ad
Deshabhimani

സമാധാന കരാർ ചർച്ചകൾക്കിടെ രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും ഇടിഞ്ഞു; ബ്രെന്റ് ക്രൂഡ് 88 ഡോളറിലേക്ക്

US

Photo: Unsplash

വെബ് ഡെസ്ക്

Published on Jun 12, 2026, 07:37 AM | 2 min read

ലണ്ടൻ : ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന കരാർ ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വീണ്ടും ഇടിവ്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണ തടസങ്ങൾ മാറും എന്ന പ്രതീക്ഷകൾ ശക്തമായതോടെ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 88.79 ഡോളർ നിലവാരത്തിലെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില ബാരലിന് 86 ഡോളറിനടുത്തേക്ക് എത്തി.


ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, തൊട്ടുപിന്നാലെ നയതന്ത്രപരമായ ഒത്തുതീർപ്പ് ഉടനുണ്ടാകുമെന്ന് സൂചന നൽകുകയും ചെയ്ത ട്രംപിന്റെ അപ്രതീക്ഷിതമായ നീക്കങ്ങൾക്കൊടുവിലാണ് വിപണിയിലെ ഈ മാറ്റം. കരാറിന്റെ പൊതുവായ രൂപരേഖയോട് ഇറാന്റെ നേതൃത്വം യോജിച്ചിട്ടുണ്ടെന്നും എന്നാൽ ചർച്ചകൾ പൂർണമായി അവസാനിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസിൽ ട്രംപ് വ്യക്തമാക്കി. എന്നാൽ സമാധാന കരാർ സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്തിമ രേഖകൾക്കൊന്നും രാജ്യം അംഗീകാരം നൽകിയിട്ടില്ലെന്നാണ് ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തത്.


ഹോർമുസ് കടലിടുക്ക് തുറക്കുമോ എന്നാണ് നിക്ഷേപകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. യുദ്ധത്തെത്തുടർന്ന് ഈ പാത പൂർണമായി അടഞ്ഞുകിടക്കുന്നത് ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കരാർ യാഥാർത്ഥ്യമായാൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാകും. ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പ് കരാറിലുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സമാധാന കരാർ ഒപ്പിട്ടാൽ പോലും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിതരണം പെട്ടെന്ന് സാധാരണ നിലയിലാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


കരാർ നിലവിൽ വന്നാലും ഹോർമൂസ് കടലിടുക്കിലെ മൈനുകൾ (കടൽ ബോംബുകൾ) നീക്കം ചെയ്യാനും, യുദ്ധത്തിൽ തകർന്ന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കാനും, നിർത്തിവെച്ച എണ്ണപ്പാടങ്ങളിലെ ഉത്പാദനം പുനരാരംഭിക്കാനും മാസങ്ങളോളം സമയമെടുത്തേക്കാം. നിലവിൽ സിംഗപ്പൂരിലെ ഇന്ധന ശേഖരം 2013ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. യുഎസിലെ ക്രൂഡ് ഓയിൽ ശേഖരത്തിലും കഴിഞ്ഞ അഞ്ച് ആഴ്ചയായി വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ചില ടാങ്കറുകൾ ഹോർമൂസ് കടലിടുക്കിലൂടെ നിയന്ത്രിതമായി സർവീസ് നടത്തുന്നുണ്ടെങ്കിലും ഇത് യുദ്ധത്തിന് മുൻപുള്ള അളവിനേക്കാൾ വളരെ കുറവാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home