകൾ നടക്കുന്നു, വിലപേശി വാങ്ങുന്നതെങ്ങനെ, കടത്തി നിശ്ചിത സ്ഥാനത്ത്‌ എത്തിക്കുന്നതാര്‌ തുടങ്ങി എല്ലാമറിയാവുന്നവർ തന്നെയാണ്‌ ആക്ഷേപം ഉന്നയിച്ചതും. അതിന്‌ ചില പുകമറകളും വേണം, വല്ലവന്റെയും പുര കത്തിച്ച്‌ വാഴ വെട്ടുന്ന പരിപാടി. ആ മോഡലാണ്‌ ഇപ്പോഴത്തെ ‘ഡീൽ’ വിവാദവും. പല ഡീലുകളും അകത്തും പുറത്തും ഉറപ്പിച്ചിട്ടുള്ള വിദ്വാന്മാരാണ്‌ ‘ഡീൽ... ഡീൽ’ എന്ന്‌ വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നതെന്നോർക്കണം.


കോൺഗ്രസുമായി പറവൂരിൽ തങ്ങൾക്ക്‌ ഡീലുണ്ടെന്ന്‌ പരസ്യമായി പറഞ്ഞത്‌ ആർഎസ്‌എസ്‌ നേതാവാണ്‌. വടകര, ബേപ്പൂർ, നേമം, തൃശൂർ... ചരിത്രം പരതിയാൽ ‘ഡീൽ’ എത്രയും കാണാം. തിരുവനന്തപുരമടക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടത്‌ സിപിഐ എമ്മിനെയാണ്‌, കോൺഗ്രസിനെയല്ലെന്ന്‌ മൊഴിഞ്ഞത്‌ സാക്ഷാൽ രാജീവ്‌ ചന്ദ്രശേഖറും.


എന്നാൽ, ഇപ്പോൾ കോൺഗ്രസ്‌ പാളയത്തിൽനിന്നുതന്നെ പുറത്തുവരുന്നത്‌ പിന്നാമ്പുറത്തു നടക്കുന്ന കോടികളുടെ ‘ഡീൽ’ ആണ്‌. എറണാകുളത്ത്‌ ഡിസിസി നേതാവിന്‌ 20 ലക്ഷവും വേറൊരു ചെറുനേതാവിന്‌ അഞ്ചു ലക്ഷവും. ഇതൊക്കെ ചെറുത്‌. തിരുവനന്തപുരത്ത്‌ ചില സീറ്റുകളിൽ നടന്ന ‘ഡീൽ’ കോൺഗ്രസ്‌ വിട്ട നേതാക്കൾതന്നെ പുറത്തുവിട്ടു. സീറ്റ്‌ ചർച്ച ഡൽഹിയിൽ കൊടുമ്പിരിക്കൊണ്ടിരിക്കെ ചാനലുകളിൽ ഓരോ സീറ്റിന്റെയും നേരെ മിന്നിമറഞ്ഞുകൊണ്ടിരുന്ന നിരവധി നേതാക്കളുണ്ട്‌. ഡൽഹിയിൽ ചെന്ന്‌ തമ്പടിച്ചവരുണ്ട്‌. രാജി ഭീഷണി മുഴക്കിയ യുവസിംഹങ്ങളുണ്ട്‌. ലക്ഷക്കണക്കിന്‌ രൂപയുടെ പോസ്റ്ററും ബോർഡും തയ്യാറാക്കിയ നേതാക്കൾ വേറെ. സീറ്റില്ലെന്നറിഞ്ഞ്‌ മലപോലെ ഇളകിവന്ന്‌ ഒടുവിൽ എലിപോലെ മടങ്ങിപ്പോയ നേതാക്കളുണ്ട്‌. ‘പാർടി അമ്മ’യാണെന്ന്‌ പറഞ്ഞ്‌ തണുപ്പിച്ച വാഴയ്ക്കനെപ്പോലുള്ളവർ. എങ്കിൽ അമ്മ പറഞ്ഞിട്ട്‌ പോസ്റ്റർ അടിച്ചാൽ പോരായിരു‍ന്നോ. ചോദിക്കാൻ ഒരു ചാനലുകാരും ഇല്ലാത്തതുകൊണ്ട്‌ രക്ഷപ്പെട്ടു.


ഇനി സീറ്റില്ലാഞ്ഞിട്ടും ഇ‍ൗ വിഭാഗം നേതാക്കളെല്ലാം ഷെഡിൽ കയറിയത്‌ എങ്ങനെയായിരിക്കും. പലർക്കും പെട്ടിയിൽ എണ്ണിത്തിട്ടപ്പെടുത്തി കൊടുത്തെന്നാണ്‌ ഡിസിസികളിലെ സംസാരം. യുവനേതാവ്‌ വഴങ്ങിയത്‌ കോടിക്ക്‌ ! ആർക്കാണോ സീറ്റ്‌ അവര്‌ വേണം ഇതൊക്കെ വഹിക്കാൻ. വല്യേട്ടന്മാർക്ക്‌ വേറെ. ഇതൊക്കെ ഉള്ളതാണോ. ? തെരഞ്ഞെടുപ്പ്‌ കാലത്തെ ‘ഡീൽ’ എങ്ങനെയെന്ന്‌ ഹരിയാനയിലെ മഹിളാ കോൺഗ്രസിന്റെ നേതാവുകൂടിയായ സുചിത്രാദേവിയുടെ ഭർത്താവ്‌ ഗ‍ൗരവ്‌ കുമാർ നൽകിയ പരാതിയിലുണ്ട്‌. സീറ്റിനായി ആർക്കൊക്കെ പെട്ടിയിലാക്കി പണമെത്തിച്ചെന്നോ. തെരഞ്ഞെടുപ്പിൽ ഹരിയാന ചുമതലക്കാരനായ കെ സി വേണുഗോപാൽ, ഇതേ വേണുവിന്റെ നേതാവായ പ്രിയങ്ക ഗാന്ധി, എന്നും പരിദേവനക്കാരനായ കൊടിക്കുന്നിൽ സുരേഷ്‌.


ഏഴുകോടി രൂപയാണ്‌ ഇവർ സീറ്റിനായി സ്വന്തം പാർടിനേതാക്കൾക്ക്‌ നൽകിയതത്രെ. പണപ്പെട്ടി കിട്ടിയതോടെ നേതാക്കളുടെ സ്വഭാവംതന്നെ മാറി. ഏത്‌ സീറ്റ്‌, എന്ത്‌ പെട്ടി എന്നായി. താൻ തൽക്കാലം കേരളത്തിലെ സംസ്ഥാന രാഷ്‌ട്രീയത്തിലേക്കില്ലെന്ന്‌ കെ സി വേണുഗോപാൽ പറഞ്ഞതിനു പിന്നിലെ ഒരു കാരണം ഇപ്പോൾ മനസ്സിലായി. ഉടനെയൊന്നും ഭരണത്തിലെത്തുക സാധ്യമല്ല. അതിലുപരി ഇ‍ൗ കൊയ്ത്തും ഒരു കാരണമല്ലേ. കേരളത്തിലെ സീറ്റ്‌ വിതരണ ‘ഡീൽ’ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ പുറത്തുവരുമെന്ന സൂചനകളും വന്നുകഴിഞ്ഞു.


ഹരിയാന ടീമിൽനിന്ന്‌ വാങ്ങിയ തുകയിൽനിന്ന്‌ 15 ലക്ഷം തിരിച്ചുകൊടുത്ത ഒരു വിദ്വാൻ പറഞ്ഞത്രെ: ‘ഉപദ്രവിക്കരുത്‌‍, കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാൻ പോവുകയാണ്‌’ !


മാങ്കൂട്ടത്തിലിനെ ഓർത്താണോ എന്നറിയില്ല, ഹരിയാനയിലെ സുചിത്രാദേവി മറ്റ്‌ പരാതികളൊന്നും വെളിപ്പെടുത്തിയിട്ടില്ല ! ഹാവൂ...



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home