ഭാഷാബില്ല് മടങ്ങിവരുമ്പോൾ


ജോജി കൂട്ടുമ്മേൽ
Published on Jul 07, 2025, 10:35 PM | 2 min read
കേരള നിയമസഭ 2015ൽ അംഗീകരിച്ച മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്ല് പത്തു വർഷത്തിനുശേഷം രാഷ്ട്രപതി പ്രത്യേക കാരണമൊന്നും പറയാതെ മടക്കി അയച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഈ നടപടി അങ്ങേയറ്റം ഖേദകരം തന്നെ. സമീപകാലത്ത് ഭാഷയുമായി ബന്ധപ്പെട്ട് പലതരം വിവാദങ്ങൾ ഉയരുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നവർ അതേച്ചൊല്ലി ഭാവിയിൽ ലജ്ജിക്കേണ്ടിവരും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പ്രസ്താവന ഭാഷയെ സംബന്ധിക്കുന്ന സങ്കുചിതമായ കാഴ്ചപ്പാടാണ് വെളിപ്പെടുത്തുന്നത്. ഹിന്ദി ശത്രുവല്ല എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയോട്, എങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ എന്ന കനിമൊഴിയുടെ മറുപടി അത്യന്തം സർഗാത്മകമായ ഒന്നായിരുന്നു.
മതനിരപേക്ഷത, ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, പൗരാവകാശങ്ങൾ തുടങ്ങിയ സാമൂഹ്യമൂല്യങ്ങൾ കേരളത്തിൽ എത്തിയത് ഇംഗ്ലീഷ് ഭാഷയിൽനിന്നാണ്. ഇംഗ്ലീഷ് പഠിച്ച ഇന്ദുലേഖയും മാധവനുമാണ് പഴയ തറവാടുകളിലും ഇല്ലങ്ങളിലും ആധുനികതയുടെ ഓളങ്ങൾ സൃഷ്ടിച്ചത്. കുമാരനാശാനും ഡോക്ടർ പൽപ്പുവും ഇംഗ്ലീഷ് വിജ്ഞാനത്തിൽനിന്നാണ് പുതിയൊരു വിജ്ഞാനവിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇംഗ്ലീഷിനോടുള്ള അസഹിഷ്ണുത വെറുമൊരു ഭാഷാവിരോധമല്ല. ഇപ്പോൾ ഹിന്ദിയുടെ, ഭാവിയിൽ സംസ്കൃതത്തിന്റെയും ആധിപത്യം ഉറപ്പിച്ചെടുക്കാനുള്ള സംഘപരിവാർ തന്ത്രം മാത്രമാണ്. ഈ തന്ത്രം തന്നെയാണോ കേരളത്തിന്റെ ഭാഷാബില്ല് പത്തുകൊല്ലം അട്ടത്ത് വച്ചിട്ട് ഒരു കാരണവും പറയാതെ മടക്കുന്നതിന്റെ പിന്നിലുള്ളതും എന്നേ ഇനി അറിയാനുള്ളൂ. ഭരണഭാഷയും കോടതി ഭാഷയും മലയാളത്തിലാകണം എന്ന ആവശ്യത്തിന് സംസ്ഥാന രൂപവൽക്കരണം മുതലുള്ള ദീർഘകാലത്തെ പഴക്കമുണ്ട്.
ഭരണത്തിന്റെ ഓരോ നടപടിക്രമവും സുതാര്യമായി സാധാരണക്കാരിലേക്ക് എത്തിച്ചേരണമെങ്കിൽ ഭരണഭാഷ മാതൃഭാഷയിലാകണം. 2015 ലെ ഭാഷാബില്ലിൽ ഇത് സംബന്ധിക്കുന്ന നിരവധി നിർദേശങ്ങൾ ഉണ്ടായിരുന്നു. അത് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പിനെ മലയാള ഭാഷാവികസന വകുപ്പ് എന്ന് പുനർനാമകരണം ചെയ്യാൻ നിർദേശിക്കുന്നു. ഭരണഘടന പ്രകാരമോ പാർലമെന്റോ കേരള സംസ്ഥാന നിയമസഭയോ ഉണ്ടാക്കുന്ന എല്ലാ ഉത്തരവുകളിലും ചട്ടങ്ങളിലും റെഗുലേഷനുകളിലും ബൈലോകളിലും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കണമെന്നും നിർദേശിക്കുന്നു. കേന്ദ്രസർക്കാരുമായോ വിദേശ രാജ്യങ്ങളുമായോ ആശയവിനിമയം നടത്തുമ്പോൾ ഇംഗ്ലീഷ് മാധ്യമം ഉപയോഗിക്കണമെന്ന യാഥാർഥ്യബോധവും ബില്ല് പ്രകടിപ്പിക്കുന്നു.
ഭാഷ നഷ്ടപ്പെടുകയെന്നാൽ സ്വന്തം ഭൂതകാലത്തെയാകെ വിസ്മരിക്കുകയെന്നാണർഥം. ആഗോളവൽക്കരണ സാംസ്കാരിക സാഹചര്യങ്ങളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത്. ഒട്ടനവധി ഭാഷകൾ ലോകമെങ്ങും വംശനാശഭീഷണി നേരിടുന്നുണ്ട്. അതുകൊണ്ട് പ്രാദേശികമായ ഒരു ഭാഷയെ സംരക്ഷിക്കാനുള്ള ഏത് നടപടിയും ആഗോളവൽക്കരണത്തിനെതിരായ ഒരു സമരം കൂടിയാകുന്നുണ്ട്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടു കഴിഞ്ഞിട്ടും ഭരണഭാഷ ഇംഗ്ലീഷായിത്തുടരുന്നു എന്നതാണ് വലിയ പോരായ്മ. ഇതു മുറിച്ച് കടക്കുകകൂടിയായിരുന്നു ഭാഷാബില്ലിന്റെ ദൗത്യം. നിർഭാഗ്യവശാൽ രാഷ്ട്രപതി അത് തിരിച്ചയച്ചു. അത് ഭാഷയെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കുന്ന ഒരു കാലത്താണെന്നത് കൂടുതൽ അപകടകരമാണ്.












